Thursday, February 23, 2012

കിളിനോച്ചിയിലെ ശലഭങ്ങള്‍

 അനുരാധപുരത്തെക്കുറിച്ചുള്ള  പഠനം പൂര്‍ത്തിയാക്കുവാനാണ് ഇന്ദു വീണ്ടും ലങ്കയിലെത്തുന്നത്. പ്രാക്തന സംസ്കൃതിയുടെ കൊത്തുപണികളിലും  ബുദ്ധസ്തൂപങ്ങളിലും ചരിത്രം തേടുമ്പോള്‍ അവളായിരുന്നു മനസ്സു നിറയെ. കാവേരിലക്ഷ്മി. പാടങ്ങളും വരമ്പുകളും പിന്നിട്ട് പ്രാചീന തലസ്ഥാന നഗരിയുടെ വന്യതയിലൂടെ   അവള്‍ നടന്നു നടന്നു വരുന്നു...
 
അനുരാധപുരത്തേക്കുള്ള ആദ്യ യാത്രയിലായിരുന്നു ഇന്ദു കാവേരിലക്ഷ്മിയെ കണ്ടതും കൂടെ കൂട്ടിയതും. നിറം മങ്ങിയ  പാവാടയും ജാക്കെറ്റുമിട്ട് ചുരുണ്ട മുടിയില്‍  ജമന്തി പൂവും ചൂടി കൂട നിറയെ കരകൌശലവുമായ്‌ യുണിവേര്സിറ്റി വളപ്പില്‍  വന്ന പെണ്‍കുട്ടി. മുളയില്‍ തീര്‍ത്ത ശില്പങ്ങള്‍ പറഞ്ഞ കഥകള്‍ കേട്ടപ്പോള്‍ അലിവ്  തോന്നി. കൂടെ കൂട്ടിയാലോ? മനസ്സില്ലായിരുന്നു അപ്പാക്ക് അന്നവളെ ദൂരേക്ക്‌ പറഞ്ഞയക്കാന്‍. അവളും ഒത്തിരി ഒത്തിരി കരഞ്ഞു.
   
മണല്‍ നഗരത്തിലേക്കാണ് അന്ന് ഇന്ദുവിനോടൊപ്പം ലക്ഷ്മി പറന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ്. വാക്കുകള്‍ കൊഴിച്ച് എത്രയോ പകലുകള്‍ പിന്നെയും എരിഞ്ഞടങ്ങി!  പക്ഷെ ഒരു മെയ് മാസ സന്ധ്യയുടെ നരച്ച ഓര്‍മകളില്‍  ആയിരം സൂര്യന്മാര്‍ ഒരുമിച്ചസ്തമിക്കുകയായിരുന്നോ! തിളച്ചു നില്‍ക്കുകയായിരുന്നു അന്ന്‍ ദുബായ്‌. കിളിനോച്ചിയിലെ സന്ധ്യകളുടെ കുളിരൊന്നുമില്ല അവിടെ. മാനം  തൊടുന്ന മാളികകളില്‍   നീറുന്ന കുറെ ജീവിതങ്ങളുമുണ്ടെന്നു  സന്ധ്യക്ക് അറിയില്ലല്ലോ. പതിവ് പോലെ അവള്‍ വരും, പോകും.  ഇരുപതാം നിലയിലെ തുറക്കാത്ത ചില്ലു ജാലകത്തിലൂടെ ലക്ഷ്മി താഴോട്ടു നോക്കുകയാണ്.
ഒഴുകി നീങ്ങുന്ന വാഹനങ്ങള്‍. ഉറുമ്പുകളെ പോലെ മനുഷ്യരും.
അവരില്‍  ഒരാള്‍ ശെല്‍വം..?
ഏയ്‌.. വെറുതെ. എവിടെയാണെന്ന് പോലും അറിയാതെ...
ലക്ഷ്മിയുടെ കിനാവുകളില്‍ മഴയായി. പിന്നെ കണ്ണീരായി.
തേയിലക്കുന്നുകള്‍ തളിരണിഞ്ഞിരിക്കുന്നു. തളിരു നുള്ളുന്ന വാടിയ മുഖങ്ങള്‍ പാടുകയാണ്. പഴമയുടെ ചിന്തുകളിലൂടെ അവന്‍ മെല്ലെ മെല്ലെ നടന്നകലുന്നു, ദൂരേക്ക്‌.
വരും കാവേരീ ഞാന്‍.... സ്വാതന്ത്ര്യത്തിന്‍റെ  പുലരി പിറക്കുമ്പോള്‍ ഓടിയെത്തും ഞാന്‍...
ശബ്ദമില്ലാത്ത  ശബ്ദം മാത്രം ബാക്കിയാവുന്നു. നെറ്റിയില്‍ പതിഞ്ഞ ചുംബനവും.

ലച്ചൂ....
അപ്പാ വിളിക്കുന്നു, ആര്‍ദ്രമായി.  അവള്‍ തിരിഞ്ഞു നോക്കിപ്പോയി.
അപ്പാ എവിടെ? ശെല്‍വം എവിടെ? ആരുമില്ല... ആരും.
ഇന്ദു സോഫയില്‍ ഇരുന്ന്‍ ഏതോ പുസ്തകം മറിച്ച്  നോക്കുന്നുണ്ട്. വെളുത്ത പുറം ചട്ടയില്‍ മുടി ബോബു ചെയ്ത പെണ്‍കുട്ടി നിഷ്കളങ്കമായി പുഞ്ചിരിക്കുന്നു. പലപല  പോസുകളില്‍. ആന്‍ ഫ്രാങ്കിന്‍റെ ഡയറിക്കുറിപ്പുകള്‍.
ലക്ഷ്മിയും ഡയറി എഴുതാറുണ്ട്. അപ്പാക്ക്‌  വേണ്ടി.  അരികില്‍ ഇല്ലാത്ത അപ്പാവോട് അവള്‍ തനിയെ  മിണ്ടിയും പറഞ്ഞും നടക്കും. പരിഭവിക്കും. പിണങ്ങും. അതുകണ്ട് മീനുക്കുട്ടി കളിയാക്കും.
അയ്യേ.. ലച്ചൂനു വട്ടു പിടിച്ചേ..
  
ലക്ഷ്മിക്ക് അമ്മയെ കണ്ട ഓര്‍മയില്ല. പക്ഷെ, ഉമ്മറത്ത്‌  തൂങ്ങുന്ന ഫോട്ടോയിലിരുന്ന്‍ ആര്‍ദ്രമായ് ഉറ്റുനോക്കുന്ന ആ  മുഖം മനസ്സിലൊരിടത്ത്  സൂക്ഷിച്ചു വച്ചിട്ടുണ്ട്. പേടിപ്പിക്കുന്ന രാത്രികളില്‍ സ്വപ്നത്തില്‍ വന്നെത്തി  ഉമ്മ വെച്ച് മറയുന്ന അതേ മുഖം. കഷ്ടപ്പെട്ടാ അപ്പാ പഠിപ്പിച്ചത്, അണ്ണനെയും അവളെയും. പറഞ്ഞിട്ടെന്താ, അപ്പാവെപോലെ അണ്ണനും കൂലിവേലക്കു തന്നെ ഇറങ്ങേണ്ടി വന്നു. പഠിപ്പുള്ളവര്‍ക്കൊക്കെ ലങ്കയിലെവിടെ ജോലി കിട്ടാനാ! ബാല്യത്തിന്‍റെ ഓര്‍മ്മക്ക് പോലും തേയിലക്കാടിന്‍റെ മണമാണ്. വെടിയൊച്ചകളുടെ ശബ്ദവും...

 പൊടിക്കാറ്റായിരുന്നു. ജാലകക്കാഴ്ചയില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ നൊടിയിടയില്‍ മറഞ്ഞുപോയിരിക്കുന്നു. കാറ്റിന് വെടിമരുന്നിന്‍റെ ഗന്ധമാണെന്ന് ലക്ഷ്മിക്ക് തോന്നി. അവള്‍ക്കു  മാത്രം തോന്നിയ ഗന്ധം. 
അപ്പാ.. എനക്ക് റൊമ്പ ഭയമാ ഇരിക്ക... എനക്ക് ഒരു വേലയും ഓടലാ..
മനസ്സ് തേങ്ങുകയാണ്. നിശബ്ദമായി...
ഈയിടെയായ് അവളിങ്ങനെയാണ്. ഒന്നിലും ഉത്സാഹമില്ല. വെറുതേ ചിന്തിച്ചിരിക്കും. കുറേ കരയും. വൈകുന്നേരം ഇന്ദു വന്നു കയറുമ്പോള്‍ കഴുകാതെ കൂട്ടിയിട്ട പാത്രങ്ങള്‍ കലപില കൂട്ടും. തുടച്ച് വൃത്തിയാക്കാത്ത തറ  പിറുപിറുക്കും.
പുസ്തകം അടച്ചു വെച്ച് ഇന്ദു വാര്‍ത്തക്ക് മുന്നിലാണിപ്പോള്‍. സ്ക്രീനില്‍ അഭയാര്‍ഥികളുടെ നിലക്കാത്ത പ്രവാഹം. യുദ്ധത്തിലും വെയിലിലും ഉണങ്ങിയ മനുഷ്യക്കോലങ്ങള്‍. തെരുവോരത്ത് കൂടിക്കിടക്കുന്നതെല്ലാം കബന്ധങ്ങളോ!
ബാക്കിയായവര്‍ മുഖം പൊത്തിക്കരയുന്നു. ചിലര്‍ മരവിച്ചിരിക്കുന്നു.
അവര്‍ക്കിടയിലൂടെ വിതുമ്പി വിതുമ്പി  ഏന്തിവലിഞ്ഞു നടക്കുന്നു ഒരു മെലിഞ്ഞ പെണ്‍കുട്ടി.  പാവം! കാലിനു മുറിവേറ്റിട്ടുണ്ട്.
എങ്ങു നിന്നോ ഓടി വന്ന മീനുക്കുട്ടി അമ്മയുടെ  മടിയില്‍ കയറിയിരുന്നു. വിടര്‍ന്ന കണ്ണുകളില്‍ വിഷാദം പുരട്ടി അവള്‍ കൊഞ്ചുകയാണ്.
അമ്മേ, ടീവിയിലെ വാവയെന്തിനാ കരയുന്നെ?
 എന്തു പറയണം?  പറയാതിരിക്കണം?  കുഴങ്ങുകയാണ് ഇന്ദു.
അമ്മയെ കാണാഞ്ഞിട്ടാവും മുത്തേ.
കാപ്പി ഊതിക്കുടിച്ച് കുസൃതിയുടെ കവിളിലൊരുമ്മ കൊടുത്ത് ഇന്ദു പറഞ്ഞു.
നോനോ.. വാവയുടെ അമ്മയതാ അവിടെയുണ്ടല്ലോ. വാവയുടെ ടോയ്സ്‌ കളഞ്ഞു പോയ്ട്ടാവും. പാവം..
കളിപ്പാട്ടത്തില്‍ തീരുന്ന ദുഖങ്ങള്‍. അതല്ലേ അവള്‍ക്കറിയൂ!
രൂപം നഷ്ടമായ ഒരു പുരുഷന്‍റെ മൃതദേഹത്തില്‍ വീണ് പൊട്ടിക്കരയുന്നു ഒരുവള്‍. അതെ. മുറിവേറ്റ പെണ്‍കുട്ടിയുടെ  അമ്മയാകാം അവള്‍.
അപ്പോള്‍ മരിച്ച് കിടക്കുന്നത്... കഷ്ടം! ഇന്ദു  കണ്ണടച്ചിരുന്നു.
അവങ്ക കൊന്നുടുവങ്ക.... കൊലൈകാര സോള്‍ജിയേഴ്സ് എല്ലാത്തെയും കൊന്നുടുവങ്ക
ഇന്ദു ഞെട്ടിത്തിരിഞ്ഞു നോക്കി. ആകാശത്തോളം പൊങ്ങിയ  പരിദേവനമായ് ലക്ഷ്മി പിന്നില്‍. തീനാമ്പുകള്‍ പാറുന്ന കണ്ണുകള്‍.
കാപ്പിക്കപ്പ് തിരിച്ചു കൊടുത്ത് മുഖം തിരിച്ച് വിറയലോടെ ഇന്ദു പറഞ്ഞു.
ലക്ഷ്മീ, ആര്‍ക്കറിയാം പട്ടാളമാണൊ പുലികളാണൊ വെടിവെച്ചേന്ന്? സിവിലിയന്‍ കേന്ദ്രങ്ങളില്‍ ഒളിച്ചിരിക്കുവല്ലേ പുലികള്‍. രക്ഷപ്പെടാന്‍ അനുവദിക്കണില്ല ആരെയുമവര്‍. സിംഹള സൈന്യത്തെയെന്തിനാ ചുമ്മാ കുറ്റപ്പെടുത്തുന്നെ? നാടിനായ്‌ പോരാടുന്നോരല്ലേ?
കൊടുങ്കാറ്റാവുകയായിരുന്നു ലക്ഷ്മിയപ്പോള്‍.
ഒരുനാളും മഴയെത്താത്ത മരുഭൂമിയിലെ ചുടുകാറ്റ്‌!
പുലികളാണ്‌ പോലും! സോഷ്യലിസ്റ്റുകളാ അവര്‍.  അടിമൈയാക്കപ്പെട്ടതാലതാന അവങ്ക ഒന്ന സെര്‍ന്തങ്ക. അവരെ കൊന്നൊടുക്കിയാല്‍ തീരുമോ തമിഴരുടെ പ്രശ്നങ്ങള്‍?
 
മണല്‍ക്കുന്നുകള്‍ കാഴ്ചയില്‍ നിന്ന്‍ മറയുകയാണ്. ഈന്തപ്പനത്തോട്ടങ്ങള്‍ മായുന്നു.
പൊടിക്കാറ്റ് നഗരത്തെ വിഴുങ്ങിയിരിക്കുന്നു.  കാഴ്ച മങ്ങുകയാണ് ഇന്ദുവിന്.
ഇവള്‍ ആര്!  തന്‍റെ വായനക്കപ്പുറം വളര്‍ന്ന ഈ പെണ്‍കുട്ടി!
ലക്ഷ്മിക്ക് അത്യാവശ്യം പഠിപ്പും ബുദ്ധിയുമുണ്ടെന്ന് നേരത്തെ തന്നെ . മനസ്സിലായതാണ്. അല്ലെങ്കില്‍ മാസങ്ങള്‍ക്കുള്ളില്‍ ഒരു തമിള്‍ പെണ്‍കുട്ടി മണിമണിയായ് മലയാളം പറയാന്‍ പഠിക്കുമൊ!  ഇംഗ്ലീഷ് പത്രങ്ങളൊക്കെ വായിക്കുമോ? പക്ഷെ ഇപ്പോള്‍.. തനിക്ക് പിഴുതെറിയാന്‍ കഴിയാത്തവണ്ണം ആഴത്തിലെന്തോ ലക്ഷ്മിയില്‍ വേരൂന്നിയിട്ടുണ്ടെന്ന് ഇന്ദുവിന് തോന്നി. അതോ തിരുത്തപ്പെടേണ്ടത്   സ്വന്തം ധാരണകളാണോ?
 
വഴിയറിയാത്ത മുടന്തന്‍ ഒട്ടകത്തെ പോലെ പതറുകയാണ് ഇന്ദുവിന്റെ ചിന്തകള്‍. വിപ്ലവങ്ങളുടെ പുക പൊന്തിയ മനസ്സില്‍ നിന്ന് പുറത്തേക്കുള്ള വഴി തേടുകയായിരുന്നു ഇന്ദു. ലങ്കയുടെ മാത്രം കഥയല്ലല്ലോ ഇത്.  എത്രയോ സ്ഥലങ്ങളില്‍ നടക്കുന്നു  യുദ്ധങ്ങളും വംശീയ കലാപങ്ങളും. കാലത്തിന്‍റെ അറുതിയോളം അതിന്‍റെ അനുസ്യൂത  സഞ്ചാരം. വേട്ടയാടുന്നവര്‍ക്കും വേട്ടയാടപ്പെടുന്നവര്‍ക്കും എന്നും അവരുടെതായ ഭാഷ്യങ്ങള്‍.
ഭക്ഷണവണ്ടിയെത്തുമ്പോള്‍ ഒരു തുണ്ടം റൊട്ടിക്കായി മത്സരിച്ചോടുന്നവര്‍.
എങ്ങും വിശപ്പ്... വിശപ്പിന്‍റെ പ്രളയം.
മരവിച്ച കാലടികളോടെ അവര്‍ക്കിടയില്‍ ആരെയോ തിരയുകയാണ് ലക്ഷ്മി...
ആരെയോ...
 
പ്രിയമുള്ളതെല്ലാം പിന്നിലുപേക്ഷിച്ച് തന്നോടൊപ്പം വന്ന ഈ പെണ്‍കുട്ടിയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും? കരുണ നിറഞ്ഞ ഒരു വാക്ക് തേടി അലയുകയായിരുന്നു  ഇന്ദു. പെട്ടെന്നാണ് ഒരു ബൈബിള്‍ കഥ  ഇന്ദുവിന്റെ ഓര്‍മയിലെത്തിയത്. ഇസ്രായേല്‍ക്കാരുടെ കഥ. ആകാശത്ത് നിന്ന് മന്നാ വര്‍ഷിച്ച് പശിയകറ്റി ജീവന്‍ പകര്‍ന്നു അവരുടെ ദൈവം. ഇന്ന് വര്‍ഷിക്കുന്നതോ  ബോംബുകളും വെടിയുണ്ടകളും...
പീഡിപ്പിക്കുന്നവരുടെ കൂടെയാണോ ഇന്ന് ദൈവം!
സന്ദേഹങ്ങള്‍ മാത്രം നിറഞ്ഞ ചിലമ്പിച്ച ശബ്ദത്തില്‍ ഇന്ദു പറയുവാന്‍ തുടങ്ങി..
ലക്ഷ്മീ, നീ സമാധാനിക്ക്. നമുക്ക് പ്രാര്‍ഥിക്കാം...
മുഴുമിപ്പിക്കേണ്ടി വന്നില്ല ഇന്ദുവിന്. ഒരിക്കലുമുറങ്ങാത്ത ദൈവത്തെ പറ്റി പറഞ്ഞ് അവളെ ആശ്വസിപ്പിക്കാനോ? അനിര്‍വചനീയമായ വികാരങ്ങളില്‍ ആളിക്കത്തുകയാണ് ലക്ഷ്മി.  സിറ്റിംഗ് റൂമിലെ എസിയുടെ തണുപ്പിലും  വിയര്‍ലിത്തൊലിച്ച് ചിതറി വീണു ചോര മണക്കുന്ന വാക്കുകള്‍.
സിംഹളര്‍ പണ്ട് തമിഴരെ ചുട്ടുകൊന്നില്ലേ.  അന്തനേരം തെയ്‌വം എങ്ക ഇരുന്നത്? തൂങ്കികിട്ട് ഇരുന്നതാ?
 
മറുമൊഴികള്‍ ഇന്ദുവിനെ ഉപേക്ഷിച്ച് ഏതോ മണല്‍ക്കാടുകളില്‍ പോയ് ഒളിച്ചു. പുകഞ്ഞു നിന്ന ആ പെണ്‍കുട്ടിയില്‍ നിന്നും ഒരുപാട് അറിയണമെന്ന്‍ തോന്നി ഇന്ദുവിന്. ബുദ്ധവിഹാരങ്ങള്‍ക്കും തേയിലക്കുന്നുകള്‍ക്കും സുഗന്ധദ്രവ്യങ്ങള്‍ക്കും അപ്പുറം ലങ്കയെന്തെന്ന്‍ അറിയണം.  മുറിവേറ്റ ദ്രാവിഡന്‍റെ മനസ്സറിയണം.
പിന്നെ കാതും മനസ്സും തുറന്നുവെക്കുകയായിരുന്നു ഇന്ദു.
അപ്പാവില്‍ നിന്നും മകളറിഞ്ഞ കഥകള്‍ കേള്‍ക്കാന്‍...

തെരുവുകളെ  സ്നേഹിക്കുന്നവളാണ്‌ കാവേരിലക്ഷ്മി.   അവള്‍ പറയും, വീടില്ലാത്തവന്  വീടാണ്  തെരുവ്. മടിയില്‍ ഉറക്കുന്ന അമ്മയാണ്. തെരുവോരത്തെ ഈന്തപ്പനച്ചോട്ടില്‍ മയങ്ങുന്ന  തൊഴിലാളികളെ അവള്‍ നോക്കിയിരിക്കാറുണ്ട്, പലപ്പോഴും. അപ്പോളവള്‍ അപ്പാവെ ഓര്‍ക്കും...

പണ്ട് പണ്ട്.. വര്ഷങ്ങള്‍ക്കുമുമ്പ്... സിംഹളര്‍ തമിഴര്‍ക്കെതിരെ ആയുധമെടുത്തകാലം.***
അഗ്നിനാമ്പുകള്‍ക്കിടയിലൂടെ ഇറങ്ങിയോടുകയാണ് ഒരു പത്തുവയസ്സുകാരന്‍.  കത്തിയമരുന്ന വീടിനുള്ളില്‍ അവന്‍റെ അഛനും അമ്മയും. പെങ്ങളുടെ കയ്യും പിടിച്ച് അവന്‍ ഓടുകയാണ്. അട്ടഹാസങ്ങള്‍ക്കിടയിലൂടെ.  പിന്നാലെ പാഞ്ഞെത്തിയവര്‍ അവളെ വലിച്ചു പറിച്ചെടുത്തു. പിന്നെ അവളുടെ നിലവിളി മാത്രം ബാക്കിയായി...
ബോധം കിട്ടിയപ്പോള്‍ അവന്‍ ഒരു സിംഹളത്തിയുടെ കരങ്ങളിലായിരുന്നു. ആ ബാലന്‍ അമ്മയെ വിളിച്ച് കരഞ്ഞു. പെങ്ങളെയോര്‍ത്തു കരഞ്ഞു.   ആ സ്ത്രീ  അവനെ വാരിപ്പുണര്‍ന്നു. സ്നേഹമായിരുന്നു അവരുടെ മതം.
സിംഹളനും തമിഴനും ഒന്നാകുന്ന പുരാതന മാനവ സ്നേഹം!
പക്ഷെ രക്ഷയുണ്ടായില്ല അവിടെയുമവന്. ആ പുണ്യവതിയുടെ  ജീവന്‍ കൂടി അപകടത്തിലാവുമെന്നറിഞ്ഞ് ഒരു രാത്രിയില്‍ യാത്ര ചോദിക്കാതെ അവനിറങ്ങി നടന്നു.  ദൂരെ ദൂരേക്ക്. ആരോരുമില്ലാത്തവരെ കൈ നീട്ടി വാങ്ങുന്ന  തെരുവിലേക്ക്.

കാലം കടന്നു പോയ്‌. അധ്വാനിച്ചു  നേടിയ  ഒരു തുണ്ട് ഭൂമിയില്‍ അവനൊരു കുടില് കെട്ടി. കൂട്ടിനു ഒരു പെണ്ണുമെത്തി. രണ്ടു മക്കള്‍ പിറന്നു. എന്നാല്‍ വിധി വീണ്ടും ക്രൂരനായി. സിംഹളരുടെ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ കൂട്ടുകാരി പോയി. പിന്നെ മക്കള്‍ക്കെല്ലാം അപ്പാവായിരുന്നു. ലച്ചു തിരികെയെത്തുന്ന നാളും എണ്ണി കാത്തിരിക്കുന്ന അപ്പാ... വിദ്യ സിംഹളന്. മരുന്ന് സിംഹളന്. ജോലി സിംഹളന്.
പറഞ്ഞു നിര്‍ത്തി ലക്ഷ്മി കണ്ണ് തുടച്ചു.
അപ്പോള്‍ അവിടെയൊരു ഇളംകാറ്റ്‌ വീശി. കാതങ്ങള്‍ക്കകലെ, ആയിരം തീര്‍ഥാടകര്‍ ഒരുമിക്കുന്ന അനുരാധപുരത്ത് നിന്നെത്തിയ ശരണ മന്ത്രങ്ങളുടെ കാറ്റ്. പൊടി അടങ്ങുകയാണ്. അവളെ മാറോടു ചേര്‍ത്ത് പുല്‍കണമെന്ന് തോന്നി ഇന്ദുവിന്. പക്ഷെ...
 
ഇന്ദുവിന്‍റെ മോന്‍ രംഗബോധമില്ലാതെ അതിക്രമിച്ചു കടന്നു വരികയായിരുന്നു.  എട്ടാംക്ലാസുകാരന്‍.  യുദ്ധവും വിപ്ലവവും ഒന്നുമറിയാതെ സ്വസ്ഥമായിരുന്ന് അവന്‍ ചാറ്റ് ചെയ്യുകയായിരുന്നു.  അവനും കൂട്ടുകാര്‍ക്കും ചര്‍ച്ച ചെയ്യാന്‍ ബോളിവുഡും ക്രിക്കറ്റും തന്നെ ധാരാളം. 
അമ്മേ.. ഐ.പി.എല്‍ ക്രിക്കറ്റ്മാച്ചുണ്ട്. ചാനല്‍ മാറ്റ്.  ഇന്ന് ജയസൂര്യയും സചിനും അടിച്ചുപൊളിക്കും..
റിമോട്ട് അവന്‍റെ കൈകളിലായിക്കഴിഞ്ഞു.
മോനെ, ഈ വാര്‍ത്ത കാണെടാ.  ലങ്ക
ലക്ഷ്മിയുടെ നനഞ്ഞ കണ്ണുകള്‍ക്ക്‌ മുന്നിലിരുന്ന് ക്രിക്കെറ്റ് കാണാനാവാതെ ഇന്ദുവിന്റെ മനസ്സ് ഇറങ്ങി നടന്നു. 
'ഓലങ്ക.  അച്ഛനിന്നലെ പറയുന്ന കേട്ടു വാനരസേന ജയിച്ച നാട്ടില്‍ പുലിസേന തോറ്റുതുന്നമ്പാടുവാന്ന്‍.'
 അവന്‍ കുടുകുടാ ചിരിച്ചു.  രാജ്യം നഷ്ടപ്പെട്ട രാജകുമാരന്‍റെ കഥ കേട്ടിട്ടെന്നപോലെ താടിക്കു കയ്യും കൊടുത്ത്  വിഷാദിച്ചിരുന്ന മീനുക്കുട്ടിയെ അവന്‍ നുള്ളി നോവിച്ചു.
ഓ.. ഇവളാണോ ന്യൂസ്‌ കാണുന്ന ആള്‍. പിന്നെ,  ഹിസ്റ്ററി ബുക്കിലുണ്ട്.  അശോക ചക്രവര്‍ത്തിയുടെ മകള്‍ സംഗമിത്ര ബോധിവൃക്ഷക്കമ്പ് നട്ടുപിടിപ്പിച്ച നാട്. പുസ്തകത്തിലുള്ളതൊക്കെ ഞാന്‍ പഠിക്കുന്നുണ്ടമ്മേ.
കരിഞ്ഞുണങ്ങിയ നൂറായിരം ബോധിവൃക്ഷക്കമ്പുകള്‍ അടര്‍ന്നുവീഴുകയാണ്‌. എങ്ങോ നഷ്ടമായ ബോധോദയങ്ങള്‍! പുസ്തകം മാത്രം പഠിക്കുന്ന കുട്ടി ജീവിതം പഠിക്കില്ലല്ലോ. യുദ്ധം ക്രിക്കറ്റിനു വഴി മാറി.

ലക്ഷ്മിയുടെ മൊബൈല്‍ ഒന്നനങ്ങിയത് അപ്പോളായിരുന്നു. 
ഹായ്..അണ്ണന്‍. അവള്‍ മിന്നല്‍ പോലെ അകത്തേക്ക് മാഞ്ഞു.
പുസ്തകം നിവര്‍ത്തി ഇന്ദു വീണ്ടും വായന തുടര്‍ന്നു. വെസ്റ്റര്‍ ബോര്‍ക്, ഓഷ്വിറ്റ്സ്... ജര്‍മ്മന്‍ കോണ്‍സന്ട്രേഷന്‍ ക്യാമ്പുകള്‍.  ക്യാമ്പുകളിലേക്ക് നീങ്ങുന്ന കുത്തിനിറച്ച കന്നുകാലി വണ്ടികള്‍.  ആ വണ്ടികളിലൊന്നില്‍ ആന്‍ഫ്രാങ്ക് എന്ന പെണ്‍കുട്ടിയുമുണ്ടായിരുന്നു.  ജര്‍മ്മന്‍ പട്ടാളത്തിന്‍റെ പിടിയില്‍ പെടുന്നതിനു മുമ്പ് ഒളിത്താവളത്തിലിരുന്ന് അവളെഴുതുകയാണ്...  

അമ്മേ.. ലച്ചു വാതില്‍ തുറക്കണില്ല. ലച്ചു കരയുവാ.
വായനയിലേക്ക്‌ ഓടി വരികയായിരുന്നു മീനുക്കുട്ടി.
അകത്ത് ഏങ്ങലടികള്‍ കേള്‍ക്കാം. പൂട്ടിയിട്ട വാതിലിന് പുറത്ത് ഇന്ദു  വിളറി വെളുത്തു. ഈശ്വരാ.. അവളുടെ അപ്പാക്കെന്തെങ്കിലും!
കിളിനോച്ചിയിലെ കുടിലിനു മുന്നില്‍ നിറ കണ്ണുമായ് നിന്ന ആ പാവം മനുഷ്യന്‍...
സങ്കടം താങ്ങാതെ ലക്ഷ്മി എന്തെങ്കിലും അവിവേകം കാട്ടിയാല്‍
കഠിനമാണ് അറബ് നാടിന്‍റെ നിയമങ്ങള്‍. അധികനാളുകളായിട്ടില്ല, ഒളിച്ചോടിയ ഒരു ഹൌസ്മെയ്ഡിന്‍റെ ശവം അനാഥപ്രേതമായ് കണ്ടെത്തിയതും അവള്‍ക്ക് ജോലി കൊടുത്തവര്‍ ചെയ്യാത്ത കുറ്റത്തിന് ജയിലഴിക്കുള്ളിലായതും...
ഭയന്ന് വിറച്ച ഏതോ ഒട്ടകം മുരണ്ടു തുടങ്ങി. ഒരു ഗുഹയുടെ ഉള്ളില്‍ നിന്നുമെന്ന പോലെ ഇന്ദുവിന്‍റെ ശബ്ദം മുഴങ്ങി.
ലക്ഷ്മീ, വാതില്‍ തുറക്കാനാ പറഞ്ഞത്..
 വഴക്കു പറയണ്ടമ്മെ.  ലച്ചു പാവല്ലെ..
അമ്മയുടെ കുര്‍ത്തയുടെ തുമ്പില്‍ പിടിച്ച് ചിണുങ്ങി നിന്നു  കുഞ്ഞിവാക്കുകള്‍.

ലച്ചൂ... ഒന്നു പുറത്തു വാ ലച്ചൂ.  മീനുക്കുട്ടി അല്ലെങ്കില്‍ പിണങ്ങുംട്ടൊ.
കുഞ്ഞു മാലാഖ കരച്ചിലിന്‍റെ വക്കോളമെത്തി. ലച്ചു അവളുടെ കൂട്ടുകാരിയാണ്. ഫ്ലാറ്റില്‍ ഒറ്റപ്പെടുന്ന വരണ്ട ദിനങ്ങളില്‍ കൂടെയുള്ളവള്‍. യുദ്ധമോ ദുഖമോ ഉണ്ടായിരുന്നില്ല അവരുടെ ലോകത്തില്‍. കഥകളും പാട്ടുകളും പെയ്ത ചിരികള്‍ മാത്രം. മീനുവിന്‍റെ കണ്ണ് നിറഞ്ഞാല്‍ ലക്ഷ്മിയും പിടയും. അതുകൊണ്ടാവാം പൊടുന്നനെ വാതില്‍ തുറക്കപ്പെട്ടത്.

വിദൂരതിയിലെങ്ങോ‌ മിഴിയും നട്ട്, ഒടുങ്ങാത്ത വിലാപമായ്‌, അവള്‍  പുറത്തു വന്നു.
അവങ്ക കൊന്നങ്കഎന്നൂട ശെല്‍‌വത്തെയ് കൊന്നങ്ക.
പെട്ടെന്നുണ്ടായ കാറിനും കോളിനുമിടയില്‍ ദിക്ക് തെറ്റിയ കപ്പിത്താനെ പോലെ ഉഴറിയ ഇന്ദുവില്‍ നിന്നും അറിയാതെ ഒഴുകുകയായി   ചോദ്യങ്ങള്‍. 
 ആരാ  ശെല്‍‌വം?  ആരാ അവനെ കൊന്നത്? പുലികളാ? അതൊ അവന്‍ പുലിയായിരുന്നൊ?
പേശാതീങ്ക. മിണ്ടിപ്പോവരുത്. എന്നൂട ശെല്‍വം പുലി താന്‍.  നാനും പുലി താന്‍.  എന്നാഎന്നൈ ഉങ്കള്‍ക്ക് കൊല്ലണ്മ്ന്ന് തോന്നുതാ..?
ഒരു ഇടിമുഴക്കമായിരുന്നു അത്. ജാലകചില്ലുകള്‍ വിറകൊണ്ടു നിന്നു.  തിരശീലകള്‍ ആടിയിളകി. പേടിച്ചു പോയി കുഞ്ഞ്. പേടിച്ചു പോയി ഇന്ദു.

പിന്നെ മീനുക്കുട്ടിയെ കെട്ടിപ്പിടിച്ച് ലക്ഷ്മി കരയുകയായിരുന്നു.
  കടല്‍ പോലെ.. നിറയെ നിറയെ....
അവളുടെ കണ്ണുനീരില്‍ ആഴ്ന്നുപോവുകയാണ് ലങ്ക...
അലമാലകളില്‍ ആടിയുലഞ്ഞ് മുങ്ങുകയാണ് തോണി. തോണിക്കാരനും.
കഴുകന്മാര്‍ വട്ടം ചുറ്റുന്നു. രക്ഷക്കായ് ഉയരുന്ന കൈകള്‍ മുങ്ങിത്താണ് മുങ്ങിത്താണ്
പട്ടാളത്തിന്‍റെ  വെടിയുണ്ടകള്‍ തകര്‍ത്ത ഒരു ബോട്ട് ശവങ്ങളോടൊപ്പം തീരത്തടിയുന്നു..
വരും കാവേരീ ഞാന്‍...
നേര്‍ത്ത ഒരു ശബ്ദം, കടലിന്‍റെ ആത്മാവ്‌ മാത്രം കേട്ട ശബ്ദം, തിരകളിലൊഴുകിയൊഴുകി മറുകരയണയുന്നു...
  
ഇവിടെ ജയിക്കുന്നതാര്?  തോല്‍ക്കുന്നതാര്?
സച്ചിന്‍റെ സിക്സറുകള്‍ ഉയരത്തില്‍ പറക്കുകയാണ്.  കോലാഹലങ്ങളെ ഭേദിച്ചുകൊണ്ട്  പന്ത്‌ പറന്ന്‍ പറന്ന് വരുന്നു!  സിക്സ്സിക്സ്ഇന്ദുവിന്‍റെ മകന്‍ ആര്‍ത്തുവിളിച്ചു.
അപ്പോഴും, കിളിനോച്ചിയിലെ ശലഭങ്ങളുടെ പലായനം തുടര്‍ന്നുകൊണ്ടെയിരുന്നു.
ഭൂഖണ്ഡങ്ങള്‍ പിന്നിട്ട് പോകുന്നവരുടെ കൂട്ടത്തില്‍ കാവേരിലക്ഷ്മിയുടെ മനസ്സും... 

വിമാനം പുറപ്പെടാന്‍ സമയമായിരിക്കുന്നു. ഗേറ്റ് ഓപ്പണ്‍ ആയി എന്ന്‍ അനൌണ്‍സ്മെന്‍റ്.
തിരക്കേറിയ ഗവേഷണ യാത്രക്കിടയില്‍ അനുരാധപുരത്തു നിന്ന് കിളിനോച്ചി വരെ പോയത് വെറുതെ. അങ്ങനെ ആരും അവിടെ...
ആര്‍ക്കിയോളജി വിഭാഗത്തിലെ പ്രൊഫസര്‍ ഗുണശേഖരയും കൂട്ടിനു വന്നിരുന്നു. അങ്ങനെയൊരു തമിള്‍ കുടുംബത്തെ  യുദ്ധം തകര്‍ത്ത ഭൂമിയില്‍ കണ്ടെത്താനോ? അതും വര്‍ഷങ്ങള്‍ക്കുശേഷം!  
അസാധ്യമെന്ന്‍ യാത്രക്ക് മുന്നേ തന്നെ അദ്ദേഹം ഉറപ്പിച്ചു പറഞ്ഞതാണ്.
ഇന്ദുവിന് ചരിത്ര ഗവേഷകക്ക്‌ ചേരാത്ത മനസ്സാണെന്നും...
ശരിയാണ്. ജയിക്കുന്നവന്‍റെ തൂലിക കൊണ്ടല്ലേ ചരിത്രം ഏഴുതേണ്ടത്  എക്കാലവും!
മറക്കണം തോറ്റവനെ.
മനസ്സ് ആ മണ്ണില്‍ പൊഴിച്ച് കളഞ്ഞ് ഇന്ദു ഗേറ്റിലേക്ക് നടന്നു.
കം അഗൈന്‍ ടു കുളംബ്...
യൂണിഫോമിട്ട പെണ്‍കുട്ടി മധുരമായ്‌ പുഞ്ചിരിച്ചു.
ആ ചിരിയില്‍  ഇന്ദു തേടുകയായിരുന്നു.. ആരെയോ..
************************
 (ഗള്‍ഫിലെ തൊഴിലിടങ്ങളില്‍ നിത്യ സാന്നിദ്ധ്യമാണ് ശ്രീലങ്കന്‍ തമിഴര്‍. അവരില്‍ ഒരുവളാണ് കാവേരിലക്ഷ്മി. രണ്ടു വര്ഷം മുമ്പ് ഈ കഥയ്ക്ക് ശബ്ദാവിഷ്കാരം നല്‍കി പ്രക്ഷേപണം ചെയ്ത ദുബായ് ഏഷ്യാനെറ്റ്‌ റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ ശ്രീ രമേഷ്‌ പയ്യന്നൂരിനെയും തമിഴിലേക്ക് മൊഴി മാറ്റം നടത്തി പ്രസിദ്ധീകരിച്ച ശ്രീ ആസിഫ് മീരാനെയും നന്ദിപൂര്‍വ്വം സ്മരിച്ചു കൊണ്ട് എന്റെ ബ്ലോഗ്‌ കൂട്ടുകാരുടെ വായനക്കും നിര്‍ദ്ദേശങ്ങള്‍‍ക്കുമായി സമര്‍പ്പിക്കുന്നു.
***സൂചനകള്‍.. 2009 ലെ ശ്രീലങ്കന്‍ ഗവന്‍മെന്റിന്‍റെ പുലി വേട്ട, 1958 ലെ സിംഹളരുടെ തമിള്‍ കൂട്ടക്കൊല    








90 comments:

  1. നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  2. "...ശരിയാണ്. ജയിക്കുന്നവന്‍റെ തൂലിക കൊണ്ടല്ലേ ചരിത്രം എഴുതെണ്ടത്, എക്കാലവും!
    മറക്കണം തോറ്റവനെ...!"

    മുറുക്കമുള്ള എഴുത്ത്..!
    വ്യത്യസ്ഥമായ ശൈലികൊണ്ട്, വായനക്കാരനെ പിടിച്ചിരുത്താൻ കഴിഞ്ഞു.
    ലക്ഷ്മിയുടെ തേങ്ങലുകൾ, വായനക്കാരിലേയ്ക്ക് മിഴിനീർത്തുള്ളിയായൊലിച്ചിറങ്ങുന്നു..!!

    എഴുത്തുകാരിക്ക് ആശംസകൾ..പുലരി

    ReplyDelete
  3. നോ…നോ.. വാവയുടെ അമ്മയതാ അവിടെയുണ്ടല്ലോ. വാവയുടെ ടോയ്സ്‌ കളഞ്ഞു പോയ്ട്ടാവും. പാവം..’
    കളിപ്പാട്ടത്തില്‍ തീരുന്ന ദുഖങ്ങള്‍. അതല്ലേ അവള്‍ക്കറിയൂ! ലച്ചൂ... ഒന്നു പുറത്തു വാ ലച്ചൂ. മീനുക്കുട്ടി അല്ലെങ്കില്‍ പിണങ്ങുംട്ടൊ.’ പേശാതീങ്ക. മിണ്ടിപ്പോവരുത്. എന്നൂട ശെല്‍വം പുലി താന്‍. നാനും പുലി താന്‍. എന്നാ… എന്നൈ ഉങ്കള്‍ക്ക് കൊല്ലണ്മ്ന്ന് തോന്നുതാ. കുഞ്ഞു മനസ്സിലെ നിഷ്കളഞ്ഗത അത് പോലെ പുലി എന്ന് കേട്ടാല്‍ മറ്റുള്ളവരുടെ ദാരണകള്‍ അന്ടനെന്നും അതിന്‍റെ ഇടയില്‍ സച്ചിനും ക്രികെറ്റ് ബ്രാതും എല്ലാം ബന്ഘിയില്‍ അവാടരിച്ച നല്ല ഒരു കഥ നനായിരിക്കുന്നു ഷീല എല്ലാ ആശംസകളും

    ReplyDelete
  4. തീവ്രമായൊരു വായനാനുഭവം ഈ രാവിലെ തന്നെ സാധിച്ചു .
    മനോഹരമായ ചില രാഷ്ട്രീയ ബിംബങ്ങള്‍ ഇതിനെ ശ്രദ്ധേയാമാക്കുന്നു.
    വിലയിരുത്താനും വിശകലം ചെയ്യാനുമുള്ള എന്റെ പരിമിതിക്കുള്ളില്‍ നിന്ന് ഒന്ന് മാത്രം പറയട്ടെ ..ഏറ്റവും കാലികമായ
    ധീരമായ ഒരു രാഷ്ട്രീയം ഈ വരികള്‍ പ്രസരിപ്പിക്കുന്നു

    ReplyDelete
  5. ഈ കഥ കഥാകാരി സ്വയം വായിച്ച് കേട്ടിട്ടുണ്ട്. 2011 സംസ്കൃതി ദോഹയൂണിറ്റ് നടത്തിയ കഥാമത്സരത്തില്‍ വെച്ച്. ചിന്തകളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന കഥയാണ്. എല്ലാവിധ ആശംസകളും നേരുന്നു. കഥകളിനിയും വരട്ടെ...

    ReplyDelete
  6. തമിൾ ദേശീയ സമരത്തിനെക്കുറിച്ച് ഒരു ഡോക്കുമെന്ററി ഉണ്ടായിരുന്നു. അത് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ദേശീയസമരങ്ങളെ എങ്ങിനെ വിലയിരുത്തണമെന്നത് വിലയിരുത്തുന്നവന്റെ ദേശീയതപോലെയാണ്..
    അരാഷ്ട്രീയമായിപ്പോകുന്ന തലമുറയെ അടയാളപ്പെടുത്തിയതിന് നന്ദി

    ReplyDelete
  7. ശ്രീലങ്കന്‍ തമിഴര്‍ അനുഭവിച്ചിരുന്ന യാതനകള്‍ ഇ മണലാരണ്യത്തില്‍ പരിചയപെട്ട ചില ശ്രീലങ്കന്‍ തമിഴ് സുഹൃത്തുക്കളില്‍ നിന്നും അറിഞ്ഞിട്ടുണ്ട്.അതികം പേര്‍ക്കും പ്രിയപെട്ടവരുടെ വേര്‍പാടിന്‍റെ കഥകളാണ് പറയുവാനുള്ളത് .ഇ കഥ വായിച്ചപ്പോള്‍ മനസ്സില്‍ വല്ലാത്തൊരു വിങ്ങല്‍ അനുഭവപെട്ടു .വേറിട്ടൊരു കഥ പറഞ്ഞ കഥാകാരിക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു .........

    ReplyDelete
  8. കഥ നന്നായിരിക്കുന്നു ..ഈ വ്യഥകള്‍ പല ശ്രീലങ്കന്‍ തമിഴ് പരിചയക്കാരിലൂടെ അറിഞ്ഞിട്ടുണ്ട്. വംശീയമായ ആഭ്യന്തര യുദ്ധങ്ങളുടെ ഇരകള്‍. അവരുടെ വേദനകള്‍ , നിസ്സഹായതകള്‍ , ദുരിതങ്ങള്‍
    തലമുറകള്‍ കഴിഞ്ഞാലും മറക്കാനാവത്തവ

    ReplyDelete
  9. "പുസ്തകം മാത്രം പഠിക്കുന്ന കുട്ടി ജീവിതം പഠിക്കില്ലല്ലോ!!! "

    നഷ്ടപ്പെടുന്നവണ്റ്റെ വേദന പുലികള്‍ക്കും സിംഹളനും ഒന്നുതന്നെയെന്ന സത്യം തിരിച്ചറിയപ്പെടാതെപൊയ ഒരു രണഭൂമിയുടെ ഹ്രിദയത്തുടിപ്പുകള്‍ വിദൂരതയില്‍ ഇരുന്നു വരച്ചികാട്ടിയ എഴുത്തുകാരിക്കു അഭിനന്ദങ്ങള്‍ ....

    ReplyDelete
  10. നന്നായിരിക്കുന്നു. .കഥ ആശംസകള്‍

    ReplyDelete
  11. ഇവിടെ ആദ്യമാണ് .. നാമൂസ്‌ വഴിയെത്തി

    കിള്ളിനോചിയിലെ ശലഭങ്ങള്‍ എന്ന പേര് കേട്ടതും കഥ ശ്രീലങ്കന്‍ പശ്ചാത്തലത്തില്‍ ആയിരിക്കും എന്നൂഹിച്ചു. ശ്രീ ലങ്കയിലെ തമിള്‍ വംശജരുടെ ചെറുത്തു നില്‍പ്പിന്റെയും പലായനത്തിന്റെയും ചിത്രങ്ങള്‍ ഇന്ദുവിന്റെ മനസ്സിലൂടെ കയറിയിറങ്ങി കണ്ടപ്പോള്‍ വേദനയുടെയും നിരാശയുടെയും ഒരു നീറ്റല്‍ നാം അറിയാതെ നമ്മില്‍ പടരുന്നത് കൊണ്ട് ഈ കഥ അത് ഉള്‍കൊള്ളുന്ന ആശയ സംവേദനത്തില്‍ പൂര്‍ണമായും വിജയിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു ഫ്ലാറ്റിന്റെ സ്വീകരണന മുറിയിലെ പതിവ് കാഴ്ചകളില്‍ തൊട്ടു കഥ പറഞ്ഞ ഈ ആഖ്യാന രീതി ഏറെ ഇഷ്ട്ടമായി. ഈ നല്ല വായനാനുഭവത്തിലേക്ക് വഴി നടത്തിയ നാമൂസിനു നന്ദി പറയുന്നു.

    കരിഞ്ഞുണങ്ങിയ നൂറായിരം ബോധിവൃക്ഷക്കമ്പുകള്‍ അടര്‍ന്നുവീഴുകയാണ്‌. എങ്ങോ നഷ്ടമായ ബോധോദയങ്ങള്‍!

    ആശംസകള്‍ പ്രിയ എഴുത്തുകാരി

    ReplyDelete
  12. എല്ലാ യുദ്ധങ്ങളിലും ലഹളകളിലും ദുരിതം അനുഭവിക്കുന്ന ഒരു ജനത ഉണ്ട്. അവരെപ്പറ്റി ആരോര്‍ക്കാന്‍..? അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ജീവിച്ചു തീര്‍ക്കുന്ന ജീവിതങ്ങള്‍. പിന്നീടതു ചരിത്ര താളുകളില്‍ വായിക്കപ്പെടാനുള്ള സംഭവങ്ങള്‍ മാത്രമാകുന്നു.മുറിവുണങ്ങാത്ത തലമുറകള്‍ പിന്നെയും ബാക്കി.
    ഈ കഥ വല്ലാതെ നൊമ്പരപ്പെടുത്തി.
    എഴുത്ത്കാരിക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  13. തങ്കപ്പന്ജീ, പ്രഭന്‍, ഷാഹിദത്ത, അനസ്‌, ഷാനവാസ്‌, നവാസ്‌, റഷീദ്‌ജി, സുനില്‍, സുഹാസ്‌, ജോയ്‌, ജുവൈരിയ, വേണുഗോപാല്‍ജി, റോസാപൂക്കള്‍ ഉടന്‍ തന്നെ വന്നു വായിച്ചല്ലോ...! ഒരുപാട് നന്ദി. നീളമുള്ള പോസ്റ്റ്‌ ആയതിനാല്‍ വായിക്കപ്പെടാതെ പോകുമോ എന്നായിരുന്നു പേടി. ആശയപരമായ വിലയിരുത്തലുകളും കണ്ടതില്‍ സന്തോഷമുണ്ട്. വായനയില്‍ തോന്നുന്ന പോരായ്മകള്‍ ചൂണ്ടിക്കാണിക്കാന്‍ മടിക്കണ്ടാട്ടോ.. കൂടുതല്‍ നന്നാക്കാന്‍ അത് ഉപകരിക്കൂല്ലോ

    ReplyDelete
    Replies
    1. ഇതിനോട് കൂട്ടി കാണേണ്ട ഒരു ഫിലിം ഉണ്ട്. "കണ്ണത്തില്‍ മുത്തമിട്ടാല്‍". തമിള്‍ ഫിലിം ആണ്. ശ്രീലങ്കയിലെ പ്രശ്നം മൂലം തമിള്‍നാട്ടില്‍ എത്തിയ ഒരു കുട്ടി (അമുധ) അമ്മയെ തേടി ലങ്കയില്‍ പോകുന്നതാണ് തീം.

      Delete
    2. ആ ചിത്രം ഞാന്‍ കണ്ടിട്ടിലാട്ടോ. ഏതു വര്‍ഷമാണ് ഈ സിനിമ? ഏതായാലും കണ്ടു നോക്കണം സിനിമ..
      ഇത് 2009 ജൂണില്‍ എഴുതി അതേ സമയത്തു തന്നെ ഇവിടെ ഏഷ്യാനെറ്റ് റേഡിയോയില്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്ത കഥയാണ്‌ ട്ടോ. തമിഴ്‌ പരിഭാഷയും ആ വര്ഷം തന്നെ വന്നിരുന്നു. പുഴ.കോമിലും വന്നിരുന്നു കഥ.
      ആ ചിത്രം ഞാന്‍ കണ്ടിട്ടിലാട്ടോ. ഏതു വര്‍ഷമാണ് ഈ സിനിമ? ഏതായാലും കണ്ടു നോക്കണം സിനിമ..
      ഇത് 2009 ജൂണില്‍ എഴുതി അതേ സമയത്തു തന്നെ ഇവിടെ ഏഷ്യാനെറ്റ് റേഡിയോയില്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്ത കഥയാണ്‌ ട്ടോ. തമിഴ്‌ പരിഭാഷയും ആ വര്ഷം തന്നെ വന്നിരുന്നു. പുഴ.കോമിലും വന്നിരുന്നു കഥ.
      വായനക്കും അഭിപ്രായത്തിനും നന്ദി റാഷിദ്‌.

      Delete
  14. വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍. അനിതാപ്രതാപിന്റെ ഐലന്റ് ഓഫ് ബ്ലഡില്‍ പ്രഭാകരനുമായുള്ള അഭിമുഖം ഉണ്ട്.
    അയാളെങ്ങെനെ ഒരു പുലിയായിതീര്‍ന്നുവെന്ന് പറയുന്നുണ്ട് അതില്‍. രാജ്യത്തിന്റെ പല ഭാഗത്തും ജനങ്ങള്‍ ഇങ്ങനെ എരിതീയിലാണു ജീവിക്കുന്നത്. അതൊക്കെ കാണുമ്പോള്‍ നമ്മള്‍ ഇന്ത്യക്കാര്‍,പ്രത്യേകിച്ചും നമ്മള്‍ മലയാളികള്‍ എന്തോരം ഭാഗ്യം ചെയ്തവരാണു അല്ലേ..നമുക്കിവിടെ മുടി തീയിലിട്ടാല്‍ കത്തുമോ, മതകാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ക്ക് അഭിപ്രായം പറയാന്‍ പാടുണ്ടോ, മകന്‍ അഛനേക്കാള്‍ കേമനകാന്‍ സമ്മതിക്കാമോ എന്നതൊക്കെയാണു തലവേദന. ഇവന്മാരെയൊക്കെ കുറച്ച്കാലം ഇപ്പറയുന്ന രാജ്യങ്ങളില്‍ കൊണ്ട്പോയിടണം.എന്നാലേ പഠിക്കൂ...

    ReplyDelete
    Replies
    1. വളരെ സത്യം... മുല്ല..!
      വായനക്ക്‌ ഒരുപാട് നന്ദി..

      Delete
  15. കഥ വളരെ നന്നായിരിക്കുന്നു. ഒരു പക്ഷെ, ന്യായീകരണങ്ങള്‍ അര്‍ഹിക്കുന്നില്ലെങ്കില്‍ പോലും അവരുടെ ജീവിതങ്ങള്‍ കേള്‍ക്കാന്‍ ആരും ശ്രമിക്കാറില്ല.

    ReplyDelete
    Replies
    1. സത്യം...!
      പ്രോത്സാഹനത്തിന് നന്ദിട്ടോ മനോ.

      Delete
  16. വേറിട്ട ഒരു വായനാനുഭവം സമ്മാനിച്ചതിനു നന്ദി
    വിഷയ സംബന്ധിയായ ഒരു ചിത്രവും കൂടി ചേര്‍ക്കാമായിരുന്നു.

    ReplyDelete
    Replies
    1. നന്ദി തണല്‍. നല്ല നിര്‍ദ്ദേശമ. നോക്കട്ടെ ഒരു പടം....

      Delete
  17. നല്ല കഥ. ഇഷ്ടപ്പെട്ടു വളരെ നന്നായിത്തന്നെ... 'കന്നത്തില്‍ മുത്തമിട്ടാല്‍' എന്ന തമിഴ ചലച്ചിത്രം ഓര്‍ത്തു പോയി. അത്രയും നന്നായി അവതരിപ്പിച്ചിരിക്കുന്നു..

    ReplyDelete
    Replies
    1. നന്ദി smitha.....!
      തിരക്കിനിടയില്‍ വന്നു വായിച്ചല്ലോ...!
      ഏതായാലും സിനിമ കണ്ടു നോക്കണം. നല്ല സാമ്യമുണ്ടെങ്കില്‍ മാറ്റം വരുത്തണം. ഇത് 2009 ലെ കഥയ. അതിന്‍റെ പ്രൂഫ്‌ എന്റടുത്ത്ന്ടുട്ടോ.ആ ചിത്രം ഞാന്‍ കണ്ടിട്ടിലാട്ടോ.

      Delete
  18. ഷീല ചേച്ചി....

    കഥയേറെ ഇഷ്ടപ്പെട്ടു... അവതരണവും കഥയ്ക്ക് അനുയോജ്യമായ ഭാഷയും പ്രയോഗങ്ങളും മികച്ചത് തന്നെ....
    ഇന്നും ശ്രീലങ്കയില്‍ നിലനില്‍ക്കുന്ന ഒരു പ്രശ്നമായതിനാല്‍ കഥയ്ക്ക് ഇപ്പോഴും പ്രസക്തി നഷ്ടമായിട്ടില്ല....
    പുറന്തള്ളപ്പെടുന്നവന്റെ / ജനിച്ച മണ്ണ് നിഷേധിക്കപ്പെട്ടവന്റെ അവകാശത്തിനു വേണ്ടിയുള്ള സായുധ സമരത്തെ ചരിത്രം എന്തുകൊണ്ട് തമിഴ് തീവ്രവാദമെന്ന് ചരിത്രം പേരിട്ടു കൊടുത്തു എന്നത് ഞാനും ഓര്‍ത്തിട്ടുണ്ട്..
    അല്ലെങ്കിലും ഭരിക്കുന്നവന്റെ ഇച്ഛയ്ക്ക് അനുസൃതമായി എഴുതി വെയ്ക്കുന്നതല്ലോ ചരിത്രം...
    ജയിക്കുന്നവനെ കാലം ഓര്‍ക്കുകയും പരാജിതന്റെ രോദനം എങ്ങുമെത്താതെ കെട്ടടങ്ങുകയും ചെയ്യും...
    ഇതത്രേ ലോകനീതി... കഷ്ടം...!!!

    "കളിപ്പാട്ടത്തില്‍ തീരുന്ന ദുഖങ്ങള്‍. അതല്ലേ അവള്‍ക്കറിയൂ!"
    ഈ ഒരു വാക്കില്‍ നിന്നും കുറെയേറെ ചരിത്രസത്യങ്ങള്‍ കഥയിലേക്ക്‌ വന്നു വീഴുന്നുണ്ട്....

    നമ്മള്‍ ഇന്ത്യക്കാര്‍ക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ വലിയ പ്രശ്നങ്ങളൊന്നും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല... എടുത്തു പറയാന്‍ മാത്രം ചില യുദ്ധക്കെടുതികളും (പാകിസ്ഥാനുമായും ചൈനയുമായും നടന്നത്.. പിന്നെ ലോകമഹായുദ്ധത്തെ തുടര്‍ന്നുള്ള ക്ഷാമകാലം) ബംഗാള്‍ വിഭജനവും അടിയന്തിരാവസ്ഥ കാലവും ചെറിയ ചെറിയ വര്‍ഗ്ഗീയ കലാപങ്ങളും മാത്രമേ നമ്മള്‍ അനുഭവിച്ചിട്ടുള്ളൂ... അതിനപ്പുറം നമ്മള്‍ ഇന്ത്യക്കാര്‍ ഇന്നു സുഖലോലുപരായി സ്വന്തം കയ്യില്‍ പണ്ടെങ്ങോ ഉണ്ടായ കൊച്ചു മുറിവിനെ പോലും താലോലിച്ചു നടക്കുകയാണ്... ആ ഒരു വാചകം വായിച്ച നേരം കഥയില്‍ നിന്നും മാറി ചിലത് ഓര്‍ത്തു പോയതാണ്...

    കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമയുമായി സാമ്യങ്ങള്‍ തോന്നിയിരുന്നു..
    ആ ഫോര്‍മാറ്റില്‍ നിന്നും മാറി കഥ അവതരിപ്പിച്ചിരുന്നെങ്കില്‍ കുറെ കൂടി രസമായി മാറിയേനെ....
    (ഇപ്പോള്‍ മോശമെന്ന് ഒന്നുമല്ല പറയുന്നത് കേട്ടോ ചേച്ചി..)

    എഴുതി വെച്ച കഥകള്‍ ഇങ്ങനെ ഓരോന്നായി പുറത്തെടുക്കൂ...
    കുറെ നല്ല വായനകള്‍ വരും നാളുകളില്‍ ഞങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രത്യാശയോടെ..
    പ്രതീക്ഷയോടെ...

    സ്നേഹപൂര്‍വ്വം
    സന്ദീപ്‌

    ReplyDelete
    Replies
    1. സന്ദീപ്‌.. കഥ ആഴത്തില്‍ വായിച്ചു വിലയിരുതിയല്ലോ...!
      അക്ഷരം പ്രതി കഥയിലൂടെ യാത്ര ചെയ്യുന്ന ഈ വായന കാണുമ്പോള്‍ ഒരുപാട് സന്തോഷം.
      ആ സിനിമ ഞാന്‍ കണ്ടിട്ടിലാട്ടോ. ഇപ്പോള്‍ രണ്ടു മൂന്നു പേര്‍ പറയുന്നു കഥയില്‍ ചില സാമ്യങ്ങള്‍ ഉണ്ടെന്ന്.. ഇത് 2009 ജൂണില്‍ എഴുതി അതേ സമയത്തു തന്നെ ഇവിടെ ഏഷ്യാനെറ്റ് റേഡിയോയില്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്ത കഥയാണ്‌ ട്ടോ. തമിഴ്‌ പരിഭാഷയും വന്നിരുന്നു.
      ഇനി സിനിമ കണ്ടു നോക്കണം. എന്നിട്ട് വേണമെങ്കില്‍ മാറ്റം വരുത്താംട്ടോ...

      Delete
  19. വ്യത്യസ്തമായ വായനാനുഭവം സമ്മാനിച്ച നല്ലൊരു കഥ, നൊമ്പരപ്പെടുത്തുകയും ചെയ്തു...

    ReplyDelete
  20. "...ശരിയാണ്. ജയിക്കുന്നവന്‍റെ തൂലിക കൊണ്ടല്ലേ ചരിത്രം എഴുതെണ്ടത്, എക്കാലവും!
    മറക്കണം തോറ്റവനെ...!"

    തഴക്കം വന്ന എഴുത്ത്.... നീണ്ട കഥയായിട്ടും ഒറ്റ ഇരുപ്പിന് വായിക്കാന്‍ തോന്നിപ്പിക്കുന്ന ശൈലി....

    നല്ല വായന സമ്മാനിച്ചതിന് നന്ദി...

    ReplyDelete
  21. വായനക്ക് നന്ദിട്ടോ..കുഞ്ഞൂസ്... & khaadu.
    നല്ല വാക്കുകള്‍ക്കും...

    ReplyDelete
  22. നല്ല എഴുത്ത് ആശംസകള്‍

    ReplyDelete
  23. കഥ വളരെ ഇഷ്ടമായി...നാളുകള്‍ക്ക് ശേഷമാണ് ഒരു ബ്ലോഗ് വായിക്കുന്നത്..തുടര്‍ വായനയ്ക്ക് പ്രചോദനമാകുന്നു ഈ രചന....ആശംസകള്‍..കാടോടിയ്ക്ക്...

    ReplyDelete
  24. വന്നതിനും വായിച്ചതിനും നന്ദി അജീഷ്‌, കൊമ്പന്‍ .
    നല്ല വാക്കുകള്‍ക്കും

    ReplyDelete
  25. ശ്രീലങ്കയിലെ ആഭ്യന്തരപ്രശ്നങ്ങളും അവ ഉണര്‍ത്തുന്ന വലിയ അസ്വസ്ഥതകളുടെയും വാര്‍ത്തകള്‍ വന്നിരുന്ന കാലത്ത് വംശീയവൈരങ്ങളൊന്നും തീണ്ടാതെ അവിടെ ജീവിക്കുന്ന സാധാരക്കാരെപ്പറ്റി ഓര്‍ക്കാറുണ്ടായിരുന്നു.... കഥ വായിച്ചപ്പോള്‍ വീണ്ടും ആ ദിനങ്ങള്‍ ഓര്‍ത്തുപോയി.....

    ഈ ബ്ലോഗിലെ രണ്ടാമത്തെ കഥയാണ് വായിക്കുന്നത് .വലിയ പ്രതീക്ഷകള്‍ നല്‍കുന്ന ഒരു കഥാകാരിയുടെ സാമീപ്യം ഇവിടെ അനുഭവവേദ്യമാവുന്നു.... പ്രശസ്തങ്ങളായ ആനുകാലികങ്ങളില്‍ പോലും നിരാശപ്പെടുത്തുന്ന കഥകള്‍ വരുന്ന ഈ കാലത്ത് ക്രാഫ്റ്റിന്റേയും പ്രമേയത്തിന്റെയും മേല്‍ നല്ല കൈയ്യടക്കത്തോടെ ശ്രദ്ധാപൂര്‍വ്വും കൊത്തിയെടുത്ത കഥാശില്‍പ്പങ്ങള്‍ കാണണമെങ്കില്‍ ബ്ലോഗുകളില്‍ വന്ന് നിങ്ങളെപ്പോലുള്ളവരെ വായിക്കണം എന്നായിരിക്കുന്നു -വലിയ സന്തോഷമുള്ള കാര്യമാണത്.....

    ReplyDelete
    Replies
    1. ഇത്രയും നല്ല വാക്കുകള്‍ക്ക് ഞാന്‍ അര്‍ഹയാണോ എന്നറിയില്ല മാഷെ. എങ്കിലും അങ്ങയെപോലുള്ളവരുടെ പ്രോല്‍സാഹനം എനിക്ക് എഴുത്തിന് കരുത്തേകും... തീര്‍ച്ച. ഒത്തിരി നന്ദി.

      Delete
  26. ആദ്യായിട്ടാണ്‌ ഇവിടെ. വന്നത് വെറുതെ ആയില്ല. നന്നായി പറഞ്ഞ ഒരു കഥ കേള്‍ക്കാന്‍ കഴിഞ്ഞു!! ഇനിയും വരാം..
    ഭാവുകങ്ങള്‍.
    മനു.

    ReplyDelete
    Replies
    1. ഇവിടെ വന്നതിനും വായിച്ചതിനും ഒരുപാട് നന്ദി.. Manu

      Delete
  27. അവരുടെ ശരിക്കുള്ള ജീവിതം നമുക്കൊക്കെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അപ്പുറത്താണ്.
    ശ്രമം നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. പ്രോത്സാഹനത്തിനു നന്ദി നാരദന്‍...

      Delete
  28. കഥ വായിച്ചു തീര്‍ത്തു; ഒറ്റയിരുപ്പില്‍ത്തന്നെ. ചരിത്രം ഉള്ളവന്റെയും ഇല്ലതവന്റെയുമല്ല; ആട്ടിപ്പായിക്കുന്നവരുടെയും പുറത്താക്കപ്പെടുന്നവരുടെതുമാണ് എന്ന് തോന്നിയിട്ടുണ്ട്. കൊന്നിട്ടും കൊല്ലിച്ചിട്ടും ചരിത്രത്തെ ആര്‍ഭാടമാക്കിയത് മനുഷ്യന്‍ തന്നെയായിരുന്നു. അവന്‍ തന്നെ പലായനങ്ങള്‍ തീര്‍ത്തു. ഇന്ത്യ തന്നെയും ചരിത്രം കണ്ടതില്‍ വെച്ചേറ്റവും വലിയ പലായനത്തിന് ആതിഥ്യമേകിയില്ലേ...
    സ്കൂള്‍ കാലം മുതല്‍ തന്നെ മുടങ്ങാത്ത പത്ര പാരായണത്തിലൂടെ കിള്ളിനോച്ചിയും ജാഫ്നയുമെല്ലാം മനസ്സിലുറച്ച പേരുകളായി. കൊല്ലും കൊലയും നിത്യേന അരങ്ങേറിയ കാലം. പാഞ്ഞവനും പായിച്ചവനും, കൊന്നവനും കൊല്ലപ്പെട്ടവനും ലോകത്തിന് മുന്‍പില്‍ കാരണങ്ങള്‍ നിരത്തി. വിടുതലൈ പുലികള്‍ക്ക് മറുപടിയായി ശ്രീലങ്കന്‍ സര്‍ക്കാര്‍ രംഗത്തിറക്കിയ ജനതാ വിമുക്തി പെരമുന എന്ന കൊലയാളി സംഘം കാട്ടിക്കൂട്ടിയ വേണ്ടാത്തരങ്ങള്‍ ഏറ്റുവാങ്ങാന്‍ ചരിത്രം പോലും മടിച്ചു നില്‍ക്കും. ജേതാവിനാല്‍ രചിക്കപ്പെടുന്ന ചരിത്രത്തില്‍ ജെ.വി.പിയുടെ സംഭാവന സ്മരിക്കപ്പെടുമോ എന്തോ..
    പച്ച മനുഷ്യന്റെ വികാരങ്ങള്‍ ആരും മനസ്സിലാക്കുന്നില്ല. ആളുകളെ കളങ്ങളിലാക്കി ആ കളങ്ങള്‍ക്ക് അനുകൂലമായും പ്രതികൂലമായും വാദങ്ങള്‍ നിരത്തുക എന്നതാണ് ചരിത്രം സ്വീകരിച്ച രീതി. എന്നാല്‍ ഈ കഥ വേദനിക്കുന്ന മനസ്സ് കാണുന്നു,അത് അനുഭവിപ്പിക്കുന്നു, എന്നിട്ട് ഹൃദയത്തിന്റെ ആ വേദന അനുവാചകനിലെത്തിക്കുകയും ചെയ്തു.അതാണല്ലോ കലാകാരന്റെ/കാരിയുടെ ധര്‍മവും. മീര്‍സാ ഗാലിബിന്റെ പ്രസിദ്ധമായ വരികള്‍ നമ്മോട് പേര്‍ത്തും പേര്‍ത്തും ചോദിക്കുന്നു.
    ദില്‍ ഹി തോ ഹേ ന സങ്കോ ഖിഷ്ത്
    ദര്‍ദ് സെ ഭര്‍ ന ആയെ ക്യൂം
    റോയി ഹേ ഹം ഹസാര്‍ ബാര്‍
    കോയി ഹമേ സത്താ ഹേ ക്യൂം.
    (ഹൃദയം കല്ലും കട്ടയും കൊണ്ട് നിര്‍മിച്ചതല്ലല്ലോ, ഒരായിരം തവണ ഞാന്‍ തേങ്ങി ആരുമെന്നെ സമാശ്വസിപ്പിക്കാന്‍ വരാഞ്ഞതെന്തേ?)
    വിയട്നാമിലെക്ക് പട്ടാളത്തെ അയക്കുന്നതിന് മുന്‍പ് പ്രസിഡന്റ്റ്‌ ലിന്‍ഡന്‍ ജോണ്‍സന്‍, തന്റെ സ്ട്രറ്റീജിസ്റ്റുകളുമായി കൂടിയാലോചിക്കുന്നതിനു പകരം കവികളോട് കൂടിയാലോചന നടത്തിയിരുന്നെങ്കില്‍ അമേരിക്കയെ സംബന്ധിച്ചേടത്തോളം ഏറ്റവും വലിയ മാനക്കേടായ പരാജയം രുചിക്കേണ്ടി വരുമായിരുന്നില്ല എന്ന് ആരെയോ ഉദ്ധരിച്ച് കാപ്ര പറയുന്നുണ്ട്.
    ഈ കഥയില്‍ വന്ന കഥാ പാത്രങ്ങലെല്ലാവരും കഥയുടെ അനിവാര്യതയായിരുന്നു, അല്ലാതെ അരികു പട്ടി അറിയാതെ കടന്നു വന്നതല്ല.മകനും മകളും, ചരിത്രകാരനായ ഗുരുനാഥന്‍ പോലും.

    ReplyDelete
    Replies
    1. അതെ.. ചരിത്രം ഉള്ളവന്റെയും ഇല്ലതവന്റെയുമല്ല; ആട്ടിപ്പായിക്കുന്നവരുടെയും പുറത്താക്കപ്പെടുന്നവരുടെതുമാണ്. കൊന്നിട്ടും കൊല്ലിച്ചിട്ടും ചരിത്രത്തെ ആര്‍ഭാടമാക്കിയത് മനുഷ്യന്‍ തന്നെ.

      സൂക്ഷ്മമായി വിശദമായി വിഷയത്തെ ഉള്‍ക്കൊണ്ടു വിലയിരുത്തലിനു എങ്ങനെ നന്ദി പറയണം....!

      ഇത്രയും ഗൌരവത്തോടെ എഴുത്തിനെയും, സാമൂഹ്യ പ്രശ്നങ്ങളെയും സമീപിക്കുന്നവര്‍ കൂടെയുള്ളപ്പോള്‍ എഴുത്തില്‍ വളരാന്‍ ആകും എന്നൊരു പ്രതീക്ഷ...

      കാപ്രയുടെ വാക്കുകള്‍ എനിക്ക് പുതിയ അറിവാണ്.
      ഒരുപാട് നന്ദി Arif ji...

      Delete
  29. പ്രീയപെട്ട കൂട്ടുകാരീ .. ശക്തം, തീവ്രം ഈ വരികള്‍
    വായിച്ചു തുടങ്ങിയപ്പൊള്‍ തന്നെ ഈ മണ്‍ല്‍കാടുകളില്‍
    നിന്നും എവിടെ നിന്നോ ഒരു വെവിന്റെ കാറ്റ് വന്നു
    ഈ ശീതകാറ്റിന്റെ കൂട്ടത്തില്‍ വേറിട്ട് നിന്ന പൊലെ ..
    ഉള്ളില്‍ ഒരു മിഴിനീരായ് " കാവേരി ലക്ഷ്മീ " ലച്ചൂ ..
    രമേഷ് പയ്യന്നൂരിന്റെ ശബ്ദത്തിലൂടെ
    ഇതെപ്പൊഴെങ്കിലും ഞാന്‍ കേട്ടുവോ ..
    അറിയില്ല പക്ഷേ "ദില്‍ക്കി "എന്ന കുഞ്ഞു കൂട്ടുകാരിയിലൂടെ
    അറിഞ്ഞ ചില നീറ്റലുകളാകം ചിലപ്പൊള്‍ ഈ വരികളിലും
    നിഴലിച്ചു കണ്ടത് ,കഥ പറഞ്ഞ രീതീ അഭിനന്ദനീയം
    ഒരു വരിയില്‍ പൊലും നേരിന്റെ തീവ്രത ചോരാതെ
    പകര്‍ത്തപെട്ടിരിക്കുന്നു ..ലോകം ഇപ്പൊളിതാണ്
    പണ്ടും ഇതായിരിക്കാം ,ഏറ്റം മൂല്യം കുറഞ്ഞതായീ
    എന്തേലുമുണ്ടേല്‍ അതീ ഭൂമുഖത്ത് മനുഷ്യജീവനാണെന്ന്
    ഇടക്കൊക്കെ തൊന്നി പൊകുന്നു .
    ഒരു രാജ്യത്തില്‍ തന്നെ ജനനം കൊണ്ട് രണ്ടായീ പൊയവര്‍
    എന്തിനാണ് ഇതൊക്കെ ?എന്തു നേടുന്നു ഇതു കൊണ്ട്
    വെടിയൊച്ചകള്‍ക്കും ,തീവര്‍ഷത്തിനും നടുവിലും
    മനസ്സില്‍ വീര്യം ചോരാതെ കാക്കുന്നവര്‍ ..
    പുലികള്‍ വര്‍ദ്ധിച്ച മാനസിക വീര്യമുള്ളവര്‍ തന്നെ ..
    അതിനേ ആളി കത്തികാനല്ലാതെ ഒന്നണക്കുവാന്‍
    നമ്മുക്കാവില്ല , ലച്ചുവിന്റെ കണ്ണുകളില്‍ നിന്നു പൊലും
    നമ്മുക്കത് വായിച്ചെടുക്കാം ...ആരാണ തെറ്റുകാര്‍ ?
    അറിവതില്ല ... ! സിംഹളരൊ .പുലികളൊ ?
    അല്ലെങ്കില്‍ ഈ ലോകത്ത് നടമാടുന്ന നരനായാട്ടുകള്‍ക്ക്
    ആരാണ് കാരണക്കാര്‍ ,അതിലാരാണ് ശരിയുള്ളവര്‍ ..
    ലക്ഷ്മീ ഒരു ജനതയേ ഇന്ദുവിന് പകര്‍ന്നു നല്‍കുന്നുണ്ട്
    അതിന്റെ വേവുകളേ ,ആരെയും പക്ഷം പിടിക്കാന്‍
    എനിക്കോ ഇന്ദുവിനോ ,കഥാകാരിക്കോ ആവില്ല തന്നെ
    പക്ഷേ ആ പാവം തമിഴത്തി പെണ്ണിന്റെ ഹൃത്ത്
    പിടയുമ്പൊള്‍ ആരാണ് പതറി പൊകാത്തത്
    അവളുടെ കണ്ണിലേ തീയില്‍ ആരുടെ
    ഉത്തരങ്ങള്‍ക്കാണ് ശക്തിയുണ്ടാകുക ..
    കളിപ്പാട്ടത്തില്‍ തീരുന്ന ദുഖങ്ങള്‍ മാത്രമറിയുന്ന
    കുഞ്ഞു പൂവിന്റെ നിഷ്കളങ്കതയില്‍ ചിരിക്കാന്‍
    ശ്രമിക്കുന്ന ഒരു പാവത്തിനേ നന്നായീ വരച്ചിട്ടു
    എത്രയോ മനസ്സുകള്‍ ,എത്രയോ ജന്മങ്ങള്‍
    വെന്തുരുകുന്നു ഈ അമ്മയുടെ മാറില്‍ ..
    നാം സുഖായീ ഉണ്ടുറങ്ങുന്നു ..
    നൊസ്റ്റാള്‍ജിയേ കൂട്ടു പിടിച്ച് വര്‍ണ്ണം വറ്റിയ
    ജീവിതം പറയുമ്പൊള്‍ ,ഒരു കണം സ്വപ്നം
    പോലും അന്യം നില്‍ക്കുന്ന ,നിന്നു പൊയ
    എത്രയോ ജനമങ്ങള്‍ നമ്മുക്കരുകില്‍ ,തൊട്ടപ്പുറം ..
    വരികളിലേ ആഴവും , നോവും മനസ്സിലേക്ക്
    പകര്‍ത്തുവാന്‍ കഴിഞ്ഞു കൂട്ടുകാരിക്ക്
    ഹൃദയത്തില്‍ നിന്നും അഭിനന്ദനങ്ങള്‍ സഖീ ..

    ReplyDelete
    Replies
    1. പ്രിയപ്പെട്ട റിനി
      ഓരോ വരികളിലും സൂക്ഷ്മമായ്‌ സഞ്ചരിച്ച്
      പറഞ്ഞതും പറയാനുള്ളതും ഉള്‍ക്കൊണ്ട്
      ചാരുതയോടെ എഴുതി ചേര്‍ത്തിട്ട് പോയല്ലോ....!
      എങ്ങനെ നന്ദി പറയും ഞാന്‍...
      ഒരുപാട് നന്ദി...
      എഴുതിയും വായിച്ചും നമുക്ക്
      നമ്മുടെ ലോകം വിശാലമാക്കാം.....
      കൂടെയുണ്ട്....

      Delete
  30. തീക്ഷ്ണമായ വിഷയം..
    തീവ്രമായ ഭാഷ..
    എല്ലാംകൊണ്ടും നല്ല ഒരു വായനാനുഭവം.

    രാഷ്ട്രീയമായ ശരി-തെറ്റുകള്‍ക്ക് അപ്പുറത്ത്, യുദ്ധത്തിന്റെയും പാലായനതിന്റെയും രോഗത്തിന്റെയും മരണത്തിന്റെയും ദുര്‍ വിധികളിലേക്ക് വലിച്ചിഴക്കപ്പെടുന്ന ഒരു ജനതയുടെ ദുരന്തം കാവേരിലക്ഷ്മിയുടെ കണ്ണീരില്‍ ആവാഹിക്കപെടുന്നുന്ടു. ദുബായിലെ ഒരു ഫ്ലാറ്റില്‍ ലങ്കയിലെ യുദ്ധത്തിന്റെ കൊടുങ്കാറ്റു വീശി അമരുന്നത് വായനക്കാരന്‍ അനുഭവിക്കുന്നുണ്ട്.
    ഇന്ദു ശ്രീലങ്ക കണ്ടിട്ടില്ലെങ്കില്‍ പോലും അതിനു വിത്യാസമുന്ടാവുമെന്നു കരുതുന്നില്ല.
    അഭിനന്ദനങ്ങള്‍!

    ReplyDelete
    Replies
    1. നന്ദി കലാം. കാമ്പറിഞ്ഞുള്ള വായനക്കും പ്രോല്‍സാഹനത്തിനും.

      Delete
  31. കാടോടിക്കാറ്റിന്റെ രണ്ടാമത്തെ കഥയാണു ഞാൻ ഇപ്പോൾ വായിച്ച് തീർത്തത്.ഒരുപാട് വായിച്ചിട്ടുഌഅവനാണു ഈയുള്ളവൻ.ഇപ്പോഴും വായിക്കുന്നു.15 രൂപ കൊടുത്ത് വാങ്ങിക്കുന്ന മലയാള വാരികകൾ എന്നെ നിരാശനാകാറുണ്ട് പലപ്പോഴും.... ഇന്നത്തെ തലമുറയില് പെട്ട പ്ലരും ഉപരിപ്ലവമായിന്മാത്രം കഥകളെഴുതിപോകുന്നൂ.അനുഭവജ്ഞാനം ഇല്ലാത്തത് കൊണ്ടാവാം..അല്ലെങ്കിൽ വായനയുടെ കുറവ് കൊണ്ടാകാം.. ഭാരതത്തിനു സ്വാതന്ത്ര്യംകിട്ടിയപ്പോൾ,ഇന്നും നമ്മൾ മൂവർൺനക്കൊടി പാറിച്ച് അത് ആഘോഷിക്കുമ്പോഴും....നാം അറിയാത്ത ഒരു പാട് കഥകൾ അതിനു പിന്നിലുണ്ടെന്ന് പലരും മറക്കുന്നു.അതു ഓർമ്മപ്പെടുത്തുന്ന് ഒരു പുസ്തകം പത്താം തവണ വായിച്ച് തീർത്തത് ഇന്നലെയാണു."സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ" ഒരു ഭാരതീയനും അതുപോലൊന്ന് എഴുതാൻ മെനക്കെടാതിർന്നപ്പോൾ 'ലാറിക്കോലിങ്സും,ഡൊമനിക്ക് ലാപ്പിയറും ചെർന്നെഴുതിയ പുസ്തകം...'ഫ്രീഡം അറ്റ് മിറ്റ് നൈറ്റ്'....കാടീടിക്കാറ്റിന്റെ ഈ കഥ വായിച്ചപ്പോൾ അത് ഓർത്ത് പോയി എന്ന് മാത്രം... സഹോദരീ ഈ കഥ എനിക്ക് വളരെ പ്രീയമുഌഅതായി...നമ്മുടെ ബ്ലോഗെഴുത്തുകാർ ഇത്തരം കഥകൾ നിരന്തരം വായിക്കണം എന്ന് മനസ്സ് പറയുന്നൂ.കഥാകാരിക്കെന്റെ വിനീതമായ നമസ്കാരം....ഒന്ന് രണ്ട് കാര്യങ്ങൾകൂടെ പറഞ്ഞുകൊള്ളട്ടെ 1,രചനകൾ ഇടുമ്പോൾ ദയവായി അറിയിക്കുക,2, ഇതിന്റെ ഫോണ്ട് മാറ്റാൻ ശ്രമിക്കുക...എന്നെപ്പോലെയുഌഅ അർദ്ധവൃദ്ധന്മാർക്ക് വായിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നൂ....എല്ലാ ആശംസകളും......

    ReplyDelete
    Replies
    1. പ്രിയ ചന്തു സര്‍, ഇവിടെ വന്നു വായിച്ചതിനും പങ്കു വെച്ച വിവരങ്ങള്‍ക്കും ഈ പ്രോത്സാഹനത്തിനും ഒരുപാട് നന്ദി.... നിങ്ങളുടെയൊക്കെ പ്രോല്‍സാഹനം എനിക്ക് വലിയ പ്രചോദനമാണ്. പോസ്ടിടുമ്പോള്‍ തീര്‍ച്ചയായും അറിയിക്കാം... നന്ദിയോടെ... ആശംസകളോടെ...

      Delete
  32. മുഴുവന്‍ വായിച്ചു. ആ വികാരം ഉള്‍കൊള്ളാന്‍ കഴിഞ്ഞു. ആശംസകള്‍!

    ReplyDelete
  33. കഥ നന്നായിട്ടുണ്ട്. ടൈറ്റിൽ വളരെ നല്ലത്.

    ReplyDelete
    Replies
    1. ഇവിടെ വന്ന്‍ വായിച്ചല്ലോ... നന്ദി കുമാരസംഭവം.

      Delete
  34. Replies
    1. ഇരിപ്പിടത്തില്‍ ഉള്‍പ്പെടുത്തി വായനക്കാരിലേക്ക് എത്തിച്ചതില്‍ സന്തോഷം അക്ബര്‍ജി & ചന്തുവങ്കിള്‍. രചനകള്‍ കണ്ടെത്തി സസൂക്ഷ്മം വിലയിരുത്തി നല്‍കുന്നത് എന്നെ പോലെ ബ്ലോഗില്‍ തുടക്കക്കാര്‍ക്ക് വലിയ ഉപകാരമ. വായനക്കുള്ള നല്ല ഇടങ്ങളിലേക്ക് എത്തുവാനും സാധിക്കുന്നു. ഒരുപാട് നന്ദി

      Delete
  35. ഇപ്പോഴാണ് വായിച്ചത്..

    കഥവായനയ്ക്കു ശേഷം കന്നത്തിൽ മുത്തമിട്ടാൽ കണ്ടാൽ മതിയായിരുന്നു എന്ന് തോന്നി പോകുന്നു..

    ഇതേ ഫീലിങ്ങ് ആണ് സിനിമ കാണുമ്പോഴും കിട്ടുക.

    എഴുത്താളരുടെ ദീർഘവീക്ഷണം..

    ReplyDelete
    Replies
    1. പ്രോത്സാഹനത്തിന് ഒരുപാട് നദി വിഡ്ഢിമാന്‍.
      ചിലര്‍ ആ സിനിമയെ പറ്റി സൂചിപ്പിച്ചപ്പോള്‍ ആ സിനിമ കണ്ടു നോക്കി. അവസാനം ആ കുട്ടിയെ അന്വേഷിച്ചു പോകുന്നതില്‍ മാത്രമേ സിനിമയുമായ്‌ സമാനതയുള്ളൂ എന്നറിഞ്ഞു. ബാക്കി കഥ വ്യത്യസ്തമാണ്. ഹൃദയസ്പര്‍ശിയായ ആ രംഗത്തിന്‍റെ വികാരം ഇതിലും അനുഭവിച്ചു എന്നറിഞ്ഞപ്പോള്‍ എഴുത്ത് സ്പര്ശിച്ചല്ലോ എന്ന കൃതാര്‍ത്ഥതയുണ്ട്.
      ഈ പ്രോല്‍സാഹനം ഇനിയും വേണം.

      Delete
  36. വ്യത്യസ്തമായ, തീവ്രമായൊരു വായനാനുഭവം..

    ReplyDelete
  37. ലക്ഷ്മിയുടെ തേങ്ങലുകൾ, വായനക്കാരിലേയ്ക്ക് ഒരു നൊമ്പരമായ്‌ മാറുന്നു ..
    ഷീലയുടെ വ്യത്യസ്തമായ മറ്റൊരു നല്ല കഥ..

    ReplyDelete
    Replies
    1. ഈ പ്രോത്സാഹനത്തിനും കൂട്ടിനും നന്ദി കൊച്ചുമോള്‍.

      Delete
  38. പ്രിയപ്പെട്ട ഷീല,
    മനസ്സിന്റെ നൊമ്പരമായി മാറുന്ന ലക്ഷ്മിയും അപ്പവാവും അണ്ണനും !അസ്വസ്ഥകള്‍ ബാക്കിയാകുന്നു..!
    വളരെ നന്നായി തന്നെ എഴുതി,ഷീല !
    അഭിനന്ദനങ്ങള്‍!
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. അനു വന്നതിനും വായിച്ചതിനും ഒത്തിരി നന്ദി.
      sasneham...

      Delete
  39. കഥ മുഴുവനും ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു. നന്നായി എഴുതിയിരിക്കുന്നു. ഇതിവൃത്തം പക്ഷെ ഇരുമുനയുള്ളത് എന്ന് തോന്നുന്നു. കാരണം കുറെ സുഹൃത്തുക്കള്‍ സിംഹളര്‍ ആയിരുന്നു. അവര്‍ പറഞ്ഞറിഞ്ഞിട്ടുണ്ട് പുലികളില്‍ നിന്ന് അനുഭവിക്കേണ്ടി വന്നിരുന്ന ക്രൂരത. അതിന്റെ ഇരകളുമായിരുന്നു അവര്‍. പലസമയത്തും എല്ലാവര്‍ക്കും ചില ചായ്‌വുകളുണ്ട്. നമ്മുടെ ചായ്‌വിനോട് ചേര്‍ന്ന് നില്‍ക്കുന്ന അനുഭവങ്ങളെക്കുറിച്ച് വര്‍ണ്ണിക്കാനാണ് സ്വതവേ താല്പര്യവും ശ്രമവും ഉണ്ടാവുക. അതിനിടയില്‍ മറുപക്ഷത്തിന്റെ വേദനകള്‍ പലപ്പോഴും അഗണ്യമാക്കപ്പെടുന്നു. ഇരകളും വേട്ടക്കാരും എല്ലാ പക്ഷത്തുമുണ്ട്. കണ്ണീരും ആക്രോശവും രണ്ടുപക്ഷത്തുമുണ്ട്. കൊല നിശ്വസിച്ചവരും അറുക്കപ്പെട്ടവരും ഇരുഭാഗത്തുമുണ്ട്. മരതകദ്വീപ് സമാധാനദേശമായി മാറട്ടെ. (പക്ഷെ ഇതൊന്നും എഴുത്തിന്റെ ഭംഗിയേയോ കെട്ടുറപ്പിനെയോ തരിമ്പും ബാധിച്ചിട്ടില്ല; എന്റെ കാഴ്ച്ചപ്പാട് പറഞ്ഞുവെന്ന് മാത്രം. വ്യത്യസ്തമായ ഈ കാഴ്ച്ചയേയും സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളുമെന്ന് കരുതുന്നു.)

    ReplyDelete
    Replies
    1. yes you are right... ഇരകളും വേട്ടക്കാരും എല്ലാ പക്ഷത്തുമുണ്ട്.

      അവഗണിക്കപ്പെടുന്നവരുടെ നൊമ്പരങ്ങള്‍, നേരിട്ട് കണ്ട ചിലത്, പകരുവാന്‍ ഒരു ശ്രമം. അത്രയേയുള്ളൂ.
      പ്രോത്സാഹനത്തിന് ഒരുപാട് നന്ദി അജിത്‌......

      Delete
  40. നല്ല കഥ; നന്നായെഴുതി.
    അഭിനദനങ്ങൾ!

    ReplyDelete
  41. ഒറ്റയിരുപ്പില്‍ വായിച്ചു. വളരെ നന്ദി.

    ReplyDelete
    Replies
    1. വന്നതിനും വായിച്ചതിനും നന്ദി Haseen...

      Delete
  42. വായിച്ചത് മികച്ചത് ..വായിക്കപ്പെടാതെപ്പോയത്‌ അതിലും മികച്ചത് ....ഇനി വരാനിരിക്കുന്നത് അതിലും ഗംഭീരം എന്ന് വിചാരിക്കുന്നു.....ഒരു വലിയ കഥാകാരിക്ക് ഈ ചെറിയവന്റെ ..ആശംസകള്‍ ...

    ReplyDelete
    Replies
    1. ഞാനും താങ്കളെ പോലെ തന്നെ, ചെറിയ എഴുത്തുകാരി മാത്രം.
      ഈ പ്രോത്സാഹനത്തിന് ഒത്തിരി നന്ദിയുണ്ട്... thira

      Delete
  43. ആദ്യമായാണ് ഇവിടെ, ഇരിപ്പിടത്തിലൂടെ അറിഞ്ഞുകേട്ട് എത്തിയതാ...
    പച്ചയായ യാഥാര്‍ത്യങ്ങള്‍ മൊഴിയായി, കഥയായി മാറ്റപ്പെടുകയല്ലേ.
    ആ സിനിമയും മുന്‍പേ ഞാന്‍ കണ്ടിരുന്നു. രണ്ടും ഇഷ്ടമായി കേട്ടോ,
    ആശംസകള്‍.

    ReplyDelete
    Replies
    1. തേടി വന്നതിനും വായനക്കും ആശംസകള്‍ക്കും നന്ദി..ജോസ് ലെറ്റ്‌......

      Delete
  44. ഈ സിംങ്കളത്ത് ചിന്നകുയിലിന്റെ കഥയിലൂടെ സാക്ഷാൽ ഒരു കഥയുടെ തമ്പുരാട്ടിയാണെന്ന് തെളിയിച്ചിരിക്കുകയാണിവിടെ കേട്ടൊ

    ReplyDelete
    Replies
    1. ഏയ്.. ചുമ്മാ. അത്രയൊന്നുമില്ല. ഈ പ്രോത്സാഹനത്തിന് ഒരുപാട് നന്ദി മുരളി.

      Delete
  45. ഇരയ്ക്കും വേട്ടക്കാരനും അവരവരുടേതായ വാദങ്ങൾ ഉണ്ടാകും. ഏത് കേട്ടാലും അതാണ് ശരി എന്ന് തോന്നും. എല്ലാവർക്കും എല്ലാത്തിനും ന്യായ വാദങ്ങൾ. നമുക്ക് ജീവിക്കാം സഹൃദയരായ മനുഷ്യരായി. ആശംസകൾ.

    ReplyDelete
    Replies
    1. വന്നു വായിച്ചല്ലോ. വായനക്കും ആശംസകള്‍ക്കും ഒരുപാട് നന്ദി മണ്ടൂസന്‍......

      Delete
    2. valare nannayittundu...... aashamsakal.... blogil puthiya post...... URUMIYE THAZHANJAVAR ENTHU NEDI....... vayikkane.......

      Delete
    3. Jayaraj, നന്ദി. തീര്‍ച്ചയായും വായിക്കാം

      Delete
  46. വൈകിപ്പോയി വരാന്‍..ഭംഗിയുള്ള എഴുത്തു ഇഷ്ടായി ..
    നന്ദി

    ReplyDelete
    Replies
    1. ഒരുപാട് നന്ദി സതീശന്‍. വന്നതിനും വായിച്ചതിനും.

      Delete
  47. വംശീയത ലോകത്തെങ്ങുമുള്ള ഒരു വിഷയമാണ് . ,അമേരികയില്‍ ,ജര്‍മ്മനിയില്‍ ,ചൈനയില്‍ ,നമ്മുടെ നാട്ടില്‍ നിരവധി പേര്‍ അതിനിരയാകുന്നു .കലാപങ്ങള്‍ ,അടിച്ചമര്‍ത്തലുകള്‍ ,വിമോചന പോരാട്ടങ്ങള്‍ . മനുഷ്യനെ പരാജയപ്പെടുത്തുന്ന ഒരു രോഗമായി മാറുന്നു അത് . എന്തിനാണ് നാം ഇങ്ങനെ കലഹിക്കുന്നത് ?എന്തിനാണ് നാം പരസ്പരം കൊല്ലുന്നത് ?
    .ഈ കഥ ശ്രീലങ്കയിലെ തമിഴരെ പറ്റിമാത്രമാണോ ?ആന്‍ ഫ്രാങ്കിനെ പറ്റി പറയുന്നിടത്ത് തൊട്ടു ഞാന്‍ ലോകം മുഴുവനുള്ള കുട്ടികള്‍ ലക്ഷ്മിയിലേക്ക് ചുരുങ്ങുന്നത് എനിക്ക് കാണായി.ദുരിതങ്ങളില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കണ്ണുനീരിനിടയിലും പണക്കൊഴുപ്പിന്റെ അട്ടഹാസം സിക്സറുകള്‍ ആയി വെടിയുണ്ടകള്‍ പോലെ പറക്കുന്നത് കഥാകൃത്ത് നമ്മെ അനുഭവിപ്പിക്കുന്നു .
    ഇതിനു മുന്‍പ്‌ പലവട്ടം ഇവിടെ വന്നു പോയിരുന്നു ,കമന്റ്‌ എഴുതാന്‍ ധൈര്യം ഉണ്ടായില്ല (എന്തെന്നാല്‍ എനിക്ക് എഴുതുന്ന പുലികളെയും പേടിയാണ്,,:) )

    ReplyDelete
    Replies
    1. അത്മാവറിഞ്ഞ ഈ വായനക്ക് എങ്ങനെ നന്ദി പറയണം സിയാഫ്..!
      പിന്നെ, എഴുത്തില്‍ ഞാന്‍ പുലിയൊന്നും അല്ലാട്ടോ. പേടിക്കണ്ട. ചില കുട്ടികള്‍ വലിയ വായില്‍ വര്‍ത്താനം പറയുന്ന കേള്‍ക്കാറില്ലേ. അത്രയുമേയുള്ളൂ. മനോഹരമായ്‌ എഴുതുന്ന നിങ്ങളുടെയൊക്കെ കൂട്ട് ഉള്ളതുകൊണ്ട് ഇനിയും എഴുതാനാവും എന്നൊരു പ്രതീക്ഷയും.

      Delete
  48. വായിയ്ക്കാൻ വൈകി എന്ന ഖേദം.......
    വളരെ നന്നായി എഴുതി...ഇപ്പോൾ മനസ്സ് വല്ലാതെ വിങ്ങുന്നതുകൊണ്ട് മറ്റൊന്നും എഴുതാനാവുന്നില്ല.

    വലിയൊരു എഴുത്തുകാരിയായി മാറട്ടെ....തോൽക്കുന്നവരുടെ കഥകൾ എഴുതുന്നവളാകട്ടെ.

    ReplyDelete
    Replies
    1. എഴുത്ത് മനസ്സിനെ സ്പര്‍ശിച്ചു എന്നറിഞ്ഞപ്പോ സന്തോഷമായ്‌ എച്മു.
      ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയപ്പോള്‍ ഇവിടെയുള്ള എന്‍റെ ചില കൂട്ടുകാര്‍ പറഞ്ഞ പേരാ എച്മുവിന്‍റെ. പരിമിതമായ സമയത്തില്‍ ഏതു വായിക്കണം എന്ന് വിഷമിക്കുമ്പോ വായിക്കാന്‍ ചൂണ്ടിക്കാണിച്ച ബ്ലോഗ.
      എന്നെ വായിക്കാനും പ്രോത്സാഹിപ്പിക്കാനും എച്മു എത്തിയതില്‍ നന്ദിയും സന്തോഷവും ഒരുപാടുണ്ട്.

      Delete
  49. എസ് പി ബിയുടെ ശബ്ദത്തിൽ തമിഴ് പാട്ട് പാടുന്ന ആർക്കിടെക്ടാണോ ശ്രീ ആസിഫ് മീരാൻ?

    ReplyDelete
    Replies
    1. എനിക്ക് അദേഹത്തെ പറ്റി കൂടുതല്‍ അറിയില്ല. He is a product of Trivandrum Engineering College. Now in Dubai. Presents a Tamil musical program in Asianet radio. കൂടുതല്‍ അന്വേഷിച്ചു പറയാംട്ടോ.

      Delete
  50. വായിച്ചാലും വായിച്ചാലും കൊതി തീരാത്ത വരികള്‍ .. വീണ്ടും വരാം ..

    ReplyDelete
  51. ഗംഭീരം! ഒറ്റയിരിപ്പിനു ശ്വാസം പിടിച്ചു വെച്ച് വായിച്ചു തീര്‍ത്തു.. മനസ്സില്‍ ഒരു പൊള്ളുന്ന വിങ്ങലായി കാവേരിലക്ഷ്മി.. അഭിനന്ദനങ്ങള്‍ !!

    ReplyDelete