Tuesday, October 16, 2012

വെള്ളത്തിന്‌ തെളിയാതിരിക്കാനാവില്ല...


അണുധൂളി പ്രസാരത്തി-

ന്നവിശുദ്‌ധ ദിനങ്ങളില്‍

മുങ്ങിക്കിടന്നു നീ പൂര്‍വ്വ

പുണ്യത്തിന്‍റെ കയങ്ങളില്‍ (ആറ്റൂര്‍ രവിവര്‍മ്മ)

" 'ആതി' അങ്ങനെ ഒരു കയമാണ്. പ്രാചീനവിശുദ്ധിയോടെ, തണുപ്പോടെ അത് കിടക്കുന്നു. മരുഭൂമിയില്‍ ഹാഗാര്‍ അവളുടെ മൃതപ്രായനായ മകനോടൊപ്പം മുങ്ങിക്കിടന്ന ജീവന്‍റെ ഉറവ പോലൊന്ന്. മനസ്സിലും ശരീരത്തിലും മാരകമായി അണുവികിരണമേറ്റുകൊണ്ടിരിക്കുന്ന ഈ ലോകത്തില്‍ നിന്നും ഓടിപ്പോയി മുങ്ങിക്കിടക്കാന്‍ എനിക്കൊരു കയം വേണം. അതിനാണ് ഞാന്‍ ആതി എഴുതിയത്. "

ആതിയുടെ കഥാകാരി സാറാ ജോസഫുമായ്‌ ഒരു അഭിമുഖം...
(07-10-12ലെ വാരാദ്യ മാധ്യമത്തിലും ചെപ്പിലും പ്രസിദ്ധീകരിച്ചത്)

  
'അനന്തരം തോണികള്‍ പുറപ്പെട്ടു. കത്തിച്ച പന്തങ്ങളുമായ് അനേകര്‍ തോണികളില്‍ കയറി. ഇരുട്ടിന് തീ പിടിച്ചു. വെള്ളത്തില്‍ ഇടിമിന്നലുകള്‍ വീണു. ഒന്നാമത്തെ തുഴ വെള്ളത്തില്‍ എറിഞ്ഞവന്‍ ദിനകരന്‍. പിന്നാലെ മറ്റുള്ളവര്‍....
യാത്ര ആരംഭിക്കുകയായി ആതിയിലൂടെ... ഒരു ഇന്‍റര്‍വ്യൂ ആയിരുന്നില്ല മനസ്സില്‍. പലവട്ടം വായിച്ച് മനസ്സില്‍ കുടിയേറിയ ആതിയിലെ നിര്‍മലജലത്തിലൂടെ ടീച്ചറുടെ വിരല്‍ത്തുമ്പു പിടിച്ച് ഒരു യാത്ര...

 
മഴയുള്ള ഒരു പ്രഭാതത്തിലാണ് പ്രിയപ്പെട്ട എഴുത്തുകാരിയുടെ മുറ്റത്ത് എത്തിയത്. മഴയില്‍ കുളിച്ചു നില്‍ക്കുന്ന ലാളിത്യമുള്ള തേക്കാത്ത വീട്. പ്രകൃതിയോട് ഇണങ്ങിയ മനോഹരമായ നിര്‍മ്മിതി. കോളിംഗ്ബെല്‍ മുഴക്കി പുറത്ത് കാത്തു നില്‍ക്കുമ്പോള്‍ മഴക്കൊപ്പം മനസ്സും ശങ്കിച്ചു. അതിരാവിലെ ബുദ്ധിമുട്ടാവുമോ ടീച്ചര്‍ക്ക്‌! ശാരീരികമായ പ്രയാസങ്ങളെ പുഞ്ചിരിയില്‍ ഒളിപ്പിച്ച് വാതില്‍ തുറന്നു വന്നു ആതിയുടെ കഥാകാരി.
പച്ചപ്പ് കണ്ട് മഴ കണ്ട് കാറ്റ് കൊണ്ട് ഉമ്മറത്ത്‌ ഞങ്ങളിരുന്നു...
ടീച്ചര്‍ പറഞ്ഞു തുടങ്ങി... ആതിയെക്കുറിച്ചു മാത്രമല്ല, നാടിന്‍റെ വികസന സങ്കല്‍പത്തെക്കുറിച്ചും...
 
 
"നെല്‍വയലുകള്‍ നികത്തി വിമാനത്താവളമുണ്ടാക്കുന്നതാണ് ഇന്ന് വികസനസങ്കല്‍പം. എത്രയോ ഏക്കര്‍ തണ്ണീര്‍ത്തടങ്ങള്‍ അതിനുവേണ്ടി നികത്തപ്പെടും! ഷീല ഗള്‍ഫിലാണ്. കരിപ്പൂരില്‍ വിമാനമിറങ്ങി വയനാട്ടിലേക്ക്‌ പോകുന്നു. അതിനു പകരം വയനാട്ടില്‍ ഒരു വിമാനത്താവളം വേണമെന്ന് ആവശ്യമുയര്‍ന്നാല്‍‍, അത് ടൂറിസത്തിന്‍റെ ഭാഗമാണെന്ന് സര്ക്കാര്‍  കരുതുകയാണെങ്കില്‍, ഏതെങ്കിലും സ്വകാര്യകമ്പനി തയ്യാറായ് വന്നാല്‍, ഉദ്യോഗസ്ഥര്‍ അതിനുള്ള പ്രൊജക്റ്റ്‌ കൊടുത്താല്‍, വിമാനത്താവളത്തിനായ്‌ എത്രയോ ഏക്കര്‍ കാട് നശിപ്പിക്കപ്പെടും! ഒരു ന്യൂനപക്ഷത്തിന്റെ  സൌകര്യത്തിന്‍റെ പ്രശ്നമാണത്.  പക്ഷെ, എത്രയോ ശതമാനം  ആളുകള്‍, വരും തലമുറ പോലും,  അതിന്‍റെ ദുരനുഭവം സഹിക്കേണ്ടി വരും?
കേരളത്തിലിനി ഒരിഞ്ചു ഭൂമിയോ, നെല്‍വയലോ, തണ്ണീര്‍ത്തടമോ കൈകൊണ്ടു തൊടാന്‍ പാടില്ലാത്തവണ്ണം അതിന്മേല്‍ നടക്കുന്നതെന്തും ഹത്യയാണ്. പാപമാണ്. അത്ര വലിയ വിനാശത്തിന്‍റെ വക്കിലാണ് നമ്മള്‍. എന്താണ് വികസനമെന്ന്‍ ജനപക്ഷത്തുനിന്ന് ഒരു ചിന്തയും ഇന്ന്  വികസന വാദികളെ ബാധിക്കുന്നില്ല. വികസനം വികസനത്തിനു വേണ്ടി മാത്രമാണ്. അതിന്‍റെ പിന്നിലുള്ള അഴിമതികള്‍, കൂടിയാലോചനകള്‍.... എത്രമാത്രമാണ്! മണ്ണും വെള്ളവും ബി.ഓ.ടി. വ്യവസ്ഥയില്‍ കുത്തകക്കമ്പനികള്‍ക്ക്  തീറെഴുതിക്കൊടുക്കുന്ന സംവിധാനമാണിപ്പോള്‍ നടപ്പിലുള്ളത്. ഇത് കേരളത്തിലെ മാത്രം അവസ്ഥയല്ല. ഒരു ആഗോളപ്രതിഭാസമാണ്."



മഴയോടൊപ്പം ടീച്ചര്‍ പറഞ്ഞുകൊണ്ടിരുന്നു. ആതിയിലെ ഷൈലജയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു ഞാനപ്പോള്‍.


വെള്ളം ഷൈലജയോട് പറഞ്ഞു. എന്നെ തടഞ്ഞു നിര്‍ത്തിയതെന്തിന്? പോകുന്ന പോക്കില്‍ പുല്ലുപുഷ്പാദികളെ പോഷിപ്പിച്ചും കഴുകി വെടുപ്പാക്കിയും ഞാനങ്ങനെ ചുറ്റിത്തിരിഞ്ഞെനെ. മണ്ണില്‍ നിന്ന് മാനത്തേക്ക്. മാനത്ത് നിന്ന് താഴത്തെക്ക്. വേരിലൂടെ പിടിച്ചു കയറി ഇലകളുടെ തുമ്പിലേക്ക്. കൈക്കുമ്പിളില്‍ എടുത്തു നീ കുടിക്കുമ്പോള്‍ നിന്നിലേക്ക്... പിന്നെയും മണ്ണിലേക്ക്..
ടീച്ചറുടെ വാക്കുകള്‍ നാടുകളും കാടുകളും താണ്ടിക്കടന്നുപൊയ്ക്കൊണ്ടിരുന്നു.
 
 
" ഇന്ത്യയെക്കുറിച്ച് ചിന്തിച്ചു നോക്കൂ. ജനങ്ങളുടെ ഭാഷാവൈവിധ്യം പോലെ തന്നെ പ്രസക്തമാണ് നമ്മുടെ നാടിന്‍റെ ഭൂമിശാസ്ത്രപരമായ വൈവിധ്യം. ഇവിടെ മരുഭൂമിയുണ്ട്. കടലോരമുണ്ട്. കേരളം പോലെയുള്ള മഴ പ്രദേശങ്ങളുണ്ട്. മഴനിഴല്‍ പ്രദേശങ്ങളുണ്ട്. പര്‍വതപ്രദേശങ്ങളുണ്ട്. ഇവയെ ഏകോപിപ്പിക്കാന്‍ നോക്കിയാല്‍ അത് വലിയ നാശം ചെയ്യും. ഇതൊക്കെ എങ്ങനെയാണോ അങ്ങനെതന്നെ ഒരു പരിപാലനമാണ് ആവശ്യം. പുഴകളെ വഴി തിരിച്ചുവിടുന്നതൊക്കെ വലിയ അപകടം വരുത്തിവെക്കും.  കേരളത്തിലെ നീര്‍ത്തടങ്ങളെയും അറബിക്കടലിനെയും ആശ്രയിച്ചാണ് കാലവര്‍ഷത്തിന്‍റെ നിലനില്‍പ്പ്‌. നികത്തപ്പെടുന്ന  നീര്‍ത്തടങ്ങള്‍ കൂടുതല്‍ വരള്‍ച്ചക്ക് കാരണമാകും. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ഒരു നിലപാട് എടുക്കണം. കേരളത്തിലെ നീര്‍ത്തടനാശം ഇന്ത്യയിലെ വലിയൊരു ഭൂവിഭാഗത്തെ വരള്‍ച്ചയിലേക്ക് നയിക്കും എന്ന് മനസ്സിലാക്കി ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. കേരളവും തമിള്‍നാടും ഒക്കെയുള്‍പ്പെടുന്ന  ഉപഭൂഖണ്ഡത്തിന്‍റെ കിടപ്പിനെ നോവിക്കാതെ വേണം നിയമം കൊണ്ടുവരാന്‍. ഏകീകൃത നിയമം നടപ്പാക്കണമെങ്കില്‍ പ്രകൃതി ഒരേപോലെ കിടക്കണം. അതല്ലല്ലോ ഇന്ത്യയുടെ അവസ്ഥ.
പുഴയെ ആശ്രയിച്ചു കൃഷി ചെയ്തു ജീവിക്കുന്ന സാധാരണക്കാരന്‍റെ ജീവജലത്തെ വന്‍കിട തോട്ടംമുതലാളികള്‍ക്കായി തിരിച്ചു കൊണ്ടുപോകുന്ന അവസ്ഥയുണ്ടാവരുത്. വന്‍കിട കര്‍ഷകര്‍ക്ക്, വ്യവസായികള്‍ക്ക്, എത്ര വെള്ളം വേണമെങ്കിലും കൊടുക്കും. എത്ര ഊര്‍ജം വേണമെങ്കിലും കൊടുക്കും. ചെറുകിടക്കാര്‍ക്ക്‌ ഒന്നും കിട്ടില്ല. മെട്രോ നഗരങ്ങളില്‍ ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥന്മാര്‍ താമസിക്കുന്നയിടങ്ങളില്‍ നിര്‍ലോഭം വെള്ളം കിട്ടും. ചേരികളില്‍ ശുദ്ധജലം കണികാണാന്‍ കിട്ടില്ല. അവിടങ്ങളില്‍ സ്വാഭാവികമായും പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടും. "
 
ചോദ്യം : ആതിക്ക് സമാനമായ ശൈശവ വിശുദ്ധികള്‍ ഇപ്പോഴും ബാക്കിയുണ്ട്. അവസാനത്തെ മരം പോലെ, അവസാനത്തെ പുഴ പോലെ ചില മനസ്സുകള്‍, ചില ഭൂവിഭാഗങ്ങള്‍... അതേ സമയം നിങ്ങള്‍ക്ക്‌ ഒരിക്കലും ആതിയിലെക്ക് മടങ്ങാനാവില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് അവ കീഴടക്കപ്പെട്ടുകൊണ്ടിരിക്കുന്നു...
എങ്ങനെയാണ് ടീച്ചര്‍ ആതിയിലേക്ക് എത്തിയത്? അങ്ങനെയൊരു സ്ഥലം യഥാര്‍ത്ഥത്തില്‍ ഉണ്ടോ?
 
 
"വെള്ളത്തെക്കുറിച്ച് എഴുതണമെന്നായിരുന്നു എന്‍റെ ആഗ്രഹം. പൊറുപ്പിക്കുന്ന സ്വഭാവം വെള്ളത്തിനുണ്ട്. മനസ്സ് ശാന്തമാക്കുന്ന അനുഭവം. വക്കില്ലാത്ത കിണറില്‍ എത്തിനോക്കിയിരുന്ന്‍ ഒത്തിരി വഴക്ക് കേടിട്ടുണ്ട് ഞാന്‍ ചെറുപ്പത്തില്‍. വെള്ളത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചു. ഒരുപാട് മനസ്സില്‍ കൊണ്ടുനടന്നു. അങ്ങനെ വെള്ളത്തില്‍ ഒഴുകുകയും പരക്കുകയും വെള്ളം കോരിയെടുക്കുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു. ഒടുവില്‍ ആതിയുടെ രൂപത്തില്‍ അത് പിറന്നു വീഴുകയായിരുന്നു. "
നമ്മള്‍ വെള്ളത്തെ അറിയണം, മാര്‍ക്കോസ്! വെറുതെ അറിഞ്ഞാല്‍ പോരാ. താമര വെള്ളത്തെ അറിയുന്ന പോലെ അറിയണം! വേര് വെള്ളത്തിനടിയില്‍ മുക്കി, തണ്ട് മുഴുവന്‍ വെള്ളത്തിലിട്ടുലച്ച്, ഇലകള്‍ വെള്ളത്തില്‍ പരത്തി നീര്‍ത്തുള്ളികള്‍ അണിഞ്ഞ മുഖം സൂര്യനിലേക്ക് മലര്‍ത്തി....
"ഏറണാകുളത്ത് മരട് പഞ്ചായത്തിലെ ദ്വീപാണ് വളന്തക്കാട്. അതാണ്‌ ആതി. പത്തു നാല്പ്പത്തെട്ട് കുടുംബങ്ങള്‍ മാത്രമേയുള്ളൂ അവിടെ. ഹരിതാഭമായ ആ ദ്വീപ്‌ മുഴുവന്‍ മണ്ണിട്ട്‌ നികത്തി ഹൈടെക് സിറ്റിയുണ്ടാക്കാന്‍ ലാന്‍ഡ്‌ മാഫിയക്ക് കൊടുത്തപ്പോള്‍ അതിനെതിരെ പ്രക്ഷോഭം ശക്തമായി. കണ്ടാല്‍ സഹിക്കില്ല. അത്രയും മനോഹരമായ ഒരു ദ്വീപിനെയാണ് മണ്ണിട്ട്‌ നശിപ്പിക്കുന്നത്! അതേ സമയത്ത്തന്നെ നടന്ന സമരമാണ് ചക്കംകണ്ടത്ത് സമരം. അങ്ങനെ ആതി എഴുതുവാനുള്ള ദേശം തെളിഞ്ഞു വരികയായിരുന്നു. കഥ എങ്ങനെ പറയും ആര് പറയും എന്നായി അടുത്ത ചിന്ത. ആ പ്രദേശത്തിന്‍റെതായ  ഒരു സംസ്കാരം  കൊണ്ടുവരാന്‍ കഥ പറച്ചിലുകാരെ കൊണ്ടുവന്നു. കഥ പറച്ചിലുകാര്‍ എന്ന വാക്കില്‍ മാത്രം എനിക്ക് സംതൃപ്തി തോന്നിയില്ല. തത്തുല്യമായ ഒരു ഏകപദം കണ്ടെത്താനുമായില്ല. സൂഫിസം, ബൈബിള്‍, സെന്‍ കഥകള്‍, നാടോടിക്കഥകള്‍... ഒക്കെ ആതിയില്‍ എനിക്ക്  കൂട്ടിനെത്തി. അലഞ്ഞുതിരിഞ്ഞ് കഥ പറഞ്ഞു പാട്ടുപാടി നടക്കുന്ന ഒരു ജനസമൂഹം പണ്ടേ മനസ്സിലുണ്ടായിരുന്നു. ഒരു വളന്തകാട് മിത്ത് ആതിയിലേക്ക് ഞാന്‍ കടമെടുത്തു. ഒഴുകിവന്ന തമ്പുരാന്‍ വളന്തക്കാട് മിത്ത് ആണ്. ആ മിത്തിനെ ചുറ്റിപ്പറ്റി കഥ വികസിച്ചു."

 
ചോദ്യം : കുഞ്ഞിമാതുവും കൂട്ടുകാരും ചേര്‍ന്ന് തമ്പുരാന്‍റെ കൊട്ടില്‍ പൊളിക്കുന്ന അമ്മമുഹൂര്‍ത്തം. ഇരുട്ടാണ് ഇവിടത്തെ പ്രതിഷ്ഠ എങ്കില്‍ അതിനു കൊട്ടിലിന്‍റെ ആവശ്യമില്ല... ചുവര് കെട്ടി അഴികള്‍ക്കകത്ത് അടച്ചിരുന്ന തമ്പുരാനെ കുഞ്ഞിമാത്വമ്മയും കൂട്ടരും പ്രപഞ്ചത്തിലേക്ക് തുറന്നു വിടുന്നു. വലിയൊരു കലാപം ഒഴിവാക്കുവാന്‍, പ്രതിഷ്ഠകളെ ഇളക്കുവാന്‍, ടീച്ചര്‍ ഒരു കൂട്ടം സ്ത്രീകളെയാണല്ലോ നിയോഗിക്കുന്നത്?

 
 "സ്ത്രീകളെ എന്നതിനേക്കാള്‍, പല പ്രതിഷ്ഠകളെയും ഇളക്കിക്കളയാന്‍ ഇതുപോലൊരു ബദല്‍ ചിന്തക്ക് സാധിക്കും എന്നാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. നിലവിലുള്ള ചിന്ത മാരകമാകുമ്പോള്‍ ബദല്‍ ചിന്ത ഉണരുന്നു. ആ കൊട്ടില്‍ പൊളിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ദൈവത്തിന്‍റെ പേരിലുള്ള ഒരു കലാപം നടക്കുമായിരുന്നു. സ്ത്രീയുടെ ജീവിതദര്‍ശനം തന്നെ നിലനില്‍ക്കുക, നിലനിര്‍ത്തുക, എന്നതാണ്. അതുകൊണ്ടാണ് ആ ബദല്‍ ചിന്ത സ്ത്രീകളില്‍ ഉദിക്കുന്നത്. മക്കളെ പരിപാലിക്കുമ്പോള്‍   അടുത്ത തലമുറയുടെ നിലനില്‍പ്പാണവിടെ നടക്കുന്നത്. അതുപോലെ തന്നെ മണ്ണിന്‍റെയും വെള്ളത്തിന്‍റെയും തുടര്‍ച്ച ജീവന്‍റെ നിലനില്‍പ്പിന് അത്യാവശ്യമെന്ന് സ്ത്രീ അറിയുന്നു."
 
പുസ്തകത്താളിലൂടെ എന്‍റെ ഓര്‍മ്മകള്‍ ഒഴുകുകയായി. മരുഭൂമിയില്‍ നിന്ന് കേട്ട ഹാഗാറിന്‍റെ സ്വരം തന്നെയല്ലേ ഇത്.... !
ആദ്യത്തെ തുള്ളി വെള്ളത്തിന്‍റെ വില എന്‍റെ കുഞ്ഞിന്‍റെ ജീവന്‍റെ വിലയാണെന്നറിഞ്ഞവളാ ഞാന്‍. മുന്നില്‍ ഒരു തടാകം കണ്ട് മതിമറന്നു നില്‍ക്കുന്നവരാണ് നിങ്ങള്‍. ആദ്യത്തെ തുള്ളി വെള്ളത്തെക്കുറിച്ച് അറിവില്ലാത്തവര്‍. ഈ വെള്ളത്തിന്‍റെ നാഥ ഞാനായിരിക്കും. അമ്മയും പരിപാലകയും ഞാനായിരിക്കും...
ടീച്ചര്‍ തുടര്‍ന്നു...

 
"ദൈവം പറുദീസാ നല്‍കിയത് നമുക്ക് ഭക്ഷിച്ചു തൃപ്തരാവാന്‍ മാത്രമല്ല. പരിപാലിക്കാന്‍ കൂടിയാണ്. ഭൂമിയെ പരിപാലിക്കാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണെന്ന് ദൈവം പറയാതെ പറയുകയാണ്‌. വേലി കെട്ടിയല്ല, അദ്ധ്വാനിച്ചാണ്, വെള്ളം വളം കിള ഒക്കെ കൊടുത്താണ്, ഭൂമിയെ പരിപാലിക്കേണ്ടത്. കാരണവന്മാര്‍ വിയര്‍പ്പും കണ്ണീരും വീണ മണ്ണ് എന്നു പറയുന്നത് അര്‍ത്ഥവത്താണ്. മണ്ണിട്ട്‌ നികത്തി ഫ്ലാറ്റ്‌ കെട്ടാനല്ല, നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിക്കാനാണ് ഭൂമി നല്‍കപ്പെട്ടത്."
ഹൃദയം അവരോടു പറഞ്ഞു. വിത്തെറിഞ്ഞു കൊള്ളുക! രാവും പകലും നിങ്ങള്‍ ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും വിത്ത് മുളച്ചു വന്നുകൊണ്ടേയിരിക്കും... വയലിലേക്ക്‌ പോവുക. നിങ്ങളുടെ സ്വപ്‌നങ്ങള്‍ വിതക്കുക!
 
"കാട് പരിപാലിക്കുന്നത് വനവാസികളാണ്. സമുദ്രവും പുഴകളും  പരിപാലിക്കുന്നത് ചെറിയ മീന്‍പിടുത്തക്കാരാണ്. വാരിക്കൊരിയെടുക്കുന്ന യന്ത്ര ബോട്ടുകളല്ല. ആതിയില്‍ കുട്ടിക്കക്കകള്‍ വാരിക്കൊണ്ട് പോകുന്നത് സ്ത്രീകള്‍ തടയുന്നുണ്ട്. അവര്‍ പറയുന്നു കക്ക ഞങ്ങളുടെ ഫിക്സെഡ്‌ ഡെപോസിറ്റ്‌ ആണെന്ന്. അത് പോലെ നഞ്ച് കലക്കി ചെമ്മീന്‍ എടുക്കുന്നതിലും പതിയിരിക്കുന്ന അപകടം അവര്‍ മനസിലാക്കുന്നുണ്ട്.  
ഇന്ന് വെള്ളത്തിന്‍റെ എല്ലാ സ്രോതസ്സുകളും മലിനീകരിക്കപ്പെട്ട സ്ഥിതിയാണുള്ളത്. എന്‍റെ ഡല്‍ഹി യാത്രയില്‍ യമുനയുടെ വിനാശം കണ്ടു കഷ്ടം തോന്നി. യമുനയുടെ കഥ മാത്രമല്ലയിത്. രാജ്യത്തങ്ങോളമിങ്ങോളം നദികളുടെ അവസ്ഥയിതാണ്. നമ്മുടെ പമ്പയുടെ സ്ഥിതിയോ? ദൈവിക ടൂറിസം എന്നൊരു സംഭവമുണ്ടിപ്പോള്‍. ഭക്തി ഉണ്ടാവണമെങ്കില്‍ ആദ്യം വേണ്ടത് ശുദ്ധിയല്ലേ? ദേവാലയങ്ങളുടെ, അമ്പലങ്ങളുടെ ഒക്കെ പരിസരങ്ങള്‍ നശിപ്പിച്ചുകൊണ്ട് അകത്തു മാത്രം എന്ത് ശുദ്ധി?"

 
പതിയെ ടീച്ചറുടെ വാക്കുകള്‍ മാലിന്യ സംസ്കരണത്തിന്‍റെ പ്രസക്തിയിലേക്ക്...

 
"മാലിന്യ സംസ്കരണം സംസ്കാരത്തിന്‍റെ പ്രഥമ ലക്ഷണമാണ്. ആദിമ സം സ്കാരങ്ങളില്‍ പോലും അതിനുള്ള നടപടികള്‍ കാണാം. ഉദാഹരണമായി മോഹന്‍ജദാരോ ഹാരപ്പാ. സഹസ്രാബ്ദങ്ങള്‍ മുമ്പുതന്നെ അവരുടെ ഡ്രെയിനെജ്‌ സിസ്റ്റം എത്ര അഭിനന്ദനാര്‍ഹമായിരുന്നു! ഒരു സംസ്കാരം രൂപപ്പെടുന്നതു പലപ്പോഴും നഗരവല്‍കരണത്തിലൂടെയാണ്. സംസ്കാരത്തിലേക്ക് ഒരു പടി ചവിട്ടുമ്പോള്‍, കേന്ദ്രീകരിച്ച ജനവാസമുണ്ടാകുമ്പോള്‍, മാലിന്യവും കേന്ദ്രീകരിക്കുന്നു. അതെങ്ങനെ നീക്കം ചെയ്യാം എന്നൊരു കാഴ്ച്ചപ്പാടില്ല ഇവിടെ നമുക്ക്. അതുമായി ബന്ധപ്പെട്ടു വളര്‍ന്നു വരുന്ന ഒരു  അഴിമതി ലോബിയുണ്ട്. അതില്‍ ഭരണാധികാരികള്‍ മുതല്‍ ലോറി ഉടമകള്‍ വരെ എല്ലാവരും ഉള്‍പ്പെടുന്നു.
കേരളത്തില്‍ നഗരങ്ങള്‍ വന്‍തോതില്‍ വികസിക്കുകയും, ആളുകള്‍ പണിയെടുക്കാതാവുകയും, പണിയെടുക്കാന്‍ പുറത്തു നിന്ന്‍ ആളുകള്‍ വരികയും ചെയ്യുമ്പോള്‍ വെയിസ്റ്റ്‌ അതിനനുസരിച്ച് കൂടുന്നു. ഇതു കൊണ്ടുപോയിടാനുള്ള സ്ഥലമില്ല. ഇപ്പോള്‍ കേരളം ആലോചിച്ച ഒരു കാര്യം വളരെ നല്ലതാണ്. ദേശീയ തലത്തില്‍ അതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. ലാന്‍ഡ്‌ ഉള്ള സംസ്ഥാനവുമായി സ്ഥലം ആവശ്യമുള്ള സംസ്ഥാനം ഒരു കരാര്‍ ഉണ്ടാക്കുകയും, തദ്ദേശവാസികളെ ഉപദ്രവിക്കാത്തവിധത്തില്‍, അവരുടെ ജീവിതത്തിനോ പരിസ്ഥിതിക്കോ കൃഷിക്കോ ഒരു കോട്ടവും വരാത്ത രീതിയില്‍, കിടക്കുന്ന തരം ഭൂമി കണ്ടുപിടിച്ചു വാങ്ങുകയും, ഗവണ്‍മെന്റ്റുകള്‍ തമ്മിലുള്ള ഒരു ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം കൊണ്ടുവരികയും വേണം. ഇത്  സ്വകാര്യവ്യക്തികളെ ഏല്പിക്കരുത്. തമിഴ്നാട് സഹകരിച്ചാല്‍ നമുക്ക് അത് വളരെ എളുപ്പത്തില്‍ സാധിക്കാവുന്നതാണ്.
ഇന്ന് ന്യൂക്ലിയര്‍ വെയിസ്റ്റ്‌ പോലെ തന്നെ ഒരു പേടിസ്വപ്നമാണ് ഇലക്ട്രോണിക് വെയിസ്റ്റും. അതുപോലെ തന്നെയാണ് ജനസംഖ്യയുടെ അമ്പതു ശതമാനം വരുന്ന സ്ത്രീകള്‍ ഓരോ മാസവും ഉപയോഗിച്ച് തള്ളുന്ന പാഡുകളും അവയുടെ പ്ലാസ്റ്റിക്‌ കവറുകളും. ഇവ ഇന്ന് സ്കൂളില്‍ കുട്ടികള്‍ക്ക് വരെ വിതരണം ചെയ്യപ്പെടുന്നു. ഹൈജീന്‍ തന്നെയാണ് ലക്‌ഷ്യം. പക്ഷെ, ഇവ കത്തിച്ചാലുള്ള വിനയെക്കുറിച്ച് നമുക്കറിയില്ല. പലപ്പോഴും അവ പ്ലാസ്റ്റിക്‌ കവറിലിട്ട് തെരുവില്‍ എറിയപ്പെടുന്നു. സാനിടറി പാഡിന്‍റെ കാര്യത്തില്‍ വലിയ മല്‍സരം തന്നെയുണ്ട് ഇന്ന്. ഇതുല്പാദിപ്പിച്ചു വിടുന്ന കമ്പനികളോ ഗവണ്‍മെന്റ്റോ ചിന്തിക്കുന്നില്ല ഇതെങ്ങനെ സംസ്കരിക്കുമെന്ന്. ഇതു പോലെ തന്നെയാണ് ഹോസ്പിടല്‍ വെയിസ്റ്റും മാര്‍ക്കറ്റ്‌ വെയിസ്റ്റും എല്ലാം. എല്ലാം തിരിച്ചു രോഗമായ്‌ നമുക്ക് തന്നെ കിട്ടുന്നു. പണ്ട് ഭൂമി പറഞ്ഞു, എന്തു തന്നാലും ഞാന്‍ തിരികെ പൂവും കായുമായ്‌ തിരികെ തരാമെന്ന്. പക്ഷെ, ഇന്ന് ഓരോ പൂവും കായും നശിപ്പിക്കുന്ന തരം മാലിന്യങ്ങളാണ് നാം വലിച്ചെറിയുന്നത്."

 
ചോദ്യം: ഇതിനെ എങ്ങനെ നേരിടണം നമ്മള്‍? വിദേശ രാജ്യങ്ങളില്‍ ഒക്കെ ഉള്ളത് പോലെ മാലിന്യങ്ങള്‍ എറിയുന്നവര്‍ക്ക് ഫൈന്‍ കൊടുക്കുന്ന രീതി പ്രാവര്‍ത്തികമാക്കാനാവുമോ നാട്ടില്‍?

 
"വ്യക്തിപരമായ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുകയാണ് ആദ്യം വേണ്ടത്. ഈ പൌരബോധം എല്ലാവര്‍ക്കും  ഉണ്ടായി വരണം. അവകാശങ്ങളെക്കുറിച്ച് വാചാലരാകുന്ന ജനം കടമകള്‍ മറക്കാന്‍ പാടില്ല. പിന്നെ, നിയമമുണ്ടായാല്‍ തീര്‍ച്ചയായും പ്രാവര്‍ത്തികമാക്കാനും   സാധിക്കും. പൊതുസ്ഥലങ്ങളിലെ പുകവലിക്കെതിരെ വന്ന നിയമം പാലിക്കപ്പെടുന്നുണ്ടല്ലോ ഒരു പരിധി വരെ. ഗവണ്‍മെന്റ്റ്‌ മിഷനറി ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ശിക്ഷ കൊടുക്കാന്‍ തയ്യാറാവണം. രാത്രി പട്രോളിംഗ് ശക്തമാക്കണം. മാലിന്യങ്ങള്‍ ബള്‍ക്ക് ആയി ഉല്പാദിപ്പിക്കുന്ന, ഹോട്ടല്‍, ഹോസ്പിററല്‍, കശാപ്പ് ശാലകള്‍ തുടങ്ങിയ ഇടങ്ങളില്‍ ചെക്കിംഗ് നടത്താന്‍ മിഷനറി വേണം. ഒരാളെ അറസ്റ്റ് ചെയ്താലുടന്‍ എന്‍റെ പാര്‍ട്ടിക്കാരനാണ് എന്നു പറഞ്ഞു വരരുത് രാഷ്ട്രീയക്കാര്‍. എന്‍റെ പാര്‍ട്ടിക്കാരന്‍ കൊന്നാല്‍ കൊലയല്ല എന്ന മനോഭാവം ആദ്യം മാറണം. ഒപ്പം ജനങ്ങളും ഒരു കാവലാളിന്‍റെ ജാഗ്രത കാണിക്കുക."

 
 മാലിന്യങ്ങളില്‍ നിന്ന് ആതിയിലേക്ക് മടങ്ങാന്‍ സമയമായിരിക്കുന്നു...
അഴുക്കു വെള്ളത്തില്‍ ചവിട്ടാതെ പെരുവിരല്‍ കുത്തി നടക്കുന്ന  ഷൈലജയോടൊപ്പം ഞാനും നടന്നു ആതിയിലേക്ക്...


ചോദ്യം : കഥാരാവുകളുടെ അവസാനം ഉയര്‍ന്നു വരുന്ന ഒരു ചോദ്യമുണ്ട്. ഈ കഥ എങ്ങനെ ജീവിതത്തിലേക്ക് ഉപയോഗപ്പെടുത്താം? ഈ കൃതിയുടെ അന്തര്‍ധാരയായ്‌ ആദ്യന്തം ഒഴുകുന്ന ചോദ്യം. ഖസാക്ക് പോലുള്ള ക്ലാസിക്‌ കൃതികള്‍ വായിച്ച് ഒരിക്കലും നമുക്ക് ചോദിക്കാനാവാത്ത ചോദ്യം...


എന്താണ് സാഹിത്യത്തിന്‍റെ പ്രയോജനം എന്നത് ഇന്നും തര്‍ക്കവിഷയമാണ്. ഭാഷയുണ്ടായ കാലത്തേ കഥയുണ്ടായി. കഥ ഭാഷയെ വളര്‍ത്തി. മനുഷ്യന്‍ സ്വപ്നം കണ്ടു. നമ്മള്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നത് എന്തോ അതാണ്‌ സ്വപ്നം. സ്വപ്നവും ഭാവനയും  സൃഷ്ടിയും സംഗമിച്ചപ്പോള്‍ മിത്തുകള്‍ ഉണ്ടായി. മിത്തുകള്‍ ജനസമൂഹത്തെ എന്നും സ്വാധീനിച്ചിട്ടുണ്ട്. അതിന് ഒന്നാന്തരം ഉദാഹരണമാണ് ഓണം. ശാസ്ത്രജ്ഞന്മാര്‍ കണ്ട സ്വപ്നം ഇന്ന് ദൈവകണത്തില്‍ എത്തി നില്‍ക്കുന്നു. മുന്‍ രാഷ്ട്രപതി ഡോക്ടര്‍ എ.പി.ജെ അബ്ദുള്‍കലാം കുട്ടികളോട് പറഞ്ഞത് സ്വപ്നം കാണുവാനാണ്. സ്വപ്നത്തിലേക്ക് എത്തുവാനുള്ള ഉപാധികളാണ് കലകളും സാഹിത്യവും എല്ലാം. അവ നമ്മുടെ മനസ്സിനെ സംസ്കാരസമ്പന്നമാക്കുന്നു. അല്ലെങ്കില്‍ ജീവിതം കേവലം യാന്ത്രികമാകും. 


ചോദ്യം : ടീച്ചറിന്‍റെ എഴുത്തില്‍ ഗ്രാമ്യ ഭാഷയുടെ നൈര്‍മല്യം ആവോളമുണ്ട്. എങ്ങനെ ഇതു സാധിക്കുന്നു? ആലാഹയുടെ പെണ്‍മക്കള്‍, മാറ്റാത്തി ഇപ്പോള്‍ ആതിയിലും....



"കുട്ടിക്കാലത്ത് അച്ഛനമ്മമാര്‍ സംസാരിച്ചിരുന്ന ഭാഷയൊക്കെ മനസ്സിലുണ്ട്. തൃശൂര്‍ വിട്ട് പട്ടാമ്പിയിലേക്ക് ജോലിക്കായ്‌ പോയപ്പോള്‍ വള്ളുവനാടന്‍ ഭാഷയുടെ സ്വാധീനം ഉണ്ടായി. പിന്നെ കുറച്ചു റിസെര്‍ച് ഒക്കെ വേണ്ടി വന്നു. പിന്നെ നിരീക്ഷണം. എറണാകുളം ഭാഗത്തേക്ക്‌ ട്രെയിന്‍ യാത്ര ചെയ്യുമ്പോള്‍ തൃശൂരില്‍ നിന്ന് കുറെ പേര്‍ കയറും. അവര്‍ പറയുന്നത് കേട്ടിരിക്കും."

ചോദ്യം: ആതിയിലെ മാജിക്കുകാരനെക്കുറിച്ചു കൂടി പറയൂ... കുട്ടികള്‍ക്ക്‌ കളിപ്പാട്ടം കൊടുത്ത് മിഠായി കൊടുത്ത് പിന്നാലെ കൂട്ടുന്നവന്‍... ഓരോരോ മാജിക്കുകളിലൂടെ ദേശത്തിന്‍റെ കണ്ണുകെട്ടിയവര്‍ തന്നെയല്ലേ ഇന്ന് പ്രകൃതിയെയും നാടിനെയും നശിപ്പിക്കുന്നത്?

"Catch them Youngഎന്നാണല്ലോ. കക്ഷി രാഷ്ട്രീയ സംഘടനകളുടെയും മതങ്ങളുടെയും ഒക്കെ ഹിഡന്‍ അജണ്ട അത് തന്നെ. കുട്ടിയുടെ സ്വാതന്ത്ര്യത്തെ തടയുന്നു. പലതും കാണുവാന്‍, അതില്‍ നിന്ന് ക്രമേണ വിവേകപൂര്‍വ്വം തിരഞ്ഞെടുക്കാന്‍ ഉള്ള ചാന്‍സ് കുട്ടികള്‍ക്ക്‌ നഷ്ടമാവുന്നു. രാഷ്ട്രീയക്കാര്‍ പാര്‍ട്ടിയില്‍ കുഞ്ഞുങ്ങളെ കുത്തിക്കയറ്റുന്നതും, കത്തോലിക്കാ പള്ളി മാമ്മോദീസ നല്‍കുന്നതും എല്ലാം അങ്ങനെ തന്നെ. യേശു മുപ്പതു വയസ്സിലല്ലേ മാമ്മോദീസ സ്വീകരിച്ചത്? അതാണ്‌ സ്ഥാപനവും ക്രിസ്തുവും തമ്മിലുള്ള വ്യത്യാസം." 


ചോദ്യം : നീ ആകാശവും ഭൂമിയുമാണ് എങ്കില്‍ തീര്‍ച്ചയായും ഞാന്‍ അതിനിടയിലൂടെ സഞ്ചരിക്കും. വാക്കുകളുടെ ജാലകം തുറന്ന് പ്രണയത്തിന്‍റെ കിളികള്‍ പറന്നുപൊയ്ക്കൊണ്ടിരുന്നു. നൂര്‍മുഹമ്മദ് പാടുന്നു. കടലാണ് എന്‍റെ പ്രണയം. ഒരു തുള്ളിയെ നീ എടുത്തുള്ളൂ. എന്നിട്ടത് മുത്താക്കിമാറ്റി....
ആതിയും ഊരുകാവലും കാലത്തെക്കുറിച്ചുള്ള ശക്തമായ നിരീക്ഷണങ്ങളും രാഷ്ട്രീയവും പ്രതിരോധവും സമരവും നിറയുന്ന  നോവലുകളാണ്. ആതിയിലെ പ്രണയത്തെക്കുറിച്ച് കൂടി...

"കുഞ്ഞിമാതുവിനെ നോക്കൂ. വേലിയേറ്റം അനുഭവിക്കാന്‍ വേണ്ടി കാത്തിരിക്കുന്ന കുഞ്ഞിമാതു. എനിക്ക് കേട്ടറിവാണ് വേലിയേറ്റം. ആദ്യം ഒരു മര്‍മ്മരം കേള്‍ക്കാം എന്ന് പറയുന്നു. പിന്നെ അത് അടുത്തടുത്ത്‌ വരും. കുഞ്ഞിമാതു അതറിയുന്നത് ശരീരത്തിലാണ്. എന്താണോ അവന്‍ നിഷേധിച്ചത് അതവള്‍ പ്രകൃതിയിലേക്ക് വ്യാപിപ്പിക്കുന്നു. ലൈംഗികത അവള്‍ക്ക് പുരഷനില്‍നിന്ന്‍ എന്നതിനപ്പുറം പ്രപഞ്ചവ്യാപിയായ ഒരു ആഹ്ലാദമാണ്."
കുഞ്ഞിമാതുവും ഒരു കടലാണ്. പൂര്‍ണ ചന്ദ്രനുദിച്ചാല്‍ അവള്‍ കിടന്നിളകിമറിയാന്‍ തുടങ്ങും.  പിടികിട്ടാ ദൂരത്ത് ഉദിച്ചുയര്‍ന്നു നില്‍ക്കുന്നവനെ ആഴത്തിലേക്ക് വലിച്ചു താഴ്ത്താന്‍ ഉടലു കിടന്നു പൊന്തും.


ഓരോ മനസ്സിലുമുണ്ട് പൂര്‍വ്വപുണ്യത്തിന്‍റെ തണുത്ത കയങ്ങള്‍, ആതികള്‍.....................


61 comments:

  1. കൂട്ടുകാരെ, ആറു മാസത്തിനു ശേഷം ഇതാ ഒരു പോസ്റ്റ്‌. വിളപ്പില്‍ശാലയും കൂടംകുളവും പുകഞ്ഞു നില്‍ക്കുമ്പോള്‍ സാറ ജോസഫുമായ്‌ ഒരു സംഭാഷണം.... നിങ്ങള്‍ ‘ആതി’ വായിച്ചിട്ടില്ലെങ്കില്‍ വായിക്കുവാന്‍ ഈ പോസ്റ്റ്‌ പ്രേരകമാകട്ടെ...

    ReplyDelete
  2. മാധ്യമം വാരാന്ത്യപ്പതിപ്പില്‍ വായിച്ചിരുന്നു ലേഖനം . പ്രിയ എഴുതുക്കാരിയുമായുള്ള നിമിഷങ്ങള്‍ മനോഹരമായി പങ്കുവെച്ചു . ആറു മാസങ്ങള്‍ക്ക് മുന്‍പാണ് ആതി വായിക്കുന്നത്. നാളത്തെ ലോകത്തിന്റെ പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ടെഴുതിയ മനോഹരമായ കഥയാണ് ആതി. വെള്ളവുമായി ബന്ധപ്പെട്ട നിരവധി മുഹൂര്‍ത്തങ്ങള്‍ മനോഹരമായി ത്തന്നെ സാറാജോസഫ്‌ പറഞ്ഞിടുണ്ട് ആതിയില്‍ . ഇത്തരം ഒരു പരിജയപ്പെടുത്തലിന് ഷീലയ്ക്കും നന്ദി ..

    ReplyDelete
    Replies
    1. ആതി വായിച്ച കൂട്ടുകാരി ഇതും വായിച്ചെടുത്തല്ലോ... സന്തോഷം..നന്ദിട്ടോ...

      Delete
  3. ഒരു എഴുതുക്കാരി എന്ന നിലയില്‍ സാറാ ജോസഫിനോട് ബഹുമാനം ഉണ്ട്.
    പക്ഷെ സാമൂഹിക പ്രശ്നങ്ങളില്‍ അവരുടെ നിലപാടുകള്‍ ഏകപക്ഷീയമായി പോവാറുണ്ട്. കുറച്ചൂടെ പറഞ്ഞാല്‍ താല്പര്യമുള്ള വിഷയങ്ങളില്‍ മാത്രം പ്രതികരിക്കുന്ന രീതി. അതിവിടെ പറയേണ്ട കാര്യമില്ല . എന്നാലും പറഞ്ഞു.
    പക്ഷെ ഈ അഭിമുഖം. അത് മികച്ചതായി.
    അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. വായിച്ചല്ലോ. നന്ദിട്ടോ Mansoor..

      Delete
  4. അഭിമുഖം വളരെ ഹൃദ്യമായി!
    ആതി വായിച്ചില്ല വായനക്ക് ഇത് പ്രേരകമായി.

    ReplyDelete
    Replies
    1. വേഗം ആതി വായിക്ക്... എന്നിട്ട് ബാക്കി തണല്‍..

      Delete
  5. മികച്ച ഒരു അഭിമുഖം ഒരേ തൽത്തിൽ ചിന്തിക്കുന്നവരുടെ ഈ സമ്മേളനം അതീവരസകരം... വ്യത്യസ്ത്ഥമായ ഇത്തരം കാര്യ്ങ്ങളാണ് ബ്ലൊഗ് വായനക്കാർക്കും എഴുത്തുകാർക്കും ഇന്നാവശ്യം.ഷീലാടോമി അത് നന്നായി അവതരിപ്പ്പിച്ചിരിക്കുന്നൂ.. ആതിയുടെ അക്മ്പടിയോടെ... എല്ലാ ആശംസകളും

    ReplyDelete
    Replies
    1. തിരക്കുകള്‍ക്കിടയിലും ബ്ലോഗില്‍ വന്നല്ലോ... വായിച്ചല്ലോ. സന്തോഷം. നന്ദി uncle..

      Delete
  6. ആനുകാലിക പ്രശ്നങ്ങളിലൂടെയും ആതിയിലൂടെയും യാത്ര ചെയ്ത്, ടീച്ചറുമായി നടത്തിയ സംവാദം ഇഷ്ടമായി. സാറാ ജോസഫിന്റെ "ആഹിലായുടെ പെണ്‍മക്കള്‍"," മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ. "ആതി" ഇനി വായിക്കാതിരിക്കാനാവുമോ? :)

    ReplyDelete
    Replies
    1. തീര്‍ച്ചയായും ആതി വായിക്കണം ജോസ്.. nandi...

      Delete
  7. വളരെ ഹൃദ്യമായി.

    ReplyDelete
  8. എഴുത്തിനെയും എഴുത്തുകാരിയേയും മനമറിഞ്ഞ് അനുധാവനം ചെയ്ത അഭിമുഖം.
    വളരെ നന്നായി!

    ReplyDelete
    Replies
    1. പോസ്റ്റിന്‍റെ നീളം കാര്യമാക്കാതെ ടീച്ചറുടെ വാക്കുകള്‍ വായിച്ചെടുത്ത ല്ലോ... സന്തോഷം..നന്ദിട്ടോ...doctor

      Delete
  9. ഇത് വാരാദ്യമാധ്യമത്തില്‍ വന്നപ്പോഴേ വായിച്ചിരുന്നു.നല്ല അഭിമുഖമാണ്.
    വളരെ സന്തോഷം.കൂടുതല്‍ മെച്ചപ്പെട്ട സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കട്ടെ.
    ആശംസകള്‍.

    ReplyDelete
    Replies
    1. ഈ പ്രോല്സാഹനത്തിനു ഒത്തിരി നന്ദി സുസ്മേഷ്... ഭാവുകങ്ങള്‍...

      Delete
  10. സാറാ ജോസഫിന്‍റെ എഴുത്ത് വളരെ ഇഷ്ടമാണ് .ദൈവത്തിന്‍റെ കയ്യൊപ്പ് പതിഞ്ഞ രചനകള്‍ .അവരുടെ മനസ്സറിഞ്ഞു അഭിമുഖം നടത്തിയ ഷീലാജിയും അഭിനന്ദനം അര്‍ഹിക്കുന്നു ..

    ReplyDelete
    Replies
    1. athe... ദൈവത്തിന്‍റെ കയ്യൊപ്പ് പതിഞ്ഞ രചനകള്‍ തന്നെയാ ടീചെര്‍ടെ...
      Siyaf, ഈ വായനക്കും പ്രോത്സാഹനത്തിനും നന്ദി...

      Delete
  11. പുസ്തകത്തെ കുറിച്ച് ചില സൂചനകള്‍ ഇവിടെ നിന്ന് ലഭിച്ചു.
    വായിച്ചില്ല.
    ഇനി വായിക്കാതിരിക്കാന്‍ ആവില്ലല്ലോ.
    നല്ല അഭിമുഖം.

    ReplyDelete
    Replies
    1. തീര്‍ച്ചയായും ആതി വായിക്കണം Ramji.
      vaayanakku othiri nandi.

      Delete
  12. നല്ല അഭിമുഖം

    ReplyDelete
  13. പ്രസക്തമായ ചോദ്യങ്ങളും. കൃത്യമായ ഉത്തരങ്ങളും - നല്ല അഭിമുഖം.....

    ReplyDelete
  14. ഒന്നും പറയാനില്ലത്തയാളുടെ ഒഴിവു സമയവിനോദമല്ല സാറാ ജോസെഫിന് കഥയെഴുത്ത്. മഹത്തായ ലക്ഷ്യങ്ങളുണ്ടവര്‍ക്ക്. ആതിയും വെള്ളവും തമ്മില്‍ അഭേദ്യമായ ഒരു ബന്ധം സൃഷ്ടിച്ചെടുത്തത് തന്നെ ആ ലക്ഷ്യത്തിന് വേണ്ടിയാണ്.
    വികസനം എന്നത് ദുരയുടെയും ക്രൌര്യത്തിന്റെയും മറ്റൊരു പദമായി മാറിയിരിക്കുന്ന നടപ്പുകാലത്ത് ആശങ്കയും ഭയപ്പാടുകളും നമ്മുടെ സിവിക്‌ സെന്‍സിന് അകമ്പടി സേവിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഉണര്‍ന്നില്ലെങ്കില്‍ നമ്മുടെ കാലത്തിന്‍റെ കഥ കേള്‍ക്കാന്‍ പിന്നെ കുട്ടികള്‍ ഉണ്ടാവുകയില്ല, കഥപറച്ചിലുകാരന്‍ തന്നെയുണ്ടാവില്ല. കഥപറയാന്‍ സായാഹ്നങ്ങള്‍ ഉണ്ടാവില്ല.
    വര്‍ഷങ്ങള്‍ക്ക് മുന്‍പ്, പഠിപ്പിച്ചിരുന്ന കലാലയത്തില്‍ എന്‍. എസ് എസ് പ്രോഗ്രാം ഓഫീസര്‍ ആയിരുന്നപ്പോള്‍ ലഭിച്ചിരുന്ന ട്രെയ്നിങ്ങിലൂടെയാണ് ലോകം നേരിടുന്ന ജലക്കമ്മി ശ്രദ്ധയില്‍ കാര്യമായി കടന്നു വരുന്നത്. രാവിലെ വെറുംവയറ്റില്‍ തന്നെ നീര്‍മറി വികസനം (watershed management)എന്ന് പറഞ്ഞ് ഞങ്ങള്‍ തമാശ പറഞ്ഞിരുന്ന പൊതിയാത്തേങ്ങ പിന്നീട് എന്‍റെ പഠനവിഷയം തന്നെയായി. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ആമസോണ്‍ നദിയിലൂടെ ബോട്ടുകള്‍ക്ക് പകരം കാറായിരിക്കും ഓടുക എന്ന് Love in the time of Cholera യിലാണെന്ന് തോന്നുന്നു മാര്‍ക്വേസ് ഒരു കഥാപാത്രത്തിന്‍റെ നാവിലൂടെ പറയുന്നുണ്ട്. ഭാരതപ്പുഴയുടെയും ഞാന്‍ നീന്തി വളര്‍ന്ന ചാലിയാറിന്റെയും അവസ്ഥ വല്ലാതെ അസ്വസ്ഥമാക്കികൊണ്ടിരുന്നു. 1980 ലോകത്തിലെ തന്നെ നാലാമത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമായിരുന്ന ഉസ്ബെകിസ്താനിലെ ആരാല്‍ കടല്‍ (Aral Sea) ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ മരുഭൂമിയാണ്. മരുഭൂമിയില്‍ കപ്പലുകള്‍ 'നങ്കൂര'മിട്ടിരിക്കുന്ന ചിത്രങ്ങള്‍ നെറ്റില്‍ സുലഭമാണ്. ആരല്‍ കടല്‍ അങ്ങനെ വെറും മുപ്പതു വര്‍ഷം കൊണ്ട് ആരല്‍ മരുഭൂമിയായിമാറി. ആതിയില്‍ കാണുന്നത് പോലെ ഉസ്ബെകിസ്താനിലെ കുട്ടികള്‍ ഇന്ന് പഴയ തടാകത്തിന്‍റെ കഥകള്‍ കേള്‍ക്കുന്നു. വറ്റിപ്പോകുന്ന ആക്വിഫറുകളെക്കുറിച്ച് മുമ്പ് ഞാനൊരു ലേഖനമെഴുതിയപ്പോള്‍ കഴിഞ്ഞ തലമുറയുടെ ബുദ്ധിമോശത്തിനും വരുംതലമുറയുടെ ധൂര്‍ത്തിനും വേണ്ടി ഞാനെന്തിന് എന്റെ ജീവിതം ദുസ്സഹമാക്കനമെന്ന രാജാജിയുടെ വാചകമെടുത്ത്‌ എന്‍റെ നേരി വീശിയ പഴയ ഗുരുനാഥനുമായി തര്‍ക്കിച്ച് കളഞ്ഞ നേരം നാല് മഴക്കുഴികള്‍ വെട്ടാന്‍ ഉപയോഗിക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.
    ആതിയുടെ കഥാകാരിയെ ഇന്റെര്‍വ്യൂ ചെയ്യാന്‍ അവസരം ലഭിച്ച ഷീല അത് പാഴാക്കിയില്ല. വളരെ നന്നായി ആതിയിലൂടെ തന്നെ പ്രശ്നം അതിന്‍റെ രൂക്ഷതയോടെ അവതരിപ്പിച്ചിരിക്കുന്നു. നന്ദി.

    'നീര്‍ത്തടങ്ങള്‍ കൂടുതല്‍ വരള്‍ച്ചക്ക് കാരണമാകും' ഷീലയുടെ ഈ വാചകം കൊണ്ട് ഇത് തന്നെയാണോ ഉദ്ദേശിച്ചത്?

    ReplyDelete
    Replies
    1. ഒത്തിരി പുതിയ വിവരങ്ങള്‍ കൂടി പകര്‍ന്നു തന്നല്ലോ ആരിഫ്ജി!
      ആരാല്‍ കടലിന്‍റെ കഥയൊക്കെ എനിക്ക് പുതിയ അറിവാണ്ട്ടോ.
      ദീര്‍ഘമായ സമഗ്രമായ വിജ്ഞാനദായകമായ ഈ അഭിപ്രായത്തിന് ഒത്തിരി നന്ദി ആരിഫ്ജി.

      (നീര്‍ത്തടങ്ങള്‍ നികത്തുന്നത് കൂടുതല്‍ വരള്‍ച്ചക്ക് കാരണമാകും എന്നാണ്.. വാക്ക് വിട്ടുപോയതാ.)

      Delete
  15. ചിപ്പില്‍ നിന്നും വായിച്ച അന്ന് തന്നെ ഞാന്‍ നേരില്‍ പറഞ്ഞത്‌ കൊണ്ട് വീണ്ടും ഇവിടെ ഒന്നും പറയുന്നില്ല ...എന്നാലും ഇവിടെ വന്നത് അറിയിച്ചു എന്ന് മാത്രം ഷീലാ..അഭിന്ദനങ്ങള്‍ ..

    ReplyDelete
    Replies
    1. വായിച്ചിട്ട് വീണ്ടും ഇവിടെയും വന്നല്ലോ. നന്ദിട്ടോ ഷാഹിദത്ത

      Delete
  16. ചെപ്പില്‍ വായിച്ചിരുന്നു ഈ അഭിമുഖം. കൃത്യമായ ചോദ്യങ്ങള്‍ സൂക്ഷ്മമായ ഉത്തരങ്ങളും. അഭിനന്ദനങ്ങള്‍.... ആദി വായിച്ചിട്ടില്ല. അതിനുള ഒരു വഴിമരുന്നായി ഇത്.

    ReplyDelete
    Replies
    1. ആതി വായിക്കണം Jefu...
      ടീച്ചറുടെ വാക്കുകള്‍ വായിച്ചെടുത്ത ല്ലോ... സന്തോഷം..നന്ദിട്ടോ...

      Delete
  17. ആതി വായിച്ചിട്ടില്ല. തീര്‍ച്ചയായും വായിക്കാന്‍ പ്രേരകമായി,അഭിമുഖം. ഷീലയുടെ മികച്ച ചോദ്യങ്ങളും അതിന്റെ ടീച്ചറുടെ അഭിപ്രായങ്ങളും. ഗംഭീരമായി. അഭിനന്ദനങ്ങള്‍.

    ReplyDelete
    Replies
    1. Sethu, ആതിയുടെ വായനക്ക് പ്രേരകമായല്ലോ... അത് മതി...santhosham.
      ഇത്രയും നീണ്ട പോസ്റ്റ്‌ വായിച്ച എല്ലാര്‍ക്കും നന്ദിട്ടോ...

      Delete

  18. "കാട് പരിപാലിക്കുന്നത് വനവാസികളാണ്. സമുദ്രവും പുഴകളും പരിപാലിക്കുന്നത് ചെറിയ മീന്‍പിടുത്തക്കാരാണ്. വാരിക്കൊരിയെടുക്കുന്ന യന്ത്ര ബോട്ടുകളല്ല. ആതിയില്‍ കുട്ടിക്കക്കകള്‍ വാരിക്കൊണ്ട് പോകുന്നത് സ്ത്രീകള്‍ തടയുന്നുണ്ട്. അവര്‍ പറയുന്നു ‘കക്ക ഞങ്ങളുടെ ഫിക്സെഡ്‌ ഡെപോസിറ്റ്‌’ ആണെന്ന്. അത് പോലെ നഞ്ച് കലക്കി ചെമ്മീന്‍ എടുക്കുന്നതിലും പതിയിരിക്കുന്ന അപകടം അവര്‍ മനസിലാക്കുന്നുണ്ട്.
    ഇന്ന് വെള്ളത്തിന്‍റെ എല്ലാ സ്രോതസ്സുകളും മലിനീകരിക്കപ്പെട്ട സ്ഥിതിയാണുള്ളത്. എന്‍റെ ഡല്‍ഹി യാത്രയില്‍ യമുനയുടെ വിനാശം കണ്ടു കഷ്ടം തോന്നി. യമുനയുടെ കഥ മാത്രമല്ലയിത്. രാജ്യത്തങ്ങോളമിങ്ങോളം നദികളുടെ അവസ്ഥയിതാണ്. നമ്മുടെ പമ്പയുടെ സ്ഥിതിയോ? ദൈവിക ടൂറിസം എന്നൊരു സംഭവമുണ്ടിപ്പോള്‍. ഭക്തി ഉണ്ടാവണമെങ്കില്‍ ആദ്യം വേണ്ടത് ശുദ്ധിയല്ലേ? ദേവാലയങ്ങളുടെ, അമ്പലങ്ങളുടെ ഒക്കെ പരിസരങ്ങള്‍ നശിപ്പിച്ചുകൊണ്ട് അകത്തു മാത്രം എന്ത് ശുദ്ധി?"

    ഞാൻ ആതിയും അലാഹയുടെ പെണ്മക്കളും വായിച്ചിട്ടില്ല,പണ്ടെങ്ങോ മാറ്റാത്തിയുടെ തുടരൻ മാധ്യമം ആഴ്ചപ്പതിപ്പിൽ ഉണ്ടായിരുന്നപ്പോൾ അത് വായിച്ചതായൊരോർമ്മയുണ്ട്. അത്രയ്ക്ക് വലുതായില്ല. എന്നാലും സാറ ടീച്ചറിന്റെ കഥകളെ വായിക്കുന്ന ആളാവണ്ടല്ലോ ടീച്ചറിന്റെ ഇത്തരം വാക്കുകളും അതിലെ ഭീതിപ്പെടുത്തുന്ന സത്യവും വിശ്വസിക്കാൻ.! ഭയങ്കര ഭീതിയുണ്ടാക്കുന്ന സത്യങ്ങളാണ് ടീച്ചർ പറയുന്നത്,അല്ലെങ്കിൽ ടീച്ചർക്ക് അത്തരം സത്യങ്ങൾ ഉറക്കെ പറയാനാ ഇവിടാളുകൾ ഓരോന്ന് കാട്ടിക്കൂട്ടുന്നത്.! എന്തായാലും നല്ലൊരു അഭിമുഖം. ആശംസകൾ.

    ReplyDelete
    Replies
    1. ടീച്ചറുടെ വാക്കുകള്‍ വായിച്ചെടുത്തല്ലോ... സന്തോഷം..നന്ദിട്ടോ...mandoosan.
      ടീച്ചര്‍ ഈ പറഞ്ഞതൊക്കെ തന്നെയാ ആതിയിലൂടെ പറയാതെ പറയുന്നത്....
      bhavukangal..

      Delete
  19. ആതി ഞാനും വായിച്ചിട്ടില്ലാ ..നല്ലൊരു പരിജയപ്പെടുത്തല്‍ ..നല്ല അഭിമുഖം...
    കൂട്ടുകാരിക്ക് അഭിനന്ദനങ്ങള്‍. !!

    ReplyDelete
  20. ഷീലക്ക് അഭിനന്ദനങ്ങള്‍. ഒരു നല്ല എഴുത്തുകാരിയുമായി അഭിമുഖം സാധിച്ചല്ലോ.ആതി വായിച്ചിട്ടില്ല.ഇനിയും പ്രകൃതിക്ക് വേണ്ടി 'നിലവിളിക്കുന്ന' കൃതികള്‍ ഉണ്ടാകട്ടെ.
    ഒരിക്കല്‍ കൂടി ആശംസകള്‍

    ReplyDelete
  21. നേരത്തേ വായിച്ചിരുന്നു.
    ആത്തി ഇനിയും വായിക്കാന്‍ കഴിഞ്ഞിട്ടില്ല; മാറ്റിവെച്ചത് ശരിയായില്ലല്ലോയെന്നു ഈ അഭിമുഖം വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

    ReplyDelete
  22. ആതി വായിച്ചിരുന്നു. അഭിമുഖം ഇപ്പോള്‍ ആണ് വായിക്കുന്നത്. എന്നും പ്രിയപ്പെട്ട എഴുത്തുകാരി ആണ് സാറ ജൊസഫ്. നാട്യങ്ങളില്ലാത്ത ആ എഴുത്ത് തന്നെയാണ് അവരുടെ ശക്തിയും. അറിയാന്‍ ആഗ്രഹിച്ച പല കാര്യങ്ങളും ചോദ്യങ്ങളായി ഉന്നയിച്ചതിനു പ്രത്യേകം അഭിനന്ദനം. നന്ദി

    ReplyDelete
  23. ആതി ഞാന്‍ വായിച്ചിട്ടില്ലാ ഷീലേച്ചി...
    ഈ അഭിമുഖം വായിച്ചു കഴിഞ്ഞപ്പോള്‍ തീര്‍ച്ചയായും ആ പുസ്തകം വായിക്കണം എന്ന് തോന്നി....
    സാറാ ടീച്ചര്‍ക്ക് സ്നേഹാശംസകള്‍ ...

    ReplyDelete
  24. മികച്ച അഭിമുഖം. പ്രിയപ്പെട്ട എഴുത്തുകാരിയാണ് സാറാജോസഫ്. ആതി വായിക്കാന്‍ കാത്തിരിക്കുകയായിരുന്നു. ഈ അഭിമുഖം ആഗ്രഹം വര്‍ദ്ധിപ്പിച്ചു. ആശംസകള്‍ ഷീലാ..

    ReplyDelete
  25. കഴിഞ്ഞ തവണത്തെ അവധിക്ക് 'ഡി സി'യില്‍ നിന്നും പുസ്തകങ്ങള്‍ മേടിക്കുന്ന കൂട്ടത്തില്‍ ആതിയും മേടിച്ചതാണ്. പക്ഷെ, അന്നെന്റെ കൂടെയുണ്ടായിരുന്ന എന്റെ പ്രിയപ്പെട്ടവള്‍ "ഞാനാദ്യം വായിക്കാം" എന്നുപറഞ്ഞപ്പോള്‍ അതവളുടെ കയ്യില്‍ എല്പ്പിക്കയായിരുന്നു. പതിവനുസരിച്ചു തന്നെയാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ആതിയും അവളെന്നെ കേള്‍പ്പിക്കും.അതിന്, ടീച്ചറുമായുള്ള ഈ അഭിമുഖം എന്നെയൊരു തിടുക്കക്കാരനുമാക്കുന്നു.!

    വികസനത്തിന്റെ പേരുംപറഞ്ഞു മനുഷ്യന്‍ അയാളുടെ ആര്‍ത്തിപൂണ്ട മനസ്സുമായി പ്രകൃതിയെ ബാലാത്ക്കാരം ചെയ്യുകയാണ്. "പരിസ്ഥിതിയുടെ രാഷ്ട്രീയം" പറയുന്ന പറയുന്ന ഒരൊറ്റ പ്രയോക്താക്കളെയും നമ്മുടെ ഭരണ സംവിധാനങ്ങളില്‍ കാണുവാനാകുന്നില്ല. എല്ലാ അര്‍ത്ഥത്തിലും 'നിസ്സഗത' ഭരിക്കുന്ന വര്‍ത്തമാന മനുഷ്യന് ഭീതിതമായ ഈയൊരു സാഹചര്യത്തിലും പരിഹാരം ആവശ്യപ്പെടാനുള്ള ആര്ജ്ജവംപോലും നഷ്ടപ്പെട്ടുരിക്കുന്നു.! ടീച്ചര്‍ പങ്കുവെക്കുന്ന ആശങ്ക ഓരോ ജൈവ മനുഷ്യന്റെയും ആകുലതയാണ് . അതുകൊണ്ടുതന്നെ വര്‍ത്തമാന ലോകം വായിക്കേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ ഒരെഴുത്താണ് ആതി എന്ന് മുകളിലെ അക്ഷരക്കൂട്ടങ്ങള്‍ വാശി പിടിക്കുന്നുണ്ട്.

    ടീച്ചര്‍ക്കും പുസ്തകത്തിനും അഭിവാദ്യങ്ങള്‍... ചേച്ചിക്ക് സ്നേഹാശംസകള്‍..!

    ReplyDelete
  26. വ്യത്യസ്ഥമായ ബ്ലോഗെഴുത്ത്.
    മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം ഓര്‍മ്മപ്പെടുത്തുന്നു ഈ അഭിമുഖം.

    ReplyDelete
  27. അഭിമുഖം നന്നായിരിക്കുന്നു..

    ReplyDelete
  28. ആധിയോടെ വായിച്ചു ഈ പോസ്റ്റ്‌.
    ആതി വായിക്കാന്‍ സാധ്യമാവുമ്പോള്‍ വായിക്കാം.
    ശീലേച്ചിയുടെ അദ്ധ്വാനത്തിന് ആയിരത്തി ഒരുനൂറ്റി ഇരുപത്തൊന്ന് വെളുത്ത പൂക്കള്‍ സമര്‍പ്പിക്കുന്നു!
    (ചുവന്നതോ പച്ചയോ മഞ്ഞയോ പൂക്കള്‍ കിട്ടാനില്ല. അതൊക്കെ രാഷ്ട്രീയ തെമ്മാടികള്‍ കൊണ്ടുപോയിരിക്കുന്നു)

    ReplyDelete
  29. ആതി വായിച്ചിരുന്നു.........
    ഈ അഭിമുഖം ഇപ്പോഴാണു കണ്ടത്.
    അഭിനന്ദനങ്ങള്‍, കാടോടിക്കാറ്റെ.... ഈ അദ്ധ്വാനം കേമമായി....

    ReplyDelete
  30. പ്രിയപ്പെട്ട കൊച്ചുമോള്‍, റോസ്, അനില്‍കുമാര്‍, നിസാര്‍, സന്ദീപ്‌, ഇലഞ്ഞിപ്പൂ, നമൂസ്, കനകാംബരന്‍, ഷഹീദ്, വെള്ളിക്കുളങ്ങര, കണ്ണൂരാന്‍, എച്മു........ എല്ലാവര്‍ക്കും എന്‍റെ സ്നേഹവും നന്ദിയും. നിഗ്നല്‍ എല്ലാം ഇവിടെ വന്ന് വായിച്ച് ടീച്ചറുടെ വാക്കുകളെ അനുഗമിച്ചല്ലോ..... ഒത്തിരി സന്തോഷം

    ReplyDelete
  31. നല്ല അഭിമുഖം...
    ആശംസകള്‍..

    ReplyDelete
  32. അഭിമുഖം നന്നായിരിക്കുന്നു, ആശംസകള്‍..

    ReplyDelete
  33. sheela, അസ്സലായീട്ടോ. ഇവിടെ എത്തിപ്പെടാന്‍ ഇത്തിരി താമസിച്ചു പോയി. ഞാനിപ്പോഴല്ലെ സാക്ഷരയായത്.....നമ്മളൊരുമിച്ച് ആദിയിലൂടെ യാത്രപോയത് ഓര്‍ക്കുകയായിരുന്നു.ഞാന്‍ സ്വകാര്യമായി വായിക്കുന്ന അതേ feel ആയിരുന്നു ഷീല വായിച്ചു തന്നപ്പോള്‍. എങ്ങിനെ മറക്കാനാണ്? longing those days. thanks a lot sheela.

    ReplyDelete
  34. വ്യത്യസ്തം...

    ആശംസകള്‍!

    ReplyDelete
  35. നല്ല അഭിമുഖം...
    ആശംസകള്‍..

    ReplyDelete
  36. ഒരു കനലെങ്കിലും ബാക്കിയാകും എന്ന പ്രതീക്ഷയോടെ... ആശംസകൾ ❤

    ReplyDelete