Sunday, March 18, 2012

ബ്രഹ്മഗിരിയില്‍ മഞ്ഞു പെയ്യുമ്പോള്‍


ക്ഷേത്രത്തിനു പിന്നിലെ കല്‍പടവിലൊന്നിലാണ് ചാരുലത ഇരുന്നത്. പടിയിറങ്ങിച്ചെന്നാല്‍  കാളിന്ദിയാണ്. മലമുകളില്‍നിന്ന്‍ ചിരിച്ചിറങ്ങി ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ മെല്ലെ മെല്ലെ തീര്‍ത്ഥഘട്ടത്തിലേക്ക് അണയുകയാണവള്‍.
മഞ്ഞു പെയ്യുന്ന മലയുടെ മാറ് ചുരന്നൊഴുകുകയാണ്.
പാപഭാരങ്ങള്‍ ഏറ്റുവാങ്ങി ഏതു കടല്‍ തേടി പോകുന്നുവോ ഇവള്‍!
പാപനാശിനിയുടെ തീരത്ത് മനസ്സ് കഴുകിയിരിക്കുമ്പോള്‍ ചിതറി വീണുകൊണ്ടിരുന്നു നിമിഷങ്ങള്‍. ശന്തിയെന്തെന്നറിയുകയായിരുന്നു ചാരുലത.
ഇന്നോളമറിയാത്ത ആത്മനിര്‍വൃതി!
ഈ ദിവസത്തിനായാണ് ഇക്കാലമത്രയും...
അവള്‍ വെള്ളാരംകല്ലുകള്‍ പെറുക്കി അരുവിയിലേക്കെറിഞ്ഞുകൊണ്ടിരുന്നു.
ഓളങ്ങള്‍ ചോദിച്ചു. എത്ര കാലമായി ഈ കാത്തിരിപ്പ്‌?
ഏയ്.. ഇല്ല. കാത്തിരുന്നെന്നോ!.
പൊയ്കയില്‍ ചുറ്റിത്തിരിഞ്ഞ കാറ്റിന്‍റെ മര്‍മരം.കല്‍പാത്തി വഴി അരുവിയില്‍ നിന്ന്‍ അമ്പലത്തിലേക്ക് വെള്ളം കൊണ്ടുപോകുന്നത് നോക്കിയിരിക്കവേ തീര്‍ഥാടകര്‍ തിക്കിത്തിരക്കുന്നുണ്ടായിരുന്നു. സഞ്ചാരികളും. ശിലാചിത്രങ്ങള്‍ക്ക് പറയാനുണ്ടായിരുന്നു ഒരുപാടു കഥകള്‍.
ശിലയുടെ പ്രാര്‍ഥനയില്‍ ആത്മാവര്‍പ്പിച്ച വനാന്തരത്തിലെ ശില്പിയെക്കുറിച്ച്.
അവനു ചുറ്റും ഒതുങ്ങിനിന്ന കലമാന്‍കൂട്ടത്തെക്കുറിച്ച്.

ആടിയുലയുന്ന തേക്കുമരങ്ങളില്‍നിന്ന്‍ കാട്ടുപക്ഷികള്‍ കരഞ്ഞു പറക്കുകയാണ്.
കാടു കുലുക്കി വരികയാണ് ടിപ്പുവിന്‍റെ സേന.  കുടക് മലകള്‍ പിന്നിട്ട്.. കബനിയുടെ ആഴങ്ങള്‍ പിന്നിട്ട്.. ഏതു നിധി തേടിയാവും സുല്‍ത്താന്‍റെ യാത്ര? ആരവമൊടുങ്ങിയപ്പോള്‍ പടയോട്ടം ബാക്കിവെച്ച കല്ലുകള്‍ക്കിടയില്‍ ശില്‍പി മാത്രം. ശില്‍പി തനിയെ...
പതിയെ പതിയെ  ജീവന്‍ വെക്കുകയായി കല്ലുകള്‍ക്ക്. പുനര്‍ജനിക്കുകയാണ് ക്ഷേത്രം. ഉളിയുടെ താളം കാടിന്‍റെ സംഗീതത്തില്‍ ലയിച്ച അനര്‍ഘനിമിഷത്തില്‍ ഒരു സന്യാസി പടവുകള്‍ കയറി വന്നു, നൂറ്റാണ്ടുകള്‍ക്കപ്പുറം നിന്ന്‍.. മരവുരിയും നീണ്ടു നരച്ച ജടയും. കണ്ണുകളില്‍ തീക്ഷ്ണത. കാട്ടില്‍ എന്നോ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആമലക ക്ഷേത്രം കണ്ടെത്തിയത്‌ ഇദ്ദേഹമാവാം. ***
കണ്ണ് തുറന്നു ചാരുലത.
നീല ഉടുപ്പിട്ട് മുടി രണ്ടായി കെട്ടിയ ഒരു കൊച്ചു പെണ്‍കുട്ടി മുന്നില്‍! വെള്ളം കുടഞ്ഞ് അവളുടെ സാരിത്തുമ്പില്‍ കൈ തുടച്ച് കുട്ടി ഓടി മറഞ്ഞു. ഒരു കുസൃതിച്ചിരിയോടെ.
തണുത്ത ഒരു കൈത്തലം തോളില്‍ പതിയുന്നു.
തൊട്ടു മുകളിലത്തെ പടവില്‍ അനന്തന്‍!

വര്‍ഷങ്ങള്‍ക്കു ശേഷം കാണുകയാണ്.  ഇന്നും അതേ തേജസ്സ്. അതേ ചിരി.
ഒരഴക് പോലെ കുറച്ചു നരയുമുണ്ട്.
കാറ്റ് ഒച്ചവെക്കാതെ കടന്നുപോയി. മിണ്ടാനാവാതെ അവളും...
നിറഞ്ഞ കണ്ണുകള്‍ മറയ്ക്കുവാനായി ചാരു മുഖം തിരിച്ചു.
വന്ന വഴിക്ക്‌ ചുരത്തില്‍ കുടുങ്ങി. അതാ താമസിച്ചേ. അനന്തന്‍റെ ക്ഷമാപണം.
ക്ഷീണിച്ചല്ലോ നീ. അസുഖമെന്തെങ്കിലും?
അനന്തന്‍ വാത്സല്യത്തോടെ അവളുടെ കൈത്തലം തലോടി.  ഇല്ലെന്ന്‍ തലയാട്ടി അവള്‍.
ഈ വഴി വരണംന്ന്‍ പലവട്ടം മോഹിച്ചു. നിന്നെ കാണാന്‍. നിന്‍റെ നാട് കാണാന്‍.
നീ പറയാറുണ്ടായിരുന്ന പൂമ്പാറ്റകളെ കാണാന്‍. നടന്നില്ല. ഓരോരോ തിരക്കുകള്‍.
അവള്‍ ചിരിച്ചതേയുള്ളൂ. തിരക്കില്ലാത്ത സമയം ഉണ്ടായിരുന്നില്ലല്ലോ അനന്തന് പണ്ടും.

പാദസരം കിലുക്കി പടികള്‍ ഇറങ്ങി വന്നു പിന്നെയും നീല ഉടുപ്പിട്ട വികൃതിക്കുട്ടി.
നാണിച്ചു ചിരിച്ച് ഒരു  പൂമ്പാറ്റയുടെ പിന്നാലെ പറന്നു പോയി അവള്‍.
നോക്കൂ.. എന്‍റെ പേരക്കുട്ടിയെപോലിരിക്കുന്നു ഇവള്‍!  
കൌതുകത്തോടെ അയാള്‍ പറഞ്ഞു.
നിര്‍മലക്കിപ്പം കുഞ്ഞിനെ ഓമനിക്കാനാ നേരള്ളൂ. ഇന്നലെയും പറഞ്ഞു നിര്‍മലയോട്. നിന്നെക്കുറിച്ച്. എന്‍റെ തൊട്ടാവാടിയെക്കുറിച്ച്.
കൂടെ കൂട്ടാമായിരുന്നില്ലേ? ഒന്ന് കാണാന്‍..
അങ്ങനെയാണ് ചാരു ചോദിച്ചത്. പക്ഷെ കൊതിച്ചത് മറ്റൊന്നായിരുന്നു.
എന്നോ മറഞ്ഞ നിലാവ് മേഘമാളികകള്‍ വെടിഞ്ഞ് ഒരു മാത്രയെങ്കിലും ഉദിച്ചെങ്കില്‍... തനിക്കായ്‌ മാത്രം.
യാത്ര..  തണുപ്പ്.. അതൊന്നും പറ്റില്ല നിര്‍മലക്ക്.
യാത്രയില്‍നിന്നും പാടുപെട്ട് നിര്‍മലയെ പിന്തിരിപ്പിച്ചത് ഒളിക്കുകയായിരുന്നു അയാളും.
കള്ളം.. പച്ചക്കള്ളം. കളിയാക്കിച്ചിരിച്ചു  അരുവിയും അവളും. 
അനന്തന്‍റെ മനസ്സ് വായിക്കാന്‍ ചാരുവിനല്ലാതെ മറ്റാര്‍ക്കാവും!

അയാള്‍ക്ക്‌ ചുറ്റും നൃത്തം വെക്കുന്ന പറവകളെ നോക്കിയിരിക്കുകയായിരുന്നു ചാരു. നീല നിറമുള്ള പറവകള്‍. അനന്തന് രണ്ടു നീലച്ചിറകുകള്‍. പറന്നു പറന്ന്‍ ആകാശ നീലിമയില്‍ മറയുകയാണ് അനന്തന്‍.
പണ്ട്  ആരാധകരായിരുന്നു ചുറ്റും. ഇപ്പം ശലഭങ്ങള.
അവള്‍ ചിരിച്ചു തുളുമ്പി. ചിരിയില്‍ നിറയേ ഇലഞ്ഞിപ്പൂക്കള്‍ കൊഴിഞ്ഞു.
പോടീ. നിന്‍റെ കുശുമ്പ് മാറീട്ടില്ല ഇനീം.
മൈലാഞ്ചി നിറം പടര്‍ന്ന അവളുടെ നരച്ച മുടിയിഴകള്‍ മാടിയൊതുക്കവേ മദ്ധ്യവയസ്സിലും തിളങ്ങുന്ന ഭംഗികളിലേക്ക് അറിയാതെ അനന്തന്‍...
കണ്ണുകളെ ശാസിച്ച് അയാളും പറവകള്‍ക്കൊപ്പം ചേര്‍ന്നു..
കൊഴിഞ്ഞ ഇലഞ്ഞിപ്പൂക്കളുടെ മണമുള്ള ആര്ദ്രമായ ഓര്‍മ്മകളില്‍ ഒഴുകി വേറൊരു തീരത്തെത്തി ചാരു. അവിടെ മറ്റാരുമില്ല.
അനന്തനും ചാരുവും നിലാവു പൂത്ത കാടും  മാത്രം.   
ഇടുങ്ങിയ കാട്ടുവഴിയിലൂടെ അവര്‍ കൈകോര്‍ത്തു നടന്നു. കാട്ടുവള്ളികള്‍ വഴി മാറി. രണ്ടു ക്രൌഞ്ച പക്ഷികള്‍ പേരറിയാ മരത്തിന്‍റെ ചില്ലയിലേക്ക്‌ പറക്കുന്നുണ്ടായിരുന്നു. ചേക്കേറാന്‍ കൂട് തേടി.  കിതച്ചു തുടങ്ങിയപ്പോള്‍ ആളൊഴിഞ്ഞ ഒരു കല്‍പ്പടവില്‍ ഇരിപ്പായി ചാരുലത. അനന്തന്‍ അവള്‍ക്കരികില്‍ ചേര്‍ന്നിരുന്നു.
ചെറുപ്പമല്ല തണുപ്പടിച്ചിരിക്കാന്‍... പാദങ്ങളിലുരുമ്മി പരല്‍ മീനുകള്‍ കളിയാക്കി.
കിളിയുപേക്ഷിച്ച ഒരു മഞ്ഞത്തൂവല്‍ ചോലയിലൂടെ ഒഴുകിയൊഴുകി വന്നു. അത് അനന്തന്‍റെ പോക്കറ്റിലിട്ട് അവള്‍ പറഞ്ഞു.
ഇവിടെയിരുന്നോട്ടെ. ഹൃദയത്തോട് ചേര്‍ന്ന്‍.
കളിവീട് വെച്ചു കളിക്കുന്ന കുട്ടികളായിരുന്നു അപ്പോളവര്‍.
ആരാണ് നീയെനിക്ക്? അയാളുടെ കണ്ണുകളില്‍ മഞ്ഞു പെയ്യുകയായിരുന്നു.
അന്യയല്ലാത്ത ആരോ... മഞ്ഞില്‍ കുളിച്ച രാത്രിമുല്ലയായി അവള്‍.
 എന്നു മുതലാണ്‌ നമ്മള്‍ സ്നേഹിച്ചു തുടങ്ങിയത്?
സാന്ദ്രമായ വാക്കുകളില്‍ ഒലിച്ചു പോവുകയാണ് അനന്തന്‍. ഒത്തിരി പിന്നിലോട്ട്.
ചാരുലതക്ക് പടര്‍ന്നു കയറുവാനാണ് ടോഗോര്‍ ഒരിക്കല്‍ അമലിനെ സൃഷ്ടിച്ചത്. പതിയായ ഭൂപതിയില്‍ നിന്ന് ആശിച്ചതൊന്നും അവള്‍ക്ക് കിട്ടിയില്ല. ഇവിടെ നിനക്കായി ഞാനും...' ##
അജ്ഞാതമായ ഏതോ പഞ്ജരത്തില്‍ കുടുങ്ങി, കിളിക്കൂട്‌ തകര്‍ക്കാന്‍ കെല്‍പില്ലാത്ത ചിറകുകള്‍ ഒതുക്കി   അവളിരുന്നു.
അല്ല. പ്രണയികളല്ല നമ്മള്‍. വേട്ടക്കാരനും ഇരയും... അനന്തന്‍ ഏതോ യുഗത്തിലെ കുഴലൂത്തുകാരന്‍. പാട്ടില്‍ മയങ്ങി വന്ന സര്‍പ്പം ഞാന്‍. പിന്നെ ജന്മങ്ങള്‍ തോറും പിടിവിടാതെ..
അവളുടെ മിഴികളില്‍  നീലിമ നിറയുകയായിരുന്നു. അനന്തനില്‍ പരിഭ്രമം  പെയ്യുകയും. എന്തിനെന്നില്ലാതെ അയാളുടെ വാക്കുകള്‍ വേച്ചുവേച്ച് ഇടറി നിന്നു.
നിന്‍റെ സ്നേഹം ക്രൂരമായിരുന്നു. എന്നും നീ എന്നെ കുറ്റപ്പെടുത്തി. എന്‍റെ പരിമിതികള്‍ മനസ്സിലാക്കിയില്ല. സാഡിസ്റ്റ് ആയിരുന്നു നീ. ഒടുവില്‍ എന്നെ ഉപേക്ഷിച്ച്..
അയാളുടെ ചുണ്ടില്‍ വിരല്‍ ചേര്‍ത്ത് അവള്‍ വേദനയോടെ ഉറ്റുനോക്കി.
ആത്മാവോളം എത്തിയ നോട്ടം... എന്താണ് സാഡിസം?
സ്നേഹിക്കുന്നതോ? ഒറ്റപ്പെടുത്തി നോവിക്കുന്നതോ? ഉത്തരം കിട്ടിയില്ല അവള്‍ക്ക്.
ഒരു കണ്ണുനീര്‍ത്തുള്ളി അവളുടെ കയ്യില്‍ അടര്‍ന്നു വീണു. ഒരുപാട് അര്‍ഥങ്ങളോടെ. അവള്‍ക്കയാളെ മനസ്സിലായില്ല. എന്നത്തേയും പോലെ.
മെല്ലെ അരുവിയിലേക്കിറങ്ങി ഒരു വലിയ പാറയിലിരുന്ന്‍ അനന്തന്‍ വിളിച്ചു.
നീ ഇറങ്ങി വാ. എന്തു തണുത്ത വെള്ളം! മഞ്ഞു പെയ്യുന്നുണ്ടാവും മലമുകളില്‍.
അയ്യോ. ഇരിക്കല്ലേ അവിടെ. അത് പിണ്ഡപ്പാറയ. പിതൃബലി അര്‍ച്ചിക്കുന്ന..
അവള്‍ വിലക്കി.
പിണ്ഡപ്പാറ തലയുയര്‍ത്തി നിന്നു. ജീവിതത്തിനു മുന്നിലെ ചോദ്യചിഹ്നം പോലെ. മുത്തശ്ശിക്കഥയില്‍ നിന്ന് പാഷാണഭേദി എന്ന അസുരന്‍ കണ്ണുരുട്ടി നോക്കുകയാണ്. തിരുനെല്ലി മുതല്‍ ഗയ വരെ അസുരനെ വലിച്ചു നീട്ടിയ മഹാ വിഷ്ണുവായിരുന്നു കുഞ്ഞുനാളില്‍ അറിഞ്ഞ ആദ്യ മാന്ത്രികന്‍.*** 
ഞാന്‍ മറന്നു. വന്നിരുന്നല്ലോ പണ്ട്. അച്ഛന് ബലിയിടാന്‍. ഒരു കര്‍ക്കിടക വാവിന്.
ഓര്‍ത്തെടുക്കുകയായിരുന്നു അയാള്‍ മഴയില്‍ കുതിര്‍ന്ന ആ ദിവസം.
മറവി.. അനന്തന്‍ മറക്കും. എന്നും.. എല്ലാം..
പരിഭവത്തിന്‍റെ കുറുകല്‍ കേട്ട് അയാള്‍ ഉറക്കെച്ചിരിച്ചു.
നിന്‍റെ പിറന്നാളുകള്‍ എത്ര വട്ടം മറന്നു അല്ലെ? നീ പരിഭവിച്ചു. പിണങ്ങി. ഇന്നും എനിക്കറിയില്ലാട്ടോ നിന്‍റെ പിറന്നാള്‍.
ചുണ്ടില്‍ പൊട്ടിച്ചിതറിയ ചിരി ഞെരിച്ചു കളഞ്ഞു ചാരുലത. അതൊക്കെ ചെറുപ്പത്തിന്‍റെ ഓരോരോ രസങ്ങള്‍ ആയിരുന്നില്ലേ എന്നവള്‍ പറഞ്ഞുമില്ല.
കാടിന്‍റെ മുഖപടത്തില്‍ ഏതോ വിഷാദചിത്രം വരക്കുകയായിരുന്നു അന്തിവെയില്‍.
എങ്ങു നിന്നോ മരണത്തിന്‍റെ ഗന്ധം പടര്‍ന്ന പോലെ....
നിതാന്തമായ മറവിയുടെ ഗന്ധം...
ചിരിയുടെ വെയില്‍ മറഞ്ഞ് അനന്തന്‍റെ മുഖവും മങ്ങുകയാണെന്ന്‍ അവളറിഞ്ഞു.
 അരികില്‍ നീയുള്ളപ്പോള്‍ അച്ഛന്‍റെ സാമീപ്യം അറിയുന്ന പോലെ... യാത്രക്കിടയില്‍ അച്ഛനായിരുന്നു മനസ്സ്‌ നിറയെ. പിന്നെ നീയും.
അയാള്‍ കണ്ണടച്ചു.
വിട പറയും മുമ്പേ ദൂരേ നിന്ന്‍ അച്ഛാ എന്നൊരു വിളിയെങ്കിലും... അച്ഛനെത്ര കൊതിച്ചു കാണും... ചാരു ഓര്‍ക്കുകയായിരുന്നു.
ആരാധകര്‍ക്കായി ഒരുപാട് നേരം. എന്നിട്ടും അച്ഛനു വേണ്ടി...
ആദ്യമൊക്കെ ചാരു ഓര്‍മ്മിപ്പിക്കുമായിരുന്നു. അച്ഛന്‍ തനിച്ചല്ലേ. മറക്കല്ലേ വിളിക്കാന്‍. പിന്നെപ്പിന്നെ അവളും മടുത്തു. ഒടുവില്‍ ചാരുവിന് അവളുടെ സ്വന്തം ജീവിതവുമായി.
അനന്തജിത്ത് ഇല്ലാത്ത ജീവിതം.
 ചാരുലത സ്നേഹിച്ചു തുടങ്ങിയത് അനന്തജിത്തിന്‍റെ അക്ഷരങ്ങളെയാണ്. രൂപമറിയാതെ. ഭാവമറിയാതെ. ആത്മാവ് തേടിയ സൌഹൃദം. താളുകള്‍ മറിഞ്ഞു. അവന്‍ കാറ്റായി വീശി. അക്ഷരങ്ങളില്‍ അവള്‍ സുഗന്ധമായ്‌  പരന്നു. നേരില്‍ കാണാതെ ഒന്നായൊഴുകി. കരയും കടലും താണ്ടി. പക്ഷെ അനന്തജിത്ത് വളര്‍ന്നതും അവള്‍ക്ക്‌ തൊടാനാവാത്ത ഉയരത്തില്‍ പറന്നതും നൊടിയിടയിലായിരുന്നല്ലോ.
പിന്നീട് സ്നേഹം നൊമ്പരമായി. വേദന മാത്രമായി. ഒറ്റപ്പെടുത്തി എവിടെയോ മറയും. പിന്നെന്നോ ഒരിക്കല്‍ സന്ദേശമെത്തും. ഇനി മിണ്ടില്ലെന്നു മനസ്സ് പിറുപിറുക്കും.
ഏതു പാതാളത്തിലായിരുന്നു ഇത്ര നാള്‍?
നീയായിരുന്നു ആ പാതാളത്തിലെ തീ. എരിഞ്ഞു തീരുകയായിരുന്നു ഞാന്‍.
അയാള്‍ അങ്ങനെ ചാറി നില്‍ക്കും.  വീണ്ടുമവള്‍ തിമിര്‍ത്തു പെയ്യും..

അനന്തന്‍റെ വീട് തേടി ഒരിക്കല്‍ പോയിരുന്നു. ഒരിക്കല്‍ മാത്രം. അച്ഛന് സുഖമില്ലെന്നറിഞ്ഞ്. അച്ഛന്‍റെ നരച്ച കണ്ണുകളില്‍ സ്നേഹത്തിനായ് ഒരു തേങ്ങല്‍ വിങ്ങി നിന്നിരുന്നു. മകനെയോര്‍ത്ത് ഒരിറ്റ് വെളിച്ചം മിന്നി നിന്നിരുന്നു. ചുളിഞ്ഞ കൈവിരലുകള്‍ അപ്പോഴും കൊച്ചനന്തനെ പിച്ച വെപ്പിക്കുകയായിരുന്നു. വീഴാതെ മുറുകെ പിടിക്കുകയായിരുന്നു. മെലിഞ്ഞ കൈ നീട്ടി അവളെ അനുഗ്രഹിച്ചു അച്ഛന്‍.
പറയാറുണ്ടായിരുന്നു കുട്ടിയെ പറ്റി. ഒന്നിത്രിടം വരെ വന്നു പോകാന്‍ പറ. വയസ്സന്മാര്‍ക്കും ഒരു മനസ്സുണ്ടെന്ന്‍ മറക്കുവാ നിങ്ങള്‍ ചെറുപ്പക്കാര്‍.
വിളിച്ചു ചാരു. അച്ഛനു വേണ്ടി. വിദേശത്തായിരുന്നു അന്ന്‍ അനന്തന്‍.
ഒരുപാട് കാത്തിരിക്കാതെ അച്ഛന്‍ പോയി.
പ്രതീക്ഷകളെല്ലാം പടിയിറങ്ങിപ്പോവുകയായിരുന്നു. ചാരുവും പിന്നെ കാത്തിരുന്നില്ല.
ബ്രഹ്മഗിരിയുടെ ശൃംഗങ്ങളില്‍ മിഴിയുടക്കിയിരിക്കുകയായിരുന്നു അനന്തന്‍. 
വാക്കുകള്‍ മല കയറുകയാണ്.
പോക്കുവെയിലില്‍ എന്ത് ഭംഗിയാ ഈ നീല മലകള്‍. പ്രണയിക്കുമ്പോള്‍ എല്ലാമെത്ര സുന്ദരം!
അവള്‍ മിഴിച്ചു നോക്കി.. ഒരിക്കലുമിനിയത്  കേള്‍ക്കാനായില്ലെങ്കിലോ എന്നപോലെ.  മറ്റെന്തെങ്കിലും പറയണമെന്ന് തോന്നി അവള്‍ക്ക്‌. ഒരുപാട് ഭയന്നു അവള്‍, അനന്തന്‍ അരികിലുള്ളപ്പോള്‍ തിരികെയെത്തുന്ന യൌവനത്തെ. ഉള്ളില്‍ പടരുന്ന അഗ്നിയേയും.
അറിയുമോ അനന്തന്‍, പണ്ട് പണ്ട് ഈ വനചാരുതയില്‍ മയങ്ങിപ്പോയി, സാക്ഷാല്‍ ബ്രഹ്മാവ്. എന്നിട്ട് ഇവിടെയൊരു യാഗം നടത്തി. അന്നേരം മഹാവിഷ്ണു നെല്ലി മരത്തില്‍ പ്രത്യക്ഷനായി. നൊടിയിടയില്‍ വിഷ്ണു മറയുകയും ചെയ്തു.  
ചാരുവിന്‍റെ കഥകള്‍ ഇല്ലിക്കാടും കടന്ന്‍ കാട്ടുനെല്ലിയുടെ ചോട്ടില്‍ മാടം കെട്ടി.
അപ്രത്യക്ഷനായ വിഷ്ണുവിനായ്‌ ബ്രഹ്മാവൊരു ക്ഷേത്രം പണിയിച്ചു. തിരുനെല്ലിക്ഷേത്രം. എന്നും രാത്രിപൂജ കഴിഞ്ഞു നട അടക്കുമ്പോള്‍ വീണ്ടുമൊരു പൂജക്കുള്ള ഒരുക്കങ്ങള്‍ ചെയ്തിട്ടേ പോകൂ പൂജാരിയിവിടെ. ബ്രഹ്മാവിനെ കാത്ത്.. പൂജ നടത്താന്‍ ബ്രഹ്മാവ്‌ എത്തുമെന്നു പ്രതീക്ഷിച്ച്.. ***
എന്നിട്ടോ..?
 എന്നിട്ടെന്താകാന്‍.. ആ കാത്തിരിപ്പ്‌ തുടരുന്നു. ഇന്നും....

വെളിച്ചം മങ്ങുകയാണ്. അവളുടെ നിശ്വാസങ്ങള്‍ അനന്തന്‍റെ കാതിലുരുമ്മി ഹൃദയത്തിലേക്കുള്ള വഴി തേടുകയാണ്. ഒരു നിമിഷം. മഞ്ഞിന്‍ചിറകുള്ള രണ്ട് ആത്മാക്കള്‍ ഒന്നായ്‌ പറന്നുയരുകയായി... ആകാശം തൊട്ട്.. ഒരുമിച്ചലിഞ്ഞ രണ്ടു മേഘശകലങ്ങള്‍ പോലെ...
നിന്‍റെ വിരല്‍ത്തുമ്പ് പോലും ഒന്ന് തൊട്ടിട്ടില്ല എന്നല്ലേ ഒരിക്കല്‍ പരിഭവിച്ചത്? തീര്‍ന്നില്ലേ ഇപ്പം സങ്കടം. അനന്തന്‍ മന്ത്രിച്ചു.
അനന്താ, നമുക്ക്‌ പക്ഷിപാതാളത്തിലേക്ക് പോയാലോ? ഋഷിമാര്‍ തപം ചെയ്ത ഗുഹകളില്‍ കാടിന്‍റെ ആത്മാവറിഞ്ഞ്... പുലരുവോളം...
അപ്പോഴേക്കും മൌനത്തില്‍ മുങ്ങിപ്പോയിരുന്നു അനന്തന്‍.

സഞ്ചാരികള്‍ മടങ്ങിക്കൊണ്ടിരുന്നു. എങ്ങുനിന്നോ ഓടിവന്ന്‍  അവള്‍ക്കൊരുമ്മ കൊടുത്ത്‌ നടന്നകന്നു പെണ്‍കുട്ടി. ആ പൂമ്പാറ്റക്കുട്ടിക്ക്‌ അനന്തന്‍റെ ചിരിയാണെന്ന് ചാരുവിനു തോന്നി. ഹൃദയത്തിന്‍റെ ആഴത്തില്‍ നിന്നും ഉറവയെടുത്ത ഒരു  താരാട്ട് ചൊടികളില്‍ മടിച്ചു നിന്നു.  തരിശു നിലത്തില്‍ ഉറവ പൊട്ടി മാറ് വിങ്ങിയൊലിക്കുമെന്നു അവള്‍ക്ക് തോന്നി. എവിടെയോ പൊയ്പോയ മനസ്സ് തേടി അലയുകയായിരുന്നു  ചാരു.
ഇരുള്‍ വീണ തേക്കിന്‍കാടുകള്‍ക്കിടയിലൂടെ കാര്‍ മുന്നോട്ടു പോയ്ക്കൊണ്ടിരുന്നു.
ദൂരെ ഏതോ പണിയക്കുടിലില്‍ നിന്നും തുടിയൊച്ചകള്‍ കാടു താണ്ടി വന്നു.
പക്ഷി പാതാളത്തിലേക്ക് പോകാനോ! എന്താ ചാരു ഇത്? നാലഞ്ചു മണിക്കൂര്‍ നടക്കണം. ടൂറിസ്റ്റ്‌ ഓഫീസില്‍ നിന്ന്‍ പെര്‍മിഷന്‍ കിട്ടില്ല ഈ സന്ധ്യക്ക്. ആനയിറങ്ങുന്ന കാടാ. ഗൈഡ് വേണം കൂട്ടിന്. നിറയെ അട്ടകളുമുണ്ടാവും... പിന്നൊരിക്കലാവാം.
കാറിന്‍റെ പിന്‍ സീറ്റിലിരുന്ന് ചാരുവിന്‍റെ ഭര്‍ത്താവ് അവളെ ചേര്‍ത്തണച്ചു..
നീ വല്ലാതെ തണുത്തിരിക്കുന്നു. എത്ര വട്ടം പറഞ്ഞതാ അരുവിക്കരയിലങ്ങനെ ഇരിക്കല്ലെന്ന്‍.
തോളില്‍ കിടന്ന ഷാളെടുത്ത് അദ്ദേഹം അവളെ പുതപ്പിച്ചു. ഒരു കുഞ്ഞിനെ താലോലിക്കാന്‍ ഭാഗ്യം കിട്ടാത്തതുകൊണ്ടാവാം അവളെന്നും ഒരു കുഞ്ഞായിരുന്നു അയാള്‍ക്ക്.
പിന്നെ.. അനന്തന്‍ വിളിച്ചിരുന്നു. ഇന്നും വരാന്‍ സാധിക്കില്ലെന്ന്‍. പെട്ടെന്നൊരു ലണ്ടന്‍ ട്രിപ്പ്‌. സിനിമയിലും തിരക്കല്ലേ. പഴയ സൌഹൃദമൊക്കെ തണുത്തു കാണും കുട്ടീ.
ചാരുലത മഞ്ഞില്‍ ഉറഞ്ഞു പൊയ്ക്കഴിഞ്ഞിരുന്നു.
മഞ്ഞ്.. മഞ്ഞ് മാത്രം... മനസ്സ് നിറയെ മഞ്ഞ്...
ഉള്ളിലെ തേങ്ങല്‍ അദ്ദേഹം കേള്‍ക്കല്ലേ എന്ന്‍ പ്രാര്‍ഥിച്ച് ആ നെഞ്ചിന്‍ കൂട്ടില്‍ അവള്‍ അഭയം തേടി. ബ്രഹ്മഗിരിയിലെ ആയിരം പറവകളിലൊന്നായി അവളും..

ലണ്ടനിലേക്കുള്ള വിമാനത്തിലിരുന്ന് ചാരുവിനെ ഓര്‍ക്കുകയായിരുന്നു അനന്തനപ്പോള്‍. ഒരിക്കലും വാക്ക്‌ പാലിക്കാനാവാത്ത നിവൃത്തികേടിനെ സ്വയം പഴിക്കുകയും. ഒരുപാട് പറന്നപ്പോള്‍ നഷ്ടമായത്‌ നിര്‍മലമായ നീലാകാശമാണ്.
തന്‍റെ മാത്രമായിരുന്ന ഒരു തുണ്ട് ആകാശം...
കൊഴിയാത്ത തൂവലുകള്‍ ഇന്നും മനസ്സിലുണ്ടെന്ന്‍ അവളോട്‌ പറയുകയെങ്കിലും ആകാമായിരുന്നു. പക്ഷെ....

അരുവിയില്‍ നിന്നു കിട്ടിയ കിളിത്തൂവല്‍ അപ്പോഴും മുറുകെ പിടിച്ചിരുന്നു ചാരുലത....
 *************************************************************************

കുറിപ്പ്: ***പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വയനാട്ടിലെ ഏറ്റവും പുരാതനമായ ക്ഷേത്രമാണ് തിരുനെല്ലി ക്ഷേത്രം.  ടിപ്പുവിന്‍റെ ആക്രമണത്തിനു ശേഷം വീണ്ടും പുതുക്കിപ്പണിതു.  തിരുനെല്ലി ക്ഷേത്രത്തെക്കുറിച്ചുള്ള ചില മിത്തുകള്‍ ചേര്‍ത്തിരിക്കുന്നു.
## ടോഗോറിന്‍റെ പ്രശസ്തമായ The Broken Nest ലെ കഥാപാത്രങ്ങള്‍
Pictures taken from Google

104 comments:

 1. ദോഹ ‘സംസ്കൃതി’യുടെ ‘കഥയരങ്ങ് 2012’ ല്‍ അവതരിപ്പിച്ച് സമ്മാനാര്‍ഹമായ കഥ...
  കൂട്ടുകാരുടെ വായനക്കായി...

  ReplyDelete
 2. നല്ല ഒരു കഥാനുഭവത്തിന് നന്ദി.. എല്ലാ ആശംസകളും..

  ReplyDelete
 3. വളരെ ഇഷ്ടമായി.....ഈ എഴുത്ത്...

  ReplyDelete
 4. നല്ലൊരുകഥ വായിച്ച സംതൃപ്തി എനിക്കുണ്ടായി.
  "അരുവിയില്‍ നിന്നു കിട്ടിയ കിളിത്തൂവല്‍ അപ്പോഴും മുറുകെ
  പിടിച്ചിരുന്നു ചാരുലത..." ഒരു നൊമ്പരമായ്................
  ആശംസകള്‍

  ReplyDelete
  Replies
  1. പോസ്ടിടുമ്പോഴെക്കും ഓടി എത്തി എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്ന ഈ നല്ല മനസ്സിന് ഒരുപാട് നന്ദി തങ്കപ്പന്‍ ചേട്ടാ...!

   Delete
 5. പ്രണയം....വിചിത്രം

  ReplyDelete
  Replies
  1. വന്നു വായിച്ചല്ലോ...! നന്ദി അജിത്‌.!

   Delete
 6. യാത്രകള്‍ കാടോടിക്കാറ്റിനു വളരെ ഇഷ്ടമാണെന്ന് തോന്നുന്നു ,കഥകളില്‍ എല്ലാം (ആകെ മൂനെന്നമേ ഞാന്‍ വായിച്ചുള്ളൂ )ആരെങ്കിലും യാത്ര പോകുന്നുണ്ട് ,എഴുത്തിന്‍റെ ശില്പഭംഗി നന്നായി കാത്തിരിക്കുന്നു ,എഴുത്ത് വിജയിക്കട്ടെ ..

  ReplyDelete
  Replies
  1. പുലിയല്ല എന്നറിഞ്ഞപ്പോള്‍ പേടി മാറി, അല്ലേ സിയാഫ്?
   അതെ. യാത്ര വായന പോലെ എനിക്ക് പ്രിയങ്കരമാണ്.
   കഥകളിലേക്ക് അറിയാതെ അത് കടന്നു വരുന്നു.
   ശ്രദ്ധിക്കാം. ആശംസകള്‍ നന്ദിയോടെ സ്വീകരിച്ചിരിക്കുന്നു.

   Delete
  2. പുലി അല്ല എന്നാരു പറഞ്ഞു .ഇത് ഞാന്‍ ബ്രഹ്മ ഗിരിയുടെ മുകളില്‍ നിന്ന് കമന്റ്‌ എറിഞ്ഞെച്ചുംഓടിയതാ ..:)

   Delete
  3. മലയുടെ മോളീന്ന് വീണ കൊണ്ടായിരുന്നു കമെണ്ടിനു ഒരു weight അല്ലെ... ഇപ്പോളല്ലേ ഗുട്ടന്‍സ്‌ പിടി കിട്ടിയേ..

   Delete
 7. എത്ര മനോഹരം ഈ എഴുത്ത്..... വായനയിലൂടെ അങ്ങനെ പോയി.... അങ്ങ് ദൂരെ... ദൂരേക്ക്‌...
  നന്ദി.... ഈ രാത്രിയില്‍ നല്ലൊരു വായന തന്നതിന്...

  ReplyDelete
  Replies
  1. ആദ്യമെത്തുന്ന വായനക്കാരില്‍ എപ്പോഴും ഉണ്ടല്ലോ ഈ എഴുത്തുകാരന്‍! പ്രോല്സാഹനത്തിനു ഒത്തിരി നന്ദി Khaadu.

   Delete
 8. അങ്ങകലെ എവിടെയോ ഒരു ക്ഷേത്രവും...കുറെ നല്ല ഓര്‍മ്മകളും....ഒരു പിടി സങ്കട പൂക്കളും ......

  അക്ഷരങ്ങളുടെ മാസ്മരികത .....ആശംസകള്‍

  ReplyDelete
  Replies
  1. ദീപാ... വായനക്കും ഈ പ്രോത്സാഹനത്തിനും നന്ദി കൂട്ടുകാരി..

   Delete
 9. ഷീല ചേച്ചി... കഥയരങ്ങില്‍ ചേച്ചി തന്നെ വായിച്ചു കേട്ട കഥ. വായിച്ചത്,കേട്ടതിനേക്കാള്‍ അതി മനോഹരം.. പറയാന്‍ വിട്ടു,,ചിത്രങ്ങള്‍ കഥയുടെ ഭംഗി കൂട്ടിയതെ ഉള്ളൂ.. ഈ ചിത്രങ്ങള്‍ അവിടത്തെ തന്നെയാണോ? അങ്ങനെ ഒരു നാടുണ്ടെന്നും,ഈ ആളുകളെല്ലാം അവിടെയുണ്ട് എന്നും വിശ്വസിച്ചു പോയി..അടുത്ത കഥയ്ക്കായ് കാത്തിരിക്കുന്നു.

  ReplyDelete
  Replies
  1. സ്മിത, തിരക്കുകള്‍ക്കിടയില്‍.... കേട്ട കഥ വായിക്കാന്‍ വീണ്ടും വന്നല്ലോ..! അതെ. ചിത്രങ്ങള്‍ തിരുനെല്ലി അമ്പലത്തിന്‍റെയും പരിസരങ്ങളുടെയും പാപനാശിനിയുടെയും കാളിന്ദിയുടെയും ഒക്കെയാണ്... പ്രോല്സാഹനത്തിനു നന്ദി സ്മിത.

   Delete
 10. കഥയുടെ പാശ്ചാത്തലം തിരുനെല്ലി - എനിക്കു നന്നായി അറിയാം.വനത്തിനുള്ളിലെ വിഷ്ണു ക്ഷേത്രം.പോവുന്ന വഴിയില്‍ ത്രിശ്ശിലേരി.വെള്ളാരം കല്ലുകള്‍ നിറഞ്ഞ കുഞ്ഞരുവിയായി ഒഴുകുന്ന പാപനാശിനി. ആത്മക്കളെ വിഷ്ണുപാദത്തില്‍ സമര്‍പ്പിച്ച് സായൂജ്യപൂജ നടത്തും ആ കാനന ക്ഷേത്രത്തില്‍... വര്‍ഷങ്ങള്‍ക്ക് മുമ്പ് പാപനാശിനിയില്‍ കുളിച്ചു കയറി ഈറനോടെ അച്ഛനു ബലിയിട്ട രംഗം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കണ്ണില്‍ നനവു പടരും.എനിക്ക് അത്രക്ക് മാനസിക അടുപ്പമുള്ള ഒരു പാശ്ചാത്തലം വന്നതു കൊണ്ടാവാം അറിയാതെ ഞാന്‍ കഥയിലും പരിസരങ്ങളിലും ലയിച്ചു പോയി.

  നല്ല കൈയ്യടക്കത്തോടെയും ഒതുക്കത്തോടെയും കഥ പറഞ്ഞിരിക്കുന്നു.....അഭിനന്ദനങ്ങള്‍...

  കഥയില്‍ ഉപയോഗിച്ച ചിത്രങ്ങള്‍ വിന്യസിച്ചിരിക്കുന്ന രീതിയോട് ഒരു ചെറിയ വിയോജിപ്പു പ്രകടിപ്പിക്കുന്നു... ഈ രീതിയിലുള്ള ചിത്രങ്ങളുടെ വിന്യാസം ഫീച്ചര്‍ ലേഖനങ്ങള്‍ക്കാണ് കൂടുതല്‍ ഇണങ്ങുക എന്ന് എനിക്ക് തോന്നുന്നു....

  ReplyDelete
  Replies
  1. കഥാ പരിസരം നേരിട്ടറിയാവുന്ന മാഷ്ക്ക് ആ ഒരു ഫീല്‍ കിട്ടി എന്നറിഞ്ഞപ്പോ സന്തോഷമായി. ഈ പ്രോല്സഹനത്തിനും ഒരുപാട് നന്ദി.
   ചിത്രങ്ങള്‍ ഞാനും രണ്ടു മനസ്സോടെയാ ചേര്‍ത്തത്. അക്ഷരങ്ങളില്‍ നിന്ന് ശ്രദ്ധ മാറിപ്പോകാന്‍ കാരണമാകും എന്ന് എനിക്കും തോന്നി. മാഷ്‌ പറഞ്ഞതു ശരിയാ. ഫീച്ചര്‍ കള്‍ക്കാ അത്രയും വിശദമായ ചിത്ര വിശദീകരണങ്ങള്‍ ചേരുന്നത്. കഥ വാക്കിലൂടെയാണല്ലോ വായിക്കപ്പെടേണ്ടത്.
   ആ ക്ഷേത്രപരിസരത്തെ പറ്റി ഒരു ധാരണയുമില്ലാത്തവര്‍ക്ക്‌ അത് ഉപകാരപ്പെട്ടേക്കാം എന്നൊരു വിചാരത്തില്‍ ചേര്‍ത്തത. കുറച്ചു വായ്നകള്‍ക്ക് ശേഷം മാറ്റിയേക്കാം.
   ഒത്തിരി നന്ദി.

   Delete
 11. ഭാവ സാന്ദ്രമായ വരികളും വരകളും കൊണ്ട്‌ വര്‍ണ്ണിച്ചൊരുക്കിയ പദവിന്യാസത്തിലൂടെ പരിശുദ്ധമായ ജീവിത മുഹൂര്‍ത്തങ്ങളെ വായനക്കരന്റെ മനസ്സില്‍ പ്രതിഷ്‌ഠിക്കാന്‍ കഥാകാരിയ്‌ക്ക്‌ സാധിക്കുമ്പോഴാണ്‌ ബ്രഹ്മഗിരിയില്‍
  മഞ്ഞു പെയ്യുന്നത്‌…………..

  ReplyDelete
  Replies
  1. അസീസ്ക്ക.. ‘രചന’യില്‍ കഥയെക്കുറിച്ച് എഴുതിയ ആസ്വാദനം വായിച്ച് ഒരുപാട് സന്തോഷം തോന്നി. പലപ്പോഴും സമയ പരിമിതികൊണ്ട് പലരും ഒരു ഒഴുക്കന്‍ വായനയില്‍ ഒതുക്കുകയാണ് പതിവ്. കഥയുടെ ആത്മാവറിഞ്ഞ വായനക്കും പോരയ്മ ചൂണ്ടിക്കാട്ട്യുള്ള ആസ്വാദനത്തിനും ഒരുപാട് നന്ദി അസീസ്ക്ക

   Delete
 12. ഒടുവിലെ വരികള്‍ എന്നെ തിരികെ തന്നില്ലായിരുന്നേല്‍
  ഏതോ ലോകം കണ്ട ഒരു സ്വപ്നാടകനായേനെ ഞാനും

  ReplyDelete
  Replies
  1. വായിച്ചു പ്രോത്സാഹിപ്പിച്ചല്ലോ.. നന്ദി അനസ്‌...!

   Delete
 13. കഴിഞ്ഞ തലമുറയിലെ മഹാരഥന്‍മാരായ കഥാകൃത്തുക്കളുടെ അസൂയാവഹമായ എഴുത്തിനെ ഓര്‍മിപ്പിക്കുന്ന ശൈലി. എന്നെ ഇവിടെ എത്തിച്ച ഖാദുവിനു നന്ദി. കഥയുടെ തട്ടകത്തില്‍ കാടോടിക്കാറ്റ് ഒരു കൊടുങ്കാറ്റു തന്നെയാണ്.

  ഇനി എഴുതുമ്പോള്‍ ഒരു ലിങ്ക് തരുമല്ലോ.

  ReplyDelete
  Replies
  1. പൊട്ടന്‍ പറഞ്ഞതോകെ തന്നെ പുണ്യാളനും പറയാനുള്ളതാണ് ......

   വളരെ നല്ല കഥാ അവതരണ രീതി സന്തോഷം നന്ദി !

   സ്വാഗതം @ കേള്‍ക്കാത്ത ശബ്ദം

   Delete
  2. ഇത്രയും നല്ല വാക്കുകള്‍ക്കു ഞാന്‍ അര്‍ഹയല്ല.
   എങ്കിലും ഇതൊക്കെ വലിയ പ്രോല്‍സഹനമാണ്...
   പൊട്ടനും പുണ്യവാളനും ഒത്തിരി നന്ദി.

   Delete
 14. കഥയിലെ സാഹിത്യം എനിയ്ക്ക് ഇഷ്ടമായി ..തിരയുടെ ആശംസകള്‍

  ReplyDelete
 15. യാത്ര വിവരണം ബോര്‍ അടിപ്പിക്കാതെ കഥയിലൂടെ നന്നായി അവതരിപ്പിച്ചു !! ആശംസകള്‍ !!

  ReplyDelete
  Replies
  1. കഥയെന്നു തന്നെ തോന്നിയല്ലോ..ല്ലേ..
   നന്ദി വായനക്ക് ഹെറു...

   Delete
 16. ഷീലാ....
  കഥയും ചിത്രങ്ങളും....അവതരണ ശൈലിയും.. ഇഷ്ട്ടായി!!
  ഒരു കണ്ണുനീര്‍ത്തുള്ളി അവളുടെ കയ്യില്‍ അടര്‍ന്നു വീണു. ഒരുപാട് അര്‍ഥങ്ങളോടെ.....
  രൂപമറിയാതെ, ഭാവമറിയാതെ അക്ഷരങ്ങളെ സ്നേഹിച്ച ചാരു.....
  ‘പറയാറുണ്ടായിരുന്നു കുട്ടിയെ പറ്റി. ഒന്നിത്രിടം വരെ വന്നു പോകാന്‍ പറ. വയസ്സന്മാര്‍ക്കും ഒരു മനസ്സുണ്ടെന്ന്‍ മറക്കുവാ നിങ്ങള്‍ ചെറുപ്പക്കാര്‍.’
  അരുവിയില്‍ നിന്നു കിട്ടിയ കിളിത്തൂവല്‍ അപ്പോഴും മുറുകെ പിടിച്ചിരുന്നു ചാരുലത....
  അടുത്ത മഞ്ഞുകാലത്തിനായി കാക്കുന്നു!
  സിറൂസ്...

  ReplyDelete
  Replies
  1. സിറൂസ്...
   വരികളിലൂടെ സഞ്ചരിച്ച ഈ വായനക്ക് നന്ദിട്ടോ..
   പ്രോത്സാഹനത്തിനും....

   Delete
 17. ചെറുപ്പമല്ല തണുപ്പടിച്ചിരിക്കാന്‍... പാദങ്ങളിലുരുമ്മി പരല്‍ മീനുകള്‍ കളിയാക്കി.
  കിളിയുപേക്ഷിച്ച ഒരു മഞ്ഞത്തൂവല്‍ ചോലയിലൂടെ ഒഴുകിയൊഴുകി വന്നു. അത് അനന്തന്‍റെ പോക്കറ്റിലിട്ട് അവള്‍ പറഞ്ഞു.
  ‘ഇവിടെയിരുന്നോട്ടെ. ഹൃദയത്തോട് ചേര്‍ന്ന്‍.’
  കളിവീട് വെച്ചു കളിക്കുന്ന കുട്ടികളായിരുന്നു അപ്പോളവര്‍.
  ‘ആരാണ് നീയെനിക്ക്?’ അയാളുടെ കണ്ണുകളില്‍ മഞ്ഞു പെയ്യുകയായിരുന്നു.
  ‘അന്യയല്ലാത്ത ആരോ...’ മഞ്ഞില്‍ കുളിച്ച രാത്രിമുല്ലയായി അവള്‍.
  ‘എന്നു മുതലാണ്‌ നമ്മള്‍ സ്നേഹിച്ചു തുടങ്ങിയത്?’
  സാന്ദ്രമായ വാക്കുകളില്‍ ഒലിച്ചു പോവുകയാണ് അനന്തന്‍. ഒത്തിരി പിന്നിലോട്ട്.
  ‘ചാരുലതക്ക് പടര്‍ന്നു കയറുവാനാണ് ടോഗോര്‍ ഒരിക്കല്‍ അമലിനെ സൃഷ്ടിച്ചത്. പതിയായ ഭൂപതിയില്‍ നിന്ന് ആശിച്ചതൊന്നും അവള്‍ക്ക് കിട്ടിയില്ല. ഇവിടെ നിനക്കായി ഞാനും...' ##
  അജ്ഞാതമായ ഏതോ പഞ്ജരത്തില്‍ കുടുങ്ങി, കിളിക്കൂട്‌ തകര്‍ക്കാന്‍ കെല്‍പില്ലാത്ത ചിറകുകള്‍ ഒതുക്കി അവളിരുന്നു........ഇപ്പോൾ ബൂലോകത്തെ നല്ല രചനകൾ പിറവിയെടുക്കുന്നത് നമ്മുടെ സഹോദരികളൂടേയും ,മക്കളുടേയും ബ്ലോഗുകളിൽ നിന്നാണു എന്ന് നിശസംശയം പറയാം,എച്ചുമൂക്കുട്ടി,സീത ,കുഞ്ഞൂസ്സ്,ലിപി,കാടോടിക്കാറ്റ്,കസുമം,ലീല,മിനി,അനശ്വര....ഇനിയുംഉണ്ട്..........വി.പി.ജി.യുടെ കഥക്ക് ശേഷം ഞാൻ വായിച്ച് നല്ലൊരു കഥയാണിത്....വാക്കുകളിലെ വശ്യമായ ചാരുത.പശ്ചാത്തലത്തിൽ നമ്മൾ എത്തിച്ചേരുന്ന തിരുനെല്ലി...വാക്കുകൾക്കിടയിലെ വാചാലമായ മൌനം..വർണ്ണങ്ങളിൽ ചാലിച്ച് ചിന്ത..ഇതിനിടയിൽ പതിയിരിക്കുന്ന, ചരിത്രമുറങ്ങുന്ന ഏടുകൾ...ഞാൻ മറ്റൊരു ലോകത്തെക്ക് പോയി കുറച്ച് നേരം...എങ്കിലും ഇതിലെ കഥാപാത്രാങ്ങൾ എന്റെ ഉള്ളിലെവിടെയോ ചേക്കേറിയിരിക്കുന്നൂ....പ്രീയപ്പെട്ട കഥകാരീ..താങ്കൾക്കിപ്പോൾ എന്റെ ഒരു കുസുമഹാരം.........എല്ലാ ഭാവുകങ്ങളും.....

  ReplyDelete
  Replies
  1. അങ്കിളിനെ പോലെ വലിയൊരു എഴുത്തുകാരന്‍ ഇവിടെയെത്തി വായിച്ച്, കഥയുടെ ആത്മവറിഞ്ഞു പ്രോത്സാഹിപ്പിക്കുമ്പോള്‍ ഞാന്‍ എങ്ങനെ നന്ദി പറയണം.....!
   എഴുതാന്‍ കഴിയും, മടിക്കാതെ ഇനി എഴുതണം എന്നൊരു ആത്മവിശ്വാസം പകര്‍ന്നു തരുന്നു ഈ വാക്കുകള്‍.......
   ആ നല്ല മനസ്സിനും ആശംസകള്‍ക്കും എന്‍റെ കടപ്പാട്......

   Delete
 18. ആശംസകള്‍ ഈ നല്ല എഴുത്തിനു ..നന്ദി

  ReplyDelete
  Replies
  1. നന്ദി സതീശന്‍. താങ്കള്‍ക്കും എന്‍റെ ആശംസകള്‍....

   Delete
 19. നഷ്ടമായത്‌ നിര്‍മലമായ നീലാകാശമാണ്.
  തന്‍റെ മാത്രമായിരുന്ന ഒരു തുണ്ട് ആകാശം...
  കൊഴിയാത്ത തൂവലുകള്‍ ഇന്നും മനസ്സിലുണ്ടെന്ന്‍ അവളോട്‌ പറയുകയെങ്കിലും ആകാമായിരുന്നു. പക്ഷെ....
  ആ പക്ഷെ എന്നിലും അവശേഷിക്കുന്നു !!!!!

  അതിശയകരമായ വാക് വിന്ന്യാസത്തിലൂടെ വായനക്കാരനെ ചില പ്രത്യേക തലങ്ങളിലൂടെ സഞ്ചരിപ്പിക്കാന്‍ ഉള്ള ഷീലയുടെ കഴിവ് അപാരം. തിരുനെല്ലിയിലെ കാടിനെയും കാറ്റിനെയും കൂട്ട് പിടിച്ചു പറഞ്ഞ ഈ കഥ ഒട്ടും വിരക്തി തരാതെ ആദ്യന്തം വായിക്കാന്‍ കഴിഞ്ഞ ഒരുത്തമ സൃഷ്ട്ടി എന്ന് പറയാന്‍ എനിക്ക് മടിയേതുമില്ല. കഥാബിംബങ്ങളായി തിരഞ്ഞെടുത്തവതരിപ്പിച്ച വസ്തുക്കളെ ശരിക്കും കഥാകാരിയുടെ അരികില്‍ നിര്‍ത്തി തൊട്ടു കാണിക്കുകയായിരുന്നു എന്ന് വേണം പറയാന്‍. ബ്രഹ്മ്മാവ് രാത്രി പൂജക്കെത്തുമെന്ന മിത്തിനെ കുറിച്ചോര്‍ത്തു ബ്രഹ്മഗിരിയില്‍ നിന്ന് മടങ്ങുമ്പോള്‍ പക്ഷി പാതാളവും പിണ്ഡപാറയും ഏതാണ്ട് മനസ്സില്‍ ഉറച്ചു പോയിരുന്നു. കൂടെ രണ്ടു ക്രൌന്ച്ച പക്ഷികളെ പോല്‍ അനന്തനും ചാരുവും എന്നിലെ വായനക്കാരനില്‍ ചേക്കേറി കഴിഞ്ഞിരുന്നു...

  ആശംസകള്‍

  ReplyDelete
  Replies
  1. സത്യത്തില്‍ ഒരു വാരികയില്‍ കഥ പ്രസിദ്ധീകൃതമായാല്‍ പോലും ഇതു പോലെ മനസ്സ് തൊട്ടുള്ള വായനകള്‍ കിട്ടുമെന്നു തോന്നുന്നില്ല വേണുവേട്ടാ. ആഗ്രഹിച്ച പോലെ സംവദിക്കപ്പെട്ടുവെന്നറിയുമ്പോള്‍ ആത്മസംതൃപ്തി..
   നന്ദി ഒരുപാട്...

   Delete
 20. "എങ്ങുനിന്നോ ഓടിവന്ന്‍ അവള്‍ക്കൊരുമ്മ കൊടുത്ത്‌ നടന്നകന്നു പെണ്‍കുട്ടി. ആ പൂമ്പാറ്റക്കുട്ടിക്ക്‌ അനന്തന്‍റെ ചിരിയാണെന്ന് ചാരുവിനു തോന്നി" - ഭാവന പൂമ്പാറ്റയായി ചിറകടിച്ചുവല്ലോ!
  ഇതിന് മുന്‍പുള്ള രണ്ടു കഥകള്‍ക്കും അഭിപ്രയമെഴുതിയപ്പോള്‍ വാചാലനായിരുന്നു ഞാന്‍., പക്ഷേ ഈ കഥ വായിച്ചു കഴിഞ്ഞപ്പോള്‍ മൗനമാകട്ടെ എന്റെ വാക്കുകള്‍ എന്ന് നിശ്ചയിച്ചു. പറയാന്‍ വിചാരിച്ചിരുന്നെങ്കില്‍ തന്നെ ഞാനെന്ത്‌ പറയുമായിരുന്നു? കഥ പറഞ്ഞു വന്നപ്പോള്‍ മിക്കവരുടെയും ജീവിതത്തില്‍ കൂട്ടുണ്ടാകാവുന്ന ഒരു ഗൃഹാതുരത അമ്പരപ്പിക്കുന്ന ആഖ്യാന ശൈലിയില്‍ പറഞ്ഞു പോവുകയാണെന്നും ക്ലീഷേ എന്ന് അഭിപ്രായം പറയേണ്ടിവരികയും ചെയ്യുമെന്ന് കരുതിയിരിക്കുകയായിരുന്നു. വൈകിയെത്തിയ, അനന്തന്‍. വന്നില്ല എന്ന വിവരം കഥയിലെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്‌ ആയി.തുടര്‍ന്നുള്ള വിവരണങ്ങള്‍ മനസ്സില്‍ കനലായി അനുഭവിച്ചു, ആ തൂവലിനെ അത് കരിച്ചു കളയുകയും ചെയ്തു.
  മിത്തുകളും ചരിത്രവും സ്വാഭാവികമായി അനുഭവപ്പെട്ടിരുന്നു മുന്‍കഥകളിലെങ്കില്‍, ഇവിടെ മിത്തിന് വേണ്ടി മിത്തും ചരിത്രത്തിന് വേണ്ടി ചരിത്രവും കൂടെയെടുത്തു എന്ന് തോന്നി. അഭിനന്ദനങ്ങള്‍ സോദരീ. ഈ കഥ പറഞ്ഞ് വായനക്കാരെ അതിശയിപ്പിച്ചതിന്.

  ReplyDelete
  Replies
  1. പോരായ്മകള്‍ ചൂണ്ടിക്കാട്ടിയുള്ള ഈ പ്രോത്സാഹനത്തിന് ഒരുപാട് നന്ദി അരിഫ്ക്ക. തീം പഴയതായത് കൊണ്ട് ക്ലീഷേ ആകുമോ എന്ന പേടിയോടെ തന്നെയാ എഴുതി തുടങ്ങിയെ. വലിയ കുഴപ്പങ്ങളില്ലാതെ പര്യവസാനിച്ചല്ലോ.....
   പിന്നെ പൂജാരിയുടെ കാത്തിരിപ്പ്‌ എന്ന മിത്ത് ഇവിടെ ചാരുവിന്‍റെ അനന്തമായ കാത്തിരിപ്പിനോട് ചേര്‍ത്തു വെച്ചത.
   എപ്പോഴും ചരിത്രം തേടുന്ന മനസ്സുള്ളതുകൊണ്ടാവും ടിപ്പുവിന്‍റെ കഥയും പറയേണ്ടി വന്നത്... അവിടെയും ഒരു ജേതാവിന്‍റെ പടയോട്ടത്തില്‍ തകര്‍ന്ന ശില്‍പിയുടെ സ്വപ്‌നങ്ങള്‍ ഒരു ബിംബമാക്കാം എന്നും വിചാരിച്ചു. സംവദിക്കപ്പെടാതെ പോയോ ആവോ? ഇതുപോലുള്ള വിലയിരുത്തലുകള്‍ വേണംട്ടോ ഇനിയും...

   Delete
 21. പൂജിതനെയും കാത്ത്..!
  പലരും അഭിപ്രായപ്പെട്ട പോലെ.. അതിശയിപ്പിക്കുന്ന ആഖ്യാന രീതി.
  ചേച്ചിയുടെ പുതിയ കഥകള്‍ക്കായ്....

  ReplyDelete
  Replies
  1. കവിയുടെ കുറിയ വാക്കുകളിലെ വലിയ പ്രോത്സാഹനത്തിന് കുറേ നന്ദി.... നമൂസ്‌

   Delete
 22. ആഖ്യാനരീതി വളരെ നനന്നായി... തിരുനെല്ലി പലവുരു പോയിട്ടുള്ളതുകൊണ്ട് കൂടുതല്‍ ആസ്വാദ്യകരമായി.. തുടര്‍ന്നുമെഴുതുക.. ആശംസകള്‍..

  ReplyDelete
  Replies
  1. വായനക്കും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി ശ്രീജിത്ത്....

   Delete
 23. കഥയരങ്ങില്‍ ഷീല യുടെ കഥ കേട്ടപ്പോള്‍ ഇത്രയും ആസ്വാദനം തോന്നിയില്ല. ഒരു ചെറുകഥ യുടെ ചുരുക്കത്തില്‍ നിന്നു നീണ്ടു പരന്ന പോലെയാണ് അനുഭവപ്പെട്ടത്. പരസ്പരം വിളക്കിചേര്‍ത്ത പോലെയും തോന്നി. ഷീല യുടെ അവതരണ ശൈലി ആസ്വദിക്കുകയും ചെയ്തു. ഇപ്പോള്‍ കഥ നേരിട്ടു വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നുന്നു. തീര്‍ച്ചയായും വളരെ ചെറിയ ഒരു കഥാബീജത്തെ, അല്ലെങ്കില്‍ പലരും പറഞ്ഞു കഴിഞ്ഞ ഒരു കഥയെ ഒരു നാടിന്റെ ചുറ്റു വട്ടങ്ങളിലേക്ക് കൊണ്ടുവന്നു അവതരിപ്പിക്കുന്നതില്‍ ഷീല അസാമാന്യ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.
  കാടു കുലുക്കി വരികയാണ് ടിപ്പുവിന്‍റെ സേന. കുടക് മലകള്‍ പിന്നിട്ട്.. കബനിയുടെ ആഴങ്ങള്‍ പിന്നിട്ട്.. ഏതു നിധി തേടിയാവും സുല്‍ത്താന്‍റെ യാത്ര?
  എന്തൊരു ഹ്യദയമൊപ്പിയുള്ള കഥപറച്ചില്‍...ടിപ്പുവെന്ന യോദ്ധാവിന്റെ ഓര്‍മ്മക്കൊപ്പം ആ പാച്ചിലിന്റെ വ്യഥയും മനസ്സൊന്നു കുലുക്കി.
  ‘അല്ല. പ്രണയികളല്ല നമ്മള്‍. വേട്ടക്കാരനും ഇരയും... അനന്തന്‍ ഏതോ യുഗത്തിലെ കുഴലൂത്തുകാരന്‍. പാട്ടില്‍ മയങ്ങി വന്ന സര്‍പ്പം ഞാന്‍. പിന്നെ ജന്മങ്ങള്‍ തോറും പിടിവിടാതെ..’
  അവളുടെ മിഴികളില്‍ നീലിമ നിറയുകയായിരുന്നു. അനന്തനില്‍ പരിഭ്രമം പെയ്യുകയും. എന്തിനെന്നില്ലാതെ അയാളുടെ വാക്കുകള്‍ വേച്ചുവേച്ച് ഇടറി നിന്നു.
  ‘നിന്‍റെ സ്നേഹം ക്രൂരമായിരുന്നു. എന്നും നീ എന്നെ കുറ്റപ്പെടുത്തി. എന്‍റെ പരിമിതികള്‍ മനസ്സിലാക്കിയില്ല. സാഡിസ്റ്റ് ആയിരുന്നു നീ. ഒടുവില്‍ എന്നെ ഉപേക്ഷിച്ച്..’
  ഇതൊന്നും അന്നത്തെ കഥ പറച്ചിലില്‍ മനസ്സിലായില്ല.
  തീര്‍ച്ചയായും നിങ്ങള്‍ വളരെ നന്നായി തിരുനെല്ലിയുടെ കു‌ടി കഥ പറഞ്ഞിരിക്കുന്നു. എന്നാണാവോ തിരുനെല്ലി കാട്ടില്‍ പോലീസ് വെടിവെച്ചു കൊന്ന വര്‍ഗ്ഗീസിന്റെ കഥ ഷീല ടോമി പറയാന്‍ തുടങ്ങുക. കൊതിയാണെന്നു തെറ്റിദ്ധരിക്കരുത്. നിങ്ങളുടെ കഴിവുകള്‍ കുറേകുടി ഞങ്ങളാഗ്രഹിക്കുന്നു.....
  പി.എന്‍. ബാബുരാജന്‍

  ReplyDelete
  Replies
  1. ബാബുരാജ്‌ സര്‍, കഥയരങ്ങില്‍ കേട്ട കഥ വീണ്ടും ഇവിടെ വന്നു വായിച്ചതിനു ആദ്യമേ നന്ദി. വായിച്ചു കേള്പിക്കുമ്പോള്‍ ചില പരിമിതികള്‍ ഉണ്ടല്ലോ. എകാന്തതയില്‍ ഇരുന്നു വായിക്കുമ്പോള്‍ കൂടുതല്‍ ആഴത്തിലേക്ക്‌ പോകുവാന്‍ പറ്റും എന്ന് തോന്നുന്നു. നാടിനെ രചനകളില്‍ ചേര്‍ത്തു വെക്കണം എന്ന ആഗ്രഹം ഉണ്ട്. പലരും കാണാത്തതും അറിയാത്തതും കൂടി പറയണം എന്നും. എത്രമാത്രം വിജയിക്കുമെന്നറിയില്ല. തീര്‍ച്ചയായും വര്‍ഗീസിന്‍റെ കഥ എന്‍റെയൊരു സ്വപ്നമാണ്. പലരും പറഞ്ഞു കഴിഞ്ഞതാണെങ്കിലും ഒരിക്കല്‍ എന്‍റെ ഭാഷ്യത്തില്‍ ഞാന്‍ അത് എഴുതും. പ്രോത്സാഹനങ്ങള്‍ക്ക് ഒത്തിരി നന്ദി....

   Delete
 24. പ്രീയപെട്ട കൂട്ടുകാരീ ..
  കഥപേറുന്ന വരികള്‍ .. ചില നൊമ്പര -
  മുത്തുകള്‍ കോര്‍ത്തു വച്ച് ഓര്‍മകളുടെ
  പൂമാല തീര്‍ത്ത് ഹൃത്തിലേക്ക് എടുത്തിടുന്നു .....
  മനസ്സ് ആരെയോ കാത്തിരിക്കുന്നുണ്ട് ..
  നമ്മളെല്ലാം ആര്‍ക്കോ വേണ്ടീ സ്നേഹം
  കൊതിക്കുന്ന മനസ്സുമായീ ഓളങ്ങള്‍ നല്‍കി
  കാത്തിരിക്കുന്നുണ്ട് , വെറുതെയാവാം എങ്കിലും ..
  കാത്തിരിപ്പിന്റെ യാമങ്ങളില്‍ ഓര്‍മകളുടെ
  തണുത്ത കാറ്റ് ചാരുവിന്റെ മനസ്സിലേക്ക്
  കൊണ്ടു വന്ന ചില വളപൊട്ടുകള്‍ എന്നിലും
  ചെറിയ മുറിവേല്പ്പിചു പിന്‍ വാങ്ങുന്നു ..
  നീറ്റല്‍ ഇപ്പൊഴും ഉണ്ട് അതിന്റെ പോറലില്‍ ..

  "പാപഭാരങ്ങള്‍ ഏറ്റുവാങ്ങി ഏതു കടല്‍
  തേടി പോകുന്നുവോ ഇവള്‍!" സുന്ദരമായ ചിന്ത സഖീ ..

  ഒരിക്കല്‍ തേരൊട്ടത്തില്‍ തകര്‍ന്നു പൊയതൊക്കെ
  കെട്ടിപടുത്തു കൊണ്ടു വന്ന മനസ്സുകളുടെ
  സംഗമത്തില്‍ ഇരുന്ന് കൊണ്ടു , തന്റെ ജീവിതത്തിന്റെ
  തേരിരുള്‍ പാടില്‍ നോക്കി പതിയെ അടുത്തു വരുന്ന
  തണുത്ത കരങ്ങളുടെ സ്നേഹാദ്രമാം തലോടല്‍ കൊതിക്കുന്നു ..
  കാനന കുളിരിന്റെ നേര്‍ത്ത പാളികളില്‍ അനന്തന്‍
  പഴയ ഓര്‍മകളില്‍ നിന്നും ചാരെ നിറയുന്നു ..
  പ്രസിദ്ധിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പൊഴും
  ഒരു ഹൃദയം അവനു മാത്രമായീ നേദിച്ചു കൊടുത്തിട്ടും
  മരവികളൂടെ ഏടുകളിലേക്ക് മാത്രം ചേക്കേറിയ
  ഒരു പാവം പെണ്ണിന്റെ ഉള്ളം !
  തിരക്കുകള്‍ മായ്ക്കുന്ന പ്രണയത്തിന്റെ മുഖം
  എത്ര കൊതിച്ചു പൊയാലും പുല്‍കാന്‍ കഴിയാത്ത് ഒന്ന് ..
  പവിത്രമാം പ്രണയത്തിന്റെ , ഇഷ്ടത്തിന്റെ ഒരു തലം
  വിവരിക്കുന്നുണ്ട് കഥയില്‍ ..
  ക്രൂരമായ വിധിയെന്നോ , മനസ്സിന്റെ ചേര്‍ച്ചയില്ലായ്മ
  എന്നൊ ഒക്കെ വിളിക്കാവുന്ന എന്തൊ ഒന്ന് അവരുടെ
  പ്രണയത്തേ കാര്‍ന്ന് തിന്നിട്ടുണ്ട് , അതില്‍ നോവുണ്ടാകാം
  ചാരൂ ഇന്നു ആ പ്രണയാദ്ര നിമിഷങ്ങളേ മനസ്സില്‍
  പൂജിക്കുന്നുണ്ട് , അല്ലെങ്കിലും ഒന്നു ഇഷ്ടമായി പൊയാല്‍
  പിന്നെങ്ങനെയാണ് , എന്തു കൊണ്ടാണ് വെറുക്കുക
  പുറം പടമായി കാണിക്കാമെന്നല്ലാതെ ..
  അവളുടെ മനസ്സിലേക്ക് മഴയുടെ കുളിര്‍നോടൊപ്പൊം
  മാതൃത്വത്തിന്റെ തേന്‍ ചൂര് വന്നു വീഴുന്നുണ്ട്
  അതു വായിക്കുന്നവര്‍ക്കും , ചാരുവിന്റെ മനസ്സിനും
  വേണ്ടി വരികളില്‍ ഒരുക്കി വച്ചിട്ടുണ്ട്,
  ഒരു കുഞ്ഞു പൂവിന്റെ നിഷ്കളങ്കമാം
  പെണ്‍കുട്ടിയേ കാണിച്ചു കൊണ്ട് ..
  നേരില്‍ ചെറിയ കിതപ്പൊടെ സ്വന്തം ഭര്‍ത്താവിന്റെ
  മാറില്‍ ചായുമ്പൊഴും അവള്‍ മറക്കുന്നു ചിലതൊക്കെ
  മനസ്സില്‍ സൂക്ഷിച്ചു വച്ച സ്നേഹത്തേ ,
  പരല്‍ മീന്റേ കളിയാക്കലുകളെ .
  വയസ്സിന്റെ ആഴമറിയാതെയുള്ള മനസ്സിന്റെ ആഗ്രഹങ്ങളെ ..
  പിന്നെ ഒടുവില്‍ .. ഈ വരികളില്‍ എല്ലാം ...
  "അരുവിയില്‍ നിന്നു കിട്ടിയ കിളിത്തൂവല്‍
  അപ്പോഴും മുറുകെ പിടിച്ചിരുന്നു ചാരുലത..."
  നല്ല വരികള്‍ കൊണ്ട് , ആര്‍ദ്രമായ ചിന്തകള്‍ കൊണ്ട്
  എന്റേ മനസ്സ് പിന്നോട്ടല്ല , ഒരുപാട് മുന്നോട്ട് ഓടീ ..
  ഒരു നാളും എനിക്കും .. അറിവതില്ല , ഒരു ദിനം ..
  ഇഷ്ടമായേട്ടൊ .. വീണ്ടും .. ആശംസകള്‍ കൂട്ടുകാരീ ..

  ReplyDelete
  Replies
  1. മനോഹരമായ ഈ ആസ്വാദനത്തിന്, കഥാപാത്രത്തിന്‍റെ മനസ്സ് തൊട്ടുള്ള ഈ നേര്‍ സഞ്ചാരത്തിന്.. മറുപടി എഴുതാന്‍ എനിക്കു വാക്കില്ല റിനി.....! ഒപ്പം പറയാതെ വയ്യ റിനി ശബരി എന്ന എഴുത്തുകാരന്‍റെ ഭാഷയുടെ സൌന്ദര്യം....

   ‘ഒരിക്കല്‍ തേരൊട്ടത്തില്‍ തകര്‍ന്നു പൊയതൊക്കെ
   കെട്ടിപടുത്തു കൊണ്ടു വന്ന മനസ്സുകളുടെ
   സംഗമത്തില്‍ ഇരുന്ന് കൊണ്ടു , തന്റെ ജീവിതത്തിന്റെ
   തേരുരുള്‍ പാടില്‍ നോക്കി പതിയെ അടുത്തു വരുന്ന
   തണുത്ത കരങ്ങളുടെ സ്നേഹാദ്രമാം തലോടല്‍ കൊതിക്കുന്നു ..
   കാനന കുളിരിന്‍റെ നേര്‍ത്ത പാളികളില്‍ അനന്തന്‍
   പഴയ ഓര്‍മകളില്‍ നിന്നും ചാരെ നിറയുന്നു..’

   ഒരുപാട് സന്തോഷം കൂട്ടുകാരാ. മനസ്സറിഞ്ഞ വായനക്കും പ്രോത്സാഹനത്തിനും.

   Delete
 25. തെളിനീരരുവി പോലെ ഒഴുകുന്ന കഥ ...
  നല്ല ഭാഷ ...
  നല്ല ക്രാഫ്റ്റ്‌.. ...
  ആശംസകള്‍

  ReplyDelete
  Replies
  1. കുറച്ചു വാക്കില്‍ അറിയിച്ച ഈ വലിയ പ്രോത്സാഹനത്തിന് നന്ദി അനില്‍.........

   Delete
 26. ലയിച്ചു ചേര്‍ന്നൊരു വായനാനുഭവം..ഒഴുക്കുള്ള ആഖ്യാനശൈലി ,മിതത്വമുള്ള ഭാഷണം..വീണ്ടും പ്രതീക്ഷകളോടെ ..ആശംസകളോടെ..

  ReplyDelete
  Replies
  1. സിദ്ധിക്‌ ജീ... ഈ വായനക്കും പ്രോല്സഹനത്തിനും നന്ദിട്ടോ...

   Delete
 27. ഒരുപാട് ഇഷ്ടമായ ഈ കഥയ്ക്ക്മുന്നില്‍ പറയാന്‍ എനിക്ക് വാക്കുകളില്ല.. രണ്ടാവര്‍ത്തി വായിച്ചു.. ഇപ്പോഴും മതിവന്നിട്ടിലല..കഥ വായിക്കുകയല്ലായിരുന്നു, ഹൃദ്യമായ ആ കഥാനുഭവത്തിലൂടെ ഒഴുകുകയായിരുന്നു.. ആദ്യമാണ്‍ ഞാനിവിടെ. ഇനി എപ്പോഴും വരും..:)

  ReplyDelete
  Replies
  1. ഞാന്‍ ബ്ലോഗ്‌ ലോകത്തില്‍ പുതിയ ആളാ. ഇലഞ്ഞിപ്പൂകളുടെ പ്രോത്സാഹനത്തിന് ഒത്തിരി നന്ദി. വായനക്ക് ഞാനും കൂടാം.

   Delete
 28. ആദ്യമായാണ്‌ ഇവിടെ , അമ്പരപ്പിച്ചു കളഞ്ഞു . ഫ്.ബി. ലിങ്കില്‍ നിന്നും വന്നു .ഇനിയും വരും. കഥ എം.ടി.സാറിന്റെ "വാനപ്രസ്ഥം ഓര്‍മ്മിപ്പിച്ചു , ചുറ്റുപാടുകളും അവസാനവും വ്യത്യസ്തം . എന്നാലും ആ ഭാഷ എന്നെ ശരിക്കും അമ്പരപ്പിച്ചു. തണുത്ത ഒരു കാറ്റ് മസ്തിഷ്കതിനുള്ളിലെക്ക് കയറിയത് പോലെ. എവിടെല്ലാമോ കളഞ്ഞു പോയ എന്തിനെയൊക്കെയോ ഓര്‍മിപ്പിക്കുന്നു. ഇടയ്ക്കു കയറിവരുന്ന ആ പൂമ്പാറ്റകുട്ടിയും , മഞ്ഞതൂവലും ഇപ്പോഴും നഷ്ടബോധത്തിന്റെ കണ്ണീര്‍ ആണ് . എവിടെയോ പൊയ്പോയ മനസ്സ് തേടുന്ന ചാരുവിനെ പോലെ ഞാനും ഒന്ന് തേടട്ടെ ഈ കഥ ഒര്മാപ്പെടുത്തിയ എന്റെ നഷ്ടത്തെ .. ഇനിയും ഒരുപാടെഴുതുക. വരാനും വായിക്കുവാനും ഒരു പാട് വൈകി എന്ന ദുഖത്തോടെ ഒരു ബ്ലോഗ്ഗരല്ലാത്ത സാദാ വായനക്കാരന്‍ .

  ReplyDelete
  Replies
  1. അംജത്‌, എങ്ങനെ നന്ദി പറയണം ഞാന്‍....! ബ്ലോഗറല്ലാഞ്ഞിട്ടും എത്തി വായിച്ചല്ലോ....
   പോരായ്മകള്‍ ഒക്കെയുണ്ടെങ്കിലും ആരുടെയൊക്കെയോ മനസ്സിനെ തൊടുന്നു എന്നറിയുമ്പോള്‍ എഴുതാന്‍ വലിയ പ്രചോദനമാണ്.... എഴുത്ത് എപ്പോഴും മനസ്സുകളുടെ സംവാദമാണല്ലോ. വായനക്കാരന്‍റെ മനസ്സുമായ്‌ അത് ചേരുമ്പോള്‍ തൃപ്തയാവുന്നു... ഉള്ളില്‍ മറഞ്ഞു കിടന്ന നഷ്ടബോധത്തെ തൊട്ടതുകൊണ്ടാവാം ചിലപ്പോള്‍ ഈ കഥ ഇഷ്ടമായത്...
   ഒത്തിരി നന്ദി അംജത്‌.

   Delete
 29. സുന്ദരമായ എയുത്ത് കല്ലിലും മുള്ളിലും കവിത വിരിയിച്ച എയുത്ത് ആശംസകള്‍

  ReplyDelete
  Replies
  1. വമ്പോടെയുള്ള കൊമ്പന്‍റെ ആശംസകള്‍ക്ക് നന്ദിട്ടോ...

   Delete
 30. കിളിയുപേക്ഷിച്ച ഒരു മഞ്ഞത്തൂവല്‍ ചോലയിലൂടെ ഒഴുകിയൊഴുകി വന്നു.
  അത് അനന്തന്‍റെ പോക്കറ്റിലിട്ട് അവള്‍ പറഞ്ഞു.
  ‘ഇവിടെയിരുന്നോട്ടെ. ഹൃദയത്തോട് ചേര്‍ന്ന്‍.’
  കളിവീട് വെച്ചു കളിക്കുന്ന കുട്ടികളായിരുന്നു അപ്പോളവര്‍ .
  ‘ആരാണ് നീയെനിക്ക്?’ അയാളുടെ കണ്ണുകളില്‍ മഞ്ഞു പെയ്യുകയായിരുന്നു.
  ‘അന്യയല്ലാത്ത ആരോ...’ മഞ്ഞില്‍ കുളിച്ച രാത്രിമുല്ലയായി അവള്‍
  ‘എന്നു മുതലാണ്‌ നമ്മള്‍ സ്നേഹിച്ചു തുടങ്ങിയത്?’
  സാന്ദ്രമായ വാക്കുകളില്‍ ഒലിച്ചു പോവുകയാണ് അനന്തന്‍………….

  മനസ്സിന്റെ നേര്‍ത്ത തലങ്ങള്‍ പോലും സൂക്ഷ്‌മ നിരീക്ഷണം നടത്താന്‍ തക്ക മൂര്‍ച്ചയുള്ള തൂലികയുടെ ലക്ഷണമൊത്ത രചനാ പാഠവം ഇവിടെ അനുഭവവേദ്യമാക്കുന്നു.

  ചാരുലത സ്നേഹിച്ചു തുടങ്ങിയത് അനന്തജിത്തിന്‍റെ അക്ഷരങ്ങളെയാണ്. രൂപമറിയാതെ. ഭാവമറിയാതെ. ആത്മാവ് തേടിയ സൌഹൃദം. താളുകള്‍ മറിഞ്ഞു. അവന്‍ കാറ്റായി വീശി. അക്ഷരങ്ങളില്‍ അവള്‍ സുഗന്ധമായ്‌ പരന്നു. നേരില്‍ കാണാതെ ഒന്നായൊഴുകി. കരയും കടലും താണ്ടി. പക്ഷെ അനന്തജിത്ത് വളര്‍ന്നതും അവള്‍ക്ക്‌ തൊടാനാവാത്ത ഉയരത്തില്‍ പറന്നതും നൊടിയിടയിലായിരുന്നല്ലോ.

  ആകാര ഭംഗിയില്‍ ആകൃഷ്‌ടരായി പ്രേമ സല്ലാപങ്ങളില്‍ എരിഞ്ഞമരുന്ന കൌമാര ചേഷ്‌ടകളുടെ ലോകത്തിനു പരിചയമില്ലാത്ത വാചാലമായ വാങ്മയ ചിത്രങ്ങള്‍ കൊണ്ട്‌ ധന്യമായ ജീവല്‍ സ്‌പര്‍ക്കായ രംഗങ്ങള്‍ അതീവ ഹൃദ്യമാണ്‌.

  മൈലാഞ്ചി നിറം പടര്‍ന്ന അവളുടെ നരച്ച മുടിയിഴകള്‍ മാടിയൊതുക്കവേ മദ്ധ്യവയസ്സിലും തിളങ്ങുന്ന ഭംഗികളിലേക്ക് അറിയാതെ അനന്തന്‍...
  കണ്ണുകളെ ശാസിച്ച് അയാളും പറവകള്‍ക്കൊപ്പം ചേര്‍ന്നു..
  കൊഴിഞ്ഞ ഇലഞ്ഞിപ്പൂക്കളുടെ മണമുള്ള ആര്‍ദ്രമായ ഓര്‍മ്മകളില്‍ ഒഴുകി വേറൊരു തീരത്തെത്തി ചാരു.

  നൈസര്‍ഗികമായ വികാര തൃഷ്‌ണകളെ
  വളരാനുവദിക്കുമ്പോഴും തന്ത്ര പൂര്‍വ്വം ഗതിമാറ്റി ഒഴുക്കുമ്പോള്‍ കഥാപാത്രങ്ങളുടെ മാന്യതയെ മാനിക്കുന്ന ശുദ്ധ ഹൃദയനാകാന്‍ അക്ഷരസ്‌നേഹികള്‍ കൊതിച്ചുപോകും എന്നത്‌ ഈ രചനയെ ബ്രഹ്മഗിരിയിലേയ്‌ക്ക് ഉയര്‍ത്തുന്ന ഘടകമാണ്‌.

  ബ്രഹ്മഗിരിയിലെ ആയിരം പറവകളിലൊന്നായി
  അവള്‍ പറന്നകലുമ്പോള്‍ കഥയ്‌ക്ക് വിരമമാകാമായിരുന്നു.പിന്നീടുള്ള വിശദീകരണങ്ങളിലൂടെ കഥയുടെ കഥകഴിക്കുകയായിരുന്നു എന്നാണെന്റെ പക്ഷം .

  ഭാവ സാന്ദ്രമായ വരികളും വരകളും കൊണ്ട്‌ വര്‍ണ്ണിച്ചൊരുക്കിയ പദവിന്യാസത്തിലൂടെ പരിശുദ്ധമായ ജീവിത മുഹൂര്‍ത്തങ്ങളെ വായനക്കരന്റെ മനസ്സില്‍ പ്രതിഷ്‌ഠിക്കാന്‍ കഥാകാരിയ്‌ക്ക്‌ സാധിക്കുമ്പോഴാണ്‌ ബ്രഹ്മഗിരിയില്‍
  മഞ്ഞു പെയ്യുന്നത്‌…………..

  ReplyDelete
  Replies
  1. പലപ്പോഴും സമയ പരിമിതികൊണ്ട് പലരും ഒരു ഒഴുക്കന്‍ വായനയില്‍ ഒതുക്കുകയാണ് പതിവ്. ഓരോ വരിയിലൂടെയും വരികല്‍ക്കിടയിലും യാത്ര ചെയ്ത്കഥയുടെ ആത്മാവറിഞ്ഞ ഈ വായനക്കും പോരയ്മ ചൂണ്ടിക്കാട്ട്യുള്ള ആസ്വാദനത്തിനും ഒരുപാട് നന്ദി അസീസ്ക്ക.. ഇങ്ങനെ വിമര്‍ശനാത്മകമായി സമീപിക്കുമ്പോള്‍ എഴുത്ത് കൂടുതല്‍ നന്നാക്കുവാന്‍ കഴിയും എന്ന് ആശിക്കുന്നു.. ഭാവുകങ്ങള്‍..

   Delete
 31. മനസില്‍ എന്തൊക്കെയോ ബാകിയാകുന്ന വരികള്‍. ബ്ലോഗില്‍ കഥകള്‍ അധികം വായിച്ചിട്ടില്ല...ഞാന്‍ വായിച്ചവയില്‍ വെച്ച് മികച്ച കഥകളില്‍ ഒന്ന്... നന്ദി

  ReplyDelete
  Replies
  1. ഇവിടെ വന്നു വായിച്ചല്ലോ. സന്തോഷം DEJA . നല്ല വാക്കുകള്‍ക്കു നന്ദി.

   Delete
 32. ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ യാത്രാ വിവരണം ആണെന്നാണ്‌ വിചാരിച്ചത്.വായിച്ചു വന്നതോടെ 'വാനപ്രസ്ഥം' പോലെയാണെല്ലോ എന്ന് സംശയിച്ചു.പക്ഷെ കഥാ അവസാനം വളരെ ഭംഗിയായി. പുതുമയുള്ള ഒരു കഥ വായിച്ചതിലെ സന്തോഷം കിട്ടി.

  ReplyDelete
  Replies
  1. അയ്യോ ‘വാനപ്രസ്ഥ’ മെന്ന മഹത്തായ രചനയുമായൊന്നും താരതമ്യമില്ലാട്ടോ റോസാപ്പൂ.. ഞാന്‍ ഒരു പാവം കാടോടിക്കാറ്റ് അല്ലെ. (ചിത്രങ്ങള്‍ ചുമ്മാ ചേര്‍ത്തതാ. തിരുനെല്ലി അറിയാത്തവര്‍ കണ്ടോട്ടെ എന്നോര്‍ത്ത്.)
   വന്നതിനും വായിച്ച് പ്രോല്‍സാഹിപ്പിച്ചതിനും നന്ദി കൂട്ടുകാരി.

   Delete
 33. This comment has been removed by the author.

  ReplyDelete
 34. ബ്ലോഗിലൂടെ ലഭിക്കുക നിലവാരം കുറഞ്ഞ കഥകളാണ് എന്നു പറയുന്നവര്‍ക്ക് ഒരു മറുപടിയാണ് ശീലയെ പോലെയുള്ളവരുടെ കഥകള്‍,
  12 നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട തിരുനെല്ലി ക്ഷേത്രം. ...
  ക്ഷേത്ത്രത്തിന്റെ മിത്തുകള്‍ ചേര്‍ത്തു നൂറ്റാണ്ടുകള്‍ താണ്ടിക്കടന്നു നടത്തിയ
  ഒരു യാത്രയുടെ രസകരവും പഠനാര്‍ഹവുമായ വിവരണം
  പ്രണയത്തിന്റെ മുഖം അനാവൃതമാക്കിയ ഒരു കഥയായി മാറുകയായിരുന്നു.
  അതില്‍ കോര്‍ത്തിണക്കിയ പ്രണയത്തിന്റെ വരികള്‍ അനുവാചകന്റെ മനസ്സില്‍ ഒരു നോവായി മാറി. തിരഞ്ഞെടുത്ത പശ്ചാത്തലത്തിന്റെ പ്രസക്തി നഷ്ടപ്പെടാതിരിക്കാന് നടത്തിയ കൂട്ടിച്ചേര്‍ക്കലുകള്‍ കഥയുടെ
  വരികളുടെ ഒഴുക്കിന് ഇത്തിരി തടസ്സമായത് പോലെ തോന്നിയങ്കിലും സൌന്ദര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രണയത്തിന്റെയും നിത്യ സഞ്ചാരത്തിലേക്ക് ഈ കഥ ചെന്നത്തിച്ചു
  ആഖ്യാനത്തില്‍ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമായി സ്വന്തമായി നൂതനമായൊരു ശൈലി സ്വീകരിച്ച മനോഹരമായ ഈ കഥ എന്തു കൊണ്ടും പ്രശസ്തമാണ്
  കഥാ കാരിക്ക് എല്ലാ വിധ ആശംസകളും

  ഒരു കണ്ണുനീര്‍ത്തുള്ളി അവളുടെ കയ്യില്‍ അടര്‍ന്നു വീണു. ഒരുപാട് അര്‍ഥങ്ങളോടെ. അവള്‍ക്കയാളെ മനസ്സിലായില്ല. എന്നത്തേയും പോലെ........

  ReplyDelete
  Replies
  1. കഥയോടൊത്ത് സഞ്ചരിക്കുകയും കഥയുടെ ഹൃദയത്തോട് ചേര്‍ന്നുള്ള ഒരു വായനാനുഭവം ഇവിടെ കുറിക്കുകയും തോന്നിയ പോരായ്മ പറഞ്ഞു തരികയും ചെയ്ത മജീദ്‌ ബായി.... ഒരുപാട് നന്ദി. കുറവുകളും ചൂണ്ടിക്കാട്ടുമ്പോള്‍ മാത്രമാ കൂടുതല്‍ നന്നാക്കാന്‍ ആവൂ. ഒത്തിരി സന്തോഷം.

   Delete
 35. കഥ വായിച്ചിരുന്നപ്പോൾ ഏതോ മായിക ലോകത്തായിരുന്നു. കവിത തുളുമ്പുന്ന വരികളും ഓർമ്മകളും സ്വപ്നങ്ങളുമൊക്കെയായി ഒരു സഞ്ചാരം... ഒടുവിൽ നിർമ്മലമായ ഒരാകാശത്തിന്റെ നഷ്ടബോധം. തുടർന്നെഴുത്തിനു എല്ലാവിധ ആശംസകളും...

  ReplyDelete
  Replies
  1. കഥയോടൊപ്പം യാത്ര ചെയ്യാന്‍ ഇത്തിരി സമയം കണ്ടെത്തിയ സുഹൃത്തെ ഒരുപാട് നന്ദി.....!

   Delete
 36. പോക്കുവെയിലില്‍ എന്ത് ഭംഗിയാ ഈ നീല മലകള്‍. പ്രണയിക്കുമ്പോള്‍ എല്ലാമെത്ര സുന്ദരം!’... ഒത്തിരി ഇഷ്ട്ടപെട്ടു.... വീണ്ടും വരാം .. സസ്നേഹം

  ReplyDelete
  Replies
  1. ആഷ്.... സന്തോഷം. ഈ വരവിനും വായനക്കും. ഭാവുകങ്ങള്‍ നേരുന്നു.

   Delete
 37. നഷ്ടബോധത്തിന്റെ കണ്ണീര്‍ ...!

  "എന്നോ മറഞ്ഞ നിലാവ് മേഘമാളികകള്‍ വെടിഞ്ഞ് ഒരു മാത്രയെങ്കിലും ഉദിച്ചെങ്കില്‍... തനിക്കായ്‌ മാത്രം"...!
  "ഉള്ളിലെ തേങ്ങല്‍ അദ്ദേഹം കേള്‍ക്കല്ലേ എന്ന്‍ പ്രാര്‍ഥിച്ച് ആ നെഞ്ചിന്‍ കൂട്ടില്‍ അവള്‍ അഭയം തേടി. ബ്രഹ്മഗിരിയിലെ ആയിരം പറവകളിലൊന്നായി അവളും"... !
  ഈ കഥ വായിച്ചു കഴിഞ്ഞപ്പോള്‍ ചാരുലത ഞാന്‍ ആയി മാറിയപോലെ .. പുതുമയുള്ള ഒരു കഥ .. അവതരണ രീതി മനോഹരം ..!!

  ReplyDelete
  Replies
  1. വായിച്ചത് മനസ്സില്‍ തൊട്ടു എന്നറിഞ്ഞത് സന്തോഷം kochumol...
   ഈ കൂട്ടിനു നന്ദി...

   Delete
 38. എവിടെയോക്കെയോ ഞാന്‍ എന്നെത്തന്നെ കണ്ടുവോ ??അതോ കഥയിലങ്ങനെ ലയിച്ചപ്പോള്‍ വെറുതെ തോന്നിയതോ !!!എന്തായിരുന്നാലും ഒരു നല്ല വായന സമ്മാനിച്ചു ..നന്ദി ..കൂടെ പ്രാര്‍ത്ഥനയും ഇനിയും ഒരുപാടുയരത്തിലെത്താന്‍ ദൈവം അനുഗ്രഹിക്കട്ടെ .സ്നേഹത്തോടെ സൊണെറ്റ്

  ReplyDelete
  Replies
  1. പ്രോത്സാഹനത്തിനും പ്രാര്‍ഥനകള്‍ക്കും ഒത്തിരി നന്ദി സോണറ്റ്..
   ഭാവുകങ്ങള്‍ നേരുന്നു...

   Delete
 39. നല്ല കഥ.. ഇഷ്ടപ്പെട്ടു കേട്ടോ......... "കൊഴിയാത്ത തൂവലുകള്‍ ഇന്നും മനസ്സിലുണ്ടെന്ന്‍ അവളോട്‌ പറയുകയെങ്കിലും ആകാമായിരുന്നു.".....എന്ന് വായിച്ചു നിറുത്തിയപ്പോള്‍ നെഞ്ചില്‍ ഒരു ചെറിയ ഭാരം പോലെ.. നല്ല കഥകള്‍ വായിക്കാന്‍ വീണ്ടും വരും ഈ വഴി മറക്കാതെ.. :-)
  ആശംസകള്‍..


  സമയം പോലെ ഇതും വായിക്കുമല്ലോ?
  http://manumenon08.blogspot.com/2012/03/blog-post.html

  ReplyDelete
  Replies
  1. വരാം. വായിക്കാം മനുവിനെ.
   പ്രോത്സാഹനത്തിന് നന്ദി മനു...

   Delete
 40. ഷീല ചേച്ചി....

  പലവട്ടം ഈ കഥയില്‍ വന്നു വായിച്ചു പോയെങ്കിലും
  ഇനിയും ഒരു കമന്റ്‌ എഴുതാന്‍ കഴിയാഞ്ഞതില്‍
  ക്ഷമ ചോദിക്കുന്നു ആദ്യമേ...
  കഥ ഒരുപാടിഷ്ടപ്പെട്ടു....
  അതാണ്‌ തുടര്‍ച്ചയായുള്ള വായന നടത്തിയതും...

  കുടജാദ്രി പോലെ തിരുനെല്ലിയും എന്റെ സ്വപ്നഭൂമിയാണ്... എന്നെങ്കിലും പോകണം എന്ന് മനസ്സിലുറപ്പിച്ച സ്ഥലം.. പോയവര്‍ പറഞ്ഞു കേട്ടും വായിച്ചും അവിടത്തെ ഓരോ സ്ഥലങ്ങളും നേരില്‍ കണ്ട പോലെ മനസ്സില്‍ പതിഞ്ഞു കിടക്കുന്നത് കൊണ്ട് ഈ കഥയുടെ ആത്മാവ് തൊടാന്‍ സാധിച്ചു. കുടജാദ്രിയെ പറ്റി പറയാന്‍ കാരണമുണ്ട്... M.T.യുടെ വാനപ്രസ്ഥവുമായി ഈ കഥയുടെ സാമ്യം തന്നെ... എങ്കിലും അതില്‍ നിന്നും വിഭിന്നമായ ഒരു ട്വിസ്റ്റ്‌ ക്ലൈമാക്സില്‍ കൊടുത്തത് ഈ കഥയുടെ മികവ് കൂട്ടിയിരിക്കുന്നു.

  ചേച്ചിയുടെ കഥകളുടെ പ്രത്യേകതയായി തോന്നിയിട്ടുള്ളത് കഥാപാത്രങ്ങളും സംഭവങ്ങളും പ്രകൃതിയോട് വല്ലാതെ കൂടി കുഴഞ്ഞു കിടക്കുന്നതാണ്.... കവിളില്‍ ഉമ്മ വെച്ച് കടന്നു പോകുന്ന ശലഭകുഞ്ഞും പൊട്ടി ചിരിക്കുന്ന പുഴയും എല്ലാം കഥാപാത്രങ്ങള്‍ ആവുകയാണ് ഇവിടെ... തിരുനെല്ലിയുടെ മിത്തുകളെയും ചരിത്രങ്ങളെയും കഥയുമായി നല്ല ബിംബങ്ങളായി ചേര്‍ത്തിരിക്കുന്നത് പ്രത്യേകം പ്രശംസനീയം തന്നെ.... അസൂയാവഹമായ എഴുത്ത് തന്നെയാ ചേച്ചിയുടെത്... അടുത്ത കഥകള്‍ക്കായി കാത്തിരിക്കുന്നു. വര്‍ഗീസ്‌ കഥ വേഗം സാധ്യമാകട്ടേ... പിന്നെ പ്രദീപ്‌ മാഷിന്റെ അഭിപ്രായം എനിക്കുമുണ്ട്... ചിത്രങ്ങള്‍ ഒരു യാത്രാവിവരണത്തില്‍ ചേര്‍ക്കും പോലെ കഥയില്‍ വരുമ്പോള്‍ വായനയ്ക്ക് തടസ്സമാകുന്നുണ്ട്.... എങ്കിലും ചിത്രങ്ങള്‍ മാത്രം എടുത്തു പറഞ്ഞാല്‍ മനോഹരമായിട്ടുണ്ട് താനും... മൂന്നാമത്തെ ചിത്രത്തില്‍ ധ്യാനനിരതയായിരിക്കുന്നത് ചേച്ചി തന്നെയാണോ..?? എന്തായാലും ആ ചിത്രത്തിനു പ്രത്യേകഭംഗിയുണ്ട്...

  മനോഹരമായ വായനാനുഭവത്തിനു നന്ദി പറയുന്നില്ല...
  സ്നേഹം മാത്രം...

  അനിയന്‍സ്....

  ReplyDelete
  Replies
  1. ദാ.. വന്നല്ലോ അനിയന്‍സ്...! സന്ദീപിന്‍റെ അഭിപ്രായത്തിനായ് ഞാന്‍ കാത്തിരിക്കുവായിരുന്നു. കാരണം എഴുത്തിനെ വിമര്‍ശനാത്മകമായ്‌ സമീപിക്കുകയും ഇഷ്ടപ്പെടാത്തത് തുറന്ന്‍ പറയുകയും ചെയ്യുന്നവരില്‍ ഒരാള അനിയന്‍. മാത്രമല്ല യുവത്വത്തിന്‍റെ പ്രതിനിധിയും പുതിയ രീതികളുടെ ഉപാസകാനും. ഒരുപാട് കഥകള്‍ മനസ്സില്‍ പെറുക്കി വെച്ച് നാളെ ഒരു നാള്‍ വിരിയിക്കുവാന്‍ കാത്തിരിക്കുന്ന ഒരാളല്ലേ നീ. നിങ്ങളുടെയെല്ലാം അഭിപ്രായങ്ങള്‍ വിലയേറിയതാ. പിന്നെ, തിരുനെല്ലിയില്‍ വരുമ്പോള്‍ അറിയിക്കണംട്ടോ.
   ഇഷ്ട്പ്പെട്ടല്ലോ. കഥ ഇഷ്ടപ്പെടാഞ്ഞ്ടാണോ അഭിപ്രായം പറയാത്തെ എന്നോര്‍ത്ത് ഒരു വിഷമം ഉണ്ടായിരുന്നു. അത് തീര്‍ന്നു....
   ചേച്ചിയുടെ ഭാവുകങ്ങള്‍

   Delete
 41. സുന്ദരമായ ഈ എഴുത്തിനു മുന്നിലിരുന്ന് ഒരു നീലാകാശം സ്വപ്നം കാണുന്നു ഞാനും...

  ReplyDelete
  Replies
  1. Kunjuss... വന്നു വായിച്ചു പ്രോത്സാഹിപ്പിച്ചുവല്ലോ...! സന്തോഷംട്ടോ

   Delete
 42. മനോഹരമായ ആവിഷ്കാരം....ബ്രഹ്മഗിരിയിലെ ആയിരം പറവകളിലൊന്നായിത്തീർന്ന ചാരുലതയെ ഹ്യദയസ്പർശിയായി ആവിഷ്കരിച്ചിരിക്കുന്നു......മഞ്ഞു പൊഴിയുന്ന താഴ്വാരവും മഞ്ഞിൽ ഉറഞ്ഞു പോയ ചാരുലതയുടെ മനസ്സും വായനക്കാരെ ആഴത്തിൽ സ്പർശിക്കും........ഷിലയുടെ എഴുത്ത് കൂടുതൽ ഭംഗിയാകുന്നു.....അഭിനന്ദനങ്ങൾ....രമേഷ് പയ്യന്നൂർ, പ്രീതാരമേഷ്.

  ReplyDelete
  Replies
  1. റേഡിയോയിലെ കഥയരങ്ങില്‍ മനോഹരമായി ആവിഷ്കരിച്ച് ‘കിളിനോചിയിലെ ശലഭങ്ങള്‍’ പ്രക്ഷേപണം ചെയ്തത് എഴുത്തിലെ തുടക്കക്കാരിക്ക് വലിയ പ്രചോദനമായിരുന്നുട്ടോ..
   ഇവിടെ വന്ന്‍ വായിച്ചും എന്‍റെ കൊച്ചു ശ്രമങ്ങളെ പ്രോത്സാഹിപ്പിച്ചതിന് ഒരുപാട് സന്തോഷം... രമേഷ്ജി, പ്രീതാ....

   Delete
 43. അങ്ങനെ ഞാനും എത്തി :-)
  നല്ല കഥ.....നഷ്ടപ്രണയം വളരെ ഭംഗിയായി അവതരിപ്പിച്ചു.....

  ReplyDelete
 44. പ്രിയപ്പെട്ട ഷീല,
  മനസ്സില്‍ വേദനകള്‍ ഉണര്‍ത്തിയ സ്മരണകള്‍...! ഈ പാവനമായ പുണ്യം വാക്കുകളിലൂടെ വീണ്ടും അറിഞ്ഞു. ഹൃദയത്തെ സ്പര്‍ശിച്ച വരികള്‍! അഭിനന്ദനങ്ങള്‍!
  സസ്നേഹം,
  അനു

  ReplyDelete
 45. ചാണ്ടിച്ചാ, അനു.... ഒത്തിരി നന്ദിട്ടോ...!ഈ സ്നേഹത്തിനും പ്രോല്‍സാഹനത്തിനും..

  ReplyDelete
 46. നല്ലവണ്ണം ആസ്വദിച്ചു വായിച്ചു. ഇവിടെ എന്തെഴുതണമെന്ന് എനിക്കറിയില്ല. കാത്തിരിക്കുന്നു, പെങ്ങളുടെ തൂലികയില്‍നിന്നും ഇറ്റിവീഴുന്ന അക്ഷരങ്ങള്‍ക്കായ്.

  ReplyDelete
 47. തിരുനെല്ലി യെ കുറിച്ചുള്ള ഓര്‍മകള്‍ അയവിറക്കാന്‍ സഹായിച്ചു .ഒരിക്കലാണ് അവിടെ പോയിട്ടുള്ളത് ഇപ്പോഴും ആ മനോഹാരിത കണ്ണുകളിലുന്ദ്‌ .എഴുത്തിനു എന്റെ പ്രത്തെയക ആശംസകള്‍ എന്റെ ബ്ലോഗ്‌ വായിക്കുക അഭിപ്രയം എഴുതുക '
  "cheathas4you-safalyam.blogspot.com "
  "cheathas4you-soumyam.blogspot.com

  ReplyDelete
 48. വായിച്ചു, ഫിക്ഷന്‍(എന്ന് പറയാമോ) മനസ്സിലാക്കാന്‍ അല്‍പ്പം ജ്ഞാനം (അല്‍പ്പജ്ഞാനമല്ലാട്ടാ) വേണമല്ലോ, അതില്ലാത്തതിനാല്‍ കഥയെ പൂര്‍ണ്ണമായും പിന്തുടരാന്‍ എനിക്ക് സാധിച്ചില്ലെന്ന് പറയുമ്പോള്‍ പരിഭവമരുത്, അതെന്റെ പ്രശ്നമല്ലേ, ങെഹ്.. ഹ്ഹി!!

  കഥയുടെ കയ്യടക്കം ശ്രദ്ധേയമെന്ന് പറയുന്നു, എല്ലാ ഭാവുകങ്ങളും..

  ReplyDelete
 49. സത്യം പറയട്ടെ നമ്മുടെ മൂസാക്ക പറഞ്ഞത് കേട്ടാണ് ഞാനിത് വായിക്കാൻ തുടങ്ങിയത്. പക്ഷെ വായന ഒരിക്കലും ഒറ്റയിരുപ്പിന് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല. മൂന്നാമത്തെ ഇരുപ്പിലാണ് ഇത് തീർന്നത്. ആ ഇരുപ്പിന് ദിവസ്അങ്ങളുടെ ഇടവേള ഉണ്ടായിരുന്നെങ്കിലും,ഒരിക്കൽ പോലും അത് ഈ കഥയുടെ തുടർച്ചയെ ഇല്ലാതാക്കുന്ന രീതിയിൽ എനിക്കനുഭവപ്പെട്ടില്ല. അതാണീ കഥയുടെ മേന്മയും വിജയവും. നല്ല രസാവഹവും ഉള്ള് കുളിർപ്പിക്കുന്നതുമായ ശൈലി,എഴുത്ത്. നന്നായിരിക്കുന്നു. ആശംസകൾ.

  ReplyDelete
 50. കനകാംബരന്‍ ചേട്ടന്‍, cheathas, നിശാസുരഭി, മണ്ടൂസന്‍,എല്ലാവര്‍ക്കും നന്ദി.
  വായിച്ചു പ്രോത്സാഹിപ്പിച്ചല്ലോ.
  Chethas..ഞാന്‍ വായിക്കാം.
  നിശാസുരഭി, ഇതു ലളിതമല്ലേ. മനസ്സിലാവാതിരിക്കാന്‍ ഒന്നുമില്ലല്ലോ.
  മണ്ടൂസന്‍, വായിച്ചു തീര്‍ക്കാനായ്‌ മൂന്നാ വട്ടവും വന്നല്ലോ.. സന്തോഷം.

  ReplyDelete
 51. കാടോടിക്കാറ്റ് അധികം വൈകാതെ ബൂലോഗത്തെ ഏറ്റവും മികച്ച കഥാകാരിയാകുമെന്ന് മാത്രം പറഞ്ഞ്.....ഞാൻ പോകട്ടെ. അഭിനന്ദനങ്ങൾ കേട്ടൊ. വരാൻ വൈകിയതിൽ എനിയ്ക്ക് സങ്കടം.......

  ReplyDelete
  Replies
  1. അയ്യോ..എച്മു. അത്രയൊന്നും ഇല്ലാട്ടോ. വായനക്കും ഈ പ്രോത്സാഹനത്തിനും ഒത്തിരി നന്ദി

   Delete
  2. സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍ ജയരാജിനും....... എല്ലാ കൂട്ടുകാര്‍ക്കും.

   Delete
 52. നന്നായിട്ടുണ്ട്. നല്ല ഒഴുക്കോടെ എഴുതി.

  ReplyDelete
 53. കമന്റ് നമ്പര്‍ - 100.

  വിഷു ആശംസകള്‍!

  ReplyDelete
 54. അങ്ങനെ എന്‍റെ ബ്ലോഗിനും ശ്രീ വന്നു. സന്തോഷായി.
  ഐശ്വര്യമായ്‌ നൂറാമത്തെ കമെന്റും ഇട്ടു..ല്ലേ.
  ബ്ലോഗുകള്‍ എല്ലാം പരിചയപ്പെട്ടു വരുന്നേയുള്ളൂ.. വായിക്കാംട്ടോ.
  സ്നേഹപൂര്‍വ്വം.

  ReplyDelete
 55. ഒരുപാട് പറന്നപ്പോള്‍ നഷ്ടമായത്‌ നിര്‍മലമായ നീലാകാശമാണ്.
  തന്‍റെ മാത്രമായിരുന്ന ഒരു തുണ്ട് ആകാശം...

  എന്നും നല്ലതിലേക്കെത്തുവാന്‍ ഞാനെന്തേ വൈകുന്നു ...
  തിരുനെല്ലിയിലെ കാറ്റ് പോലെ ഹൃദയം തൊട്ടു കടന്നു പോയ വരികള്‍
  എവിടെയോ ബാക്കി വെച്ച നോവിന്റെ നേര്‍ത്ത നീര്‍കണങ്ങള്‍.......


  ഇനിയും വരാം ഇടക്കിത് വഴി..... ആശംസകളോടെ

  ReplyDelete
 56. അസൂയ പ്പെടുത്തുന്ന സുന്ദരമായ അവതരണം. ഓരോ വാചകങ്ങളും ഓരോ പുഴ പോലെ ഒഴുകുന്നു.

  ReplyDelete