Tuesday, October 16, 2012

വെള്ളത്തിന്‌ തെളിയാതിരിക്കാനാവില്ല...


അണുധൂളി പ്രസാരത്തി-

ന്നവിശുദ്‌ധ ദിനങ്ങളില്‍

മുങ്ങിക്കിടന്നു നീ പൂര്‍വ്വ

പുണ്യത്തിന്‍റെ കയങ്ങളില്‍ (ആറ്റൂര്‍ രവിവര്‍മ്മ)

" 'ആതി' അങ്ങനെ ഒരു കയമാണ്. പ്രാചീനവിശുദ്ധിയോടെ, തണുപ്പോടെ അത് കിടക്കുന്നു. മരുഭൂമിയില്‍ ഹാഗാര്‍ അവളുടെ മൃതപ്രായനായ മകനോടൊപ്പം മുങ്ങിക്കിടന്ന ജീവന്‍റെ ഉറവ പോലൊന്ന്. മനസ്സിലും ശരീരത്തിലും മാരകമായി അണുവികിരണമേറ്റുകൊണ്ടിരിക്കുന്ന ഈ ലോകത്തില്‍ നിന്നും ഓടിപ്പോയി മുങ്ങിക്കിടക്കാന്‍ എനിക്കൊരു കയം വേണം. അതിനാണ് ഞാന്‍ ആതി എഴുതിയത്. "

ആതിയുടെ കഥാകാരി സാറാ ജോസഫുമായ്‌ ഒരു അഭിമുഖം...
(07-10-12ലെ വാരാദ്യ മാധ്യമത്തിലും ചെപ്പിലും പ്രസിദ്ധീകരിച്ചത്)

  
'അനന്തരം തോണികള്‍ പുറപ്പെട്ടു. കത്തിച്ച പന്തങ്ങളുമായ് അനേകര്‍ തോണികളില്‍ കയറി. ഇരുട്ടിന് തീ പിടിച്ചു. വെള്ളത്തില്‍ ഇടിമിന്നലുകള്‍ വീണു. ഒന്നാമത്തെ തുഴ വെള്ളത്തില്‍ എറിഞ്ഞവന്‍ ദിനകരന്‍. പിന്നാലെ മറ്റുള്ളവര്‍....
യാത്ര ആരംഭിക്കുകയായി ആതിയിലൂടെ... ഒരു ഇന്‍റര്‍വ്യൂ ആയിരുന്നില്ല മനസ്സില്‍. പലവട്ടം വായിച്ച് മനസ്സില്‍ കുടിയേറിയ ആതിയിലെ നിര്‍മലജലത്തിലൂടെ ടീച്ചറുടെ വിരല്‍ത്തുമ്പു പിടിച്ച് ഒരു യാത്ര...

 
മഴയുള്ള ഒരു പ്രഭാതത്തിലാണ് പ്രിയപ്പെട്ട എഴുത്തുകാരിയുടെ മുറ്റത്ത് എത്തിയത്. മഴയില്‍ കുളിച്ചു നില്‍ക്കുന്ന ലാളിത്യമുള്ള തേക്കാത്ത വീട്. പ്രകൃതിയോട് ഇണങ്ങിയ മനോഹരമായ നിര്‍മ്മിതി. കോളിംഗ്ബെല്‍ മുഴക്കി പുറത്ത് കാത്തു നില്‍ക്കുമ്പോള്‍ മഴക്കൊപ്പം മനസ്സും ശങ്കിച്ചു. അതിരാവിലെ ബുദ്ധിമുട്ടാവുമോ ടീച്ചര്‍ക്ക്‌! ശാരീരികമായ പ്രയാസങ്ങളെ പുഞ്ചിരിയില്‍ ഒളിപ്പിച്ച് വാതില്‍ തുറന്നു വന്നു ആതിയുടെ കഥാകാരി.
പച്ചപ്പ് കണ്ട് മഴ കണ്ട് കാറ്റ് കൊണ്ട് ഉമ്മറത്ത്‌ ഞങ്ങളിരുന്നു...
ടീച്ചര്‍ പറഞ്ഞു തുടങ്ങി... ആതിയെക്കുറിച്ചു മാത്രമല്ല, നാടിന്‍റെ വികസന സങ്കല്‍പത്തെക്കുറിച്ചും...
 
 
"നെല്‍വയലുകള്‍ നികത്തി വിമാനത്താവളമുണ്ടാക്കുന്നതാണ് ഇന്ന് വികസനസങ്കല്‍പം. എത്രയോ ഏക്കര്‍ തണ്ണീര്‍ത്തടങ്ങള്‍ അതിനുവേണ്ടി നികത്തപ്പെടും! ഷീല ഗള്‍ഫിലാണ്. കരിപ്പൂരില്‍ വിമാനമിറങ്ങി വയനാട്ടിലേക്ക്‌ പോകുന്നു. അതിനു പകരം വയനാട്ടില്‍ ഒരു വിമാനത്താവളം വേണമെന്ന് ആവശ്യമുയര്‍ന്നാല്‍‍, അത് ടൂറിസത്തിന്‍റെ ഭാഗമാണെന്ന് സര്ക്കാര്‍  കരുതുകയാണെങ്കില്‍, ഏതെങ്കിലും സ്വകാര്യകമ്പനി തയ്യാറായ് വന്നാല്‍, ഉദ്യോഗസ്ഥര്‍ അതിനുള്ള പ്രൊജക്റ്റ്‌ കൊടുത്താല്‍, വിമാനത്താവളത്തിനായ്‌ എത്രയോ ഏക്കര്‍ കാട് നശിപ്പിക്കപ്പെടും! ഒരു ന്യൂനപക്ഷത്തിന്റെ  സൌകര്യത്തിന്‍റെ പ്രശ്നമാണത്.  പക്ഷെ, എത്രയോ ശതമാനം  ആളുകള്‍, വരും തലമുറ പോലും,  അതിന്‍റെ ദുരനുഭവം സഹിക്കേണ്ടി വരും?
കേരളത്തിലിനി ഒരിഞ്ചു ഭൂമിയോ, നെല്‍വയലോ, തണ്ണീര്‍ത്തടമോ കൈകൊണ്ടു തൊടാന്‍ പാടില്ലാത്തവണ്ണം അതിന്മേല്‍ നടക്കുന്നതെന്തും ഹത്യയാണ്. പാപമാണ്. അത്ര വലിയ വിനാശത്തിന്‍റെ വക്കിലാണ് നമ്മള്‍. എന്താണ് വികസനമെന്ന്‍ ജനപക്ഷത്തുനിന്ന് ഒരു ചിന്തയും ഇന്ന്  വികസന വാദികളെ ബാധിക്കുന്നില്ല. വികസനം വികസനത്തിനു വേണ്ടി മാത്രമാണ്. അതിന്‍റെ പിന്നിലുള്ള അഴിമതികള്‍, കൂടിയാലോചനകള്‍.... എത്രമാത്രമാണ്! മണ്ണും വെള്ളവും ബി.ഓ.ടി. വ്യവസ്ഥയില്‍ കുത്തകക്കമ്പനികള്‍ക്ക്  തീറെഴുതിക്കൊടുക്കുന്ന സംവിധാനമാണിപ്പോള്‍ നടപ്പിലുള്ളത്. ഇത് കേരളത്തിലെ മാത്രം അവസ്ഥയല്ല. ഒരു ആഗോളപ്രതിഭാസമാണ്."



മഴയോടൊപ്പം ടീച്ചര്‍ പറഞ്ഞുകൊണ്ടിരുന്നു. ആതിയിലെ ഷൈലജയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു ഞാനപ്പോള്‍.


വെള്ളം ഷൈലജയോട് പറഞ്ഞു. എന്നെ തടഞ്ഞു നിര്‍ത്തിയതെന്തിന്? പോകുന്ന പോക്കില്‍ പുല്ലുപുഷ്പാദികളെ പോഷിപ്പിച്ചും കഴുകി വെടുപ്പാക്കിയും ഞാനങ്ങനെ ചുറ്റിത്തിരിഞ്ഞെനെ. മണ്ണില്‍ നിന്ന് മാനത്തേക്ക്. മാനത്ത് നിന്ന് താഴത്തെക്ക്. വേരിലൂടെ പിടിച്ചു കയറി ഇലകളുടെ തുമ്പിലേക്ക്. കൈക്കുമ്പിളില്‍ എടുത്തു നീ കുടിക്കുമ്പോള്‍ നിന്നിലേക്ക്... പിന്നെയും മണ്ണിലേക്ക്..
ടീച്ചറുടെ വാക്കുകള്‍ നാടുകളും കാടുകളും താണ്ടിക്കടന്നുപൊയ്ക്കൊണ്ടിരുന്നു.
 
 
" ഇന്ത്യയെക്കുറിച്ച് ചിന്തിച്ചു നോക്കൂ. ജനങ്ങളുടെ ഭാഷാവൈവിധ്യം പോലെ തന്നെ പ്രസക്തമാണ് നമ്മുടെ നാടിന്‍റെ ഭൂമിശാസ്ത്രപരമായ വൈവിധ്യം. ഇവിടെ മരുഭൂമിയുണ്ട്. കടലോരമുണ്ട്. കേരളം പോലെയുള്ള മഴ പ്രദേശങ്ങളുണ്ട്. മഴനിഴല്‍ പ്രദേശങ്ങളുണ്ട്. പര്‍വതപ്രദേശങ്ങളുണ്ട്. ഇവയെ ഏകോപിപ്പിക്കാന്‍ നോക്കിയാല്‍ അത് വലിയ നാശം ചെയ്യും. ഇതൊക്കെ എങ്ങനെയാണോ അങ്ങനെതന്നെ ഒരു പരിപാലനമാണ് ആവശ്യം. പുഴകളെ വഴി തിരിച്ചുവിടുന്നതൊക്കെ വലിയ അപകടം വരുത്തിവെക്കും.  കേരളത്തിലെ നീര്‍ത്തടങ്ങളെയും അറബിക്കടലിനെയും ആശ്രയിച്ചാണ് കാലവര്‍ഷത്തിന്‍റെ നിലനില്‍പ്പ്‌. നികത്തപ്പെടുന്ന  നീര്‍ത്തടങ്ങള്‍ കൂടുതല്‍ വരള്‍ച്ചക്ക് കാരണമാകും. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ഒരു നിലപാട് എടുക്കണം. കേരളത്തിലെ നീര്‍ത്തടനാശം ഇന്ത്യയിലെ വലിയൊരു ഭൂവിഭാഗത്തെ വരള്‍ച്ചയിലേക്ക് നയിക്കും എന്ന് മനസ്സിലാക്കി ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. കേരളവും തമിള്‍നാടും ഒക്കെയുള്‍പ്പെടുന്ന  ഉപഭൂഖണ്ഡത്തിന്‍റെ കിടപ്പിനെ നോവിക്കാതെ വേണം നിയമം കൊണ്ടുവരാന്‍. ഏകീകൃത നിയമം നടപ്പാക്കണമെങ്കില്‍ പ്രകൃതി ഒരേപോലെ കിടക്കണം. അതല്ലല്ലോ ഇന്ത്യയുടെ അവസ്ഥ.
പുഴയെ ആശ്രയിച്ചു കൃഷി ചെയ്തു ജീവിക്കുന്ന സാധാരണക്കാരന്‍റെ ജീവജലത്തെ വന്‍കിട തോട്ടംമുതലാളികള്‍ക്കായി തിരിച്ചു കൊണ്ടുപോകുന്ന അവസ്ഥയുണ്ടാവരുത്. വന്‍കിട കര്‍ഷകര്‍ക്ക്, വ്യവസായികള്‍ക്ക്, എത്ര വെള്ളം വേണമെങ്കിലും കൊടുക്കും. എത്ര ഊര്‍ജം വേണമെങ്കിലും കൊടുക്കും. ചെറുകിടക്കാര്‍ക്ക്‌ ഒന്നും കിട്ടില്ല. മെട്രോ നഗരങ്ങളില്‍ ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥന്മാര്‍ താമസിക്കുന്നയിടങ്ങളില്‍ നിര്‍ലോഭം വെള്ളം കിട്ടും. ചേരികളില്‍ ശുദ്ധജലം കണികാണാന്‍ കിട്ടില്ല. അവിടങ്ങളില്‍ സ്വാഭാവികമായും പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടും. "
 
ചോദ്യം : ആതിക്ക് സമാനമായ ശൈശവ വിശുദ്ധികള്‍ ഇപ്പോഴും ബാക്കിയുണ്ട്. അവസാനത്തെ മരം പോലെ, അവസാനത്തെ പുഴ പോലെ ചില മനസ്സുകള്‍, ചില ഭൂവിഭാഗങ്ങള്‍... അതേ സമയം നിങ്ങള്‍ക്ക്‌ ഒരിക്കലും ആതിയിലെക്ക് മടങ്ങാനാവില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് അവ കീഴടക്കപ്പെട്ടുകൊണ്ടിരിക്കുന്നു...
എങ്ങനെയാണ് ടീച്ചര്‍ ആതിയിലേക്ക് എത്തിയത്? അങ്ങനെയൊരു സ്ഥലം യഥാര്‍ത്ഥത്തില്‍ ഉണ്ടോ?
 
 
"വെള്ളത്തെക്കുറിച്ച് എഴുതണമെന്നായിരുന്നു എന്‍റെ ആഗ്രഹം. പൊറുപ്പിക്കുന്ന സ്വഭാവം വെള്ളത്തിനുണ്ട്. മനസ്സ് ശാന്തമാക്കുന്ന അനുഭവം. വക്കില്ലാത്ത കിണറില്‍ എത്തിനോക്കിയിരുന്ന്‍ ഒത്തിരി വഴക്ക് കേടിട്ടുണ്ട് ഞാന്‍ ചെറുപ്പത്തില്‍. വെള്ളത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചു. ഒരുപാട് മനസ്സില്‍ കൊണ്ടുനടന്നു. അങ്ങനെ വെള്ളത്തില്‍ ഒഴുകുകയും പരക്കുകയും വെള്ളം കോരിയെടുക്കുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു. ഒടുവില്‍ ആതിയുടെ രൂപത്തില്‍ അത് പിറന്നു വീഴുകയായിരുന്നു. "
നമ്മള്‍ വെള്ളത്തെ അറിയണം, മാര്‍ക്കോസ്! വെറുതെ അറിഞ്ഞാല്‍ പോരാ. താമര വെള്ളത്തെ അറിയുന്ന പോലെ അറിയണം! വേര് വെള്ളത്തിനടിയില്‍ മുക്കി, തണ്ട് മുഴുവന്‍ വെള്ളത്തിലിട്ടുലച്ച്, ഇലകള്‍ വെള്ളത്തില്‍ പരത്തി നീര്‍ത്തുള്ളികള്‍ അണിഞ്ഞ മുഖം സൂര്യനിലേക്ക് മലര്‍ത്തി....
"ഏറണാകുളത്ത് മരട് പഞ്ചായത്തിലെ ദ്വീപാണ് വളന്തക്കാട്. അതാണ്‌ ആതി. പത്തു നാല്പ്പത്തെട്ട് കുടുംബങ്ങള്‍ മാത്രമേയുള്ളൂ അവിടെ. ഹരിതാഭമായ ആ ദ്വീപ്‌ മുഴുവന്‍ മണ്ണിട്ട്‌ നികത്തി ഹൈടെക് സിറ്റിയുണ്ടാക്കാന്‍ ലാന്‍ഡ്‌ മാഫിയക്ക് കൊടുത്തപ്പോള്‍ അതിനെതിരെ പ്രക്ഷോഭം ശക്തമായി. കണ്ടാല്‍ സഹിക്കില്ല. അത്രയും മനോഹരമായ ഒരു ദ്വീപിനെയാണ് മണ്ണിട്ട്‌ നശിപ്പിക്കുന്നത്! അതേ സമയത്ത്തന്നെ നടന്ന സമരമാണ് ചക്കംകണ്ടത്ത് സമരം. അങ്ങനെ ആതി എഴുതുവാനുള്ള ദേശം തെളിഞ്ഞു വരികയായിരുന്നു. കഥ എങ്ങനെ പറയും ആര് പറയും എന്നായി അടുത്ത ചിന്ത. ആ പ്രദേശത്തിന്‍റെതായ  ഒരു സംസ്കാരം  കൊണ്ടുവരാന്‍ കഥ പറച്ചിലുകാരെ കൊണ്ടുവന്നു. കഥ പറച്ചിലുകാര്‍ എന്ന വാക്കില്‍ മാത്രം എനിക്ക് സംതൃപ്തി തോന്നിയില്ല. തത്തുല്യമായ ഒരു ഏകപദം കണ്ടെത്താനുമായില്ല. സൂഫിസം, ബൈബിള്‍, സെന്‍ കഥകള്‍, നാടോടിക്കഥകള്‍... ഒക്കെ ആതിയില്‍ എനിക്ക്  കൂട്ടിനെത്തി. അലഞ്ഞുതിരിഞ്ഞ് കഥ പറഞ്ഞു പാട്ടുപാടി നടക്കുന്ന ഒരു ജനസമൂഹം പണ്ടേ മനസ്സിലുണ്ടായിരുന്നു. ഒരു വളന്തകാട് മിത്ത് ആതിയിലേക്ക് ഞാന്‍ കടമെടുത്തു. ഒഴുകിവന്ന തമ്പുരാന്‍ വളന്തക്കാട് മിത്ത് ആണ്. ആ മിത്തിനെ ചുറ്റിപ്പറ്റി കഥ വികസിച്ചു."

 
ചോദ്യം : കുഞ്ഞിമാതുവും കൂട്ടുകാരും ചേര്‍ന്ന് തമ്പുരാന്‍റെ കൊട്ടില്‍ പൊളിക്കുന്ന അമ്മമുഹൂര്‍ത്തം. ഇരുട്ടാണ് ഇവിടത്തെ പ്രതിഷ്ഠ എങ്കില്‍ അതിനു കൊട്ടിലിന്‍റെ ആവശ്യമില്ല... ചുവര് കെട്ടി അഴികള്‍ക്കകത്ത് അടച്ചിരുന്ന തമ്പുരാനെ കുഞ്ഞിമാത്വമ്മയും കൂട്ടരും പ്രപഞ്ചത്തിലേക്ക് തുറന്നു വിടുന്നു. വലിയൊരു കലാപം ഒഴിവാക്കുവാന്‍, പ്രതിഷ്ഠകളെ ഇളക്കുവാന്‍, ടീച്ചര്‍ ഒരു കൂട്ടം സ്ത്രീകളെയാണല്ലോ നിയോഗിക്കുന്നത്?

 
 "സ്ത്രീകളെ എന്നതിനേക്കാള്‍, പല പ്രതിഷ്ഠകളെയും ഇളക്കിക്കളയാന്‍ ഇതുപോലൊരു ബദല്‍ ചിന്തക്ക് സാധിക്കും എന്നാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. നിലവിലുള്ള ചിന്ത മാരകമാകുമ്പോള്‍ ബദല്‍ ചിന്ത ഉണരുന്നു. ആ കൊട്ടില്‍ പൊളിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ദൈവത്തിന്‍റെ പേരിലുള്ള ഒരു കലാപം നടക്കുമായിരുന്നു. സ്ത്രീയുടെ ജീവിതദര്‍ശനം തന്നെ നിലനില്‍ക്കുക, നിലനിര്‍ത്തുക, എന്നതാണ്. അതുകൊണ്ടാണ് ആ ബദല്‍ ചിന്ത സ്ത്രീകളില്‍ ഉദിക്കുന്നത്. മക്കളെ പരിപാലിക്കുമ്പോള്‍   അടുത്ത തലമുറയുടെ നിലനില്‍പ്പാണവിടെ നടക്കുന്നത്. അതുപോലെ തന്നെ മണ്ണിന്‍റെയും വെള്ളത്തിന്‍റെയും തുടര്‍ച്ച ജീവന്‍റെ നിലനില്‍പ്പിന് അത്യാവശ്യമെന്ന് സ്ത്രീ അറിയുന്നു."
 
പുസ്തകത്താളിലൂടെ എന്‍റെ ഓര്‍മ്മകള്‍ ഒഴുകുകയായി. മരുഭൂമിയില്‍ നിന്ന് കേട്ട ഹാഗാറിന്‍റെ സ്വരം തന്നെയല്ലേ ഇത്.... !
ആദ്യത്തെ തുള്ളി വെള്ളത്തിന്‍റെ വില എന്‍റെ കുഞ്ഞിന്‍റെ ജീവന്‍റെ വിലയാണെന്നറിഞ്ഞവളാ ഞാന്‍. മുന്നില്‍ ഒരു തടാകം കണ്ട് മതിമറന്നു നില്‍ക്കുന്നവരാണ് നിങ്ങള്‍. ആദ്യത്തെ തുള്ളി വെള്ളത്തെക്കുറിച്ച് അറിവില്ലാത്തവര്‍. ഈ വെള്ളത്തിന്‍റെ നാഥ ഞാനായിരിക്കും. അമ്മയും പരിപാലകയും ഞാനായിരിക്കും...
ടീച്ചര്‍ തുടര്‍ന്നു...

 
"ദൈവം പറുദീസാ നല്‍കിയത് നമുക്ക് ഭക്ഷിച്ചു തൃപ്തരാവാന്‍ മാത്രമല്ല. പരിപാലിക്കാന്‍ കൂടിയാണ്. ഭൂമിയെ പരിപാലിക്കാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണെന്ന് ദൈവം പറയാതെ പറയുകയാണ്‌. വേലി കെട്ടിയല്ല, അദ്ധ്വാനിച്ചാണ്, വെള്ളം വളം കിള ഒക്കെ കൊടുത്താണ്, ഭൂമിയെ പരിപാലിക്കേണ്ടത്. കാരണവന്മാര്‍ വിയര്‍പ്പും കണ്ണീരും വീണ മണ്ണ് എന്നു പറയുന്നത് അര്‍ത്ഥവത്താണ്. മണ്ണിട്ട്‌ നികത്തി ഫ്ലാറ്റ്‌ കെട്ടാനല്ല, നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിക്കാനാണ് ഭൂമി നല്‍കപ്പെട്ടത്."
ഹൃദയം അവരോടു പറഞ്ഞു. വിത്തെറിഞ്ഞു കൊള്ളുക! രാവും പകലും നിങ്ങള്‍ ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും വിത്ത് മുളച്ചു വന്നുകൊണ്ടേയിരിക്കും... വയലിലേക്ക്‌ പോവുക. നിങ്ങളുടെ സ്വപ്‌നങ്ങള്‍ വിതക്കുക!
 
"കാട് പരിപാലിക്കുന്നത് വനവാസികളാണ്. സമുദ്രവും പുഴകളും  പരിപാലിക്കുന്നത് ചെറിയ മീന്‍പിടുത്തക്കാരാണ്. വാരിക്കൊരിയെടുക്കുന്ന യന്ത്ര ബോട്ടുകളല്ല. ആതിയില്‍ കുട്ടിക്കക്കകള്‍ വാരിക്കൊണ്ട് പോകുന്നത് സ്ത്രീകള്‍ തടയുന്നുണ്ട്. അവര്‍ പറയുന്നു കക്ക ഞങ്ങളുടെ ഫിക്സെഡ്‌ ഡെപോസിറ്റ്‌ ആണെന്ന്. അത് പോലെ നഞ്ച് കലക്കി ചെമ്മീന്‍ എടുക്കുന്നതിലും പതിയിരിക്കുന്ന അപകടം അവര്‍ മനസിലാക്കുന്നുണ്ട്.  
ഇന്ന് വെള്ളത്തിന്‍റെ എല്ലാ സ്രോതസ്സുകളും മലിനീകരിക്കപ്പെട്ട സ്ഥിതിയാണുള്ളത്. എന്‍റെ ഡല്‍ഹി യാത്രയില്‍ യമുനയുടെ വിനാശം കണ്ടു കഷ്ടം തോന്നി. യമുനയുടെ കഥ മാത്രമല്ലയിത്. രാജ്യത്തങ്ങോളമിങ്ങോളം നദികളുടെ അവസ്ഥയിതാണ്. നമ്മുടെ പമ്പയുടെ സ്ഥിതിയോ? ദൈവിക ടൂറിസം എന്നൊരു സംഭവമുണ്ടിപ്പോള്‍. ഭക്തി ഉണ്ടാവണമെങ്കില്‍ ആദ്യം വേണ്ടത് ശുദ്ധിയല്ലേ? ദേവാലയങ്ങളുടെ, അമ്പലങ്ങളുടെ ഒക്കെ പരിസരങ്ങള്‍ നശിപ്പിച്ചുകൊണ്ട് അകത്തു മാത്രം എന്ത് ശുദ്ധി?"

 
പതിയെ ടീച്ചറുടെ വാക്കുകള്‍ മാലിന്യ സംസ്കരണത്തിന്‍റെ പ്രസക്തിയിലേക്ക്...

 
"മാലിന്യ സംസ്കരണം സംസ്കാരത്തിന്‍റെ പ്രഥമ ലക്ഷണമാണ്. ആദിമ സം സ്കാരങ്ങളില്‍ പോലും അതിനുള്ള നടപടികള്‍ കാണാം. ഉദാഹരണമായി മോഹന്‍ജദാരോ ഹാരപ്പാ. സഹസ്രാബ്ദങ്ങള്‍ മുമ്പുതന്നെ അവരുടെ ഡ്രെയിനെജ്‌ സിസ്റ്റം എത്ര അഭിനന്ദനാര്‍ഹമായിരുന്നു! ഒരു സംസ്കാരം രൂപപ്പെടുന്നതു പലപ്പോഴും നഗരവല്‍കരണത്തിലൂടെയാണ്. സംസ്കാരത്തിലേക്ക് ഒരു പടി ചവിട്ടുമ്പോള്‍, കേന്ദ്രീകരിച്ച ജനവാസമുണ്ടാകുമ്പോള്‍, മാലിന്യവും കേന്ദ്രീകരിക്കുന്നു. അതെങ്ങനെ നീക്കം ചെയ്യാം എന്നൊരു കാഴ്ച്ചപ്പാടില്ല ഇവിടെ നമുക്ക്. അതുമായി ബന്ധപ്പെട്ടു വളര്‍ന്നു വരുന്ന ഒരു  അഴിമതി ലോബിയുണ്ട്. അതില്‍ ഭരണാധികാരികള്‍ മുതല്‍ ലോറി ഉടമകള്‍ വരെ എല്ലാവരും ഉള്‍പ്പെടുന്നു.
കേരളത്തില്‍ നഗരങ്ങള്‍ വന്‍തോതില്‍ വികസിക്കുകയും, ആളുകള്‍ പണിയെടുക്കാതാവുകയും, പണിയെടുക്കാന്‍ പുറത്തു നിന്ന്‍ ആളുകള്‍ വരികയും ചെയ്യുമ്പോള്‍ വെയിസ്റ്റ്‌ അതിനനുസരിച്ച് കൂടുന്നു. ഇതു കൊണ്ടുപോയിടാനുള്ള സ്ഥലമില്ല. ഇപ്പോള്‍ കേരളം ആലോചിച്ച ഒരു കാര്യം വളരെ നല്ലതാണ്. ദേശീയ തലത്തില്‍ അതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. ലാന്‍ഡ്‌ ഉള്ള സംസ്ഥാനവുമായി സ്ഥലം ആവശ്യമുള്ള സംസ്ഥാനം ഒരു കരാര്‍ ഉണ്ടാക്കുകയും, തദ്ദേശവാസികളെ ഉപദ്രവിക്കാത്തവിധത്തില്‍, അവരുടെ ജീവിതത്തിനോ പരിസ്ഥിതിക്കോ കൃഷിക്കോ ഒരു കോട്ടവും വരാത്ത രീതിയില്‍, കിടക്കുന്ന തരം ഭൂമി കണ്ടുപിടിച്ചു വാങ്ങുകയും, ഗവണ്‍മെന്റ്റുകള്‍ തമ്മിലുള്ള ഒരു ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം കൊണ്ടുവരികയും വേണം. ഇത്  സ്വകാര്യവ്യക്തികളെ ഏല്പിക്കരുത്. തമിഴ്നാട് സഹകരിച്ചാല്‍ നമുക്ക് അത് വളരെ എളുപ്പത്തില്‍ സാധിക്കാവുന്നതാണ്.
ഇന്ന് ന്യൂക്ലിയര്‍ വെയിസ്റ്റ്‌ പോലെ തന്നെ ഒരു പേടിസ്വപ്നമാണ് ഇലക്ട്രോണിക് വെയിസ്റ്റും. അതുപോലെ തന്നെയാണ് ജനസംഖ്യയുടെ അമ്പതു ശതമാനം വരുന്ന സ്ത്രീകള്‍ ഓരോ മാസവും ഉപയോഗിച്ച് തള്ളുന്ന പാഡുകളും അവയുടെ പ്ലാസ്റ്റിക്‌ കവറുകളും. ഇവ ഇന്ന് സ്കൂളില്‍ കുട്ടികള്‍ക്ക് വരെ വിതരണം ചെയ്യപ്പെടുന്നു. ഹൈജീന്‍ തന്നെയാണ് ലക്‌ഷ്യം. പക്ഷെ, ഇവ കത്തിച്ചാലുള്ള വിനയെക്കുറിച്ച് നമുക്കറിയില്ല. പലപ്പോഴും അവ പ്ലാസ്റ്റിക്‌ കവറിലിട്ട് തെരുവില്‍ എറിയപ്പെടുന്നു. സാനിടറി പാഡിന്‍റെ കാര്യത്തില്‍ വലിയ മല്‍സരം തന്നെയുണ്ട് ഇന്ന്. ഇതുല്പാദിപ്പിച്ചു വിടുന്ന കമ്പനികളോ ഗവണ്‍മെന്റ്റോ ചിന്തിക്കുന്നില്ല ഇതെങ്ങനെ സംസ്കരിക്കുമെന്ന്. ഇതു പോലെ തന്നെയാണ് ഹോസ്പിടല്‍ വെയിസ്റ്റും മാര്‍ക്കറ്റ്‌ വെയിസ്റ്റും എല്ലാം. എല്ലാം തിരിച്ചു രോഗമായ്‌ നമുക്ക് തന്നെ കിട്ടുന്നു. പണ്ട് ഭൂമി പറഞ്ഞു, എന്തു തന്നാലും ഞാന്‍ തിരികെ പൂവും കായുമായ്‌ തിരികെ തരാമെന്ന്. പക്ഷെ, ഇന്ന് ഓരോ പൂവും കായും നശിപ്പിക്കുന്ന തരം മാലിന്യങ്ങളാണ് നാം വലിച്ചെറിയുന്നത്."

 
ചോദ്യം: ഇതിനെ എങ്ങനെ നേരിടണം നമ്മള്‍? വിദേശ രാജ്യങ്ങളില്‍ ഒക്കെ ഉള്ളത് പോലെ മാലിന്യങ്ങള്‍ എറിയുന്നവര്‍ക്ക് ഫൈന്‍ കൊടുക്കുന്ന രീതി പ്രാവര്‍ത്തികമാക്കാനാവുമോ നാട്ടില്‍?

 
"വ്യക്തിപരമായ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുകയാണ് ആദ്യം വേണ്ടത്. ഈ പൌരബോധം എല്ലാവര്‍ക്കും  ഉണ്ടായി വരണം. അവകാശങ്ങളെക്കുറിച്ച് വാചാലരാകുന്ന ജനം കടമകള്‍ മറക്കാന്‍ പാടില്ല. പിന്നെ, നിയമമുണ്ടായാല്‍ തീര്‍ച്ചയായും പ്രാവര്‍ത്തികമാക്കാനും   സാധിക്കും. പൊതുസ്ഥലങ്ങളിലെ പുകവലിക്കെതിരെ വന്ന നിയമം പാലിക്കപ്പെടുന്നുണ്ടല്ലോ ഒരു പരിധി വരെ. ഗവണ്‍മെന്റ്റ്‌ മിഷനറി ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ശിക്ഷ കൊടുക്കാന്‍ തയ്യാറാവണം. രാത്രി പട്രോളിംഗ് ശക്തമാക്കണം. മാലിന്യങ്ങള്‍ ബള്‍ക്ക് ആയി ഉല്പാദിപ്പിക്കുന്ന, ഹോട്ടല്‍, ഹോസ്പിററല്‍, കശാപ്പ് ശാലകള്‍ തുടങ്ങിയ ഇടങ്ങളില്‍ ചെക്കിംഗ് നടത്താന്‍ മിഷനറി വേണം. ഒരാളെ അറസ്റ്റ് ചെയ്താലുടന്‍ എന്‍റെ പാര്‍ട്ടിക്കാരനാണ് എന്നു പറഞ്ഞു വരരുത് രാഷ്ട്രീയക്കാര്‍. എന്‍റെ പാര്‍ട്ടിക്കാരന്‍ കൊന്നാല്‍ കൊലയല്ല എന്ന മനോഭാവം ആദ്യം മാറണം. ഒപ്പം ജനങ്ങളും ഒരു കാവലാളിന്‍റെ ജാഗ്രത കാണിക്കുക."

 
 മാലിന്യങ്ങളില്‍ നിന്ന് ആതിയിലേക്ക് മടങ്ങാന്‍ സമയമായിരിക്കുന്നു...
അഴുക്കു വെള്ളത്തില്‍ ചവിട്ടാതെ പെരുവിരല്‍ കുത്തി നടക്കുന്ന  ഷൈലജയോടൊപ്പം ഞാനും നടന്നു ആതിയിലേക്ക്...


ചോദ്യം : കഥാരാവുകളുടെ അവസാനം ഉയര്‍ന്നു വരുന്ന ഒരു ചോദ്യമുണ്ട്. ഈ കഥ എങ്ങനെ ജീവിതത്തിലേക്ക് ഉപയോഗപ്പെടുത്താം? ഈ കൃതിയുടെ അന്തര്‍ധാരയായ്‌ ആദ്യന്തം ഒഴുകുന്ന ചോദ്യം. ഖസാക്ക് പോലുള്ള ക്ലാസിക്‌ കൃതികള്‍ വായിച്ച് ഒരിക്കലും നമുക്ക് ചോദിക്കാനാവാത്ത ചോദ്യം...


എന്താണ് സാഹിത്യത്തിന്‍റെ പ്രയോജനം എന്നത് ഇന്നും തര്‍ക്കവിഷയമാണ്. ഭാഷയുണ്ടായ കാലത്തേ കഥയുണ്ടായി. കഥ ഭാഷയെ വളര്‍ത്തി. മനുഷ്യന്‍ സ്വപ്നം കണ്ടു. നമ്മള്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നത് എന്തോ അതാണ്‌ സ്വപ്നം. സ്വപ്നവും ഭാവനയും  സൃഷ്ടിയും സംഗമിച്ചപ്പോള്‍ മിത്തുകള്‍ ഉണ്ടായി. മിത്തുകള്‍ ജനസമൂഹത്തെ എന്നും സ്വാധീനിച്ചിട്ടുണ്ട്. അതിന് ഒന്നാന്തരം ഉദാഹരണമാണ് ഓണം. ശാസ്ത്രജ്ഞന്മാര്‍ കണ്ട സ്വപ്നം ഇന്ന് ദൈവകണത്തില്‍ എത്തി നില്‍ക്കുന്നു. മുന്‍ രാഷ്ട്രപതി ഡോക്ടര്‍ എ.പി.ജെ അബ്ദുള്‍കലാം കുട്ടികളോട് പറഞ്ഞത് സ്വപ്നം കാണുവാനാണ്. സ്വപ്നത്തിലേക്ക് എത്തുവാനുള്ള ഉപാധികളാണ് കലകളും സാഹിത്യവും എല്ലാം. അവ നമ്മുടെ മനസ്സിനെ സംസ്കാരസമ്പന്നമാക്കുന്നു. അല്ലെങ്കില്‍ ജീവിതം കേവലം യാന്ത്രികമാകും. 


ചോദ്യം : ടീച്ചറിന്‍റെ എഴുത്തില്‍ ഗ്രാമ്യ ഭാഷയുടെ നൈര്‍മല്യം ആവോളമുണ്ട്. എങ്ങനെ ഇതു സാധിക്കുന്നു? ആലാഹയുടെ പെണ്‍മക്കള്‍, മാറ്റാത്തി ഇപ്പോള്‍ ആതിയിലും....



"കുട്ടിക്കാലത്ത് അച്ഛനമ്മമാര്‍ സംസാരിച്ചിരുന്ന ഭാഷയൊക്കെ മനസ്സിലുണ്ട്. തൃശൂര്‍ വിട്ട് പട്ടാമ്പിയിലേക്ക് ജോലിക്കായ്‌ പോയപ്പോള്‍ വള്ളുവനാടന്‍ ഭാഷയുടെ സ്വാധീനം ഉണ്ടായി. പിന്നെ കുറച്ചു റിസെര്‍ച് ഒക്കെ വേണ്ടി വന്നു. പിന്നെ നിരീക്ഷണം. എറണാകുളം ഭാഗത്തേക്ക്‌ ട്രെയിന്‍ യാത്ര ചെയ്യുമ്പോള്‍ തൃശൂരില്‍ നിന്ന് കുറെ പേര്‍ കയറും. അവര്‍ പറയുന്നത് കേട്ടിരിക്കും."

ചോദ്യം: ആതിയിലെ മാജിക്കുകാരനെക്കുറിച്ചു കൂടി പറയൂ... കുട്ടികള്‍ക്ക്‌ കളിപ്പാട്ടം കൊടുത്ത് മിഠായി കൊടുത്ത് പിന്നാലെ കൂട്ടുന്നവന്‍... ഓരോരോ മാജിക്കുകളിലൂടെ ദേശത്തിന്‍റെ കണ്ണുകെട്ടിയവര്‍ തന്നെയല്ലേ ഇന്ന് പ്രകൃതിയെയും നാടിനെയും നശിപ്പിക്കുന്നത്?

"Catch them Youngഎന്നാണല്ലോ. കക്ഷി രാഷ്ട്രീയ സംഘടനകളുടെയും മതങ്ങളുടെയും ഒക്കെ ഹിഡന്‍ അജണ്ട അത് തന്നെ. കുട്ടിയുടെ സ്വാതന്ത്ര്യത്തെ തടയുന്നു. പലതും കാണുവാന്‍, അതില്‍ നിന്ന് ക്രമേണ വിവേകപൂര്‍വ്വം തിരഞ്ഞെടുക്കാന്‍ ഉള്ള ചാന്‍സ് കുട്ടികള്‍ക്ക്‌ നഷ്ടമാവുന്നു. രാഷ്ട്രീയക്കാര്‍ പാര്‍ട്ടിയില്‍ കുഞ്ഞുങ്ങളെ കുത്തിക്കയറ്റുന്നതും, കത്തോലിക്കാ പള്ളി മാമ്മോദീസ നല്‍കുന്നതും എല്ലാം അങ്ങനെ തന്നെ. യേശു മുപ്പതു വയസ്സിലല്ലേ മാമ്മോദീസ സ്വീകരിച്ചത്? അതാണ്‌ സ്ഥാപനവും ക്രിസ്തുവും തമ്മിലുള്ള വ്യത്യാസം." 


ചോദ്യം : നീ ആകാശവും ഭൂമിയുമാണ് എങ്കില്‍ തീര്‍ച്ചയായും ഞാന്‍ അതിനിടയിലൂടെ സഞ്ചരിക്കും. വാക്കുകളുടെ ജാലകം തുറന്ന് പ്രണയത്തിന്‍റെ കിളികള്‍ പറന്നുപൊയ്ക്കൊണ്ടിരുന്നു. നൂര്‍മുഹമ്മദ് പാടുന്നു. കടലാണ് എന്‍റെ പ്രണയം. ഒരു തുള്ളിയെ നീ എടുത്തുള്ളൂ. എന്നിട്ടത് മുത്താക്കിമാറ്റി....
ആതിയും ഊരുകാവലും കാലത്തെക്കുറിച്ചുള്ള ശക്തമായ നിരീക്ഷണങ്ങളും രാഷ്ട്രീയവും പ്രതിരോധവും സമരവും നിറയുന്ന  നോവലുകളാണ്. ആതിയിലെ പ്രണയത്തെക്കുറിച്ച് കൂടി...

"കുഞ്ഞിമാതുവിനെ നോക്കൂ. വേലിയേറ്റം അനുഭവിക്കാന്‍ വേണ്ടി കാത്തിരിക്കുന്ന കുഞ്ഞിമാതു. എനിക്ക് കേട്ടറിവാണ് വേലിയേറ്റം. ആദ്യം ഒരു മര്‍മ്മരം കേള്‍ക്കാം എന്ന് പറയുന്നു. പിന്നെ അത് അടുത്തടുത്ത്‌ വരും. കുഞ്ഞിമാതു അതറിയുന്നത് ശരീരത്തിലാണ്. എന്താണോ അവന്‍ നിഷേധിച്ചത് അതവള്‍ പ്രകൃതിയിലേക്ക് വ്യാപിപ്പിക്കുന്നു. ലൈംഗികത അവള്‍ക്ക് പുരഷനില്‍നിന്ന്‍ എന്നതിനപ്പുറം പ്രപഞ്ചവ്യാപിയായ ഒരു ആഹ്ലാദമാണ്."
കുഞ്ഞിമാതുവും ഒരു കടലാണ്. പൂര്‍ണ ചന്ദ്രനുദിച്ചാല്‍ അവള്‍ കിടന്നിളകിമറിയാന്‍ തുടങ്ങും.  പിടികിട്ടാ ദൂരത്ത് ഉദിച്ചുയര്‍ന്നു നില്‍ക്കുന്നവനെ ആഴത്തിലേക്ക് വലിച്ചു താഴ്ത്താന്‍ ഉടലു കിടന്നു പൊന്തും.


ഓരോ മനസ്സിലുമുണ്ട് പൂര്‍വ്വപുണ്യത്തിന്‍റെ തണുത്ത കയങ്ങള്‍, ആതികള്‍.....................


Wednesday, April 18, 2012

എങ്ങനെ ഞങ്ങള്‍ മറക്കും കുയിലേ...


യാത്രയാക്കുന്നു സഖീ, നിന്നെ ഞാന്‍ മൌനത്തിന്‍റെ

നേര്‍ത്ത പട്ടുനൂല്‍ പൊട്ടിച്ചിതറും പദങ്ങളാല്‍....

നിതാന്ത മൌനത്തിലേക്ക് ആ നീലക്കുയില്‍ പാടിപ്പറന്നു പോയിട്ട് അഞ്ചു വര്ഷം തികഞ്ഞിരിക്കുന്നു, ഫെബ്രുവരി 25 ന്. ഒരു തലമുറയെ മുഴുവന്‍ സ്വപ്നം കാണുവാനും പ്രണയിക്കുവാനും അനീതിയോട് പോരാടുവാനും പഠിപ്പിച്ച ശബ്ദം.. പി. ഭാസ്കരന്‍.. പ്രണയവും, വിരഹവും, വിഷാദവും, വിപ്ലവവും പെയ്തൊഴിഞ്ഞ മാനത്ത് ഇന്നുമുദിക്കുന്നുണ്ട് ആ വൃശ്ചിക പൂനിലാവ്.

 വില്ലാളി എന്ന ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങുമ്പോള്‍ പ്രായം ഇരുപതു മാത്രം. വയലാര്‍ ഗര്‍ജിക്കുന്നു എന്ന കവിതയിലൂടെ രാഷ്ട്രീയ സാമൂഹിക മേഘലകളില്‍ കോളിളക്കം സൃഷ്‌ടിച്ച് വിപ്ലവാവേശമായ് നാടാകെ ഉയര്‍ന്നു. പിന്നീട് ഒറ്റക്കമ്പിയുള്ള തമ്പുരു എന്ന കവിതാ സമാഹാരം ഓടക്കുഴല്‍, സാഹിത്യ അക്കാദമി അവാര്‍ഡുകളും നേടി.

 ചങ്ങമ്പുഴക്കു ശേഷം മലയാളിയെ അക്ഷരങ്ങളുടെ മായികതാളത്തിലേക്ക് ആവാഹിച്ചവരില്‍ മുന്‍നിരക്കാര്‍ വയലാറും ഭാസ്കരന്‍ മാഷും ഓഎന്‍വിയും ആയിരുന്നല്ലോ. ഇവരില്‍ ഭാസ്കരന്‍ മാഷ്‌ വ്യത്യസ്തനാവുന്നത് കവി, ഗാനരചയിതാവ്‌ എന്നതിനപ്പുറം സംവിധായകന്‍, തിരക്കഥാകൃത്ത്, അഭിനേതാവ്‌, നിര്‍മ്മാതാവ്, പത്രപ്രവര്‍ത്തകന്‍, പ്രക്ഷേപണ കലാകാരന്‍... അങ്ങനെ നനാതുറകളിലെ പ്രാഗത്ഭ്യംകൊണ്ടാണ്. ആദ്യം പാട്ടെഴുതിയത് അപൂര്‍വ സഹോദരര്‍ എന്ന തമിഴ്‌ ചിത്രത്തിനായാണ്. മലയാളത്തില്‍ ചന്ദ്രികയിലൂടെ തുടക്കം.

 രാമു കാര്യാട്ടിനോടൊപ്പം സംവിധാന രംഗത്ത്‌ തുടക്കം കുറിച്ച നീലക്കുയില്‍(1954) സാമൂഹ്യ മാറ്റത്തിന്‍റെ കാഹളമൂതുകയായിരുന്നല്ലോ. കോഴിക്കോട്‌ അബ്ദുല്‍ ഖാദര്‍ പാടിയ വിഷാദ രാഗം മലയാളക്കരയാകെ ഏറ്റുപാടി. എങ്ങനെ നീ മറക്കും കുയിലേ... കെ. രാഘവന്‍ എന്ന സംഗീത സംവിധായകന്‍റെ പിറവി കൂടിയായിരുന്നു അത്. ചിത്രത്തോടൊപ്പം അതിലെ ഓരോ ഗാനവും അവിസ്മരണീയമായി. മെഹബൂബ്‌, ജാനമ്മ ഡേവിഡ്‌ തുടങ്ങിയ പാട്ടുകാരും ജനമനസ്സില്‍ ഇടം നേടി. രാഷ്ട്രപതിയുടെ വെള്ളി മെഡലും നേടി ആ കന്നിച്ചിത്രം. പിന്നീടങ്ങോട്ട് നായരു പിടിച്ച പുലിവാല്‍, മൂലധനം, ഇരുട്ടിന്‍റെ ആത്മാവ്, കള്ളിച്ചെല്ലമ്മ... തുടങ്ങി എത്രയെത്ര ചലച്ചിത്ര കാവ്യങ്ങള്‍. എത്രയെത്ര തിരക്കഥകള്‍. എത്രയായിരം ഗാനങ്ങള്‍.

ആറ്റിനക്കരെയക്കരെ...
കുഞ്ഞായിരുന്നപ്പോള്‍ ചാച്ചന്‍റെ മടിയിലിരുന്ന് ആകാശവാണിയിലൂടെ കേട്ട അറുപതു - എഴുപതുകളിലെ  ഗാനങ്ങളുടെ മാറ്റൊലി ഇന്നും എന്‍റെ മനസ്സിലുണ്ട്. പുഴയോരത്തെ വീടിന്‍റെ ഉമ്മറത്തിരുന്ന്‍ കടത്തു വള്ളം യാത്രയായി, കരയില്‍ നീ മാത്രമായി.. എന്ന് മൂളി കടവത്ത് കണ്ണും നട്ടിരിക്കുമ്പോള്‍ അറിഞ്ഞിരുന്നില്ല ആ വരികളുടെ അര്‍ഥവും ഭാവവും. അറിഞ്ഞിരുന്നില്ല ആ  വരികള്‍ കുറിച്ച കവിയെയും.

 അറിവു വെച്ചപ്പോള്‍ പുതിയ ഗാനങ്ങളുടെ കാലമായിരുന്നു. പിന്നെ പിന്നെ അടിപൊളി പാട്ടുകളുടെ കാലവും. എങ്കിലും ഇന്ന് മരുഭൂവിലെ പ്രവാസത്തിലും മനസ്സ്‌ പറന്നു പോവുകയാണ്, പൊട്ടാത്ത പൊന്നിന്‍ കിനാവിന്‍റെ പട്ടുനൂലൂഞ്ഞാല കെട്ടിയ  ഏതോ ശീതള ഛയാ തടങ്ങളിലേക്ക്... ഏതോ സുന്ദര സ്വപ്ന തടങ്ങളിലേക്ക്. അല്ലിയാമ്പല്‍ കടവും, കൊതുമ്പു വള്ളവും, തൂശനിലയും, തുമ്പപ്പൂചോറും, കിളിച്ചുണ്ടന്‍ മാമ്പഴം കടിച്ച് വേലിക്കരികില്‍ നില്‍ക്കുന്ന നാടന്‍ കാമുകനും മറ്റുമുള്ള മാമാലകള്‍ക്കപ്പുറത്തെ മരതകപ്പട്ടുടുത്ത നാട്ടിലേക്ക്...
ആറ്റിനക്കരെയക്കരെ ആരാണോ...
പൂത്തു നില്ക്കണ പൂമരമോ, എന്നെ
കാത്തു നില്ക്കണ പൈങ്കിളിയോ....
അങ്ങനെ പൂത്തുലഞ്ഞായിരുന്നു ഉറൂബിന്‍റെ ഉമ്മാച്ചു പുസ്തകത്താളില്‍ നിന്നുമിറങ്ങി വന്നത്... മനസ്സിലേക്ക് കടന്നു വന്നത്. വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ ഭാര്‍ഗവിക്കുട്ടിയുടെ പാദസരക്കിലുക്കം കേട്ടതും ഭാസ്കരന്‍ മാഷിന്‍റെ പാട്ടിലൂടെ തന്നെ. പാതിരക്കാറ്റില്‍ പട്ടുറുമാല്‍ ഇളക്കി പൂഞ്ചോലക്കടവും കടന്ന്‍ അവള്‍ എത്തിയപ്പോള്‍.. താമസമെന്തേ വരുവാന്‍ പ്രാണസഖീ... എന്ന്‍ പാടി പാടി കാത്തിരിക്കുകയായിരുന്നു കാമുക ഹൃദയങ്ങള്‍.
ഈറനുടുത്തും കൊണ്ട് അംബരം ചുറ്റുന്ന
വാസന്ത രാവിലെ വെണ്ണിലാവേ
വൃഥ എന്തിനീ ദേവനെ കൈകൂപ്പുന്നു...
എം.ടി യുടെ ഇരുട്ടിന്‍റെ ആത്മാവിലെ അമ്മുക്കുട്ടിയുടെ നൊമ്പരം ജാനകിയമ്മയുടെ ശബ്ദത്തിലൂടെ ഒഴുകി വന്നു. 

എങ്കിലുമെന്നോമലാള്‍ക്ക് താമസിക്കാനനെന്‍ കരളില്‍
തങ്കക്കിനാക്കള്‍ കൊണ്ടൊരു താജ് മഹല്‍ ഞാന്‍ പണിയും..(പരീക്ഷ)

പാമാരനായ പാട്ടുകാരാ... നീ തീര്‍ത്ത താജ്മഹലിന് മലയാളമുള്ളിടത്തോളം മരണമില്ല.

എം.എസ് ബാബുരാജിന്‍റെ ഗസല്‍ സ്പര്‍ശം ഭാസ്കരന്‍ മാഷിന്‍റെ അക്ഷരങ്ങളെ പുണര്‍ന്ന്‍ അഭൌമമായ സ്നേഹപ്രവഹമായ്‌ ഒഴുകുകയായിരുന്നല്ലോ നാടാകെ. താമരക്കുമ്പിളല്ലോ മമഹൃദയം.. താതാ നീ സംഗീത മധു പകരൂ. എന്നു  പാടിക്കൊണ്ടാണ് ബാബുരാജ് കണ്ണടച്ചത്. ആത്മാവില്‍ ലയിച്ചു ചേര്‍ന്നു ആ സംഗീതവും.  
വയലാര്‍ ഗാനങ്ങളില്‍ കാണുന്ന ലൌകിക പ്രണയം പി ഭാസ്കരനിലെത്തുമ്പോള്‍ ആത്മീയഭാവം പൂണ്ട അനുരാഗമായ്‌ മാറുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്. മറ്റെങ്ങും കണ്ടെത്താനാവാത്ത അനുരാഗക്കരിക്കിന്‍ വെള്ളം.... കുമാരനാശാന്‍റെ പ്രണയ സങ്കല്പത്തോട് ചേര്‍ന്നു നില്‍ക്കുന്നു പലപ്പോഴും ഭാസ്കരന്‍ മാഷിന്‍റെ സ്നേഹപ്രപഞ്ചം.

വ്യാമോഹങ്ങള്‍ ചാരമായ്‌ മാറുമ്പോഴും പാരിതിലൊരുനാളും മണ്ണടിയാത്ത  നിര്മലമായ അനുരാഗം.

ചുടു കണ്ണീരു ചാലിച്ച് എഴുതിയ ജീവിതകഥ ലൈലമജ്നുവില്‍ ഉദയഭാനു ഇടറിയ സ്വരത്തില്‍ പാടുകയായിരുന്നു. അപ്പോള്‍ കരയാതിരിക്കാനായില്ല മലയാളക്കരക്ക്. അങ്ങനെ എത്രയോ പ്രേമകാവ്യങ്ങള്‍. ദുഖകാവ്യങ്ങള്‍.

ഒരു ഗാനം മാത്രം ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീ എത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍...
പ്രണയികള്‍ക്ക് എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ ആയിരം പാട്ടുകള്‍ വേണ്ട, ഭാസ്കരന്‍ മാഷിന്‍റെ ഒരേയൊരു പാട്ട് മതിയല്ലോ!

ആദര്‍ശത്തിന്‍റെ മഞ്ഞണി പൂനിലാവ്
സിനിമയുടെ മഞ്ഞണി പൂനിലാവില്‍ നനയുമ്പോഴും സമുദായ മൈത്രിയുടെയും, ദേശസ്നേഹത്തിന്‍റെയും, വിപ്ലവ ചിന്തകളുടെയും സന്ദേശ വാഹകനായിരുന്നു അദേഹം.  ആദ്യ കവിതാ സമാഹാരത്തില്‍ തന്നെ അദ്ദേഹമെഴുതി...
വില്ലാളിയാണ് ഞാന്‍ ജീവിത സൌന്ദര്യ
വല്ലകി മീട്ടലല്ലെന്‍റെ ലക്ഷ്യം.
കാണാമെന്‍ കൈകളില്‍ പാവനാദര്‍ശത്തിന്‍
ഞാണാല്‍ നിബന്ധിച്ച ഭാവനയെ..

ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരുപിടി മണ്ണല്ല. ജനപദങ്ങള്‍ മുക്കിലും മൂലയിലും ഉറക്കെ പാടി നടന്നത് കേവലമൊരു സിനിമാഗനമല്ല ജന്മഭൂമിയോടുള്ള സ്നേഹസങ്കീര്‍ത്തനം തന്നെയായിരുന്നല്ലോ.
 
ഉമ്മ, കുട്ടിക്കുപ്പായം, മണിയറ, ലൈലമജ്നു തുടങ്ങി അനവധി ചിത്രങ്ങളില്‍ പിറന്ന മനോഹരമായ മാപ്പിളപ്പാട്ടുകള്‍ നാടിന്റെ സാംസ്കാരിക വൈവിധ്യത്തിന്‍റെ നിദര്‍ശനമായി മാറി. സിനിമ ഹറാം ആയിരുന്ന മുസ്ലീം സമൂഹത്തെ സിനിമാകൊട്ടകയിലെക്ക് കൊണ്ട് വന്നത് മാഷാണല്ലോ. മലയാളപ്പെരുമ പാടി തുളുനാടന്‍ പട്ടുടുത്തെത്തിയ വടക്കന്‍ പാട്ടുകള്‍  മാനത്തു മഴമുകില്‍ മാലകള്‍ തീര്‍ത്ത കാലമായിരുന്നു അത്. തള്ളി നീക്കിയ പന്നാസു വണ്ടിയും, കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴവും, കുപ്പായക്കീശമേലെ കുങ്കുമപ്പൊട്ടു കണ്ടു കളിയാക്കുന്ന കൂട്ടുകാരും മറ്റും ചിരിയുടെ അലകളിളക്കിയപ്പോള്‍ തന്നെ  കേശാദി പാദം തൊഴുന്നേന്‍.. കേശവാ... എന്ന് അലിഞ്ഞു പാടി ഈശ്വര സാമീപ്യം അറിയിച്ചതും  'അല്ലാവിന്‍ ‍ കാരുണ്യമില്ലെങ്കില്‍ ഭൂമിയില്‍ എല്ലാരുമെല്ലാരും യത്തീമുകള്‍' എന്ന് പാടിയതും അതേ  കവി മനസ്സ് തന്നെ.
 
ബാബുരാജ്, കെ. രാഘവന്‍, ദേവരാജന്‍, ചിദംബരനാഥ്, പുകഴേന്തി, ദക്ഷിണാമൂര്‍ത്തി, ഉഷ ഖന്ന, എ.ടി ഉമ്മര്‍, ജോബ്‌, രവീന്ദ്രന്‍, ജോണ്‍സന്‍... തുടങ്ങി നിരവധി പ്രതിഭകള്‍ മാഷിന്‍റെ വരികള്‍ക്ക് ഈണം നല്‍കി. സ്വന്തം സിനിമയില്‍ മറ്റു പാട്ടെഴുത്തുകാര്‍ക്കും അവസരം കൊടുക്കാനുള്ള ഹൃദയ വിശാലതയും ആദേഹത്തിനുണ്ടായിരുന്നു. വിലക്ക് വാങ്ങിയ വീണ, കാക്കത്തമ്പുരാട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രീകുമാരന്‍ തമ്പി നല്‍കിയ ഗാനങ്ങള്‍ അതിന് ഉദാഹരണമാണ്.

സ്ത്രീഹൃദയത്തിന്‍റെ തുടിപ്പുകള്‍

മലയാളത്തില്‍ ഒരു പാട്ടെഴുത്തുകാരി ഉദയം കൊള്ളാതെ പോയപ്പോഴും പെണ്‍മനസ്സിനെ ഏറ്റവും സുതാര്യമായ്‌ പകര്‍ത്തിയത് ഭാസ്കരന്‍ മാഷാണെന്ന് തോന്നിയിട്ടുണ്ട്.
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കെ
സ്വരരാഗ സുന്ദരിമാര്‍ക്ക് വെളിയില്‍ വരാനെന്തൊരു നാണം...

ഇത് ഒരു തലമുറയിലെ പെണ്‍മനസ്സിന്‍റെ ഭാവമായിരുന്നു. നാണം നഷ്ടമായ കാലത്തിനു ചിലപ്പോള്‍ അറിഞ്ഞു കൂടായിരിക്കും ഈ വരികളുടെ അര്‍ഥം.
എന്‍ പ്രാണനായകനെ എന്ത് വിളിക്കും
എങ്ങനെ ഞാന്‍ നാവെടുത്തു പേര് വിളിക്കും...

എടാ, പോടാ എന്നൊക്കെ സ്നേഹത്തോടെ  വിളിക്കുന്ന ഇക്കാലത്ത്‌ ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നു എന്ന ഒര്‍മപ്പെടുത്തലായ്‌ ഈ പാട്ടുകള്‍ ബാക്കിയാവട്ടെ.
ആദ്യത്തെ കണ്മണി ആണായിരിക്കണം, അവന്‍
അച്ഛനെ പോലെ ഇരിക്കണം....

എന്ന് കൊതിക്കുന്ന സ്ത്രീകള്‍ ഇന്നുമുണ്ടാവാം.. അല്ലെ?
എള്ളെണ്ണ മണം വീശും എന്നുടെ മുടിക്കെട്ടില്‍
മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരാ..

ഇന്ന്‍ സുന്ദരികളുടെ മുടിച്ചാര്ത്തില്‍ എള്ളെണ്ണയുടെ മണമല്ല ഷാമ്പുവിന്‍റെ വാസനയായിരിക്കാം. എങ്കിലും കാമുകനെ കിനാവ്‌ കണ്ട് കൊതിച്ചിരിക്കുന്ന യൌവ്വനം   അന്നും ഇന്നും ഒന്ന് തന്നെ.
വാസന്ത പഞ്ചമി നാളില്‍ വരുമെന്നൊരു കിനാവ്‌ കണ്ടു
പടിവാതിലില്‍ മിഴിയും നട്ട് കാത്തിരുന്നു ഞാന്‍...

ഇത്രയും വിരഹാര്‍ദ്രമായ കാത്തിരിപ്പ് മലയാളത്തിലില്ല. ഉണ്ടെങ്കില്‍ അതെല്ലാം മാഷ്‌ എഴുതിയതിന്‍റെ തുടര്‍ച്ച മാത്രമാകും. വിരലൊന്നു മുട്ടിയാല്‍ പൊട്ടിച്ചിരിക്കുന്ന മണിവീണക്കമ്പികളെയും, മാനസമണിവേണുവില്‍ ഗാനം പകര്‍ന്ന കാമുകനെയും, മാറോടണച്ചുറക്കിയിട്ടും ഉണരുന്ന മാദക വ്യാമോഹങ്ങളെയും, അഞ്ജനക്കണ്ണെഴുതി ആലില താലി ചാര്‍ത്തി കാത്തിരിക്കുന്ന  വടക്കന്‍ പെണ്ണിനെയും പറ്റി പാടി പാടി നാദബ്രഹ്മത്തിന്‍റെ സാഗരം താണ്ടി ലോകം മുഴുവന്‍ സുഖം പകരുന്ന  സ്നേഹ ദീപമായി ഇന്നും മിഴി തുറന്നു നില്‍ക്കുകയാണ് ഇന്നലെയൊരു സുന്ദര രാഗമായ് നമ്മുടെ പൊന്നോടക്കുഴലില്‍ ഒളിച്ചിരുന്ന പ്രേമ സംഗീതം. ആരുടേയും മനസ്സില്‍ കുടിയേറുന്ന വികാരവായ്പും, ലാളിത്യവും,നാടന്‍ ബിംബങ്ങളും ഒക്കെയാവാം മാഷിന്‍റെ പാട്ടിന്‍റെ മാസ്മരികത.
 
ഇന്ന് അമാനുഷികനായ നായകനെ ചുറ്റിപ്പറ്റുന്ന അലങ്കാരമായ് മാത്രം നായിക തഴയപ്പെടുകയാണ് മിക്ക ചിത്രങ്ങളിലും. കള്ളിച്ചെല്ലമ്മ യെ പോലെ ശക്തയായ സ്ത്രീ കഥാപാത്രങ്ങളെ നല്‍കുവാന്‍ മാഷിനായി. മാഷ്‌ നായികയ്ക്ക് നായകനോടോപ്പമോ അതിലധികമോ സ്ഥാനം കൊടുത്തിരുന്നു. മുത്തശ്ശി, ഉമ്മാച്ചു, ഭാര്‍ഗവീ നിലയം, മുറപ്പെണ്ണ്‍, അശ്വതി, അമ്മയെ കാണാന്‍, മനസ്വിനി, സ്ത്രീ, തറവാട്ടമ്മ, ശ്യാമളചേച്ചി.. അങ്ങനെ സിനിമയുടെ പേരുകളില്‍ തന്നെ ആ പ്രത്യേകത കാണാം.

അനാദി കാലം മുതലേ ഈ അജ്ഞാതകാമുകനകലേ....

അപാര സുന്ദര നീലാകാശത്തു മറഞ്ഞാലും മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിയ മധുമാസ ചന്ദ്രികയായി ആ വിസ്മയം എന്നും നമുക്കൊപ്പമുണ്ടല്ലോ. പറഞ്ഞാലും പറഞ്ഞാലും തീരില്ല ഏറെ പ്രിയമുള്ള മാഷിന്റെ പാട്ടുകളെ പറ്റി. പൂനുള്ളി പൂ നുള്ളി കൈവിരല്‍ കുഴഞ്ഞല്ലോ എന്ന് പരിഭവിച്ചു പിന്‍വാങ്ങാനേ എനിക്കാവൂ.
ഒരു മുല്ലമൊട്ടില്‍ ഒതുക്കുവതെങ്ങനെ
ഒടുങ്ങാത്ത വസന്തത്തിന്‍ മധുര ഗന്ധം....!

സത്യമാണ്! എങ്ങനെ ഒരു കുറിപ്പില്‍ ഒതുക്കും ഞാന്‍ ആ പാട്ടുകളോടുള്ള എന്‍റെ അഭിനിവേശത്തെ. അനഘ സങ്കല്‍പ ഗായികേ.. എന്ന പാട്ടില്‍ എഴുതുകയാണ്,
സമയ തീരത്തിന്‍ ബന്ധനമില്ലാതെ
മരണസാഗരം പുല്‍കുന്ന നാള്‍ വരെ
ഒരു മദാലസ നിര്‍വൃതീ ബിന്ദുവായ്
ഒഴുകുമെങ്കിലോ ഞാന്‍ നിത്യതൃപ്തനാം.

മരണസാഗരം പുല്‍കും വരെ കര്‍ത്തവ്യനിരതമായ്‌ സാഫല്യമടഞ്ഞ ഒരു ജീവിതം!
നിദ്ര തന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍
സ്വപ്നത്തിന്‍ കളിയോടം കിട്ടീ

സ്വപ്നത്തിന്‍റെ കളിയോടം തുഴഞ്ഞ് അദ്ദേഹം ഒറ്റക്ക് മറ്റാരും കാണാത്ത കരയിലേക്ക് പോയി, ദുഖങ്ങള്‍ക്ക് അവധി കൊടുത്ത് സ്വര്‍ഗത്തില്‍ മുറിയെടുക്കാന്‍...
മറക്കാന്‍ പറയുവാന്‍ എന്തെളുപ്പം
മണ്ണില്‍ പിറക്കാതിരിക്കലാണതിലെളുപ്പം

മറക്കാനോ ഞങ്ങള്‍! ഒരിക്കലുമില്ല.
കാവ്യ പുസ്തകമല്ലോ ജീവിതം
കണക്കെഴുതാനതില്‍ ഏടുകളെവിടെ
ഗാനങ്ങള്‍ക്കും സിനിമകള്‍ക്കും ഒരുപാട് പുരസ്കാരങ്ങള്‍ അദേഹത്തെ തേടി എത്തിയിട്ടുണ്ടെങ്കിലും  കണക്കുകളില്ലാതെ ഒരു ജീവിതം നല്ല സിനിമക്കായ് തുളുമ്പിയ  മാഷിന് ഒരു പത്മപുരസ്കാരം നല്‍കിയിട്ടില്ല. സിനിമയിലെ പുതുമുഖങ്ങള്‍ പലരും കൈനീട്ടി വാങ്ങിയിട്ടും മാഷെ പരിഗണിച്ചിട്ടില്ല. എങ്കിലും... തലമുറകളിലൂടെ മലയാളിയുടെ മനസ്സിന്‍റെ താളില്‍, നെഞ്ചിലെ മണ്‍കുടുക്കയില്‍ നേടിയ സംപൂജ്യമായ ഇടത്തിനു പകരമാവാന്‍ ഒരു പുരസ്കാരത്തിനുമാവില്ലല്ലോ!

 അങ്ങയുടെ ഒരുപിടി അക്ഷരങ്ങള്‍ കൂടി, ഗുരോ,  അഞ്ജലിയായ്‌ അര്‍പ്പിക്കട്ടെ....
എവറസ്റ്റ്‌ കൊടുമുടിയെക്കാള്‍ മണല്‍ക്കുന്നുകളെ ഇഷ്ടപ്പെട്ട വിഡ്ഢിയാണ് ഞാന്‍.
ഈ ഇടുങ്ങിയ മുറിയില്‍ ഞാന്‍ സത്യാന്വേഷണം എന്ന സ്വപ്നത്തില്‍ മുഴുകുന്നു.
ഒരു പാട്ടിന്‍റെ ജാലകം മാത്രം നിങ്ങള്‍ക്കായ്‌ തുറന്നിരിക്കുന്നു.
നെഞ്ചിലെ മണ്‍ കുടുക്കയില്‍ സൂക്ഷിച്ചു വെച്ച ഗംഗാജലം,
എന്‍റെ നിശ്വാസം നേര്‍ക്കുമ്പോള്‍, ഇറ്റിറ്റായ് പകര്‍ന്നു തരിക....