Wednesday, April 18, 2012

എങ്ങനെ ഞങ്ങള്‍ മറക്കും കുയിലേ...


യാത്രയാക്കുന്നു സഖീ, നിന്നെ ഞാന്‍ മൌനത്തിന്‍റെ

നേര്‍ത്ത പട്ടുനൂല്‍ പൊട്ടിച്ചിതറും പദങ്ങളാല്‍....

നിതാന്ത മൌനത്തിലേക്ക് ആ നീലക്കുയില്‍ പാടിപ്പറന്നു പോയിട്ട് അഞ്ചു വര്ഷം തികഞ്ഞിരിക്കുന്നു, ഫെബ്രുവരി 25 ന്. ഒരു തലമുറയെ മുഴുവന്‍ സ്വപ്നം കാണുവാനും പ്രണയിക്കുവാനും അനീതിയോട് പോരാടുവാനും പഠിപ്പിച്ച ശബ്ദം.. പി. ഭാസ്കരന്‍.. പ്രണയവും, വിരഹവും, വിഷാദവും, വിപ്ലവവും പെയ്തൊഴിഞ്ഞ മാനത്ത് ഇന്നുമുദിക്കുന്നുണ്ട് ആ വൃശ്ചിക പൂനിലാവ്.

 വില്ലാളി എന്ന ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങുമ്പോള്‍ പ്രായം ഇരുപതു മാത്രം. വയലാര്‍ ഗര്‍ജിക്കുന്നു എന്ന കവിതയിലൂടെ രാഷ്ട്രീയ സാമൂഹിക മേഘലകളില്‍ കോളിളക്കം സൃഷ്‌ടിച്ച് വിപ്ലവാവേശമായ് നാടാകെ ഉയര്‍ന്നു. പിന്നീട് ഒറ്റക്കമ്പിയുള്ള തമ്പുരു എന്ന കവിതാ സമാഹാരം ഓടക്കുഴല്‍, സാഹിത്യ അക്കാദമി അവാര്‍ഡുകളും നേടി.

 ചങ്ങമ്പുഴക്കു ശേഷം മലയാളിയെ അക്ഷരങ്ങളുടെ മായികതാളത്തിലേക്ക് ആവാഹിച്ചവരില്‍ മുന്‍നിരക്കാര്‍ വയലാറും ഭാസ്കരന്‍ മാഷും ഓഎന്‍വിയും ആയിരുന്നല്ലോ. ഇവരില്‍ ഭാസ്കരന്‍ മാഷ്‌ വ്യത്യസ്തനാവുന്നത് കവി, ഗാനരചയിതാവ്‌ എന്നതിനപ്പുറം സംവിധായകന്‍, തിരക്കഥാകൃത്ത്, അഭിനേതാവ്‌, നിര്‍മ്മാതാവ്, പത്രപ്രവര്‍ത്തകന്‍, പ്രക്ഷേപണ കലാകാരന്‍... അങ്ങനെ നനാതുറകളിലെ പ്രാഗത്ഭ്യംകൊണ്ടാണ്. ആദ്യം പാട്ടെഴുതിയത് അപൂര്‍വ സഹോദരര്‍ എന്ന തമിഴ്‌ ചിത്രത്തിനായാണ്. മലയാളത്തില്‍ ചന്ദ്രികയിലൂടെ തുടക്കം.

 രാമു കാര്യാട്ടിനോടൊപ്പം സംവിധാന രംഗത്ത്‌ തുടക്കം കുറിച്ച നീലക്കുയില്‍(1954) സാമൂഹ്യ മാറ്റത്തിന്‍റെ കാഹളമൂതുകയായിരുന്നല്ലോ. കോഴിക്കോട്‌ അബ്ദുല്‍ ഖാദര്‍ പാടിയ വിഷാദ രാഗം മലയാളക്കരയാകെ ഏറ്റുപാടി. എങ്ങനെ നീ മറക്കും കുയിലേ... കെ. രാഘവന്‍ എന്ന സംഗീത സംവിധായകന്‍റെ പിറവി കൂടിയായിരുന്നു അത്. ചിത്രത്തോടൊപ്പം അതിലെ ഓരോ ഗാനവും അവിസ്മരണീയമായി. മെഹബൂബ്‌, ജാനമ്മ ഡേവിഡ്‌ തുടങ്ങിയ പാട്ടുകാരും ജനമനസ്സില്‍ ഇടം നേടി. രാഷ്ട്രപതിയുടെ വെള്ളി മെഡലും നേടി ആ കന്നിച്ചിത്രം. പിന്നീടങ്ങോട്ട് നായരു പിടിച്ച പുലിവാല്‍, മൂലധനം, ഇരുട്ടിന്‍റെ ആത്മാവ്, കള്ളിച്ചെല്ലമ്മ... തുടങ്ങി എത്രയെത്ര ചലച്ചിത്ര കാവ്യങ്ങള്‍. എത്രയെത്ര തിരക്കഥകള്‍. എത്രയായിരം ഗാനങ്ങള്‍.

ആറ്റിനക്കരെയക്കരെ...
കുഞ്ഞായിരുന്നപ്പോള്‍ ചാച്ചന്‍റെ മടിയിലിരുന്ന് ആകാശവാണിയിലൂടെ കേട്ട അറുപതു - എഴുപതുകളിലെ  ഗാനങ്ങളുടെ മാറ്റൊലി ഇന്നും എന്‍റെ മനസ്സിലുണ്ട്. പുഴയോരത്തെ വീടിന്‍റെ ഉമ്മറത്തിരുന്ന്‍ കടത്തു വള്ളം യാത്രയായി, കരയില്‍ നീ മാത്രമായി.. എന്ന് മൂളി കടവത്ത് കണ്ണും നട്ടിരിക്കുമ്പോള്‍ അറിഞ്ഞിരുന്നില്ല ആ വരികളുടെ അര്‍ഥവും ഭാവവും. അറിഞ്ഞിരുന്നില്ല ആ  വരികള്‍ കുറിച്ച കവിയെയും.

 അറിവു വെച്ചപ്പോള്‍ പുതിയ ഗാനങ്ങളുടെ കാലമായിരുന്നു. പിന്നെ പിന്നെ അടിപൊളി പാട്ടുകളുടെ കാലവും. എങ്കിലും ഇന്ന് മരുഭൂവിലെ പ്രവാസത്തിലും മനസ്സ്‌ പറന്നു പോവുകയാണ്, പൊട്ടാത്ത പൊന്നിന്‍ കിനാവിന്‍റെ പട്ടുനൂലൂഞ്ഞാല കെട്ടിയ  ഏതോ ശീതള ഛയാ തടങ്ങളിലേക്ക്... ഏതോ സുന്ദര സ്വപ്ന തടങ്ങളിലേക്ക്. അല്ലിയാമ്പല്‍ കടവും, കൊതുമ്പു വള്ളവും, തൂശനിലയും, തുമ്പപ്പൂചോറും, കിളിച്ചുണ്ടന്‍ മാമ്പഴം കടിച്ച് വേലിക്കരികില്‍ നില്‍ക്കുന്ന നാടന്‍ കാമുകനും മറ്റുമുള്ള മാമാലകള്‍ക്കപ്പുറത്തെ മരതകപ്പട്ടുടുത്ത നാട്ടിലേക്ക്...
ആറ്റിനക്കരെയക്കരെ ആരാണോ...
പൂത്തു നില്ക്കണ പൂമരമോ, എന്നെ
കാത്തു നില്ക്കണ പൈങ്കിളിയോ....
അങ്ങനെ പൂത്തുലഞ്ഞായിരുന്നു ഉറൂബിന്‍റെ ഉമ്മാച്ചു പുസ്തകത്താളില്‍ നിന്നുമിറങ്ങി വന്നത്... മനസ്സിലേക്ക് കടന്നു വന്നത്. വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ ഭാര്‍ഗവിക്കുട്ടിയുടെ പാദസരക്കിലുക്കം കേട്ടതും ഭാസ്കരന്‍ മാഷിന്‍റെ പാട്ടിലൂടെ തന്നെ. പാതിരക്കാറ്റില്‍ പട്ടുറുമാല്‍ ഇളക്കി പൂഞ്ചോലക്കടവും കടന്ന്‍ അവള്‍ എത്തിയപ്പോള്‍.. താമസമെന്തേ വരുവാന്‍ പ്രാണസഖീ... എന്ന്‍ പാടി പാടി കാത്തിരിക്കുകയായിരുന്നു കാമുക ഹൃദയങ്ങള്‍.
ഈറനുടുത്തും കൊണ്ട് അംബരം ചുറ്റുന്ന
വാസന്ത രാവിലെ വെണ്ണിലാവേ
വൃഥ എന്തിനീ ദേവനെ കൈകൂപ്പുന്നു...
എം.ടി യുടെ ഇരുട്ടിന്‍റെ ആത്മാവിലെ അമ്മുക്കുട്ടിയുടെ നൊമ്പരം ജാനകിയമ്മയുടെ ശബ്ദത്തിലൂടെ ഒഴുകി വന്നു. 

എങ്കിലുമെന്നോമലാള്‍ക്ക് താമസിക്കാനനെന്‍ കരളില്‍
തങ്കക്കിനാക്കള്‍ കൊണ്ടൊരു താജ് മഹല്‍ ഞാന്‍ പണിയും..(പരീക്ഷ)

പാമാരനായ പാട്ടുകാരാ... നീ തീര്‍ത്ത താജ്മഹലിന് മലയാളമുള്ളിടത്തോളം മരണമില്ല.

എം.എസ് ബാബുരാജിന്‍റെ ഗസല്‍ സ്പര്‍ശം ഭാസ്കരന്‍ മാഷിന്‍റെ അക്ഷരങ്ങളെ പുണര്‍ന്ന്‍ അഭൌമമായ സ്നേഹപ്രവഹമായ്‌ ഒഴുകുകയായിരുന്നല്ലോ നാടാകെ. താമരക്കുമ്പിളല്ലോ മമഹൃദയം.. താതാ നീ സംഗീത മധു പകരൂ. എന്നു  പാടിക്കൊണ്ടാണ് ബാബുരാജ് കണ്ണടച്ചത്. ആത്മാവില്‍ ലയിച്ചു ചേര്‍ന്നു ആ സംഗീതവും.  
വയലാര്‍ ഗാനങ്ങളില്‍ കാണുന്ന ലൌകിക പ്രണയം പി ഭാസ്കരനിലെത്തുമ്പോള്‍ ആത്മീയഭാവം പൂണ്ട അനുരാഗമായ്‌ മാറുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്. മറ്റെങ്ങും കണ്ടെത്താനാവാത്ത അനുരാഗക്കരിക്കിന്‍ വെള്ളം.... കുമാരനാശാന്‍റെ പ്രണയ സങ്കല്പത്തോട് ചേര്‍ന്നു നില്‍ക്കുന്നു പലപ്പോഴും ഭാസ്കരന്‍ മാഷിന്‍റെ സ്നേഹപ്രപഞ്ചം.

വ്യാമോഹങ്ങള്‍ ചാരമായ്‌ മാറുമ്പോഴും പാരിതിലൊരുനാളും മണ്ണടിയാത്ത  നിര്മലമായ അനുരാഗം.

ചുടു കണ്ണീരു ചാലിച്ച് എഴുതിയ ജീവിതകഥ ലൈലമജ്നുവില്‍ ഉദയഭാനു ഇടറിയ സ്വരത്തില്‍ പാടുകയായിരുന്നു. അപ്പോള്‍ കരയാതിരിക്കാനായില്ല മലയാളക്കരക്ക്. അങ്ങനെ എത്രയോ പ്രേമകാവ്യങ്ങള്‍. ദുഖകാവ്യങ്ങള്‍.

ഒരു ഗാനം മാത്രം ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീ എത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍...
പ്രണയികള്‍ക്ക് എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ ആയിരം പാട്ടുകള്‍ വേണ്ട, ഭാസ്കരന്‍ മാഷിന്‍റെ ഒരേയൊരു പാട്ട് മതിയല്ലോ!

ആദര്‍ശത്തിന്‍റെ മഞ്ഞണി പൂനിലാവ്
സിനിമയുടെ മഞ്ഞണി പൂനിലാവില്‍ നനയുമ്പോഴും സമുദായ മൈത്രിയുടെയും, ദേശസ്നേഹത്തിന്‍റെയും, വിപ്ലവ ചിന്തകളുടെയും സന്ദേശ വാഹകനായിരുന്നു അദേഹം.  ആദ്യ കവിതാ സമാഹാരത്തില്‍ തന്നെ അദ്ദേഹമെഴുതി...
വില്ലാളിയാണ് ഞാന്‍ ജീവിത സൌന്ദര്യ
വല്ലകി മീട്ടലല്ലെന്‍റെ ലക്ഷ്യം.
കാണാമെന്‍ കൈകളില്‍ പാവനാദര്‍ശത്തിന്‍
ഞാണാല്‍ നിബന്ധിച്ച ഭാവനയെ..

ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരുപിടി മണ്ണല്ല. ജനപദങ്ങള്‍ മുക്കിലും മൂലയിലും ഉറക്കെ പാടി നടന്നത് കേവലമൊരു സിനിമാഗനമല്ല ജന്മഭൂമിയോടുള്ള സ്നേഹസങ്കീര്‍ത്തനം തന്നെയായിരുന്നല്ലോ.
 
ഉമ്മ, കുട്ടിക്കുപ്പായം, മണിയറ, ലൈലമജ്നു തുടങ്ങി അനവധി ചിത്രങ്ങളില്‍ പിറന്ന മനോഹരമായ മാപ്പിളപ്പാട്ടുകള്‍ നാടിന്റെ സാംസ്കാരിക വൈവിധ്യത്തിന്‍റെ നിദര്‍ശനമായി മാറി. സിനിമ ഹറാം ആയിരുന്ന മുസ്ലീം സമൂഹത്തെ സിനിമാകൊട്ടകയിലെക്ക് കൊണ്ട് വന്നത് മാഷാണല്ലോ. മലയാളപ്പെരുമ പാടി തുളുനാടന്‍ പട്ടുടുത്തെത്തിയ വടക്കന്‍ പാട്ടുകള്‍  മാനത്തു മഴമുകില്‍ മാലകള്‍ തീര്‍ത്ത കാലമായിരുന്നു അത്. തള്ളി നീക്കിയ പന്നാസു വണ്ടിയും, കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴവും, കുപ്പായക്കീശമേലെ കുങ്കുമപ്പൊട്ടു കണ്ടു കളിയാക്കുന്ന കൂട്ടുകാരും മറ്റും ചിരിയുടെ അലകളിളക്കിയപ്പോള്‍ തന്നെ  കേശാദി പാദം തൊഴുന്നേന്‍.. കേശവാ... എന്ന് അലിഞ്ഞു പാടി ഈശ്വര സാമീപ്യം അറിയിച്ചതും  'അല്ലാവിന്‍ ‍ കാരുണ്യമില്ലെങ്കില്‍ ഭൂമിയില്‍ എല്ലാരുമെല്ലാരും യത്തീമുകള്‍' എന്ന് പാടിയതും അതേ  കവി മനസ്സ് തന്നെ.
 
ബാബുരാജ്, കെ. രാഘവന്‍, ദേവരാജന്‍, ചിദംബരനാഥ്, പുകഴേന്തി, ദക്ഷിണാമൂര്‍ത്തി, ഉഷ ഖന്ന, എ.ടി ഉമ്മര്‍, ജോബ്‌, രവീന്ദ്രന്‍, ജോണ്‍സന്‍... തുടങ്ങി നിരവധി പ്രതിഭകള്‍ മാഷിന്‍റെ വരികള്‍ക്ക് ഈണം നല്‍കി. സ്വന്തം സിനിമയില്‍ മറ്റു പാട്ടെഴുത്തുകാര്‍ക്കും അവസരം കൊടുക്കാനുള്ള ഹൃദയ വിശാലതയും ആദേഹത്തിനുണ്ടായിരുന്നു. വിലക്ക് വാങ്ങിയ വീണ, കാക്കത്തമ്പുരാട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രീകുമാരന്‍ തമ്പി നല്‍കിയ ഗാനങ്ങള്‍ അതിന് ഉദാഹരണമാണ്.

സ്ത്രീഹൃദയത്തിന്‍റെ തുടിപ്പുകള്‍

മലയാളത്തില്‍ ഒരു പാട്ടെഴുത്തുകാരി ഉദയം കൊള്ളാതെ പോയപ്പോഴും പെണ്‍മനസ്സിനെ ഏറ്റവും സുതാര്യമായ്‌ പകര്‍ത്തിയത് ഭാസ്കരന്‍ മാഷാണെന്ന് തോന്നിയിട്ടുണ്ട്.
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കെ
സ്വരരാഗ സുന്ദരിമാര്‍ക്ക് വെളിയില്‍ വരാനെന്തൊരു നാണം...

ഇത് ഒരു തലമുറയിലെ പെണ്‍മനസ്സിന്‍റെ ഭാവമായിരുന്നു. നാണം നഷ്ടമായ കാലത്തിനു ചിലപ്പോള്‍ അറിഞ്ഞു കൂടായിരിക്കും ഈ വരികളുടെ അര്‍ഥം.
എന്‍ പ്രാണനായകനെ എന്ത് വിളിക്കും
എങ്ങനെ ഞാന്‍ നാവെടുത്തു പേര് വിളിക്കും...

എടാ, പോടാ എന്നൊക്കെ സ്നേഹത്തോടെ  വിളിക്കുന്ന ഇക്കാലത്ത്‌ ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നു എന്ന ഒര്‍മപ്പെടുത്തലായ്‌ ഈ പാട്ടുകള്‍ ബാക്കിയാവട്ടെ.
ആദ്യത്തെ കണ്മണി ആണായിരിക്കണം, അവന്‍
അച്ഛനെ പോലെ ഇരിക്കണം....

എന്ന് കൊതിക്കുന്ന സ്ത്രീകള്‍ ഇന്നുമുണ്ടാവാം.. അല്ലെ?
എള്ളെണ്ണ മണം വീശും എന്നുടെ മുടിക്കെട്ടില്‍
മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരാ..

ഇന്ന്‍ സുന്ദരികളുടെ മുടിച്ചാര്ത്തില്‍ എള്ളെണ്ണയുടെ മണമല്ല ഷാമ്പുവിന്‍റെ വാസനയായിരിക്കാം. എങ്കിലും കാമുകനെ കിനാവ്‌ കണ്ട് കൊതിച്ചിരിക്കുന്ന യൌവ്വനം   അന്നും ഇന്നും ഒന്ന് തന്നെ.
വാസന്ത പഞ്ചമി നാളില്‍ വരുമെന്നൊരു കിനാവ്‌ കണ്ടു
പടിവാതിലില്‍ മിഴിയും നട്ട് കാത്തിരുന്നു ഞാന്‍...

ഇത്രയും വിരഹാര്‍ദ്രമായ കാത്തിരിപ്പ് മലയാളത്തിലില്ല. ഉണ്ടെങ്കില്‍ അതെല്ലാം മാഷ്‌ എഴുതിയതിന്‍റെ തുടര്‍ച്ച മാത്രമാകും. വിരലൊന്നു മുട്ടിയാല്‍ പൊട്ടിച്ചിരിക്കുന്ന മണിവീണക്കമ്പികളെയും, മാനസമണിവേണുവില്‍ ഗാനം പകര്‍ന്ന കാമുകനെയും, മാറോടണച്ചുറക്കിയിട്ടും ഉണരുന്ന മാദക വ്യാമോഹങ്ങളെയും, അഞ്ജനക്കണ്ണെഴുതി ആലില താലി ചാര്‍ത്തി കാത്തിരിക്കുന്ന  വടക്കന്‍ പെണ്ണിനെയും പറ്റി പാടി പാടി നാദബ്രഹ്മത്തിന്‍റെ സാഗരം താണ്ടി ലോകം മുഴുവന്‍ സുഖം പകരുന്ന  സ്നേഹ ദീപമായി ഇന്നും മിഴി തുറന്നു നില്‍ക്കുകയാണ് ഇന്നലെയൊരു സുന്ദര രാഗമായ് നമ്മുടെ പൊന്നോടക്കുഴലില്‍ ഒളിച്ചിരുന്ന പ്രേമ സംഗീതം. ആരുടേയും മനസ്സില്‍ കുടിയേറുന്ന വികാരവായ്പും, ലാളിത്യവും,നാടന്‍ ബിംബങ്ങളും ഒക്കെയാവാം മാഷിന്‍റെ പാട്ടിന്‍റെ മാസ്മരികത.
 
ഇന്ന് അമാനുഷികനായ നായകനെ ചുറ്റിപ്പറ്റുന്ന അലങ്കാരമായ് മാത്രം നായിക തഴയപ്പെടുകയാണ് മിക്ക ചിത്രങ്ങളിലും. കള്ളിച്ചെല്ലമ്മ യെ പോലെ ശക്തയായ സ്ത്രീ കഥാപാത്രങ്ങളെ നല്‍കുവാന്‍ മാഷിനായി. മാഷ്‌ നായികയ്ക്ക് നായകനോടോപ്പമോ അതിലധികമോ സ്ഥാനം കൊടുത്തിരുന്നു. മുത്തശ്ശി, ഉമ്മാച്ചു, ഭാര്‍ഗവീ നിലയം, മുറപ്പെണ്ണ്‍, അശ്വതി, അമ്മയെ കാണാന്‍, മനസ്വിനി, സ്ത്രീ, തറവാട്ടമ്മ, ശ്യാമളചേച്ചി.. അങ്ങനെ സിനിമയുടെ പേരുകളില്‍ തന്നെ ആ പ്രത്യേകത കാണാം.

അനാദി കാലം മുതലേ ഈ അജ്ഞാതകാമുകനകലേ....

അപാര സുന്ദര നീലാകാശത്തു മറഞ്ഞാലും മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിയ മധുമാസ ചന്ദ്രികയായി ആ വിസ്മയം എന്നും നമുക്കൊപ്പമുണ്ടല്ലോ. പറഞ്ഞാലും പറഞ്ഞാലും തീരില്ല ഏറെ പ്രിയമുള്ള മാഷിന്റെ പാട്ടുകളെ പറ്റി. പൂനുള്ളി പൂ നുള്ളി കൈവിരല്‍ കുഴഞ്ഞല്ലോ എന്ന് പരിഭവിച്ചു പിന്‍വാങ്ങാനേ എനിക്കാവൂ.
ഒരു മുല്ലമൊട്ടില്‍ ഒതുക്കുവതെങ്ങനെ
ഒടുങ്ങാത്ത വസന്തത്തിന്‍ മധുര ഗന്ധം....!

സത്യമാണ്! എങ്ങനെ ഒരു കുറിപ്പില്‍ ഒതുക്കും ഞാന്‍ ആ പാട്ടുകളോടുള്ള എന്‍റെ അഭിനിവേശത്തെ. അനഘ സങ്കല്‍പ ഗായികേ.. എന്ന പാട്ടില്‍ എഴുതുകയാണ്,
സമയ തീരത്തിന്‍ ബന്ധനമില്ലാതെ
മരണസാഗരം പുല്‍കുന്ന നാള്‍ വരെ
ഒരു മദാലസ നിര്‍വൃതീ ബിന്ദുവായ്
ഒഴുകുമെങ്കിലോ ഞാന്‍ നിത്യതൃപ്തനാം.

മരണസാഗരം പുല്‍കും വരെ കര്‍ത്തവ്യനിരതമായ്‌ സാഫല്യമടഞ്ഞ ഒരു ജീവിതം!
നിദ്ര തന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍
സ്വപ്നത്തിന്‍ കളിയോടം കിട്ടീ

സ്വപ്നത്തിന്‍റെ കളിയോടം തുഴഞ്ഞ് അദ്ദേഹം ഒറ്റക്ക് മറ്റാരും കാണാത്ത കരയിലേക്ക് പോയി, ദുഖങ്ങള്‍ക്ക് അവധി കൊടുത്ത് സ്വര്‍ഗത്തില്‍ മുറിയെടുക്കാന്‍...
മറക്കാന്‍ പറയുവാന്‍ എന്തെളുപ്പം
മണ്ണില്‍ പിറക്കാതിരിക്കലാണതിലെളുപ്പം

മറക്കാനോ ഞങ്ങള്‍! ഒരിക്കലുമില്ല.
കാവ്യ പുസ്തകമല്ലോ ജീവിതം
കണക്കെഴുതാനതില്‍ ഏടുകളെവിടെ
ഗാനങ്ങള്‍ക്കും സിനിമകള്‍ക്കും ഒരുപാട് പുരസ്കാരങ്ങള്‍ അദേഹത്തെ തേടി എത്തിയിട്ടുണ്ടെങ്കിലും  കണക്കുകളില്ലാതെ ഒരു ജീവിതം നല്ല സിനിമക്കായ് തുളുമ്പിയ  മാഷിന് ഒരു പത്മപുരസ്കാരം നല്‍കിയിട്ടില്ല. സിനിമയിലെ പുതുമുഖങ്ങള്‍ പലരും കൈനീട്ടി വാങ്ങിയിട്ടും മാഷെ പരിഗണിച്ചിട്ടില്ല. എങ്കിലും... തലമുറകളിലൂടെ മലയാളിയുടെ മനസ്സിന്‍റെ താളില്‍, നെഞ്ചിലെ മണ്‍കുടുക്കയില്‍ നേടിയ സംപൂജ്യമായ ഇടത്തിനു പകരമാവാന്‍ ഒരു പുരസ്കാരത്തിനുമാവില്ലല്ലോ!

 അങ്ങയുടെ ഒരുപിടി അക്ഷരങ്ങള്‍ കൂടി, ഗുരോ,  അഞ്ജലിയായ്‌ അര്‍പ്പിക്കട്ടെ....
എവറസ്റ്റ്‌ കൊടുമുടിയെക്കാള്‍ മണല്‍ക്കുന്നുകളെ ഇഷ്ടപ്പെട്ട വിഡ്ഢിയാണ് ഞാന്‍.
ഈ ഇടുങ്ങിയ മുറിയില്‍ ഞാന്‍ സത്യാന്വേഷണം എന്ന സ്വപ്നത്തില്‍ മുഴുകുന്നു.
ഒരു പാട്ടിന്‍റെ ജാലകം മാത്രം നിങ്ങള്‍ക്കായ്‌ തുറന്നിരിക്കുന്നു.
നെഞ്ചിലെ മണ്‍ കുടുക്കയില്‍ സൂക്ഷിച്ചു വെച്ച ഗംഗാജലം,
എന്‍റെ നിശ്വാസം നേര്‍ക്കുമ്പോള്‍, ഇറ്റിറ്റായ് പകര്‍ന്നു തരിക....

77 comments:

  1. ഭാസ്കരന്‍ മാഷിന്‍റെ അഞ്ചാം ചരമ വാര്‍ഷിക ദിനത്തില്‍ വര്‍ത്തമാനം പത്രത്തില്‍ പ്രസിദ്ധീകരിച്ച ഫീച്ചര്‍....
    മാഷിന്‍റെ പാട്ടുകള്‍ ഇഷ്ടപ്പെടാത്തവരായ്‌ ആരുമുണ്ടാവില്ലല്ലോ. നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ടു വരി പാട്ട് കമെന്റ്റ്‌ ബോക്സില്‍ എഴുതൂ.. അങ്ങനെ നമുക്കൊരുമിച്ചു ചേരാം കൂട്ടുകാരെ, ആ നാദബ്രഹ്മ സാഗരത്തില്‍...

    ReplyDelete
    Replies
    1. ....കരയില്‍നിക്കും നിന്നെ കാണാന്‍ കടവുതോണി
      ഈ കടവുതോണി- എന്റെ
      കണ്ണുമൂടിയാല്‍ നിന്നെ കാണാന്‍
      കനവുതോണീ...എന്റെ കനവുതോണീ...
      ആറ്റിനക്കരെ യക്കരെ ആരാണോ... ആരാണോ...

      രണ്ടല്ല നാല് വരി കെടക്കട്ടെ
      അത്രമാത്രം ആസ്വദിച്ച ഗാനങ്ങളല്ലേ നമുക്കദ്ദേഹം സമ്മാനിച്ചത്‌.

      Delete
  2. പഴയകാലത്തെ ഗാനങ്ങളോടാണ് എനിക്ക് കൂടുതല്‍ ഇഷ്ടം .അതിലെ വരികളുടെ അര്‍ത്ഥവ്യാപ്തിയും ,ഭാവവുമാണ് സംഗീതാംശത്തേക്കാള്‍ എന്നെ കൂടുതല്‍ ആകര്‍ഷിക്കാറുള്ളത്. നാഴൂരിപ്പാലുകൊണ്ട് നാടാകെ കല്ല്യാണം തീര്‍ത്ത ഭാസ്കരന്‍ മാഷിന്റെ വരികള്‍ എന്റെയും പ്രിയപ്പെട്ടവ ആകുന്നു.

    നന്നായി ഈ അനസ്മരണം.

    ReplyDelete
    Replies
    1. നാലഞ്ചു തുമ്പ കൊണ്ട് മാനത്തൊരു പൊന്നോണം..!
      നന്ദി മാഷെ.

      Delete
  3. വൃശ്ചിക രാത്രി തൻ അരമന മുറ്റത്തൊരു പിച്ചക പൂ പന്തലൊരുക്കി വാനം........
    വൃശ്ചിക പൂ നിലാവേ പിച്ചകപ്പൂ നിലാവേ.....
    താനേ തിരിഞ്ഞും മറിഞ്ഞും,തൻ താമര മെത്തയിലുറുണ്ടും മയക്കം വരാത മാനത്ത് കിടക്കുന്നു മധുമാസ സുന്ദര ചന്ദ്രലേഖ...
    ആറാട്ട് കടവിൽ അരക്കൊപ്പംവെള്ളത്തിൽ.......... ഒരു പാടുണ്ടെഴുതാൻ..... ഒരിക്കൽ കാവാളം നാരായണപ്പണിക്കർ ചേട്ടൻ എന്നോട് പറഞ്ഞു...മലയാളത്തിൽ സിനിമാ പാട്ടെഴുതാൻ ഭയങ്കര ബുദ്ധിമുട്ടാ....നല്ല വാക്കുകളെല്ലാം വയലാറും, ഭാസ്കരൻ മ്ആസ്റ്ററും കൂടി എഴുതി തീർത്തെന്ന്..... എന്തായാലും ഭാസ്കരന്‍ മാഷിന്‍റെ അഞ്ചാം ചരമ വാര്‍ഷിക ദിനത്തില്‍ ഈ പോസ്റ്റ് വളരെ മികച്ചതായി...

    ReplyDelete
    Replies
    1. ചന്തുവങ്കിള്‍, കാവാലം സര്‍ പറഞ്ഞത് തീര്‍ത്തും ശരിയാല്ലേ..! കുറെ പാട്ടോര്‍മകള്‍ ചേര്‍ത്തുവല്ലോ...!
      അതില്‍ മച്ചിന്‍റെ മേലെ ഇരുന്നു ഒളിച്ചു നോക്കുന്ന വൃശ്ചിക പൂനിലാവില്‍ ‘വയനാടന്‍ വാകതൈ തളിര്‍ത്ത പോലെ’ എന്നൊരു വരിയുണ്ട്. അതുകൊണ്ട് അതിനോട് എനിക്ക് കൂടുതല്‍ ഇഷ്ടം.
      ഒത്തിരി നന്ദി.

      Delete
  4. നാഴിയുരി പാല് കൊണ്ട് നാടാകെ കല്യാണം നാലഞ്ചു തുമ്പ കൊണ്ട് ...,നാളികേരത്തിന്റെ നാട്ടില്‍ എനിക്കൊരു നാഴിടിടങ്ങഴി മണ്ണുണ്ട് ...മഞ്ഞണി പൂനിലാവ് പെരാറ്റിന്‍ കടവിങ്കല്‍ മഞ്ഞള്‍ അരച്ച് വച്ച് നീരാടുമ്പോള്‍ ..ഇങ്ങനെ ഗ്രാമീണ ത്തനിമ തുളുമ്പുന്ന എത്രയെത്ര ഗാന വല്ലരികള്‍ ..ഭാസ്കരന്‍ മാഷ്‌ മലയാള കാവ്യ ശാഖയുടെയും ,സിനിമാ മേഖലയുടെയും പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങളുടെയും അതി വിശിഷ്ടമായ ഒരു കാലഘട്ടത്തെ പ്രതിനിധാനം ചെയ്ത കര്‍മ്മ ധീരന്‍ ആയിരുന്നു ...അദ്ദേഹത്തെ പോലുള്ളവര്‍ക്ക് പകരം എന്ന് പറയാന്‍ ഇനി വേറെആരെയാണ് ചൂണ്ടി കാണിക്കാന്‍ കഴിയുക ? ..ഷീല വളരെ ആത്മാര്‍ഥമായ ഈ സമര്‍പ്പണത്തിന് നന്ദി ..വളരെ സന്തോഷം ..

    ReplyDelete
    Replies
    1. രമേശേട്ടന്‍, ശരിയാണ്. പകരം വെക്കാന്‍ ഇല്ലാത്ത പ്രതിഭ തന്നെയായിരുന്നു അദ്ദേഹം.
      സന്തോഷം വായിച്ചതിന്. നന്ദിട്ടോ.

      Delete
  5. ഒരുകാലത്ത് റേഡിയോയിലൂടെ കേട്ട് ആസ്വദിച്ച മനോഹര വരികള്‍. എത്ര എത്ര മധുരിക്കുന്ന ഗാനങ്ങള്‍ അദ്ദേഹം നമുക്ക് തന്നിട്ട് പോയി. പി ഭാസ്കരന്‍ എന്ന അതുല്ല്യ പ്രതിഭയുടെ മിക്ക ഗാനങ്ങളിലൂടെയും കടന്നു പോയ ഈ അനുസ്മരണം വളരെ ഹൃദ്യമായി. ഈ ഓര്‍മ്മക്കുറിപ്പ്‌ തയാറാക്കിയതിനു അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. ശരിയാ. ചെറുപ്പത്തില്‍ റേഡിയോയില്‍ പാട്ട് കേട്ട് മൂളി നടക്കുമ്പോള്‍ ഇതൊക്കെ എഴുതിയതാരാന്നൊന്നും ചിന്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.. വര്‍ഷങ്ങള്‍ക്കു ശേഷമാ ആ സുന്ദര വരികളുടെ സൃഷ്ടാവിനെ അറിഞ്ഞത്.
      നന്ദി അക്ബര്‍ ജി.

      Delete
  6. നല്ലൊരു അനുസ്മരണം......ഈ ഓർമ്മക്കുറിപ്പിന് ഒത്തിരി നന്ദി. അദ്ദേഹത്തിന്റെ നാലുവരികൾ മൂളാതെ ഒരു ദിവസവും കടന്നു പോകുന്നില്ല.

    ReplyDelete
    Replies
    1. ഇത് ഓരോ മലയാളിയുടെയും വികാരമാ, അല്ലെ?
      നന്ദി എച്മു.

      Delete
  7. കാതിനും ഒപ്പം മനസ്സിനും നിര്‍വൃതി പകരുന്ന പാട്ടുകള്‍ ഇന്ന് അപൂര്‍വം!
    ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് ജഗജിത് സിംഗിന്റെ ഗസലുകള്‍ ആണ് ...പക്ഷെ ലാളിത്യത്തിന്റെ ഈ പാട്ടെഴുത്തുകാരനെ മറന്നു നമ്മുക്കൊരു ആസ്വാദനമുണ്ടോ...?
    ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പോസ്റ്റ്‌

    ReplyDelete
    Replies
    1. ഗസലുകള്‍ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും ബാബുക്കയുടെ ഗസല്‍ സ്പര്‍ശം വീണ വരികളും ഇഷ്ടപ്പെട്ടു പോകും..ല്ലേ?
      നന്ദി ഇസ്മയില്‍...

      Delete
  8. Oru kaalathu njaan ONV ye aayirunnu aaraadhichirunnath.

    Pilkkaalathu bhaskaran mashinte paattukal kuuTuthal kettappol ONV yekkal oru paNamiTa munnilaaNu maash ennu manassilaayi!

    Good post; Enjoyed it!

    ReplyDelete
    Replies
    1. ഡോക്ടര്‍ എഴുതിയത് എന്‍റെയും കൂടി അനുഭവമാ.
      കൌമാരത്തില്‍ കേട്ട് ആസ്വദിച്ചത് ഓ എന്‍ വി സാറിന്‍റെ നഖക്ഷതങ്ങളിലെയൊക്കെ പാട്ടുകളാ. അപ്പോള്‍ ഓ എന്‍ വി ആയിരുന്നു എനിക്കും താരം. പിന്നീടാണ് അതിലും പഴയ പാട്ടുകളിലേക്ക് ഞാനും വളര്‍ന്നത്‌.
      നന്ദി ജയന്‍.

      Delete
  9. താനേ തിരിഞ്ഞും മറിഞ്ഞും
    തൻ താമരമെത്തയിലുരുണ്ടും
    മയക്കം വരാതെ മാനത്തു കിടക്കുന്നു
    മധുമാസസുന്ദര ചന്ദ്രലേഖ

    ചന്ദനക്കട്ടിലിൽ പാതിരാ വിരിച്ചിട്ട
    ചെമ്പക വെണ്‍മലർ തൂവിരിപ്പിൽ
    മധുവിധുരാവിനായ് ചുണ്ടുകളിൽ പ്രേമ
    മകരന്ദ മഞ്ജരിയേന്തി..

    ReplyDelete
    Replies
    1. ചന്ദ്രലേഖയെ ഇതിലും ഭംഗിയായ് എങ്ങനെ വര്നിക്കും...!
      അമ്പലപ്രാവിലെ ഈ പാട്ട് എന്‍റെയും പ്രിയ ഗാനമാ. ജാനകിയമ്മയുടെ സ്വരത്തില്‍ ബാബുക്കയുടെ ഗസല്‍ സ്പര്‍ശത്തില്‍ ആ ചന്ദ്ര ലേഖ മനസ്സില്‍ അങ്ങനെ കിടന്നുരുളും...
      നന്ദി ഹസീന്‍..

      Delete
  10. മാഷിന്റെ ഗാനങ്ങളിലൂടെ, അല്ല ജീവിതത്തിലൂടെ തന്നെ ഒരു കളിയോടം തുഴഞ്ഞു പോയല്ലോ ഷീല ഈ മനോഹരവും സമയോചിതവുമായ പോസ്റ്റിലൂടെ.

    പിന്നെ മാഷിന്റെ, പ്രിയപ്പെട്ട രണ്ടു വരികള്‍ എങ്ങനെ എഴുത്തും; പ്രിയപ്പെട്ട ഒരുപാടു വരികളുള്ളപ്പോള്‍ !

    ഒരു കൊച്ചു അഭിപ്രായ വ്യത്യാസം കൂടി പറഞ്ഞോട്ടേ, "മലയാളത്തില്‍ ഒരു പാട്ടെഴുത്തുകാരി ഉദയം കൊള്ളാതെ പോയപ്പോഴും.." - ഇത് ശരിയല്ലല്ലോ, പൊട്ടിനും പൊടിക്കും എങ്കിലും ഉണ്ടല്ലോ.

    അദ്ദേഹത്തിന്‍റെ പ്രശസ്തമായ ഈ വരികള്‍ കൂടി എഴുതാന്‍ തോന്നുന്നു ഇവിടെ :

    ‘മരിക്കും സ്മൃതികളില്‍ ജീവിച്ചു പോരും ലോകം
    മറക്കാന്‍ പഠിച്ചതു നേട്ടമാണെന്നാകിലും
    ഹസിക്കും പൂക്കള്‍ പൊഴിഞ്ഞില്ലെങ്കില്‍ ഒരു നാളും
    വസന്തം വസുധയില്‍ വന്നിറങ്ങില്ല, എന്നാലും
    വ്യര്‍ത്ഥമായ് ആവര്‍ത്തിപ്പൂ, വ്രണിത പ്രതീക്ഷയാല്‍
    മര്‍ത്ത്യനീപ്പദം രണ്ടും ’ഓര്‍ക്കുക വല്ലപ്പോഴും’

    ReplyDelete
    Replies
    1. അനില്‍ പറഞ്ഞത് ശരിയാട്ടോ . പൊട്ടിനും പൊടിക്കും ഉണ്ട് ഓ.വി ഉഷയെ പോലെ ചിലര്‍ മാത്രം. അതും വളരെ കുറച്ചു പാട്ടുകള്‍.
      ഓര്‍ക്കുക വല്ലപ്പോഴും എന്ന് എഴുതി പോയ ആളെ എന്നും ഓര്‍ക്കുന്നവരാ നമ്മള്‍ അല്ലെ?
      മനോഹരമായ കാവ്യ ശകലത്തിനും നന്ദി അനില്‍...

      Delete
  11. എക്കാലവും ജീവിക്കുന്ന വരികളിലൂടെ വീണ്ടും ഒരു യാത്ര ...
    അനുസ്മരണം വളരെ നന്നായിരിക്കുന്നു ഷീല ...
    ആശംസകള്‍

    ReplyDelete
  12. വളരെ വിജ്ഞാനപ്രദമായ ലേഖനം .മാഷിനു ഉചിതമായ സ്മരണാഞ്ജലി ..

    ReplyDelete
    Replies
    1. വന്നു വായിച്ചല്ലോ. നന്ദിട്ടോ സിയാഫ്‌..!

      Delete
  13. ...കൊള്ളാം, വളരെ സംതൃപ്തമായ ഒരു ‘ഓർമ്മക്കുറിപ്പ്’. ഏറെ പ്രശസ്തിയേറിയ ഒട്ടുമിക്ക വരികളിലൂടെയും ഒഴുകിയൊഴുകി നിനവുകൾ പങ്കുവച്ച്, അവസാനം ‘ഇറ്റിറ്റായ് പകരാനുള്ള ഗംഗാജല’മാക്കി, ആ ‘മൺകുടുക്ക’യിൽ കൊണ്ടുവന്നു നിക്ഷേപിച്ചത്.........വളരെവളരെ അനുമോദനാർഹം. മലയാളസിനിമയുടെ അൻപതാം വാർഷികം ആഘോഷിച്ചപ്പോൾ, ഭാസ്കരൻ മാഷിനെ പ്രത്യേകം ആദരിച്ച് സമ്മാനങ്ങൾ നൽകുകയുണ്ടായി. അന്ന് അദ്ദേഹം ചുരുക്കം വാചകങ്ങളിലൊതുക്കിയിട്ട് പറഞ്ഞത് ഇത്രമാത്രം...‘....എനിക്ക് ഒന്നേ പറയാനുള്ളൂ, എന്റെ ഒരു കവിതയുടെ പേരാണത്. ‘ഓർക്കുക വല്ലപ്പോഴും......’. ജനങ്ങൾ എക്കാലവും ആ മഹാപ്രതിഭയെ ഓർത്തുകൊണ്ടേയിരിക്കുന്നു. ശ്രീ.യേശുദാസ് പ്രശസ്തിയുടെ നെറുകയിലെത്തിയ നാളുകളിൽ, ജനറൽ പിക്ച്ചേഴ്സ് രവി നിർമ്മിച്ച ‘അച്ചാണി’ എന്ന സിനിമ ‘മാഷി’ന്റെ സംവിധാനത്തിലിറങ്ങി. അതിൽ ഒരു ‘അതിഥിഗായക’നായി യേശുദാസ് തന്നെ പാടിയഭിനയിച്ചു. ‘എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ വന്നിറങ്ങിയ രൂപവതീ......’യെന്ന ഉജ്ജ്വലഗാനമാണത്. ജോസ് പ്രകാശ് മറഞ്ഞുപോയ ഈയവസരത്തിൽ, ‘കാട്ടുകുരങ്ങി’ലെ ‘...സാക്ഷാൽ നാദബ്രഹ്മത്തിൻ സാഗരം നീന്തിവരും....’ എന്ന ശാസ്ത്രീയഗാനത്തിനും പ്രസക്തിയുണ്ട്. ......ഈ നല്ല ‘ഓർമ്മപുതുക്ക’ലിന് വിജയാശംസകൾ.....

    ReplyDelete
    Replies
    1. ശരിക്കും വിഎ സാറിനെ പോലുള്ളവര്‍ ഞങ്ങളെക്കാള്‍ നൂറു മടങ്ങ്‌ ആ പാട്ടുകളെ നെഞ്ചേറ്റിയവരാണല്ലോ...! അദ്ദേഹത്തിന്‍റെ സിനിമകള്‍ കണ്ടും പാട്ടുകള്‍ കേട്ടും വളര്‍ന്ന ഭാഗ്യവാന്മാര്‍ ആണല്ലോ.
      ലേഖനം വായിച്ച് പുതിയൊരു അറിവ് കൂടി ചേര്‍ത്തു വെച്ചതിന് ഒത്തിരി നന്ദിട്ടോ. അന്‍പതാം വാര്‍ഷിക വേളയില്‍ മാഷ്‌ പറഞ്ഞ കാര്യം..
      ആശംസകളോടെ..

      Delete
  14. ശ്രദ്ധേയം ഈ സ്മരണാജ്ഞലി.!

    ReplyDelete
    Replies
    1. നമൂസ്‌.. ഗഹനമായ കവിതകള്‍ എഴുതുന്ന ആള്‍ക്കും ലളിതമായ പാട്ടുകള്‍ ഇഷ്ടമാവും ല്ലേ? കാരണം മാഷിന്‍റെ വരികള്‍ ഹൃദയത്തിന്‍റെ ഭാഷയാണല്ലോ. നന്ദി നമൂസ്‌.

      Delete
  15. ഈ മനുഷ്യനെഴുതിയ ഒരീരടി മൂളാത്ത ഏതെങ്കിലും ഒരു മലയാളി കാണുമോ? സംശയമാണ്.

    ReplyDelete
    Replies
    1. സത്യം..! വന്നു വായിച്ചല്ലോ. നന്ദി അജിത്‌.

      Delete
  16. മനോഹരമായിരുന്നു സഹോദരീ ഈ യാത്ര. പ്രവാസത്തിന്‍റെ ഊഷരതയില്‍ ഗൃഹാതുരതയുടെ തെളിനീര്‍ വീഴ്ത്തി മനസ്സിനെ അല്‍പനേരത്തേക്കെങ്കിലും ഉര്‍വരമാക്കിയ ഈ വരികള്‍ പി. ഭാസ്കരന്‍ എന്ന ബഹുമുഖ പ്രതിഭയ്ക്കുള്ള ഒന്നാന്തരം പുരസ്കാരമായി. തൊട്ടിലില്‍ കിടക്കുമ്പോള്‍ എന്നെ ഉറക്കാനായി ഉമ്മ ഈ പാട്ടുകള്‍ പാടിയിട്ടുണ്ട്. എനിക്കത് നല്ലത് പോലെ ഓര്‍മയുണ്ട്. അതെനിക്കുറപ്പാണ്. കാരണം എന്‍റെ പിറകെ വന്ന കൂടെപ്പിറകളെ ഉറക്കാന്‍ അവര്‍ അവ പാടുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഒരു സാധരണ വീട്ടമ്മയുടെ ചുണ്ടുകളില്‍ തത്തിക്കളിച്ച അതേ ഗാനവീചികള്‍ തന്നെയാണ് യൂണിവേര്‍സിറ്റി പ്രൊഫസറുടെ ക്ലാസുകളെ അലങ്കരിച്ചതും. കാലം പതുക്കെയെങ്കിലും എടുത്തു മാറ്റാന്‍ ശ്രമിച്ചു കൊണ്ടിരുന്ന വചനാമൃതം തിരികെത്തന്നതിന് വീണ്ടുമെന്‍ നന്ദി ചൊല്ലട്ടെ.അഭിനന്ദനങ്ങളുടെ ഒരായിരം ആമ്പല്‍പ്പൂക്കള്‍

    ReplyDelete
    Replies
    1. “ ഒരു സാധരണ വീട്ടമ്മയുടെ ചുണ്ടുകളില്‍ തത്തിക്കളിച്ച അതേ ഗാനവീചികള്‍ തന്നെയാണ് യൂണിവേര്‍സിറ്റി പ്രൊഫസറുടെ ക്ലാസുകളെ അലങ്കരിച്ചതും..” ആരിഫ്ക്ക, ഇത് തന്നെയാ ഭാസ്കരന്‍ മാഷിന്‍റെ വരികളുടെ മാസ്മരികത... അല്ലെ?
      വൈലോപ്പിള്ളി പോലും ഒരിക്കല്‍ പരിഭവം പറഞ്ഞതും അതിനാ. തന്‍റെ ഭാര്യക്ക്‌ ഭാസ്കരന്‍ എഴുതുന്ന ‘പിഞ്ഞിപ്പോയ പട്ടുറുമാല്‍ തുന്നിതരാമോ..’ എന്നൊക്കെയുള്ള വരികലാണെന്ന്..
      നന്ദിട്ടോ...

      Delete
  17. മറക്കാന്‍ പറയുവാന്‍ എന്തെളുപ്പം
    മണ്ണില്‍ പിറക്കാതിരിക്കലാണതിലെളുപ്പം..
    നന്നായിരിക്കുന്നു ഈ ഓര്‍മ്മപ്പെടുത്തല്‍ ..
    ആ തൂലിക തുമ്പിലൂടെ ഒഴുകിയിറങ്ങിയ വരികള്‍ മൂളാത്ത മലയാളികള്‍ കുറവായിരിക്കും

    ReplyDelete
    Replies
    1. ശരിക്കും..!
      വേഗം വന്നു വായിച്ചല്ലോ നന്ദി സിദ്ധിക്ക.

      Delete
  18. ഷീല,ഈ നല്ല പോസ്റ്റിലൂടെ എത്ര എത്ര നല്ല പാട്ടുകളാണ് മുന്നിലേക്ക്‌ കൊണ്ടു വന്നത്.പുതിയ അല്ലിയാമ്പല്‍ കേള്‍ക്കുമ്പോള്‍ എവിടെയാണെങ്കിലും ഞാന്‍ ഓടി ടിവി യുടെ മുന്നില്‍ എത്തും.പിന്നെ ഒരു പുഷ്പം മാത്രം..തുടങ്ങിയ എത്ര നല്ല പാട്ടുകള്‍..നന്ദി ഒരു പാടു നന്ദി..

    ReplyDelete
  19. ആദ്യം തന്നെ ആമഹാനു സ്മരണാഞ്ജലി
    ഷീല ഒരു പാട് നാല്ല പാട്ടുകളെ ഓര്‍മിപ്പിച്ചു ഒപ്പം കുറച്ചു അറിവുകളും ലഭിച്ചു നന്ദി

    ReplyDelete
  20. "എങ്കിലുമെന്നോമലാള്‍ക്ക് താമസിക്കാനനെന്‍ കരളില്‍
    തങ്കക്കിനാക്കള്‍ കൊണ്ടൊരു താജ് മഹല്‍ ഞാന്‍ പണിയും.."
    "ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരുപിടി മണ്ണല്ല’. "
    "എന്‍ പ്രാണനായകനെ എന്ത് വിളിക്കും
    എങ്ങനെ ഞാന്‍ നാവെടുത്തു പേര് വിളിക്കും..."
    "വാസന്ത പഞ്ചമി നാളില്‍ വരുമെന്നൊരു കിനാവ്‌ കണ്ടു
    പടിവാതിലില്‍ മിഴിയും നട്ട് കാത്തിരുന്നു ഞാന്‍..."
    "മറക്കാന്‍ പറയുവാന്‍ എന്തെളുപ്പം
    മണ്ണില്‍ പിറക്കാതിരിക്കലാണതിലെളുപ്പം "

    ഒരിക്കലും മറക്കാത്ത , മറന്നു പൊയാലും ഉള്ളില്‍
    ഒരു തെന്നലോ , ഈണമോ കൊണ്ട് ഉയര്‍ന്നു വരുന്ന ചില ഗാനങ്ങള്‍ ..
    പിന്നീട് വന്ന പലതിനും സാമ്യത്തിന്റെ ചെറു അംശം പൊലും
    ഇതിലേക്ക് വഴി നടത്തുന്നു ..
    അര്‍ഹിക്കുന്ന മനുഷ്യന് പലതും നല്‍കാന്‍ കാലം മടിക്കുന്നു
    അല്ലെങ്കില്‍ നമ്മളൊക്കെ അതിനു വിലങ്ങ് തടിയാകുന്നു
    അവസ്സാനം അറിയാത്ത ലോകത്തെതുമ്പൊള്‍ വിളമ്പി കൊടുക്കുന്നു
    ബലി പൊലെ ആര്‍ക്കോ .. വേണ്ടീ .. അപ്പൊഴും ഒരു ചോദ്യമുയരുന്നു
    അദ്ധേഹത്തിന്റെത് പോലെ !
    "ഈറനുടുത്തും കൊണ്ട് അംബരം ചുറ്റുന്ന
    വാസന്ത രാവിലെ വെണ്ണിലാവേ
    വൃഥ എന്തിനീ ദേവനെ കൈകൂപ്പുന്നു...".....

    ഒന്നും പറയുവാനില്ല , കൂടുതലായീ അത്രക്ക് ഭംഗിയായ് ,
    വാക്കുകള്‍ കൊണ്ട് വരികള്‍ കൊണ്ടൊരു
    പൂമാല തീര്‍ത്തിരിക്കുന്നു എന്റെ കൂട്ടുകാരീ

    "ഒരു ഗാനം മാത്രം ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം
    ഒടുവില്‍ നീ എത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍..."

    സ്നേഹപൂര്‍വം ..

    ReplyDelete
  21. വ്യത്യസ്തമായി ഈ സ്മരണാഞ്ജലി ... ഒരുപാടു ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പോസ്റ്റ്...

    ReplyDelete
  22. മാഷിന്റെ പാട്ടുകളില്‍ ജീവിക്കുന്ന ഒരാളാണ് ഞാനും... ഊണിലും ഉറക്കിലും എല്ലാം.. പഴയ പാട്ടുകള്‍.. എന്നെക്കാള്‍ പ്രായമുണ്ടാകും അവൈക്കെല്ലാം... എങ്കിലും അതെന്നെ കീഴ്പെടുതികളഞ്ഞു.. എന്നതാണ് സത്യം...

    കമന്റുകളും പോസ്റ്റും എല്ലാം സംഗീത സാന്ദ്രം..
    സന്തോഷം ..

    ReplyDelete
  23. അതിസുന്ദരമായോരു ഗാനത്തിന്‍റെ ഈരടി പോലെ,ഈണംപോലെ മനസ്സില്‍
    പതിയുംവിധം മനോഹരമായി ഒരുക്കിയെടുത്ത സ്മരണാഞ്ജലി.
    പി.ഭാസ്കരന്‍ മാഷിനോടൊപ്പം മണ്‍മറഞ്ഞുപോയ അതുല്ല്യ പ്രതിഭകളുടെ
    ദീപ്തസ്മരണകളും "എങ്ങനെ ഞങ്ങള്‍ മറക്കും കുയിലേ..."
    നമ്മിലുണര്‍ത്തി!!!
    ആശംസകള്‍

    ReplyDelete
  24. മറക്കില്ലൊരിക്കലും ഈ അതുല്യപ്രതിഭയെ ഭൂലോകം ഉള്ള കാലംവരെ .എത്രയോ തലമുറകള്‍ക്ക് കേള്‍ക്കുവാനായി എണ്ണി തിട്ട പെടുത്തുവാന്‍ കഴിയാത്ത അത്രയും എത്രയെത്ര ചലച്ചിത്ര കാവ്യങ്ങള്‍. എത്രയെത്ര തിരക്കഥകള്‍. എത്രയെത്ര കവിതകള്‍ എത്രയായിരം ഗാനങ്ങള്‍.ഏതൊരു ഗാനം ശ്രവിച്ചാലും ആ ഗാനം ഒരിക്കലും വിരസത തോന്നുകയില്ല .എല്ലാ ഗാനങ്ങളും അര്‍ത്ഥവത്തായ ഗാനങ്ങള്‍ .ഒരു ഗാനം മാത്രം ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം ഒടുവില്‍ നീ എത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍.ഈ ഗാനം ശ്രവിച്ചാല്‍ തന്‍റെ പ്രണയിനിയെ കുറിച്ച് ഓര്‍ക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ,ആദ്യത്തെ കണ്മണി ആണായിരിക്കണം, അവന്‍ അച്ഛനെ പോലെ ഇരിക്കണം ഈ ഗാനം മാതാപിതാക്കളുടെ മനസ്സാണ്.ഓരോ ഗാനം ശ്രവിക്കുമ്പോഴും നാം അറിയാതെ നമ്മുടെ പ്രിയപെട്ടവരെ കുറിച്ചുള്ള കഴിഞ്ഞു പോയ ഓര്‍മ്മകള്‍ നമ്മുടെയൊക്കെ മനസ്സില്‍ തെളിഞ്ഞു വരും അനുസ്മരണം വളരെ ഹൃദ്യമായി. ഈ ഓര്‍മ്മക്കുറിപ്പ്‌ തയാറാക്കിയതിനു ശ്രീമതി ഷീലടോമിക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍ സമര്‍പ്പിക്കുന്നു .എഴുതുക അറിവുകള്‍ നല്‍കി കൊണ്ടേ ഇരിക്കുക ഭാവുകങ്ങള്‍ .

    ReplyDelete
  25. ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ , ഒടുവില്‍ നീ എത്തുമ്പോള്‍ ചൂടിക്കുവ്വാന്‍
    ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം , ഒടുവില്‍ നീ എത്തുമ്പോള്‍ ചെയവ്യില്‍ മൂളാന്‍

    ലളിതമായ പദവിന്യാസത്തിലും ആശയ കുശലതയിലും ഭാസ്കരന്‍മാഷിനെ വെല്ലാന്‍ ആവില്ല ആശംസകള്‍

    ReplyDelete
  26. ഒ എൻ വി,ബിച്ചുതിരുമല,കൈതപ്രം,കേച്ചേരി തുടങ്ങിയ എഴുത്തുകാരിലാണ് നുമ്മൾ ശരിക്കും പാട്ടുകൾ,വരികൾ ഒക്കെ ആസ്വദിച്ചു തുടങ്ങുന്നത്.പിന്നീട് വന്ന് വന്ന് ഗാനത്തിന്റെ സാഹിത്യത്തിനേക്കാൾ ദൃശ്യത്തിനോടനുബന്ധിച്ച വാക്കുകളുടെ സർക്കസിലേക്ക് കാര്യങ്ങൾ മാറുമ്പോഴാണ് സത്യത്തിൽ വയലാർ,പി ഭാസ്ക്കരനെപ്പോലെയുള്ള മഹാരഥന്മാരുടെ ലളിതസുന്ദര ഗാനങ്ങളുടെ ഇളനീർച്ചോല പോലെയുള്ള ഗാനസമാഹാരത്തിലേക്ക് ഊളിയിടാൻ പറ്റുന്നത്.വർഷങ്ങളോളം പട്ടണത്തിൽ താമസിച്ച ഒരുത്തന് നാട്ടിലൊരു വെക്കേഷനു പോകുമ്പോഴുണ്ടാകുന്ന കുളിർമയാണത് നൽകുന്നത്. പാട്ട് സാഹിത്യം,രചയിതാക്കൾ,സംഗീതജ്ഞരെയൊക്കെ പറ്റി സാഹിത്യത്തിന്റെ മേമ്പൊടിയിൽ എഴുതിയിടുന്നവർ ചുരുക്കമാണ്. അതിനാൽത്തന്നെ നന്ദിയും അതോടൊപ്പം തന്നെ പി ഭാസ്ക്കരനിൽ നിർത്താതെ കൂടുതൽ ഗാനങ്ങളേപ്പറ്റിയും,പാട്ട് സംബന്ധിയായ വിഷയങ്ങളേപ്പറ്റിയും എഴുതുവാൻ കഴിയട്ടെ എന്നും ആശംസകൾ.

    ReplyDelete
  27. സ്മരണാഞ്ജലി നന്നായിരിക്കുന്നു...വിടയേകാനാകാതെ ആ നീലക്കുയിലിനെ നെഞ്ചില്‍ കുടിയിരുത്താം..പാടിപ്പതിഞ്ഞ പാട്ടുകളിലൂടെ ആ ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ..

    ഇനി ഈ കാടുവഴികളിലെ ഒരു സഞ്ചാരി ഞാനും...

    ReplyDelete
  28. << വില്ലാളിയാണ് ഞാന്‍ ജീവിത സൌന്ദര്യ
    വല്ലകി മീട്ടലല്ലെന്‍റെ ലക്ഷ്യം.
    കാണാമെന്‍ കൈകളില്‍ പാവനാദര്‍ശത്തിന്‍
    ഞാണാല്‍ നിബന്ധിച്ച ഭാവനയെ.. <<

    >>ഒരു ഗാനം മാത്രം ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം
    ഒടുവില്‍ നീ എത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍...<<

    ഒരുപാട് പെണ്‍കുട്ടികളുടെ നോട്ട്ബുക്കുകളില്‍ എഴുതിക്കൊടുത്ത് ഷൈന്‍ ചെയ്തത് ഈ വരികളൊക്കെ ആയിരുന്നു. സത്യം പറഞ്ഞാല്‍ ഈ വരികള്‍ ആരുടേതെന്ന് അറിയുന്നത്പോലും ഈ പോസ്റ്റ്‌ വായിച്ചപ്പോഴാണ്.
    പുതിയൊരറിവിനു നന്ദി. ആശംസകളോടെ,.

    ReplyDelete
  29. ശ്രുതിയും താളവും ചേര്‍ന്ന ഓര്‍മ്മക്കുറിപ്പ്‌.

    ReplyDelete
  30. മാഷുടെ പാട്ടുകള്‍ പോലെതന്നെ മനോഹരമായൊരു ഓര്‍മ്മക്കുറിപ്പ്.. വളരെ നന്നായി. ഇഷ്ടപ്പെട്ട ഒന്നോരണ്ടോ പാട്ടുകളെടുത്താന്‍ കഴിയുന്നില്ല.. അദ്ദേഹത്തിന്‍റെ ഒട്ടുമിക്ക രചനകളും ഏറേ ഹൃദ്യം.

    ReplyDelete
  31. ഈ അനുസ്മരണം ഏറെ ഇഷ്ട്ടമായി ശ്രീമതി ഷീല ...

    മാഷിന്റെ വരികള്‍ മൂളാത്ത ഒരു മലയാളി ... അത് ചുരുക്കമായിരിക്കും. അത്രക്കും ഹൃദ്യമല്ലേ ആ രചന..
    ഇന്ന് ഇറങ്ങുന്ന നൂറു കണക്കിന് തട്ട് പൊളിപ്പന്‍ പാട്ടുകളില്‍ ഏതെന്കിലും ഒരു പാട്ടിന്റെ നാല് വരി നാം ഓര്‍ത്ത്‌ വെച്ചു മൂളുന്നത് വിരളം. അത് കൊണ്ട് തന്നെ ഭാസ്കരന്‍ മാഷേ പോലുള്ളവര്‍ ജന ഹൃദയങ്ങളില്‍ എന്നും ജീവിക്കുന്നു. അവര്‍ക്ക് മരണമില്ല...

    മാഷിന്റെ രചനാ ഭംഗി തുളുമ്പുന്ന പ്രിയഗാനങ്ങളുടെ ഈരടികള്‍ക്കൊപ്പം ഷീലയുടെ മിഴിവാര്‍ന്ന വിവരണത്തിന്റെ ഭംഗി കൂടിയായപ്പോള്‍ ഈ സ്മരണാഞ്ജലി മാഷുടെ നിറം മങ്ങാത്ത ഓര്‍മ്മകള്‍ ഹൃദയത്തില്‍ പുന:പ്രതിഷ്ഠ നടത്തി.

    ഈ സ്നേഹ സ്മരണക്ക് ആശംസകള്‍

    ReplyDelete
  32. ഭാസ്കരന്‍ മാഷിന്റെ പാട്ടുകള്‍ ഒരുപാടിഷ്ടമാണ്.. ഈ നല്ല പോസ്റ്റിനു അഭിനന്ദനങള്‍ ഷീല.

    ReplyDelete
  33. ഭാസ്കരന്‍ മാഷിനെ കുറിച്ച് ഒട്ടേറെ വിവരം പ്രദാനം ചെയ്യുന്ന പോസ്റ്റ് തന്നെ ഷീല. എങ്കിലും ഒരു ലേഖനത്തിന്റെ കെട്ടിലും മട്ടിലും പോരായ്മകള്‍ ഉണ്ടെന്ന് തോന്നി. ലാളിത്യം വല്ലാതെ കൂടിപ്പോയത് പോലെ. അദ്ദെഹത്തെ കുറിച്ച് പറയുമ്പോള്‍ ഉണ്ടാവേണ്ട ഗരിമ വന്നില്ല എന്ന തോന്നല്‍. പക്ഷെ നല്ല റിസര്‍ച്ചിനും വിവരങ്ങള്‍ക്കും അഭിനന്ദനങ്ങളും നന്ദിയും..

    ReplyDelete
  34. നല്ലൊരു അനുസ്മരണം....ഒരുപാടിഷ്ടായി ഷീലാ...!!
    പാട്ടുകള്‍ മൂളുമ്പോള്‍ അല്ലേല്‍ അന്താക്ഷരി കളിക്കുമ്പോള്‍ ആദ്യം ഓടി മറയുന്ന പാട്ടുകളില്‍ ഒന്നാണ് "ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍" ...!
    ഇതില്‍ കൊടുത്തിരിക്കുന്ന എല്ലാ പാട്ടുകളും ഏറ്റവും ഇഷ്ടപ്പെട്ടവ തന്നെ ...മനോഹരമായൊരു ഓര്‍മ്മക്കുറിപ്പ്.....!!

    ReplyDelete
  35. വരികളില്‍ നിറഞ്ഞു തുളുമ്പുന്ന ലാളിത്യമാണ്
    ഭാസ്കരന്‍ മാഷേ എനിക്ക് പ്രിയങ്കരനാക്കുന്നത്....
    എന്റെ നാട്ടുകാരന്‍ കൂടിയാണ് ട്ടോ മാഷ്‌...
    ഞാനത് എന്റെ സ്വകാര്യാഹങ്കാരമായി ഇവിടെ പറയുന്നു...

    ഉചിതമായ ഒരു സ്മരണ തന്നെ ഷീലേച്ചി....
    ഇത് ഞാന്‍ പാട്ടുപ്പെട്ടി എന്ന ഫേസ്ബുക്ക്
    സംഗീത ഗ്രൂപ്പിലേക്ക് പോസ്റ്റ്‌ ചെയ്യുന്നുണ്ട് ട്ടോ....

    സ്നേഹപൂര്‍വ്വം
    അനിയന്‍സ്

    ReplyDelete
  36. എഴുത്ത് നന്നായിട്ടുണ്ട്

    ReplyDelete
  37. കൂട്ടുകാരെ, ചെറിയൊരു അവധിക്കു നാട്ടില്‍ പോയിരുന്നു. അതാണ്‌ സന്ദേശങ്ങള്‍ വായിക്കാന്‍ വൈകിയത്. റിനി, റോസ്, കൊമ്പന്‍, , കുഞ്ഞൂസ്, ഖാദു, തങ്കപ്പന്‍ ചേട്ടന്‍, റഷീദ്‌ ബായി, പുണ്യവാളന്‍, കിരണ്‍സ്, സീത, കണ്ണൂസ്, കനകാംബരേട്ടന്‍, അരുണ്‍, ഇലഞ്ഞിപ്പൂ, ലിപി, വേണുവേട്ടന്‍, മനോരാജ്, കൊച്ചുമോള്‍, സന്ദീപ്‌, ശ്രീകുമാര്‍ എല്ലാര്‍ക്കും ഒത്തിരി നന്ദി, ഈ പാട്ടുകളോടൊപ്പം കൂട്ടു വന്നതിന്.
    നാട്ടില്‍ പോയപ്പോള്‍ പത്രത്തിലെ ഫീച്ചര്‍ ചാച്ചനെ കാണിച്ചു. ചാച്ചനു സന്തോഷമായി. ഈ പാട്ടുകളില്‍ ഏതെങ്കിലും ഇന്നും മനസ്സിലെങ്കിലും മൂളുന്നുണ്ടാവും ചാച്ചനും....
    മനോരാജ് സൂചിപ്പിച്ചതും ശ്രദ്ധിച്ചിട്ടുണ്ട്ട്ടോ.... സന്ദീപ്‌ പാട്ടുപെട്ടിയില്‍ ചേര്‍ത്തോളൂ.. സന്തോഷം.
    സ്നേഹപൂര്‍വ്വം...

    ReplyDelete
  38. പോസ്റ്റ് നന്നായിട്ടുണ്ട്

    ReplyDelete
  39. പ്രിയപ്പെട്ട ഷീല,
    എത്ര മനോഹരമായി.ഭാസ്ക്കരന്‍ മാഷുടെ ഗാനങ്ങള്‍ വായനക്കാരെ ഓര്‍മപ്പെടുത്തിയിരിക്കുന്നു. അഭിനന്ദനങ്ങള്‍ ! ചില പാട്ടിന്റെ വരികള്‍ അതിമനോഹരം !
    വളരെ ഹൃദ്യമായ ഈ അനുസ്മരണക്കുറിപ്പ്‌ ഉചിതമായി,കേട്ടോ!
    സസ്നേഹം,
    അനു

    ReplyDelete
  40. ഒരു ഗാനം മാത്രം ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം
    ഒടുവില്‍ നീ എത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍...

    എങ്കിലുമെന്നോമലാള്‍ക്ക് താമസിക്കാനനെന്‍ കരളില്‍
    തങ്കക്കിനാക്കള്‍ കൊണ്ടൊരു താജ് മഹല്‍ ഞാന്‍ പണിയും.

    അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കെ
    സ്വരരാഗ സുന്ദരിമാര്‍ക്ക് വെളിയില്‍ വരാനെന്തൊരു നാണം...

    ആദ്യത്തെ കണ്മണി ആണായിരിക്കണം, അവന്‍
    അച്ഛനെ പോലെ ഇരിക്കണം....

    എന്‍ പ്രാണനായകനെ എന്ത് വിളിക്കും
    എങ്ങനെ ഞാന്‍ നാവെടുത്തു പേര് വിളിക്കും.

    ഒരു മുല്ലമൊട്ടില്‍ ഒതുക്കുവതെങ്ങനെ
    ഒടുങ്ങാത്ത വസന്തത്തിന്‍ മധുര ഗന്ധം....!

    സമയ തീരത്തിന്‍ ബന്ധനമില്ലാതെ
    മരണസാഗരം പുല്‍കുന്ന നാള്‍ വരെ
    ഒരു മദാലസ നിര്‍വൃതീ ബിന്ദുവായ്
    ഒഴുകുമെങ്കിലോ ഞാന്‍ നിത്യതൃപ്തനാം.

    നിദ്ര തന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍
    സ്വപ്നത്തിന്‍ കളിയോടം കിട്ടീ.

    ഈ മധുരഗാനങ്ങളുടെ സൃഷ്ടാവിനെപ്പറ്റി എന്തേലും പറയാൻ ഞാനാരുമല്ല. ആദരാഞ്ജലികൾ.

    ReplyDelete
  41. ശ്രീ, അനു, മണ്ടൂസന്‍.... ഈ പങ്കുചേരലിന് ഒത്തിരി സന്തോഷം.

    ReplyDelete
  42. പാട്ടുകളുടെ ആ കാലം വീണ്ടും.
    നല്ല പോസ്റ്റ്‌.

    ReplyDelete
  43. കണ്ണൂരാന്‍ പറഞ്ഞപോലെ കോളേജില്‍ പഠിക്കുന്ന സമയത്ത് ഓട്ടോഗ്രാഫുകളില്‍ എഴുതാനായി ഒരുപാട് കടം കൊണ്ടിട്ടുണ്ട് ഭാസ്കരന്‍ മാഷിന്റെ വരികള്‍. ഭാവ സാന്ദ്രമായ ചില വരികള്‍ മനസ്സിനെ മയില്‍പ്പീലികൊണ്ട് തഴുകും പോലെ തോന്നും. ഈ സ്മരണാഞ്ജലിയില്‍ ഞാനും ചേരുന്നു, പാട്ടിന്റെയും കവിതയുടെയും വസന്തം തന്ന ആ അതുല്യപ്രതിഭയെ മലയാളിയുടെ സ്മൃതിമണ്ഡപത്തിലേക്ക് വിളക്ക് കൊളുത്തി കൊണ്ട് വന്ന ഈ ശ്രമത്തിനു നന്ദി, ഹൃദയപൂര്‍വ്വം.
    മനു.

    ReplyDelete
  44. ഒരിക്കല്‍... ഒരിക്കല്‍ മാത്രം ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. 1990-ല്‍ വര്‍ക്കല ശിവഗിരി മഠത്തില്‍ അഖില കേരള ബാലജനസഖ്യം സംഘടിപ്പിച്ച സാഹിത്യശില്‍പ്പശാലയില്‍ വച്ചായിരുന്നു അത്. സുന്ദരമായ ആ മുഖമാണ് എന്റെ മനസ്സില്‍ ഇപ്പോഴും. ഈ അനുസ്മരണയ്‌ക്കൊപ്പമുള്ള ചിത്രം അദ്ദേഹത്തിന്റേതാണെന്ന് വിശ്വസിക്കാനേ സാധിക്കുന്നില്ല. അവസാന നാളുകളിലെ ചിത്രമായിരിക്കും അല്ലേ?
    ഒരിക്കല്‍ക്കൂടെ അദ്ദേഹത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചതിനു നന്ദി.
    പഴയകാല സിനിമാഗാനങ്ങളെ ഓര്‍ക്കുമ്പോള്‍ ഭാസ്ക്കരന്‍മാഷിനെ ഓര്‍ക്കാതിരിക്കാനാവില്ല...
    എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണീ നെഞ്ചിലെന്ന്...
    കരിങ്കല്ലാണീ നെഞ്ചിലെന്ന്...

    ReplyDelete
  45. മനോഹരമായ അനുസ്മരണം. സ്മൃതിപൂജ.
    'മറക്കുവാൻ പറയാനെന്തെളുപ്പം
    മണ്ണിൽ പിറക്കാതിരിക്കലാണതിലെളുപ്പം.'
    മാഷെ ഓർക്കാത്ത ഒരു ദിനവും മലയാളിക്കില്ല. ആ അതുല്യ പ്രതിഭയ്ക്കു മുന്നിൽ പ്രണമിക്കുന്നു.
    നന്ദി ഈ ലേഖനത്തിന്‌.

    ReplyDelete
  46. ഏഷ്യാനെറ്റ് റേഡിയോവില്‍ “കാറ്റ് പറഞ്ഞ” പാട്ട് കേട്ടാരുന്നൂട്ടോ
    നല്ല രസമുണ്ടായിരുന്നു കേള്‍ക്കാന്‍
    ഷീലാ ടോമിയുടെ രചന എന്ന് രാജിവ് പറയുമ്പോള്‍ “ഓ നമ്മുടെ ഷീല” എന്ന് മനസ്സില്‍ തോന്നി

    ഞങ്ങളുടെ ഓണാശംസകള്‍, ഷീലയ്ക്കും കുടുംബത്തിനും

    ReplyDelete
    Replies
    1. സന്തോഷം അജിത്‌. പാട്ട് കേട്ടു അല്ലേ....!
      ഓണാശംസകള്‍...!

      Delete
  47. Manoj, Manu,Vijayakumar, Ajith കുറെ കാലമായ്‌ ബ്ലോഗ്‌ ലോകത്തിലേക്ക് എത്തി നോക്കാന്‍ സാധിച്ചില്ല... നന്ദിട്ടോ എല്ലാര്‍ക്കും. വന്നു വായിച്ചല്ലോ...

    ReplyDelete
  48. ഞാന്‍ ജോയിന്‍ ചെയ്തു ...ഇനി വേഗം പുതിയ പോസ്റ്റിടണം ...5 മാസമായി ഒരു പോസ്റ്റ്‌ പോസ്റ്റിയിട്ട് :)

    ReplyDelete
  49. മനോഹരമായ വരികളെ ഓര്‍മ്മയിലേക്ക് കൊണ്ട് വന്ന പോസ്റ്റ്‌.. എന്താ ഇപ്പോള്‍ പുതിയതൊന്നും എഴുതാത്തത് ??

    ReplyDelete
  50. നന്ദി നിസാര്‍. കുറച്ചു തിരക്കുകളില്‍ പെട്ടുപോയി...
    ഇനി തുടങ്ങണം...

    ReplyDelete
  51. പാട്ടുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ പാട്ട് ഇഷ്ടമില്ലാത്തവരും (ഉണ്ടെങ്കില്) പാട്ട് മാത്രം ശ്രദ്ധിക്കുന്നവരും വരെ ഭാസ്കരന്‍ മാഷിന്റെയും വയലാറിന്റെയും പേരുകള്‍ എപ്പോഴും ചുണ്ടത്ത് സൂക്ഷിച്ചിട്ടുണ്ടാകും. എനിക്കിപ്പോഴും പഴയ പാട്ടുകളോടാണ് പ്രിയം.
    വളരെ ശ്രദ്ധിച്ച് തയ്യാറാക്കിയ അനുസ്മരണം നന്നായിരിക്കുന്നു.

    ReplyDelete
  52. നൊസ്റ്റാള്‍ജിയ സമ്മാനിച്ചു മനോഹരമായ ഈ സ്മരണക്കുറിപ്പ്. ആദ്യമായാണിവിടെ . നന്നായിട്ടുണ്ട് . ഇനിയും വരാം,, കാടും മഞ്ഞും കബനിയും പറഞ്ഞു തന്നത് കേള്‍ക്കാന്‍ ...

    ReplyDelete
    Replies
    1. ലിഷാന... ഒത്തിരി സന്തോഷം, നന്ദി..

      Delete
  53. നല്ലൊരു പഠനം തന്നെ നടത്തിയല്ലേ മാഷെക്കുറിച്ച്...? മനോഹരമായിരിക്കുന്നു... പുതിയ തലമുറയിൽ കവിതയും മെലഡിയും ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഒരു റെഫറൻസ് തന്നെയായിരിക്കും ഈ പോസ്റ്റ്... അഭിനന്ദനങ്ങൾ...

    ReplyDelete
    Replies
    1. വിനുവേട്ടന്‍, ... ഇവിടെ എത്തി പങ്കു ചേര്‍ന്നല്ലോ. സന്തോഷം...

      Delete
  54. എഴുത്തു ശരിക്കുമിഷ്ടമായി. അഭിനന്ദനങ്ങള്‍...

    ReplyDelete
  55. എഴുത്തിനു വയനാടന്‍ കാറ്റിന്റെ മണം

    ReplyDelete
  56. കാടും മഞ്ഞും കബനിയും പറഞ്ഞത് ഇനിയും ഉള്ളിലുണ്ടാവുമല്ലോ പ്രിയ വയനാട്ടുകാരി. വായിക്കാൻ കാത്തിരിക്കുന്നു.

    ReplyDelete