Sunday, March 18, 2012

ബ്രഹ്മഗിരിയില്‍ മഞ്ഞു പെയ്യുമ്പോള്‍


ക്ഷേത്രത്തിനു പിന്നിലെ കല്‍പടവിലൊന്നിലാണ് ചാരുലത ഇരുന്നത്. പടിയിറങ്ങിച്ചെന്നാല്‍  കാളിന്ദിയാണ്. മലമുകളില്‍നിന്ന്‍ ചിരിച്ചിറങ്ങി ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ മെല്ലെ മെല്ലെ തീര്‍ത്ഥഘട്ടത്തിലേക്ക് അണയുകയാണവള്‍.
മഞ്ഞു പെയ്യുന്ന മലയുടെ മാറ് ചുരന്നൊഴുകുകയാണ്.
പാപഭാരങ്ങള്‍ ഏറ്റുവാങ്ങി ഏതു കടല്‍ തേടി പോകുന്നുവോ ഇവള്‍!
പാപനാശിനിയുടെ തീരത്ത് മനസ്സ് കഴുകിയിരിക്കുമ്പോള്‍ ചിതറി വീണുകൊണ്ടിരുന്നു നിമിഷങ്ങള്‍. ശന്തിയെന്തെന്നറിയുകയായിരുന്നു ചാരുലത.
ഇന്നോളമറിയാത്ത ആത്മനിര്‍വൃതി!
ഈ ദിവസത്തിനായാണ് ഇക്കാലമത്രയും...
അവള്‍ വെള്ളാരംകല്ലുകള്‍ പെറുക്കി അരുവിയിലേക്കെറിഞ്ഞുകൊണ്ടിരുന്നു.
ഓളങ്ങള്‍ ചോദിച്ചു. എത്ര കാലമായി ഈ കാത്തിരിപ്പ്‌?
ഏയ്.. ഇല്ല. കാത്തിരുന്നെന്നോ!.
പൊയ്കയില്‍ ചുറ്റിത്തിരിഞ്ഞ കാറ്റിന്‍റെ മര്‍മരം.കല്‍പാത്തി വഴി അരുവിയില്‍ നിന്ന്‍ അമ്പലത്തിലേക്ക് വെള്ളം കൊണ്ടുപോകുന്നത് നോക്കിയിരിക്കവേ തീര്‍ഥാടകര്‍ തിക്കിത്തിരക്കുന്നുണ്ടായിരുന്നു. സഞ്ചാരികളും. ശിലാചിത്രങ്ങള്‍ക്ക് പറയാനുണ്ടായിരുന്നു ഒരുപാടു കഥകള്‍.
ശിലയുടെ പ്രാര്‍ഥനയില്‍ ആത്മാവര്‍പ്പിച്ച വനാന്തരത്തിലെ ശില്പിയെക്കുറിച്ച്.
അവനു ചുറ്റും ഒതുങ്ങിനിന്ന കലമാന്‍കൂട്ടത്തെക്കുറിച്ച്.

ആടിയുലയുന്ന തേക്കുമരങ്ങളില്‍നിന്ന്‍ കാട്ടുപക്ഷികള്‍ കരഞ്ഞു പറക്കുകയാണ്.
കാടു കുലുക്കി വരികയാണ് ടിപ്പുവിന്‍റെ സേന.  കുടക് മലകള്‍ പിന്നിട്ട്.. കബനിയുടെ ആഴങ്ങള്‍ പിന്നിട്ട്.. ഏതു നിധി തേടിയാവും സുല്‍ത്താന്‍റെ യാത്ര? ആരവമൊടുങ്ങിയപ്പോള്‍ പടയോട്ടം ബാക്കിവെച്ച കല്ലുകള്‍ക്കിടയില്‍ ശില്‍പി മാത്രം. ശില്‍പി തനിയെ...
പതിയെ പതിയെ  ജീവന്‍ വെക്കുകയായി കല്ലുകള്‍ക്ക്. പുനര്‍ജനിക്കുകയാണ് ക്ഷേത്രം. ഉളിയുടെ താളം കാടിന്‍റെ സംഗീതത്തില്‍ ലയിച്ച അനര്‍ഘനിമിഷത്തില്‍ ഒരു സന്യാസി പടവുകള്‍ കയറി വന്നു, നൂറ്റാണ്ടുകള്‍ക്കപ്പുറം നിന്ന്‍.. മരവുരിയും നീണ്ടു നരച്ച ജടയും. കണ്ണുകളില്‍ തീക്ഷ്ണത. കാട്ടില്‍ എന്നോ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആമലക ക്ഷേത്രം കണ്ടെത്തിയത്‌ ഇദ്ദേഹമാവാം. ***
കണ്ണ് തുറന്നു ചാരുലത.
നീല ഉടുപ്പിട്ട് മുടി രണ്ടായി കെട്ടിയ ഒരു കൊച്ചു പെണ്‍കുട്ടി മുന്നില്‍! വെള്ളം കുടഞ്ഞ് അവളുടെ സാരിത്തുമ്പില്‍ കൈ തുടച്ച് കുട്ടി ഓടി മറഞ്ഞു. ഒരു കുസൃതിച്ചിരിയോടെ.
തണുത്ത ഒരു കൈത്തലം തോളില്‍ പതിയുന്നു.
തൊട്ടു മുകളിലത്തെ പടവില്‍ അനന്തന്‍!

വര്‍ഷങ്ങള്‍ക്കു ശേഷം കാണുകയാണ്.  ഇന്നും അതേ തേജസ്സ്. അതേ ചിരി.
ഒരഴക് പോലെ കുറച്ചു നരയുമുണ്ട്.
കാറ്റ് ഒച്ചവെക്കാതെ കടന്നുപോയി. മിണ്ടാനാവാതെ അവളും...
നിറഞ്ഞ കണ്ണുകള്‍ മറയ്ക്കുവാനായി ചാരു മുഖം തിരിച്ചു.
വന്ന വഴിക്ക്‌ ചുരത്തില്‍ കുടുങ്ങി. അതാ താമസിച്ചേ. അനന്തന്‍റെ ക്ഷമാപണം.
ക്ഷീണിച്ചല്ലോ നീ. അസുഖമെന്തെങ്കിലും?
അനന്തന്‍ വാത്സല്യത്തോടെ അവളുടെ കൈത്തലം തലോടി.  ഇല്ലെന്ന്‍ തലയാട്ടി അവള്‍.
ഈ വഴി വരണംന്ന്‍ പലവട്ടം മോഹിച്ചു. നിന്നെ കാണാന്‍. നിന്‍റെ നാട് കാണാന്‍.
നീ പറയാറുണ്ടായിരുന്ന പൂമ്പാറ്റകളെ കാണാന്‍. നടന്നില്ല. ഓരോരോ തിരക്കുകള്‍.
അവള്‍ ചിരിച്ചതേയുള്ളൂ. തിരക്കില്ലാത്ത സമയം ഉണ്ടായിരുന്നില്ലല്ലോ അനന്തന് പണ്ടും.

പാദസരം കിലുക്കി പടികള്‍ ഇറങ്ങി വന്നു പിന്നെയും നീല ഉടുപ്പിട്ട വികൃതിക്കുട്ടി.
നാണിച്ചു ചിരിച്ച് ഒരു  പൂമ്പാറ്റയുടെ പിന്നാലെ പറന്നു പോയി അവള്‍.
നോക്കൂ.. എന്‍റെ പേരക്കുട്ടിയെപോലിരിക്കുന്നു ഇവള്‍!  
കൌതുകത്തോടെ അയാള്‍ പറഞ്ഞു.
നിര്‍മലക്കിപ്പം കുഞ്ഞിനെ ഓമനിക്കാനാ നേരള്ളൂ. ഇന്നലെയും പറഞ്ഞു നിര്‍മലയോട്. നിന്നെക്കുറിച്ച്. എന്‍റെ തൊട്ടാവാടിയെക്കുറിച്ച്.
കൂടെ കൂട്ടാമായിരുന്നില്ലേ? ഒന്ന് കാണാന്‍..
അങ്ങനെയാണ് ചാരു ചോദിച്ചത്. പക്ഷെ കൊതിച്ചത് മറ്റൊന്നായിരുന്നു.
എന്നോ മറഞ്ഞ നിലാവ് മേഘമാളികകള്‍ വെടിഞ്ഞ് ഒരു മാത്രയെങ്കിലും ഉദിച്ചെങ്കില്‍... തനിക്കായ്‌ മാത്രം.
യാത്ര..  തണുപ്പ്.. അതൊന്നും പറ്റില്ല നിര്‍മലക്ക്.
യാത്രയില്‍നിന്നും പാടുപെട്ട് നിര്‍മലയെ പിന്തിരിപ്പിച്ചത് ഒളിക്കുകയായിരുന്നു അയാളും.
കള്ളം.. പച്ചക്കള്ളം. കളിയാക്കിച്ചിരിച്ചു  അരുവിയും അവളും. 
അനന്തന്‍റെ മനസ്സ് വായിക്കാന്‍ ചാരുവിനല്ലാതെ മറ്റാര്‍ക്കാവും!

അയാള്‍ക്ക്‌ ചുറ്റും നൃത്തം വെക്കുന്ന പറവകളെ നോക്കിയിരിക്കുകയായിരുന്നു ചാരു. നീല നിറമുള്ള പറവകള്‍. അനന്തന് രണ്ടു നീലച്ചിറകുകള്‍. പറന്നു പറന്ന്‍ ആകാശ നീലിമയില്‍ മറയുകയാണ് അനന്തന്‍.
പണ്ട്  ആരാധകരായിരുന്നു ചുറ്റും. ഇപ്പം ശലഭങ്ങള.
അവള്‍ ചിരിച്ചു തുളുമ്പി. ചിരിയില്‍ നിറയേ ഇലഞ്ഞിപ്പൂക്കള്‍ കൊഴിഞ്ഞു.
പോടീ. നിന്‍റെ കുശുമ്പ് മാറീട്ടില്ല ഇനീം.
മൈലാഞ്ചി നിറം പടര്‍ന്ന അവളുടെ നരച്ച മുടിയിഴകള്‍ മാടിയൊതുക്കവേ മദ്ധ്യവയസ്സിലും തിളങ്ങുന്ന ഭംഗികളിലേക്ക് അറിയാതെ അനന്തന്‍...
കണ്ണുകളെ ശാസിച്ച് അയാളും പറവകള്‍ക്കൊപ്പം ചേര്‍ന്നു..
കൊഴിഞ്ഞ ഇലഞ്ഞിപ്പൂക്കളുടെ മണമുള്ള ആര്ദ്രമായ ഓര്‍മ്മകളില്‍ ഒഴുകി വേറൊരു തീരത്തെത്തി ചാരു. അവിടെ മറ്റാരുമില്ല.
അനന്തനും ചാരുവും നിലാവു പൂത്ത കാടും  മാത്രം.   
ഇടുങ്ങിയ കാട്ടുവഴിയിലൂടെ അവര്‍ കൈകോര്‍ത്തു നടന്നു. കാട്ടുവള്ളികള്‍ വഴി മാറി. രണ്ടു ക്രൌഞ്ച പക്ഷികള്‍ പേരറിയാ മരത്തിന്‍റെ ചില്ലയിലേക്ക്‌ പറക്കുന്നുണ്ടായിരുന്നു. ചേക്കേറാന്‍ കൂട് തേടി.  കിതച്ചു തുടങ്ങിയപ്പോള്‍ ആളൊഴിഞ്ഞ ഒരു കല്‍പ്പടവില്‍ ഇരിപ്പായി ചാരുലത. അനന്തന്‍ അവള്‍ക്കരികില്‍ ചേര്‍ന്നിരുന്നു.
ചെറുപ്പമല്ല തണുപ്പടിച്ചിരിക്കാന്‍... പാദങ്ങളിലുരുമ്മി പരല്‍ മീനുകള്‍ കളിയാക്കി.
കിളിയുപേക്ഷിച്ച ഒരു മഞ്ഞത്തൂവല്‍ ചോലയിലൂടെ ഒഴുകിയൊഴുകി വന്നു. അത് അനന്തന്‍റെ പോക്കറ്റിലിട്ട് അവള്‍ പറഞ്ഞു.
ഇവിടെയിരുന്നോട്ടെ. ഹൃദയത്തോട് ചേര്‍ന്ന്‍.
കളിവീട് വെച്ചു കളിക്കുന്ന കുട്ടികളായിരുന്നു അപ്പോളവര്‍.
ആരാണ് നീയെനിക്ക്? അയാളുടെ കണ്ണുകളില്‍ മഞ്ഞു പെയ്യുകയായിരുന്നു.
അന്യയല്ലാത്ത ആരോ... മഞ്ഞില്‍ കുളിച്ച രാത്രിമുല്ലയായി അവള്‍.
 എന്നു മുതലാണ്‌ നമ്മള്‍ സ്നേഹിച്ചു തുടങ്ങിയത്?
സാന്ദ്രമായ വാക്കുകളില്‍ ഒലിച്ചു പോവുകയാണ് അനന്തന്‍. ഒത്തിരി പിന്നിലോട്ട്.
ചാരുലതക്ക് പടര്‍ന്നു കയറുവാനാണ് ടോഗോര്‍ ഒരിക്കല്‍ അമലിനെ സൃഷ്ടിച്ചത്. പതിയായ ഭൂപതിയില്‍ നിന്ന് ആശിച്ചതൊന്നും അവള്‍ക്ക് കിട്ടിയില്ല. ഇവിടെ നിനക്കായി ഞാനും...' ##
അജ്ഞാതമായ ഏതോ പഞ്ജരത്തില്‍ കുടുങ്ങി, കിളിക്കൂട്‌ തകര്‍ക്കാന്‍ കെല്‍പില്ലാത്ത ചിറകുകള്‍ ഒതുക്കി   അവളിരുന്നു.
അല്ല. പ്രണയികളല്ല നമ്മള്‍. വേട്ടക്കാരനും ഇരയും... അനന്തന്‍ ഏതോ യുഗത്തിലെ കുഴലൂത്തുകാരന്‍. പാട്ടില്‍ മയങ്ങി വന്ന സര്‍പ്പം ഞാന്‍. പിന്നെ ജന്മങ്ങള്‍ തോറും പിടിവിടാതെ..
അവളുടെ മിഴികളില്‍  നീലിമ നിറയുകയായിരുന്നു. അനന്തനില്‍ പരിഭ്രമം  പെയ്യുകയും. എന്തിനെന്നില്ലാതെ അയാളുടെ വാക്കുകള്‍ വേച്ചുവേച്ച് ഇടറി നിന്നു.
നിന്‍റെ സ്നേഹം ക്രൂരമായിരുന്നു. എന്നും നീ എന്നെ കുറ്റപ്പെടുത്തി. എന്‍റെ പരിമിതികള്‍ മനസ്സിലാക്കിയില്ല. സാഡിസ്റ്റ് ആയിരുന്നു നീ. ഒടുവില്‍ എന്നെ ഉപേക്ഷിച്ച്..
അയാളുടെ ചുണ്ടില്‍ വിരല്‍ ചേര്‍ത്ത് അവള്‍ വേദനയോടെ ഉറ്റുനോക്കി.
ആത്മാവോളം എത്തിയ നോട്ടം... എന്താണ് സാഡിസം?
സ്നേഹിക്കുന്നതോ? ഒറ്റപ്പെടുത്തി നോവിക്കുന്നതോ? ഉത്തരം കിട്ടിയില്ല അവള്‍ക്ക്.
ഒരു കണ്ണുനീര്‍ത്തുള്ളി അവളുടെ കയ്യില്‍ അടര്‍ന്നു വീണു. ഒരുപാട് അര്‍ഥങ്ങളോടെ. അവള്‍ക്കയാളെ മനസ്സിലായില്ല. എന്നത്തേയും പോലെ.
മെല്ലെ അരുവിയിലേക്കിറങ്ങി ഒരു വലിയ പാറയിലിരുന്ന്‍ അനന്തന്‍ വിളിച്ചു.
നീ ഇറങ്ങി വാ. എന്തു തണുത്ത വെള്ളം! മഞ്ഞു പെയ്യുന്നുണ്ടാവും മലമുകളില്‍.
അയ്യോ. ഇരിക്കല്ലേ അവിടെ. അത് പിണ്ഡപ്പാറയ. പിതൃബലി അര്‍ച്ചിക്കുന്ന..
അവള്‍ വിലക്കി.
പിണ്ഡപ്പാറ തലയുയര്‍ത്തി നിന്നു. ജീവിതത്തിനു മുന്നിലെ ചോദ്യചിഹ്നം പോലെ. മുത്തശ്ശിക്കഥയില്‍ നിന്ന് പാഷാണഭേദി എന്ന അസുരന്‍ കണ്ണുരുട്ടി നോക്കുകയാണ്. തിരുനെല്ലി മുതല്‍ ഗയ വരെ അസുരനെ വലിച്ചു നീട്ടിയ മഹാ വിഷ്ണുവായിരുന്നു കുഞ്ഞുനാളില്‍ അറിഞ്ഞ ആദ്യ മാന്ത്രികന്‍.*** 
ഞാന്‍ മറന്നു. വന്നിരുന്നല്ലോ പണ്ട്. അച്ഛന് ബലിയിടാന്‍. ഒരു കര്‍ക്കിടക വാവിന്.
ഓര്‍ത്തെടുക്കുകയായിരുന്നു അയാള്‍ മഴയില്‍ കുതിര്‍ന്ന ആ ദിവസം.
മറവി.. അനന്തന്‍ മറക്കും. എന്നും.. എല്ലാം..
പരിഭവത്തിന്‍റെ കുറുകല്‍ കേട്ട് അയാള്‍ ഉറക്കെച്ചിരിച്ചു.
നിന്‍റെ പിറന്നാളുകള്‍ എത്ര വട്ടം മറന്നു അല്ലെ? നീ പരിഭവിച്ചു. പിണങ്ങി. ഇന്നും എനിക്കറിയില്ലാട്ടോ നിന്‍റെ പിറന്നാള്‍.
ചുണ്ടില്‍ പൊട്ടിച്ചിതറിയ ചിരി ഞെരിച്ചു കളഞ്ഞു ചാരുലത. അതൊക്കെ ചെറുപ്പത്തിന്‍റെ ഓരോരോ രസങ്ങള്‍ ആയിരുന്നില്ലേ എന്നവള്‍ പറഞ്ഞുമില്ല.
കാടിന്‍റെ മുഖപടത്തില്‍ ഏതോ വിഷാദചിത്രം വരക്കുകയായിരുന്നു അന്തിവെയില്‍.
എങ്ങു നിന്നോ മരണത്തിന്‍റെ ഗന്ധം പടര്‍ന്ന പോലെ....
നിതാന്തമായ മറവിയുടെ ഗന്ധം...
ചിരിയുടെ വെയില്‍ മറഞ്ഞ് അനന്തന്‍റെ മുഖവും മങ്ങുകയാണെന്ന്‍ അവളറിഞ്ഞു.
 അരികില്‍ നീയുള്ളപ്പോള്‍ അച്ഛന്‍റെ സാമീപ്യം അറിയുന്ന പോലെ... യാത്രക്കിടയില്‍ അച്ഛനായിരുന്നു മനസ്സ്‌ നിറയെ. പിന്നെ നീയും.
അയാള്‍ കണ്ണടച്ചു.
വിട പറയും മുമ്പേ ദൂരേ നിന്ന്‍ അച്ഛാ എന്നൊരു വിളിയെങ്കിലും... അച്ഛനെത്ര കൊതിച്ചു കാണും... ചാരു ഓര്‍ക്കുകയായിരുന്നു.
ആരാധകര്‍ക്കായി ഒരുപാട് നേരം. എന്നിട്ടും അച്ഛനു വേണ്ടി...
ആദ്യമൊക്കെ ചാരു ഓര്‍മ്മിപ്പിക്കുമായിരുന്നു. അച്ഛന്‍ തനിച്ചല്ലേ. മറക്കല്ലേ വിളിക്കാന്‍. പിന്നെപ്പിന്നെ അവളും മടുത്തു. ഒടുവില്‍ ചാരുവിന് അവളുടെ സ്വന്തം ജീവിതവുമായി.
അനന്തജിത്ത് ഇല്ലാത്ത ജീവിതം.
 ചാരുലത സ്നേഹിച്ചു തുടങ്ങിയത് അനന്തജിത്തിന്‍റെ അക്ഷരങ്ങളെയാണ്. രൂപമറിയാതെ. ഭാവമറിയാതെ. ആത്മാവ് തേടിയ സൌഹൃദം. താളുകള്‍ മറിഞ്ഞു. അവന്‍ കാറ്റായി വീശി. അക്ഷരങ്ങളില്‍ അവള്‍ സുഗന്ധമായ്‌  പരന്നു. നേരില്‍ കാണാതെ ഒന്നായൊഴുകി. കരയും കടലും താണ്ടി. പക്ഷെ അനന്തജിത്ത് വളര്‍ന്നതും അവള്‍ക്ക്‌ തൊടാനാവാത്ത ഉയരത്തില്‍ പറന്നതും നൊടിയിടയിലായിരുന്നല്ലോ.
പിന്നീട് സ്നേഹം നൊമ്പരമായി. വേദന മാത്രമായി. ഒറ്റപ്പെടുത്തി എവിടെയോ മറയും. പിന്നെന്നോ ഒരിക്കല്‍ സന്ദേശമെത്തും. ഇനി മിണ്ടില്ലെന്നു മനസ്സ് പിറുപിറുക്കും.
ഏതു പാതാളത്തിലായിരുന്നു ഇത്ര നാള്‍?
നീയായിരുന്നു ആ പാതാളത്തിലെ തീ. എരിഞ്ഞു തീരുകയായിരുന്നു ഞാന്‍.
അയാള്‍ അങ്ങനെ ചാറി നില്‍ക്കും.  വീണ്ടുമവള്‍ തിമിര്‍ത്തു പെയ്യും..

അനന്തന്‍റെ വീട് തേടി ഒരിക്കല്‍ പോയിരുന്നു. ഒരിക്കല്‍ മാത്രം. അച്ഛന് സുഖമില്ലെന്നറിഞ്ഞ്. അച്ഛന്‍റെ നരച്ച കണ്ണുകളില്‍ സ്നേഹത്തിനായ് ഒരു തേങ്ങല്‍ വിങ്ങി നിന്നിരുന്നു. മകനെയോര്‍ത്ത് ഒരിറ്റ് വെളിച്ചം മിന്നി നിന്നിരുന്നു. ചുളിഞ്ഞ കൈവിരലുകള്‍ അപ്പോഴും കൊച്ചനന്തനെ പിച്ച വെപ്പിക്കുകയായിരുന്നു. വീഴാതെ മുറുകെ പിടിക്കുകയായിരുന്നു. മെലിഞ്ഞ കൈ നീട്ടി അവളെ അനുഗ്രഹിച്ചു അച്ഛന്‍.
പറയാറുണ്ടായിരുന്നു കുട്ടിയെ പറ്റി. ഒന്നിത്രിടം വരെ വന്നു പോകാന്‍ പറ. വയസ്സന്മാര്‍ക്കും ഒരു മനസ്സുണ്ടെന്ന്‍ മറക്കുവാ നിങ്ങള്‍ ചെറുപ്പക്കാര്‍.
വിളിച്ചു ചാരു. അച്ഛനു വേണ്ടി. വിദേശത്തായിരുന്നു അന്ന്‍ അനന്തന്‍.
ഒരുപാട് കാത്തിരിക്കാതെ അച്ഛന്‍ പോയി.
പ്രതീക്ഷകളെല്ലാം പടിയിറങ്ങിപ്പോവുകയായിരുന്നു. ചാരുവും പിന്നെ കാത്തിരുന്നില്ല.
ബ്രഹ്മഗിരിയുടെ ശൃംഗങ്ങളില്‍ മിഴിയുടക്കിയിരിക്കുകയായിരുന്നു അനന്തന്‍. 
വാക്കുകള്‍ മല കയറുകയാണ്.
പോക്കുവെയിലില്‍ എന്ത് ഭംഗിയാ ഈ നീല മലകള്‍. പ്രണയിക്കുമ്പോള്‍ എല്ലാമെത്ര സുന്ദരം!
അവള്‍ മിഴിച്ചു നോക്കി.. ഒരിക്കലുമിനിയത്  കേള്‍ക്കാനായില്ലെങ്കിലോ എന്നപോലെ.  മറ്റെന്തെങ്കിലും പറയണമെന്ന് തോന്നി അവള്‍ക്ക്‌. ഒരുപാട് ഭയന്നു അവള്‍, അനന്തന്‍ അരികിലുള്ളപ്പോള്‍ തിരികെയെത്തുന്ന യൌവനത്തെ. ഉള്ളില്‍ പടരുന്ന അഗ്നിയേയും.
അറിയുമോ അനന്തന്‍, പണ്ട് പണ്ട് ഈ വനചാരുതയില്‍ മയങ്ങിപ്പോയി, സാക്ഷാല്‍ ബ്രഹ്മാവ്. എന്നിട്ട് ഇവിടെയൊരു യാഗം നടത്തി. അന്നേരം മഹാവിഷ്ണു നെല്ലി മരത്തില്‍ പ്രത്യക്ഷനായി. നൊടിയിടയില്‍ വിഷ്ണു മറയുകയും ചെയ്തു.  
ചാരുവിന്‍റെ കഥകള്‍ ഇല്ലിക്കാടും കടന്ന്‍ കാട്ടുനെല്ലിയുടെ ചോട്ടില്‍ മാടം കെട്ടി.
അപ്രത്യക്ഷനായ വിഷ്ണുവിനായ്‌ ബ്രഹ്മാവൊരു ക്ഷേത്രം പണിയിച്ചു. തിരുനെല്ലിക്ഷേത്രം. എന്നും രാത്രിപൂജ കഴിഞ്ഞു നട അടക്കുമ്പോള്‍ വീണ്ടുമൊരു പൂജക്കുള്ള ഒരുക്കങ്ങള്‍ ചെയ്തിട്ടേ പോകൂ പൂജാരിയിവിടെ. ബ്രഹ്മാവിനെ കാത്ത്.. പൂജ നടത്താന്‍ ബ്രഹ്മാവ്‌ എത്തുമെന്നു പ്രതീക്ഷിച്ച്.. ***
എന്നിട്ടോ..?
 എന്നിട്ടെന്താകാന്‍.. ആ കാത്തിരിപ്പ്‌ തുടരുന്നു. ഇന്നും....

വെളിച്ചം മങ്ങുകയാണ്. അവളുടെ നിശ്വാസങ്ങള്‍ അനന്തന്‍റെ കാതിലുരുമ്മി ഹൃദയത്തിലേക്കുള്ള വഴി തേടുകയാണ്. ഒരു നിമിഷം. മഞ്ഞിന്‍ചിറകുള്ള രണ്ട് ആത്മാക്കള്‍ ഒന്നായ്‌ പറന്നുയരുകയായി... ആകാശം തൊട്ട്.. ഒരുമിച്ചലിഞ്ഞ രണ്ടു മേഘശകലങ്ങള്‍ പോലെ...
നിന്‍റെ വിരല്‍ത്തുമ്പ് പോലും ഒന്ന് തൊട്ടിട്ടില്ല എന്നല്ലേ ഒരിക്കല്‍ പരിഭവിച്ചത്? തീര്‍ന്നില്ലേ ഇപ്പം സങ്കടം. അനന്തന്‍ മന്ത്രിച്ചു.
അനന്താ, നമുക്ക്‌ പക്ഷിപാതാളത്തിലേക്ക് പോയാലോ? ഋഷിമാര്‍ തപം ചെയ്ത ഗുഹകളില്‍ കാടിന്‍റെ ആത്മാവറിഞ്ഞ്... പുലരുവോളം...
അപ്പോഴേക്കും മൌനത്തില്‍ മുങ്ങിപ്പോയിരുന്നു അനന്തന്‍.

സഞ്ചാരികള്‍ മടങ്ങിക്കൊണ്ടിരുന്നു. എങ്ങുനിന്നോ ഓടിവന്ന്‍  അവള്‍ക്കൊരുമ്മ കൊടുത്ത്‌ നടന്നകന്നു പെണ്‍കുട്ടി. ആ പൂമ്പാറ്റക്കുട്ടിക്ക്‌ അനന്തന്‍റെ ചിരിയാണെന്ന് ചാരുവിനു തോന്നി. ഹൃദയത്തിന്‍റെ ആഴത്തില്‍ നിന്നും ഉറവയെടുത്ത ഒരു  താരാട്ട് ചൊടികളില്‍ മടിച്ചു നിന്നു.  തരിശു നിലത്തില്‍ ഉറവ പൊട്ടി മാറ് വിങ്ങിയൊലിക്കുമെന്നു അവള്‍ക്ക് തോന്നി. എവിടെയോ പൊയ്പോയ മനസ്സ് തേടി അലയുകയായിരുന്നു  ചാരു.
ഇരുള്‍ വീണ തേക്കിന്‍കാടുകള്‍ക്കിടയിലൂടെ കാര്‍ മുന്നോട്ടു പോയ്ക്കൊണ്ടിരുന്നു.
ദൂരെ ഏതോ പണിയക്കുടിലില്‍ നിന്നും തുടിയൊച്ചകള്‍ കാടു താണ്ടി വന്നു.
പക്ഷി പാതാളത്തിലേക്ക് പോകാനോ! എന്താ ചാരു ഇത്? നാലഞ്ചു മണിക്കൂര്‍ നടക്കണം. ടൂറിസ്റ്റ്‌ ഓഫീസില്‍ നിന്ന്‍ പെര്‍മിഷന്‍ കിട്ടില്ല ഈ സന്ധ്യക്ക്. ആനയിറങ്ങുന്ന കാടാ. ഗൈഡ് വേണം കൂട്ടിന്. നിറയെ അട്ടകളുമുണ്ടാവും... പിന്നൊരിക്കലാവാം.
കാറിന്‍റെ പിന്‍ സീറ്റിലിരുന്ന് ചാരുവിന്‍റെ ഭര്‍ത്താവ് അവളെ ചേര്‍ത്തണച്ചു..
നീ വല്ലാതെ തണുത്തിരിക്കുന്നു. എത്ര വട്ടം പറഞ്ഞതാ അരുവിക്കരയിലങ്ങനെ ഇരിക്കല്ലെന്ന്‍.
തോളില്‍ കിടന്ന ഷാളെടുത്ത് അദ്ദേഹം അവളെ പുതപ്പിച്ചു. ഒരു കുഞ്ഞിനെ താലോലിക്കാന്‍ ഭാഗ്യം കിട്ടാത്തതുകൊണ്ടാവാം അവളെന്നും ഒരു കുഞ്ഞായിരുന്നു അയാള്‍ക്ക്.
പിന്നെ.. അനന്തന്‍ വിളിച്ചിരുന്നു. ഇന്നും വരാന്‍ സാധിക്കില്ലെന്ന്‍. പെട്ടെന്നൊരു ലണ്ടന്‍ ട്രിപ്പ്‌. സിനിമയിലും തിരക്കല്ലേ. പഴയ സൌഹൃദമൊക്കെ തണുത്തു കാണും കുട്ടീ.
ചാരുലത മഞ്ഞില്‍ ഉറഞ്ഞു പൊയ്ക്കഴിഞ്ഞിരുന്നു.
മഞ്ഞ്.. മഞ്ഞ് മാത്രം... മനസ്സ് നിറയെ മഞ്ഞ്...
ഉള്ളിലെ തേങ്ങല്‍ അദ്ദേഹം കേള്‍ക്കല്ലേ എന്ന്‍ പ്രാര്‍ഥിച്ച് ആ നെഞ്ചിന്‍ കൂട്ടില്‍ അവള്‍ അഭയം തേടി. ബ്രഹ്മഗിരിയിലെ ആയിരം പറവകളിലൊന്നായി അവളും..

ലണ്ടനിലേക്കുള്ള വിമാനത്തിലിരുന്ന് ചാരുവിനെ ഓര്‍ക്കുകയായിരുന്നു അനന്തനപ്പോള്‍. ഒരിക്കലും വാക്ക്‌ പാലിക്കാനാവാത്ത നിവൃത്തികേടിനെ സ്വയം പഴിക്കുകയും. ഒരുപാട് പറന്നപ്പോള്‍ നഷ്ടമായത്‌ നിര്‍മലമായ നീലാകാശമാണ്.
തന്‍റെ മാത്രമായിരുന്ന ഒരു തുണ്ട് ആകാശം...
കൊഴിയാത്ത തൂവലുകള്‍ ഇന്നും മനസ്സിലുണ്ടെന്ന്‍ അവളോട്‌ പറയുകയെങ്കിലും ആകാമായിരുന്നു. പക്ഷെ....

അരുവിയില്‍ നിന്നു കിട്ടിയ കിളിത്തൂവല്‍ അപ്പോഴും മുറുകെ പിടിച്ചിരുന്നു ചാരുലത....
 *************************************************************************

കുറിപ്പ്: ***പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വയനാട്ടിലെ ഏറ്റവും പുരാതനമായ ക്ഷേത്രമാണ് തിരുനെല്ലി ക്ഷേത്രം.  ടിപ്പുവിന്‍റെ ആക്രമണത്തിനു ശേഷം വീണ്ടും പുതുക്കിപ്പണിതു.  തിരുനെല്ലി ക്ഷേത്രത്തെക്കുറിച്ചുള്ള ചില മിത്തുകള്‍ ചേര്‍ത്തിരിക്കുന്നു.
## ടോഗോറിന്‍റെ പ്രശസ്തമായ The Broken Nest ലെ കഥാപാത്രങ്ങള്‍
Pictures taken from Google