Wednesday, April 18, 2012

എങ്ങനെ ഞങ്ങള്‍ മറക്കും കുയിലേ...


യാത്രയാക്കുന്നു സഖീ, നിന്നെ ഞാന്‍ മൌനത്തിന്‍റെ

നേര്‍ത്ത പട്ടുനൂല്‍ പൊട്ടിച്ചിതറും പദങ്ങളാല്‍....

നിതാന്ത മൌനത്തിലേക്ക് ആ നീലക്കുയില്‍ പാടിപ്പറന്നു പോയിട്ട് അഞ്ചു വര്ഷം തികഞ്ഞിരിക്കുന്നു, ഫെബ്രുവരി 25 ന്. ഒരു തലമുറയെ മുഴുവന്‍ സ്വപ്നം കാണുവാനും പ്രണയിക്കുവാനും അനീതിയോട് പോരാടുവാനും പഠിപ്പിച്ച ശബ്ദം.. പി. ഭാസ്കരന്‍.. പ്രണയവും, വിരഹവും, വിഷാദവും, വിപ്ലവവും പെയ്തൊഴിഞ്ഞ മാനത്ത് ഇന്നുമുദിക്കുന്നുണ്ട് ആ വൃശ്ചിക പൂനിലാവ്.

 വില്ലാളി എന്ന ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങുമ്പോള്‍ പ്രായം ഇരുപതു മാത്രം. വയലാര്‍ ഗര്‍ജിക്കുന്നു എന്ന കവിതയിലൂടെ രാഷ്ട്രീയ സാമൂഹിക മേഘലകളില്‍ കോളിളക്കം സൃഷ്‌ടിച്ച് വിപ്ലവാവേശമായ് നാടാകെ ഉയര്‍ന്നു. പിന്നീട് ഒറ്റക്കമ്പിയുള്ള തമ്പുരു എന്ന കവിതാ സമാഹാരം ഓടക്കുഴല്‍, സാഹിത്യ അക്കാദമി അവാര്‍ഡുകളും നേടി.

 ചങ്ങമ്പുഴക്കു ശേഷം മലയാളിയെ അക്ഷരങ്ങളുടെ മായികതാളത്തിലേക്ക് ആവാഹിച്ചവരില്‍ മുന്‍നിരക്കാര്‍ വയലാറും ഭാസ്കരന്‍ മാഷും ഓഎന്‍വിയും ആയിരുന്നല്ലോ. ഇവരില്‍ ഭാസ്കരന്‍ മാഷ്‌ വ്യത്യസ്തനാവുന്നത് കവി, ഗാനരചയിതാവ്‌ എന്നതിനപ്പുറം സംവിധായകന്‍, തിരക്കഥാകൃത്ത്, അഭിനേതാവ്‌, നിര്‍മ്മാതാവ്, പത്രപ്രവര്‍ത്തകന്‍, പ്രക്ഷേപണ കലാകാരന്‍... അങ്ങനെ നനാതുറകളിലെ പ്രാഗത്ഭ്യംകൊണ്ടാണ്. ആദ്യം പാട്ടെഴുതിയത് അപൂര്‍വ സഹോദരര്‍ എന്ന തമിഴ്‌ ചിത്രത്തിനായാണ്. മലയാളത്തില്‍ ചന്ദ്രികയിലൂടെ തുടക്കം.

 രാമു കാര്യാട്ടിനോടൊപ്പം സംവിധാന രംഗത്ത്‌ തുടക്കം കുറിച്ച നീലക്കുയില്‍(1954) സാമൂഹ്യ മാറ്റത്തിന്‍റെ കാഹളമൂതുകയായിരുന്നല്ലോ. കോഴിക്കോട്‌ അബ്ദുല്‍ ഖാദര്‍ പാടിയ വിഷാദ രാഗം മലയാളക്കരയാകെ ഏറ്റുപാടി. എങ്ങനെ നീ മറക്കും കുയിലേ... കെ. രാഘവന്‍ എന്ന സംഗീത സംവിധായകന്‍റെ പിറവി കൂടിയായിരുന്നു അത്. ചിത്രത്തോടൊപ്പം അതിലെ ഓരോ ഗാനവും അവിസ്മരണീയമായി. മെഹബൂബ്‌, ജാനമ്മ ഡേവിഡ്‌ തുടങ്ങിയ പാട്ടുകാരും ജനമനസ്സില്‍ ഇടം നേടി. രാഷ്ട്രപതിയുടെ വെള്ളി മെഡലും നേടി ആ കന്നിച്ചിത്രം. പിന്നീടങ്ങോട്ട് നായരു പിടിച്ച പുലിവാല്‍, മൂലധനം, ഇരുട്ടിന്‍റെ ആത്മാവ്, കള്ളിച്ചെല്ലമ്മ... തുടങ്ങി എത്രയെത്ര ചലച്ചിത്ര കാവ്യങ്ങള്‍. എത്രയെത്ര തിരക്കഥകള്‍. എത്രയായിരം ഗാനങ്ങള്‍.

ആറ്റിനക്കരെയക്കരെ...
കുഞ്ഞായിരുന്നപ്പോള്‍ ചാച്ചന്‍റെ മടിയിലിരുന്ന് ആകാശവാണിയിലൂടെ കേട്ട അറുപതു - എഴുപതുകളിലെ  ഗാനങ്ങളുടെ മാറ്റൊലി ഇന്നും എന്‍റെ മനസ്സിലുണ്ട്. പുഴയോരത്തെ വീടിന്‍റെ ഉമ്മറത്തിരുന്ന്‍ കടത്തു വള്ളം യാത്രയായി, കരയില്‍ നീ മാത്രമായി.. എന്ന് മൂളി കടവത്ത് കണ്ണും നട്ടിരിക്കുമ്പോള്‍ അറിഞ്ഞിരുന്നില്ല ആ വരികളുടെ അര്‍ഥവും ഭാവവും. അറിഞ്ഞിരുന്നില്ല ആ  വരികള്‍ കുറിച്ച കവിയെയും.

 അറിവു വെച്ചപ്പോള്‍ പുതിയ ഗാനങ്ങളുടെ കാലമായിരുന്നു. പിന്നെ പിന്നെ അടിപൊളി പാട്ടുകളുടെ കാലവും. എങ്കിലും ഇന്ന് മരുഭൂവിലെ പ്രവാസത്തിലും മനസ്സ്‌ പറന്നു പോവുകയാണ്, പൊട്ടാത്ത പൊന്നിന്‍ കിനാവിന്‍റെ പട്ടുനൂലൂഞ്ഞാല കെട്ടിയ  ഏതോ ശീതള ഛയാ തടങ്ങളിലേക്ക്... ഏതോ സുന്ദര സ്വപ്ന തടങ്ങളിലേക്ക്. അല്ലിയാമ്പല്‍ കടവും, കൊതുമ്പു വള്ളവും, തൂശനിലയും, തുമ്പപ്പൂചോറും, കിളിച്ചുണ്ടന്‍ മാമ്പഴം കടിച്ച് വേലിക്കരികില്‍ നില്‍ക്കുന്ന നാടന്‍ കാമുകനും മറ്റുമുള്ള മാമാലകള്‍ക്കപ്പുറത്തെ മരതകപ്പട്ടുടുത്ത നാട്ടിലേക്ക്...
ആറ്റിനക്കരെയക്കരെ ആരാണോ...
പൂത്തു നില്ക്കണ പൂമരമോ, എന്നെ
കാത്തു നില്ക്കണ പൈങ്കിളിയോ....
അങ്ങനെ പൂത്തുലഞ്ഞായിരുന്നു ഉറൂബിന്‍റെ ഉമ്മാച്ചു പുസ്തകത്താളില്‍ നിന്നുമിറങ്ങി വന്നത്... മനസ്സിലേക്ക് കടന്നു വന്നത്. വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ ഭാര്‍ഗവിക്കുട്ടിയുടെ പാദസരക്കിലുക്കം കേട്ടതും ഭാസ്കരന്‍ മാഷിന്‍റെ പാട്ടിലൂടെ തന്നെ. പാതിരക്കാറ്റില്‍ പട്ടുറുമാല്‍ ഇളക്കി പൂഞ്ചോലക്കടവും കടന്ന്‍ അവള്‍ എത്തിയപ്പോള്‍.. താമസമെന്തേ വരുവാന്‍ പ്രാണസഖീ... എന്ന്‍ പാടി പാടി കാത്തിരിക്കുകയായിരുന്നു കാമുക ഹൃദയങ്ങള്‍.
ഈറനുടുത്തും കൊണ്ട് അംബരം ചുറ്റുന്ന
വാസന്ത രാവിലെ വെണ്ണിലാവേ
വൃഥ എന്തിനീ ദേവനെ കൈകൂപ്പുന്നു...
എം.ടി യുടെ ഇരുട്ടിന്‍റെ ആത്മാവിലെ അമ്മുക്കുട്ടിയുടെ നൊമ്പരം ജാനകിയമ്മയുടെ ശബ്ദത്തിലൂടെ ഒഴുകി വന്നു. 

എങ്കിലുമെന്നോമലാള്‍ക്ക് താമസിക്കാനനെന്‍ കരളില്‍
തങ്കക്കിനാക്കള്‍ കൊണ്ടൊരു താജ് മഹല്‍ ഞാന്‍ പണിയും..(പരീക്ഷ)

പാമാരനായ പാട്ടുകാരാ... നീ തീര്‍ത്ത താജ്മഹലിന് മലയാളമുള്ളിടത്തോളം മരണമില്ല.

എം.എസ് ബാബുരാജിന്‍റെ ഗസല്‍ സ്പര്‍ശം ഭാസ്കരന്‍ മാഷിന്‍റെ അക്ഷരങ്ങളെ പുണര്‍ന്ന്‍ അഭൌമമായ സ്നേഹപ്രവഹമായ്‌ ഒഴുകുകയായിരുന്നല്ലോ നാടാകെ. താമരക്കുമ്പിളല്ലോ മമഹൃദയം.. താതാ നീ സംഗീത മധു പകരൂ. എന്നു  പാടിക്കൊണ്ടാണ് ബാബുരാജ് കണ്ണടച്ചത്. ആത്മാവില്‍ ലയിച്ചു ചേര്‍ന്നു ആ സംഗീതവും.  
വയലാര്‍ ഗാനങ്ങളില്‍ കാണുന്ന ലൌകിക പ്രണയം പി ഭാസ്കരനിലെത്തുമ്പോള്‍ ആത്മീയഭാവം പൂണ്ട അനുരാഗമായ്‌ മാറുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്. മറ്റെങ്ങും കണ്ടെത്താനാവാത്ത അനുരാഗക്കരിക്കിന്‍ വെള്ളം.... കുമാരനാശാന്‍റെ പ്രണയ സങ്കല്പത്തോട് ചേര്‍ന്നു നില്‍ക്കുന്നു പലപ്പോഴും ഭാസ്കരന്‍ മാഷിന്‍റെ സ്നേഹപ്രപഞ്ചം.

വ്യാമോഹങ്ങള്‍ ചാരമായ്‌ മാറുമ്പോഴും പാരിതിലൊരുനാളും മണ്ണടിയാത്ത  നിര്മലമായ അനുരാഗം.

ചുടു കണ്ണീരു ചാലിച്ച് എഴുതിയ ജീവിതകഥ ലൈലമജ്നുവില്‍ ഉദയഭാനു ഇടറിയ സ്വരത്തില്‍ പാടുകയായിരുന്നു. അപ്പോള്‍ കരയാതിരിക്കാനായില്ല മലയാളക്കരക്ക്. അങ്ങനെ എത്രയോ പ്രേമകാവ്യങ്ങള്‍. ദുഖകാവ്യങ്ങള്‍.

ഒരു ഗാനം മാത്രം ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീ എത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍...
പ്രണയികള്‍ക്ക് എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ ആയിരം പാട്ടുകള്‍ വേണ്ട, ഭാസ്കരന്‍ മാഷിന്‍റെ ഒരേയൊരു പാട്ട് മതിയല്ലോ!

ആദര്‍ശത്തിന്‍റെ മഞ്ഞണി പൂനിലാവ്
സിനിമയുടെ മഞ്ഞണി പൂനിലാവില്‍ നനയുമ്പോഴും സമുദായ മൈത്രിയുടെയും, ദേശസ്നേഹത്തിന്‍റെയും, വിപ്ലവ ചിന്തകളുടെയും സന്ദേശ വാഹകനായിരുന്നു അദേഹം.  ആദ്യ കവിതാ സമാഹാരത്തില്‍ തന്നെ അദ്ദേഹമെഴുതി...
വില്ലാളിയാണ് ഞാന്‍ ജീവിത സൌന്ദര്യ
വല്ലകി മീട്ടലല്ലെന്‍റെ ലക്ഷ്യം.
കാണാമെന്‍ കൈകളില്‍ പാവനാദര്‍ശത്തിന്‍
ഞാണാല്‍ നിബന്ധിച്ച ഭാവനയെ..

ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരുപിടി മണ്ണല്ല. ജനപദങ്ങള്‍ മുക്കിലും മൂലയിലും ഉറക്കെ പാടി നടന്നത് കേവലമൊരു സിനിമാഗനമല്ല ജന്മഭൂമിയോടുള്ള സ്നേഹസങ്കീര്‍ത്തനം തന്നെയായിരുന്നല്ലോ.
 
ഉമ്മ, കുട്ടിക്കുപ്പായം, മണിയറ, ലൈലമജ്നു തുടങ്ങി അനവധി ചിത്രങ്ങളില്‍ പിറന്ന മനോഹരമായ മാപ്പിളപ്പാട്ടുകള്‍ നാടിന്റെ സാംസ്കാരിക വൈവിധ്യത്തിന്‍റെ നിദര്‍ശനമായി മാറി. സിനിമ ഹറാം ആയിരുന്ന മുസ്ലീം സമൂഹത്തെ സിനിമാകൊട്ടകയിലെക്ക് കൊണ്ട് വന്നത് മാഷാണല്ലോ. മലയാളപ്പെരുമ പാടി തുളുനാടന്‍ പട്ടുടുത്തെത്തിയ വടക്കന്‍ പാട്ടുകള്‍  മാനത്തു മഴമുകില്‍ മാലകള്‍ തീര്‍ത്ത കാലമായിരുന്നു അത്. തള്ളി നീക്കിയ പന്നാസു വണ്ടിയും, കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴവും, കുപ്പായക്കീശമേലെ കുങ്കുമപ്പൊട്ടു കണ്ടു കളിയാക്കുന്ന കൂട്ടുകാരും മറ്റും ചിരിയുടെ അലകളിളക്കിയപ്പോള്‍ തന്നെ  കേശാദി പാദം തൊഴുന്നേന്‍.. കേശവാ... എന്ന് അലിഞ്ഞു പാടി ഈശ്വര സാമീപ്യം അറിയിച്ചതും  'അല്ലാവിന്‍ ‍ കാരുണ്യമില്ലെങ്കില്‍ ഭൂമിയില്‍ എല്ലാരുമെല്ലാരും യത്തീമുകള്‍' എന്ന് പാടിയതും അതേ  കവി മനസ്സ് തന്നെ.
 
ബാബുരാജ്, കെ. രാഘവന്‍, ദേവരാജന്‍, ചിദംബരനാഥ്, പുകഴേന്തി, ദക്ഷിണാമൂര്‍ത്തി, ഉഷ ഖന്ന, എ.ടി ഉമ്മര്‍, ജോബ്‌, രവീന്ദ്രന്‍, ജോണ്‍സന്‍... തുടങ്ങി നിരവധി പ്രതിഭകള്‍ മാഷിന്‍റെ വരികള്‍ക്ക് ഈണം നല്‍കി. സ്വന്തം സിനിമയില്‍ മറ്റു പാട്ടെഴുത്തുകാര്‍ക്കും അവസരം കൊടുക്കാനുള്ള ഹൃദയ വിശാലതയും ആദേഹത്തിനുണ്ടായിരുന്നു. വിലക്ക് വാങ്ങിയ വീണ, കാക്കത്തമ്പുരാട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രീകുമാരന്‍ തമ്പി നല്‍കിയ ഗാനങ്ങള്‍ അതിന് ഉദാഹരണമാണ്.

സ്ത്രീഹൃദയത്തിന്‍റെ തുടിപ്പുകള്‍

മലയാളത്തില്‍ ഒരു പാട്ടെഴുത്തുകാരി ഉദയം കൊള്ളാതെ പോയപ്പോഴും പെണ്‍മനസ്സിനെ ഏറ്റവും സുതാര്യമായ്‌ പകര്‍ത്തിയത് ഭാസ്കരന്‍ മാഷാണെന്ന് തോന്നിയിട്ടുണ്ട്.
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കെ
സ്വരരാഗ സുന്ദരിമാര്‍ക്ക് വെളിയില്‍ വരാനെന്തൊരു നാണം...

ഇത് ഒരു തലമുറയിലെ പെണ്‍മനസ്സിന്‍റെ ഭാവമായിരുന്നു. നാണം നഷ്ടമായ കാലത്തിനു ചിലപ്പോള്‍ അറിഞ്ഞു കൂടായിരിക്കും ഈ വരികളുടെ അര്‍ഥം.
എന്‍ പ്രാണനായകനെ എന്ത് വിളിക്കും
എങ്ങനെ ഞാന്‍ നാവെടുത്തു പേര് വിളിക്കും...

എടാ, പോടാ എന്നൊക്കെ സ്നേഹത്തോടെ  വിളിക്കുന്ന ഇക്കാലത്ത്‌ ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നു എന്ന ഒര്‍മപ്പെടുത്തലായ്‌ ഈ പാട്ടുകള്‍ ബാക്കിയാവട്ടെ.
ആദ്യത്തെ കണ്മണി ആണായിരിക്കണം, അവന്‍
അച്ഛനെ പോലെ ഇരിക്കണം....

എന്ന് കൊതിക്കുന്ന സ്ത്രീകള്‍ ഇന്നുമുണ്ടാവാം.. അല്ലെ?
എള്ളെണ്ണ മണം വീശും എന്നുടെ മുടിക്കെട്ടില്‍
മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരാ..

ഇന്ന്‍ സുന്ദരികളുടെ മുടിച്ചാര്ത്തില്‍ എള്ളെണ്ണയുടെ മണമല്ല ഷാമ്പുവിന്‍റെ വാസനയായിരിക്കാം. എങ്കിലും കാമുകനെ കിനാവ്‌ കണ്ട് കൊതിച്ചിരിക്കുന്ന യൌവ്വനം   അന്നും ഇന്നും ഒന്ന് തന്നെ.
വാസന്ത പഞ്ചമി നാളില്‍ വരുമെന്നൊരു കിനാവ്‌ കണ്ടു
പടിവാതിലില്‍ മിഴിയും നട്ട് കാത്തിരുന്നു ഞാന്‍...

ഇത്രയും വിരഹാര്‍ദ്രമായ കാത്തിരിപ്പ് മലയാളത്തിലില്ല. ഉണ്ടെങ്കില്‍ അതെല്ലാം മാഷ്‌ എഴുതിയതിന്‍റെ തുടര്‍ച്ച മാത്രമാകും. വിരലൊന്നു മുട്ടിയാല്‍ പൊട്ടിച്ചിരിക്കുന്ന മണിവീണക്കമ്പികളെയും, മാനസമണിവേണുവില്‍ ഗാനം പകര്‍ന്ന കാമുകനെയും, മാറോടണച്ചുറക്കിയിട്ടും ഉണരുന്ന മാദക വ്യാമോഹങ്ങളെയും, അഞ്ജനക്കണ്ണെഴുതി ആലില താലി ചാര്‍ത്തി കാത്തിരിക്കുന്ന  വടക്കന്‍ പെണ്ണിനെയും പറ്റി പാടി പാടി നാദബ്രഹ്മത്തിന്‍റെ സാഗരം താണ്ടി ലോകം മുഴുവന്‍ സുഖം പകരുന്ന  സ്നേഹ ദീപമായി ഇന്നും മിഴി തുറന്നു നില്‍ക്കുകയാണ് ഇന്നലെയൊരു സുന്ദര രാഗമായ് നമ്മുടെ പൊന്നോടക്കുഴലില്‍ ഒളിച്ചിരുന്ന പ്രേമ സംഗീതം. ആരുടേയും മനസ്സില്‍ കുടിയേറുന്ന വികാരവായ്പും, ലാളിത്യവും,നാടന്‍ ബിംബങ്ങളും ഒക്കെയാവാം മാഷിന്‍റെ പാട്ടിന്‍റെ മാസ്മരികത.
 
ഇന്ന് അമാനുഷികനായ നായകനെ ചുറ്റിപ്പറ്റുന്ന അലങ്കാരമായ് മാത്രം നായിക തഴയപ്പെടുകയാണ് മിക്ക ചിത്രങ്ങളിലും. കള്ളിച്ചെല്ലമ്മ യെ പോലെ ശക്തയായ സ്ത്രീ കഥാപാത്രങ്ങളെ നല്‍കുവാന്‍ മാഷിനായി. മാഷ്‌ നായികയ്ക്ക് നായകനോടോപ്പമോ അതിലധികമോ സ്ഥാനം കൊടുത്തിരുന്നു. മുത്തശ്ശി, ഉമ്മാച്ചു, ഭാര്‍ഗവീ നിലയം, മുറപ്പെണ്ണ്‍, അശ്വതി, അമ്മയെ കാണാന്‍, മനസ്വിനി, സ്ത്രീ, തറവാട്ടമ്മ, ശ്യാമളചേച്ചി.. അങ്ങനെ സിനിമയുടെ പേരുകളില്‍ തന്നെ ആ പ്രത്യേകത കാണാം.

അനാദി കാലം മുതലേ ഈ അജ്ഞാതകാമുകനകലേ....

അപാര സുന്ദര നീലാകാശത്തു മറഞ്ഞാലും മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിയ മധുമാസ ചന്ദ്രികയായി ആ വിസ്മയം എന്നും നമുക്കൊപ്പമുണ്ടല്ലോ. പറഞ്ഞാലും പറഞ്ഞാലും തീരില്ല ഏറെ പ്രിയമുള്ള മാഷിന്റെ പാട്ടുകളെ പറ്റി. പൂനുള്ളി പൂ നുള്ളി കൈവിരല്‍ കുഴഞ്ഞല്ലോ എന്ന് പരിഭവിച്ചു പിന്‍വാങ്ങാനേ എനിക്കാവൂ.
ഒരു മുല്ലമൊട്ടില്‍ ഒതുക്കുവതെങ്ങനെ
ഒടുങ്ങാത്ത വസന്തത്തിന്‍ മധുര ഗന്ധം....!

സത്യമാണ്! എങ്ങനെ ഒരു കുറിപ്പില്‍ ഒതുക്കും ഞാന്‍ ആ പാട്ടുകളോടുള്ള എന്‍റെ അഭിനിവേശത്തെ. അനഘ സങ്കല്‍പ ഗായികേ.. എന്ന പാട്ടില്‍ എഴുതുകയാണ്,
സമയ തീരത്തിന്‍ ബന്ധനമില്ലാതെ
മരണസാഗരം പുല്‍കുന്ന നാള്‍ വരെ
ഒരു മദാലസ നിര്‍വൃതീ ബിന്ദുവായ്
ഒഴുകുമെങ്കിലോ ഞാന്‍ നിത്യതൃപ്തനാം.

മരണസാഗരം പുല്‍കും വരെ കര്‍ത്തവ്യനിരതമായ്‌ സാഫല്യമടഞ്ഞ ഒരു ജീവിതം!
നിദ്ര തന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍
സ്വപ്നത്തിന്‍ കളിയോടം കിട്ടീ

സ്വപ്നത്തിന്‍റെ കളിയോടം തുഴഞ്ഞ് അദ്ദേഹം ഒറ്റക്ക് മറ്റാരും കാണാത്ത കരയിലേക്ക് പോയി, ദുഖങ്ങള്‍ക്ക് അവധി കൊടുത്ത് സ്വര്‍ഗത്തില്‍ മുറിയെടുക്കാന്‍...
മറക്കാന്‍ പറയുവാന്‍ എന്തെളുപ്പം
മണ്ണില്‍ പിറക്കാതിരിക്കലാണതിലെളുപ്പം

മറക്കാനോ ഞങ്ങള്‍! ഒരിക്കലുമില്ല.
കാവ്യ പുസ്തകമല്ലോ ജീവിതം
കണക്കെഴുതാനതില്‍ ഏടുകളെവിടെ
ഗാനങ്ങള്‍ക്കും സിനിമകള്‍ക്കും ഒരുപാട് പുരസ്കാരങ്ങള്‍ അദേഹത്തെ തേടി എത്തിയിട്ടുണ്ടെങ്കിലും  കണക്കുകളില്ലാതെ ഒരു ജീവിതം നല്ല സിനിമക്കായ് തുളുമ്പിയ  മാഷിന് ഒരു പത്മപുരസ്കാരം നല്‍കിയിട്ടില്ല. സിനിമയിലെ പുതുമുഖങ്ങള്‍ പലരും കൈനീട്ടി വാങ്ങിയിട്ടും മാഷെ പരിഗണിച്ചിട്ടില്ല. എങ്കിലും... തലമുറകളിലൂടെ മലയാളിയുടെ മനസ്സിന്‍റെ താളില്‍, നെഞ്ചിലെ മണ്‍കുടുക്കയില്‍ നേടിയ സംപൂജ്യമായ ഇടത്തിനു പകരമാവാന്‍ ഒരു പുരസ്കാരത്തിനുമാവില്ലല്ലോ!

 അങ്ങയുടെ ഒരുപിടി അക്ഷരങ്ങള്‍ കൂടി, ഗുരോ,  അഞ്ജലിയായ്‌ അര്‍പ്പിക്കട്ടെ....
എവറസ്റ്റ്‌ കൊടുമുടിയെക്കാള്‍ മണല്‍ക്കുന്നുകളെ ഇഷ്ടപ്പെട്ട വിഡ്ഢിയാണ് ഞാന്‍.
ഈ ഇടുങ്ങിയ മുറിയില്‍ ഞാന്‍ സത്യാന്വേഷണം എന്ന സ്വപ്നത്തില്‍ മുഴുകുന്നു.
ഒരു പാട്ടിന്‍റെ ജാലകം മാത്രം നിങ്ങള്‍ക്കായ്‌ തുറന്നിരിക്കുന്നു.
നെഞ്ചിലെ മണ്‍ കുടുക്കയില്‍ സൂക്ഷിച്ചു വെച്ച ഗംഗാജലം,
എന്‍റെ നിശ്വാസം നേര്‍ക്കുമ്പോള്‍, ഇറ്റിറ്റായ് പകര്‍ന്നു തരിക....