Thursday, February 23, 2012

കിളിനോച്ചിയിലെ ശലഭങ്ങള്‍

 അനുരാധപുരത്തെക്കുറിച്ചുള്ള  പഠനം പൂര്‍ത്തിയാക്കുവാനാണ് ഇന്ദു വീണ്ടും ലങ്കയിലെത്തുന്നത്. പ്രാക്തന സംസ്കൃതിയുടെ കൊത്തുപണികളിലും  ബുദ്ധസ്തൂപങ്ങളിലും ചരിത്രം തേടുമ്പോള്‍ അവളായിരുന്നു മനസ്സു നിറയെ. കാവേരിലക്ഷ്മി. പാടങ്ങളും വരമ്പുകളും പിന്നിട്ട് പ്രാചീന തലസ്ഥാന നഗരിയുടെ വന്യതയിലൂടെ   അവള്‍ നടന്നു നടന്നു വരുന്നു...
 
അനുരാധപുരത്തേക്കുള്ള ആദ്യ യാത്രയിലായിരുന്നു ഇന്ദു കാവേരിലക്ഷ്മിയെ കണ്ടതും കൂടെ കൂട്ടിയതും. നിറം മങ്ങിയ  പാവാടയും ജാക്കെറ്റുമിട്ട് ചുരുണ്ട മുടിയില്‍  ജമന്തി പൂവും ചൂടി കൂട നിറയെ കരകൌശലവുമായ്‌ യുണിവേര്സിറ്റി വളപ്പില്‍  വന്ന പെണ്‍കുട്ടി. മുളയില്‍ തീര്‍ത്ത ശില്പങ്ങള്‍ പറഞ്ഞ കഥകള്‍ കേട്ടപ്പോള്‍ അലിവ്  തോന്നി. കൂടെ കൂട്ടിയാലോ? മനസ്സില്ലായിരുന്നു അപ്പാക്ക് അന്നവളെ ദൂരേക്ക്‌ പറഞ്ഞയക്കാന്‍. അവളും ഒത്തിരി ഒത്തിരി കരഞ്ഞു.
   
മണല്‍ നഗരത്തിലേക്കാണ് അന്ന് ഇന്ദുവിനോടൊപ്പം ലക്ഷ്മി പറന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ്. വാക്കുകള്‍ കൊഴിച്ച് എത്രയോ പകലുകള്‍ പിന്നെയും എരിഞ്ഞടങ്ങി!  പക്ഷെ ഒരു മെയ് മാസ സന്ധ്യയുടെ നരച്ച ഓര്‍മകളില്‍  ആയിരം സൂര്യന്മാര്‍ ഒരുമിച്ചസ്തമിക്കുകയായിരുന്നോ! തിളച്ചു നില്‍ക്കുകയായിരുന്നു അന്ന്‍ ദുബായ്‌. കിളിനോച്ചിയിലെ സന്ധ്യകളുടെ കുളിരൊന്നുമില്ല അവിടെ. മാനം  തൊടുന്ന മാളികകളില്‍   നീറുന്ന കുറെ ജീവിതങ്ങളുമുണ്ടെന്നു  സന്ധ്യക്ക് അറിയില്ലല്ലോ. പതിവ് പോലെ അവള്‍ വരും, പോകും.  ഇരുപതാം നിലയിലെ തുറക്കാത്ത ചില്ലു ജാലകത്തിലൂടെ ലക്ഷ്മി താഴോട്ടു നോക്കുകയാണ്.
ഒഴുകി നീങ്ങുന്ന വാഹനങ്ങള്‍. ഉറുമ്പുകളെ പോലെ മനുഷ്യരും.
അവരില്‍  ഒരാള്‍ ശെല്‍വം..?
ഏയ്‌.. വെറുതെ. എവിടെയാണെന്ന് പോലും അറിയാതെ...
ലക്ഷ്മിയുടെ കിനാവുകളില്‍ മഴയായി. പിന്നെ കണ്ണീരായി.
തേയിലക്കുന്നുകള്‍ തളിരണിഞ്ഞിരിക്കുന്നു. തളിരു നുള്ളുന്ന വാടിയ മുഖങ്ങള്‍ പാടുകയാണ്. പഴമയുടെ ചിന്തുകളിലൂടെ അവന്‍ മെല്ലെ മെല്ലെ നടന്നകലുന്നു, ദൂരേക്ക്‌.
വരും കാവേരീ ഞാന്‍.... സ്വാതന്ത്ര്യത്തിന്‍റെ  പുലരി പിറക്കുമ്പോള്‍ ഓടിയെത്തും ഞാന്‍...
ശബ്ദമില്ലാത്ത  ശബ്ദം മാത്രം ബാക്കിയാവുന്നു. നെറ്റിയില്‍ പതിഞ്ഞ ചുംബനവും.

ലച്ചൂ....
അപ്പാ വിളിക്കുന്നു, ആര്‍ദ്രമായി.  അവള്‍ തിരിഞ്ഞു നോക്കിപ്പോയി.
അപ്പാ എവിടെ? ശെല്‍വം എവിടെ? ആരുമില്ല... ആരും.
ഇന്ദു സോഫയില്‍ ഇരുന്ന്‍ ഏതോ പുസ്തകം മറിച്ച്  നോക്കുന്നുണ്ട്. വെളുത്ത പുറം ചട്ടയില്‍ മുടി ബോബു ചെയ്ത പെണ്‍കുട്ടി നിഷ്കളങ്കമായി പുഞ്ചിരിക്കുന്നു. പലപല  പോസുകളില്‍. ആന്‍ ഫ്രാങ്കിന്‍റെ ഡയറിക്കുറിപ്പുകള്‍.
ലക്ഷ്മിയും ഡയറി എഴുതാറുണ്ട്. അപ്പാക്ക്‌  വേണ്ടി.  അരികില്‍ ഇല്ലാത്ത അപ്പാവോട് അവള്‍ തനിയെ  മിണ്ടിയും പറഞ്ഞും നടക്കും. പരിഭവിക്കും. പിണങ്ങും. അതുകണ്ട് മീനുക്കുട്ടി കളിയാക്കും.
അയ്യേ.. ലച്ചൂനു വട്ടു പിടിച്ചേ..
  
ലക്ഷ്മിക്ക് അമ്മയെ കണ്ട ഓര്‍മയില്ല. പക്ഷെ, ഉമ്മറത്ത്‌  തൂങ്ങുന്ന ഫോട്ടോയിലിരുന്ന്‍ ആര്‍ദ്രമായ് ഉറ്റുനോക്കുന്ന ആ  മുഖം മനസ്സിലൊരിടത്ത്  സൂക്ഷിച്ചു വച്ചിട്ടുണ്ട്. പേടിപ്പിക്കുന്ന രാത്രികളില്‍ സ്വപ്നത്തില്‍ വന്നെത്തി  ഉമ്മ വെച്ച് മറയുന്ന അതേ മുഖം. കഷ്ടപ്പെട്ടാ അപ്പാ പഠിപ്പിച്ചത്, അണ്ണനെയും അവളെയും. പറഞ്ഞിട്ടെന്താ, അപ്പാവെപോലെ അണ്ണനും കൂലിവേലക്കു തന്നെ ഇറങ്ങേണ്ടി വന്നു. പഠിപ്പുള്ളവര്‍ക്കൊക്കെ ലങ്കയിലെവിടെ ജോലി കിട്ടാനാ! ബാല്യത്തിന്‍റെ ഓര്‍മ്മക്ക് പോലും തേയിലക്കാടിന്‍റെ മണമാണ്. വെടിയൊച്ചകളുടെ ശബ്ദവും...

 പൊടിക്കാറ്റായിരുന്നു. ജാലകക്കാഴ്ചയില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ നൊടിയിടയില്‍ മറഞ്ഞുപോയിരിക്കുന്നു. കാറ്റിന് വെടിമരുന്നിന്‍റെ ഗന്ധമാണെന്ന് ലക്ഷ്മിക്ക് തോന്നി. അവള്‍ക്കു  മാത്രം തോന്നിയ ഗന്ധം. 
അപ്പാ.. എനക്ക് റൊമ്പ ഭയമാ ഇരിക്ക... എനക്ക് ഒരു വേലയും ഓടലാ..
മനസ്സ് തേങ്ങുകയാണ്. നിശബ്ദമായി...
ഈയിടെയായ് അവളിങ്ങനെയാണ്. ഒന്നിലും ഉത്സാഹമില്ല. വെറുതേ ചിന്തിച്ചിരിക്കും. കുറേ കരയും. വൈകുന്നേരം ഇന്ദു വന്നു കയറുമ്പോള്‍ കഴുകാതെ കൂട്ടിയിട്ട പാത്രങ്ങള്‍ കലപില കൂട്ടും. തുടച്ച് വൃത്തിയാക്കാത്ത തറ  പിറുപിറുക്കും.
പുസ്തകം അടച്ചു വെച്ച് ഇന്ദു വാര്‍ത്തക്ക് മുന്നിലാണിപ്പോള്‍. സ്ക്രീനില്‍ അഭയാര്‍ഥികളുടെ നിലക്കാത്ത പ്രവാഹം. യുദ്ധത്തിലും വെയിലിലും ഉണങ്ങിയ മനുഷ്യക്കോലങ്ങള്‍. തെരുവോരത്ത് കൂടിക്കിടക്കുന്നതെല്ലാം കബന്ധങ്ങളോ!
ബാക്കിയായവര്‍ മുഖം പൊത്തിക്കരയുന്നു. ചിലര്‍ മരവിച്ചിരിക്കുന്നു.
അവര്‍ക്കിടയിലൂടെ വിതുമ്പി വിതുമ്പി  ഏന്തിവലിഞ്ഞു നടക്കുന്നു ഒരു മെലിഞ്ഞ പെണ്‍കുട്ടി.  പാവം! കാലിനു മുറിവേറ്റിട്ടുണ്ട്.
എങ്ങു നിന്നോ ഓടി വന്ന മീനുക്കുട്ടി അമ്മയുടെ  മടിയില്‍ കയറിയിരുന്നു. വിടര്‍ന്ന കണ്ണുകളില്‍ വിഷാദം പുരട്ടി അവള്‍ കൊഞ്ചുകയാണ്.
അമ്മേ, ടീവിയിലെ വാവയെന്തിനാ കരയുന്നെ?
 എന്തു പറയണം?  പറയാതിരിക്കണം?  കുഴങ്ങുകയാണ് ഇന്ദു.
അമ്മയെ കാണാഞ്ഞിട്ടാവും മുത്തേ.
കാപ്പി ഊതിക്കുടിച്ച് കുസൃതിയുടെ കവിളിലൊരുമ്മ കൊടുത്ത് ഇന്ദു പറഞ്ഞു.
നോനോ.. വാവയുടെ അമ്മയതാ അവിടെയുണ്ടല്ലോ. വാവയുടെ ടോയ്സ്‌ കളഞ്ഞു പോയ്ട്ടാവും. പാവം..
കളിപ്പാട്ടത്തില്‍ തീരുന്ന ദുഖങ്ങള്‍. അതല്ലേ അവള്‍ക്കറിയൂ!
രൂപം നഷ്ടമായ ഒരു പുരുഷന്‍റെ മൃതദേഹത്തില്‍ വീണ് പൊട്ടിക്കരയുന്നു ഒരുവള്‍. അതെ. മുറിവേറ്റ പെണ്‍കുട്ടിയുടെ  അമ്മയാകാം അവള്‍.
അപ്പോള്‍ മരിച്ച് കിടക്കുന്നത്... കഷ്ടം! ഇന്ദു  കണ്ണടച്ചിരുന്നു.
അവങ്ക കൊന്നുടുവങ്ക.... കൊലൈകാര സോള്‍ജിയേഴ്സ് എല്ലാത്തെയും കൊന്നുടുവങ്ക
ഇന്ദു ഞെട്ടിത്തിരിഞ്ഞു നോക്കി. ആകാശത്തോളം പൊങ്ങിയ  പരിദേവനമായ് ലക്ഷ്മി പിന്നില്‍. തീനാമ്പുകള്‍ പാറുന്ന കണ്ണുകള്‍.
കാപ്പിക്കപ്പ് തിരിച്ചു കൊടുത്ത് മുഖം തിരിച്ച് വിറയലോടെ ഇന്ദു പറഞ്ഞു.
ലക്ഷ്മീ, ആര്‍ക്കറിയാം പട്ടാളമാണൊ പുലികളാണൊ വെടിവെച്ചേന്ന്? സിവിലിയന്‍ കേന്ദ്രങ്ങളില്‍ ഒളിച്ചിരിക്കുവല്ലേ പുലികള്‍. രക്ഷപ്പെടാന്‍ അനുവദിക്കണില്ല ആരെയുമവര്‍. സിംഹള സൈന്യത്തെയെന്തിനാ ചുമ്മാ കുറ്റപ്പെടുത്തുന്നെ? നാടിനായ്‌ പോരാടുന്നോരല്ലേ?
കൊടുങ്കാറ്റാവുകയായിരുന്നു ലക്ഷ്മിയപ്പോള്‍.
ഒരുനാളും മഴയെത്താത്ത മരുഭൂമിയിലെ ചുടുകാറ്റ്‌!
പുലികളാണ്‌ പോലും! സോഷ്യലിസ്റ്റുകളാ അവര്‍.  അടിമൈയാക്കപ്പെട്ടതാലതാന അവങ്ക ഒന്ന സെര്‍ന്തങ്ക. അവരെ കൊന്നൊടുക്കിയാല്‍ തീരുമോ തമിഴരുടെ പ്രശ്നങ്ങള്‍?
 
മണല്‍ക്കുന്നുകള്‍ കാഴ്ചയില്‍ നിന്ന്‍ മറയുകയാണ്. ഈന്തപ്പനത്തോട്ടങ്ങള്‍ മായുന്നു.
പൊടിക്കാറ്റ് നഗരത്തെ വിഴുങ്ങിയിരിക്കുന്നു.  കാഴ്ച മങ്ങുകയാണ് ഇന്ദുവിന്.
ഇവള്‍ ആര്!  തന്‍റെ വായനക്കപ്പുറം വളര്‍ന്ന ഈ പെണ്‍കുട്ടി!
ലക്ഷ്മിക്ക് അത്യാവശ്യം പഠിപ്പും ബുദ്ധിയുമുണ്ടെന്ന് നേരത്തെ തന്നെ . മനസ്സിലായതാണ്. അല്ലെങ്കില്‍ മാസങ്ങള്‍ക്കുള്ളില്‍ ഒരു തമിള്‍ പെണ്‍കുട്ടി മണിമണിയായ് മലയാളം പറയാന്‍ പഠിക്കുമൊ!  ഇംഗ്ലീഷ് പത്രങ്ങളൊക്കെ വായിക്കുമോ? പക്ഷെ ഇപ്പോള്‍.. തനിക്ക് പിഴുതെറിയാന്‍ കഴിയാത്തവണ്ണം ആഴത്തിലെന്തോ ലക്ഷ്മിയില്‍ വേരൂന്നിയിട്ടുണ്ടെന്ന് ഇന്ദുവിന് തോന്നി. അതോ തിരുത്തപ്പെടേണ്ടത്   സ്വന്തം ധാരണകളാണോ?
 
വഴിയറിയാത്ത മുടന്തന്‍ ഒട്ടകത്തെ പോലെ പതറുകയാണ് ഇന്ദുവിന്റെ ചിന്തകള്‍. വിപ്ലവങ്ങളുടെ പുക പൊന്തിയ മനസ്സില്‍ നിന്ന് പുറത്തേക്കുള്ള വഴി തേടുകയായിരുന്നു ഇന്ദു. ലങ്കയുടെ മാത്രം കഥയല്ലല്ലോ ഇത്.  എത്രയോ സ്ഥലങ്ങളില്‍ നടക്കുന്നു  യുദ്ധങ്ങളും വംശീയ കലാപങ്ങളും. കാലത്തിന്‍റെ അറുതിയോളം അതിന്‍റെ അനുസ്യൂത  സഞ്ചാരം. വേട്ടയാടുന്നവര്‍ക്കും വേട്ടയാടപ്പെടുന്നവര്‍ക്കും എന്നും അവരുടെതായ ഭാഷ്യങ്ങള്‍.
ഭക്ഷണവണ്ടിയെത്തുമ്പോള്‍ ഒരു തുണ്ടം റൊട്ടിക്കായി മത്സരിച്ചോടുന്നവര്‍.
എങ്ങും വിശപ്പ്... വിശപ്പിന്‍റെ പ്രളയം.
മരവിച്ച കാലടികളോടെ അവര്‍ക്കിടയില്‍ ആരെയോ തിരയുകയാണ് ലക്ഷ്മി...
ആരെയോ...
 
പ്രിയമുള്ളതെല്ലാം പിന്നിലുപേക്ഷിച്ച് തന്നോടൊപ്പം വന്ന ഈ പെണ്‍കുട്ടിയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും? കരുണ നിറഞ്ഞ ഒരു വാക്ക് തേടി അലയുകയായിരുന്നു  ഇന്ദു. പെട്ടെന്നാണ് ഒരു ബൈബിള്‍ കഥ  ഇന്ദുവിന്റെ ഓര്‍മയിലെത്തിയത്. ഇസ്രായേല്‍ക്കാരുടെ കഥ. ആകാശത്ത് നിന്ന് മന്നാ വര്‍ഷിച്ച് പശിയകറ്റി ജീവന്‍ പകര്‍ന്നു അവരുടെ ദൈവം. ഇന്ന് വര്‍ഷിക്കുന്നതോ  ബോംബുകളും വെടിയുണ്ടകളും...
പീഡിപ്പിക്കുന്നവരുടെ കൂടെയാണോ ഇന്ന് ദൈവം!
സന്ദേഹങ്ങള്‍ മാത്രം നിറഞ്ഞ ചിലമ്പിച്ച ശബ്ദത്തില്‍ ഇന്ദു പറയുവാന്‍ തുടങ്ങി..
ലക്ഷ്മീ, നീ സമാധാനിക്ക്. നമുക്ക് പ്രാര്‍ഥിക്കാം...
മുഴുമിപ്പിക്കേണ്ടി വന്നില്ല ഇന്ദുവിന്. ഒരിക്കലുമുറങ്ങാത്ത ദൈവത്തെ പറ്റി പറഞ്ഞ് അവളെ ആശ്വസിപ്പിക്കാനോ? അനിര്‍വചനീയമായ വികാരങ്ങളില്‍ ആളിക്കത്തുകയാണ് ലക്ഷ്മി.  സിറ്റിംഗ് റൂമിലെ എസിയുടെ തണുപ്പിലും  വിയര്‍ലിത്തൊലിച്ച് ചിതറി വീണു ചോര മണക്കുന്ന വാക്കുകള്‍.
സിംഹളര്‍ പണ്ട് തമിഴരെ ചുട്ടുകൊന്നില്ലേ.  അന്തനേരം തെയ്‌വം എങ്ക ഇരുന്നത്? തൂങ്കികിട്ട് ഇരുന്നതാ?
 
മറുമൊഴികള്‍ ഇന്ദുവിനെ ഉപേക്ഷിച്ച് ഏതോ മണല്‍ക്കാടുകളില്‍ പോയ് ഒളിച്ചു. പുകഞ്ഞു നിന്ന ആ പെണ്‍കുട്ടിയില്‍ നിന്നും ഒരുപാട് അറിയണമെന്ന്‍ തോന്നി ഇന്ദുവിന്. ബുദ്ധവിഹാരങ്ങള്‍ക്കും തേയിലക്കുന്നുകള്‍ക്കും സുഗന്ധദ്രവ്യങ്ങള്‍ക്കും അപ്പുറം ലങ്കയെന്തെന്ന്‍ അറിയണം.  മുറിവേറ്റ ദ്രാവിഡന്‍റെ മനസ്സറിയണം.
പിന്നെ കാതും മനസ്സും തുറന്നുവെക്കുകയായിരുന്നു ഇന്ദു.
അപ്പാവില്‍ നിന്നും മകളറിഞ്ഞ കഥകള്‍ കേള്‍ക്കാന്‍...

തെരുവുകളെ  സ്നേഹിക്കുന്നവളാണ്‌ കാവേരിലക്ഷ്മി.   അവള്‍ പറയും, വീടില്ലാത്തവന്  വീടാണ്  തെരുവ്. മടിയില്‍ ഉറക്കുന്ന അമ്മയാണ്. തെരുവോരത്തെ ഈന്തപ്പനച്ചോട്ടില്‍ മയങ്ങുന്ന  തൊഴിലാളികളെ അവള്‍ നോക്കിയിരിക്കാറുണ്ട്, പലപ്പോഴും. അപ്പോളവള്‍ അപ്പാവെ ഓര്‍ക്കും...

പണ്ട് പണ്ട്.. വര്ഷങ്ങള്‍ക്കുമുമ്പ്... സിംഹളര്‍ തമിഴര്‍ക്കെതിരെ ആയുധമെടുത്തകാലം.***
അഗ്നിനാമ്പുകള്‍ക്കിടയിലൂടെ ഇറങ്ങിയോടുകയാണ് ഒരു പത്തുവയസ്സുകാരന്‍.  കത്തിയമരുന്ന വീടിനുള്ളില്‍ അവന്‍റെ അഛനും അമ്മയും. പെങ്ങളുടെ കയ്യും പിടിച്ച് അവന്‍ ഓടുകയാണ്. അട്ടഹാസങ്ങള്‍ക്കിടയിലൂടെ.  പിന്നാലെ പാഞ്ഞെത്തിയവര്‍ അവളെ വലിച്ചു പറിച്ചെടുത്തു. പിന്നെ അവളുടെ നിലവിളി മാത്രം ബാക്കിയായി...
ബോധം കിട്ടിയപ്പോള്‍ അവന്‍ ഒരു സിംഹളത്തിയുടെ കരങ്ങളിലായിരുന്നു. ആ ബാലന്‍ അമ്മയെ വിളിച്ച് കരഞ്ഞു. പെങ്ങളെയോര്‍ത്തു കരഞ്ഞു.   ആ സ്ത്രീ  അവനെ വാരിപ്പുണര്‍ന്നു. സ്നേഹമായിരുന്നു അവരുടെ മതം.
സിംഹളനും തമിഴനും ഒന്നാകുന്ന പുരാതന മാനവ സ്നേഹം!
പക്ഷെ രക്ഷയുണ്ടായില്ല അവിടെയുമവന്. ആ പുണ്യവതിയുടെ  ജീവന്‍ കൂടി അപകടത്തിലാവുമെന്നറിഞ്ഞ് ഒരു രാത്രിയില്‍ യാത്ര ചോദിക്കാതെ അവനിറങ്ങി നടന്നു.  ദൂരെ ദൂരേക്ക്. ആരോരുമില്ലാത്തവരെ കൈ നീട്ടി വാങ്ങുന്ന  തെരുവിലേക്ക്.

കാലം കടന്നു പോയ്‌. അധ്വാനിച്ചു  നേടിയ  ഒരു തുണ്ട് ഭൂമിയില്‍ അവനൊരു കുടില് കെട്ടി. കൂട്ടിനു ഒരു പെണ്ണുമെത്തി. രണ്ടു മക്കള്‍ പിറന്നു. എന്നാല്‍ വിധി വീണ്ടും ക്രൂരനായി. സിംഹളരുടെ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ കൂട്ടുകാരി പോയി. പിന്നെ മക്കള്‍ക്കെല്ലാം അപ്പാവായിരുന്നു. ലച്ചു തിരികെയെത്തുന്ന നാളും എണ്ണി കാത്തിരിക്കുന്ന അപ്പാ... വിദ്യ സിംഹളന്. മരുന്ന് സിംഹളന്. ജോലി സിംഹളന്.
പറഞ്ഞു നിര്‍ത്തി ലക്ഷ്മി കണ്ണ് തുടച്ചു.
അപ്പോള്‍ അവിടെയൊരു ഇളംകാറ്റ്‌ വീശി. കാതങ്ങള്‍ക്കകലെ, ആയിരം തീര്‍ഥാടകര്‍ ഒരുമിക്കുന്ന അനുരാധപുരത്ത് നിന്നെത്തിയ ശരണ മന്ത്രങ്ങളുടെ കാറ്റ്. പൊടി അടങ്ങുകയാണ്. അവളെ മാറോടു ചേര്‍ത്ത് പുല്‍കണമെന്ന് തോന്നി ഇന്ദുവിന്. പക്ഷെ...
 
ഇന്ദുവിന്‍റെ മോന്‍ രംഗബോധമില്ലാതെ അതിക്രമിച്ചു കടന്നു വരികയായിരുന്നു.  എട്ടാംക്ലാസുകാരന്‍.  യുദ്ധവും വിപ്ലവവും ഒന്നുമറിയാതെ സ്വസ്ഥമായിരുന്ന് അവന്‍ ചാറ്റ് ചെയ്യുകയായിരുന്നു.  അവനും കൂട്ടുകാര്‍ക്കും ചര്‍ച്ച ചെയ്യാന്‍ ബോളിവുഡും ക്രിക്കറ്റും തന്നെ ധാരാളം. 
അമ്മേ.. ഐ.പി.എല്‍ ക്രിക്കറ്റ്മാച്ചുണ്ട്. ചാനല്‍ മാറ്റ്.  ഇന്ന് ജയസൂര്യയും സചിനും അടിച്ചുപൊളിക്കും..
റിമോട്ട് അവന്‍റെ കൈകളിലായിക്കഴിഞ്ഞു.
മോനെ, ഈ വാര്‍ത്ത കാണെടാ.  ലങ്ക
ലക്ഷ്മിയുടെ നനഞ്ഞ കണ്ണുകള്‍ക്ക്‌ മുന്നിലിരുന്ന് ക്രിക്കെറ്റ് കാണാനാവാതെ ഇന്ദുവിന്റെ മനസ്സ് ഇറങ്ങി നടന്നു. 
'ഓലങ്ക.  അച്ഛനിന്നലെ പറയുന്ന കേട്ടു വാനരസേന ജയിച്ച നാട്ടില്‍ പുലിസേന തോറ്റുതുന്നമ്പാടുവാന്ന്‍.'
 അവന്‍ കുടുകുടാ ചിരിച്ചു.  രാജ്യം നഷ്ടപ്പെട്ട രാജകുമാരന്‍റെ കഥ കേട്ടിട്ടെന്നപോലെ താടിക്കു കയ്യും കൊടുത്ത്  വിഷാദിച്ചിരുന്ന മീനുക്കുട്ടിയെ അവന്‍ നുള്ളി നോവിച്ചു.
ഓ.. ഇവളാണോ ന്യൂസ്‌ കാണുന്ന ആള്‍. പിന്നെ,  ഹിസ്റ്ററി ബുക്കിലുണ്ട്.  അശോക ചക്രവര്‍ത്തിയുടെ മകള്‍ സംഗമിത്ര ബോധിവൃക്ഷക്കമ്പ് നട്ടുപിടിപ്പിച്ച നാട്. പുസ്തകത്തിലുള്ളതൊക്കെ ഞാന്‍ പഠിക്കുന്നുണ്ടമ്മേ.
കരിഞ്ഞുണങ്ങിയ നൂറായിരം ബോധിവൃക്ഷക്കമ്പുകള്‍ അടര്‍ന്നുവീഴുകയാണ്‌. എങ്ങോ നഷ്ടമായ ബോധോദയങ്ങള്‍! പുസ്തകം മാത്രം പഠിക്കുന്ന കുട്ടി ജീവിതം പഠിക്കില്ലല്ലോ. യുദ്ധം ക്രിക്കറ്റിനു വഴി മാറി.

ലക്ഷ്മിയുടെ മൊബൈല്‍ ഒന്നനങ്ങിയത് അപ്പോളായിരുന്നു. 
ഹായ്..അണ്ണന്‍. അവള്‍ മിന്നല്‍ പോലെ അകത്തേക്ക് മാഞ്ഞു.
പുസ്തകം നിവര്‍ത്തി ഇന്ദു വീണ്ടും വായന തുടര്‍ന്നു. വെസ്റ്റര്‍ ബോര്‍ക്, ഓഷ്വിറ്റ്സ്... ജര്‍മ്മന്‍ കോണ്‍സന്ട്രേഷന്‍ ക്യാമ്പുകള്‍.  ക്യാമ്പുകളിലേക്ക് നീങ്ങുന്ന കുത്തിനിറച്ച കന്നുകാലി വണ്ടികള്‍.  ആ വണ്ടികളിലൊന്നില്‍ ആന്‍ഫ്രാങ്ക് എന്ന പെണ്‍കുട്ടിയുമുണ്ടായിരുന്നു.  ജര്‍മ്മന്‍ പട്ടാളത്തിന്‍റെ പിടിയില്‍ പെടുന്നതിനു മുമ്പ് ഒളിത്താവളത്തിലിരുന്ന് അവളെഴുതുകയാണ്...  

അമ്മേ.. ലച്ചു വാതില്‍ തുറക്കണില്ല. ലച്ചു കരയുവാ.
വായനയിലേക്ക്‌ ഓടി വരികയായിരുന്നു മീനുക്കുട്ടി.
അകത്ത് ഏങ്ങലടികള്‍ കേള്‍ക്കാം. പൂട്ടിയിട്ട വാതിലിന് പുറത്ത് ഇന്ദു  വിളറി വെളുത്തു. ഈശ്വരാ.. അവളുടെ അപ്പാക്കെന്തെങ്കിലും!
കിളിനോച്ചിയിലെ കുടിലിനു മുന്നില്‍ നിറ കണ്ണുമായ് നിന്ന ആ പാവം മനുഷ്യന്‍...
സങ്കടം താങ്ങാതെ ലക്ഷ്മി എന്തെങ്കിലും അവിവേകം കാട്ടിയാല്‍
കഠിനമാണ് അറബ് നാടിന്‍റെ നിയമങ്ങള്‍. അധികനാളുകളായിട്ടില്ല, ഒളിച്ചോടിയ ഒരു ഹൌസ്മെയ്ഡിന്‍റെ ശവം അനാഥപ്രേതമായ് കണ്ടെത്തിയതും അവള്‍ക്ക് ജോലി കൊടുത്തവര്‍ ചെയ്യാത്ത കുറ്റത്തിന് ജയിലഴിക്കുള്ളിലായതും...
ഭയന്ന് വിറച്ച ഏതോ ഒട്ടകം മുരണ്ടു തുടങ്ങി. ഒരു ഗുഹയുടെ ഉള്ളില്‍ നിന്നുമെന്ന പോലെ ഇന്ദുവിന്‍റെ ശബ്ദം മുഴങ്ങി.
ലക്ഷ്മീ, വാതില്‍ തുറക്കാനാ പറഞ്ഞത്..
 വഴക്കു പറയണ്ടമ്മെ.  ലച്ചു പാവല്ലെ..
അമ്മയുടെ കുര്‍ത്തയുടെ തുമ്പില്‍ പിടിച്ച് ചിണുങ്ങി നിന്നു  കുഞ്ഞിവാക്കുകള്‍.

ലച്ചൂ... ഒന്നു പുറത്തു വാ ലച്ചൂ.  മീനുക്കുട്ടി അല്ലെങ്കില്‍ പിണങ്ങുംട്ടൊ.
കുഞ്ഞു മാലാഖ കരച്ചിലിന്‍റെ വക്കോളമെത്തി. ലച്ചു അവളുടെ കൂട്ടുകാരിയാണ്. ഫ്ലാറ്റില്‍ ഒറ്റപ്പെടുന്ന വരണ്ട ദിനങ്ങളില്‍ കൂടെയുള്ളവള്‍. യുദ്ധമോ ദുഖമോ ഉണ്ടായിരുന്നില്ല അവരുടെ ലോകത്തില്‍. കഥകളും പാട്ടുകളും പെയ്ത ചിരികള്‍ മാത്രം. മീനുവിന്‍റെ കണ്ണ് നിറഞ്ഞാല്‍ ലക്ഷ്മിയും പിടയും. അതുകൊണ്ടാവാം പൊടുന്നനെ വാതില്‍ തുറക്കപ്പെട്ടത്.

വിദൂരതിയിലെങ്ങോ‌ മിഴിയും നട്ട്, ഒടുങ്ങാത്ത വിലാപമായ്‌, അവള്‍  പുറത്തു വന്നു.
അവങ്ക കൊന്നങ്കഎന്നൂട ശെല്‍‌വത്തെയ് കൊന്നങ്ക.
പെട്ടെന്നുണ്ടായ കാറിനും കോളിനുമിടയില്‍ ദിക്ക് തെറ്റിയ കപ്പിത്താനെ പോലെ ഉഴറിയ ഇന്ദുവില്‍ നിന്നും അറിയാതെ ഒഴുകുകയായി   ചോദ്യങ്ങള്‍. 
 ആരാ  ശെല്‍‌വം?  ആരാ അവനെ കൊന്നത്? പുലികളാ? അതൊ അവന്‍ പുലിയായിരുന്നൊ?
പേശാതീങ്ക. മിണ്ടിപ്പോവരുത്. എന്നൂട ശെല്‍വം പുലി താന്‍.  നാനും പുലി താന്‍.  എന്നാഎന്നൈ ഉങ്കള്‍ക്ക് കൊല്ലണ്മ്ന്ന് തോന്നുതാ..?
ഒരു ഇടിമുഴക്കമായിരുന്നു അത്. ജാലകചില്ലുകള്‍ വിറകൊണ്ടു നിന്നു.  തിരശീലകള്‍ ആടിയിളകി. പേടിച്ചു പോയി കുഞ്ഞ്. പേടിച്ചു പോയി ഇന്ദു.

പിന്നെ മീനുക്കുട്ടിയെ കെട്ടിപ്പിടിച്ച് ലക്ഷ്മി കരയുകയായിരുന്നു.
  കടല്‍ പോലെ.. നിറയെ നിറയെ....
അവളുടെ കണ്ണുനീരില്‍ ആഴ്ന്നുപോവുകയാണ് ലങ്ക...
അലമാലകളില്‍ ആടിയുലഞ്ഞ് മുങ്ങുകയാണ് തോണി. തോണിക്കാരനും.
കഴുകന്മാര്‍ വട്ടം ചുറ്റുന്നു. രക്ഷക്കായ് ഉയരുന്ന കൈകള്‍ മുങ്ങിത്താണ് മുങ്ങിത്താണ്
പട്ടാളത്തിന്‍റെ  വെടിയുണ്ടകള്‍ തകര്‍ത്ത ഒരു ബോട്ട് ശവങ്ങളോടൊപ്പം തീരത്തടിയുന്നു..
വരും കാവേരീ ഞാന്‍...
നേര്‍ത്ത ഒരു ശബ്ദം, കടലിന്‍റെ ആത്മാവ്‌ മാത്രം കേട്ട ശബ്ദം, തിരകളിലൊഴുകിയൊഴുകി മറുകരയണയുന്നു...
  
ഇവിടെ ജയിക്കുന്നതാര്?  തോല്‍ക്കുന്നതാര്?
സച്ചിന്‍റെ സിക്സറുകള്‍ ഉയരത്തില്‍ പറക്കുകയാണ്.  കോലാഹലങ്ങളെ ഭേദിച്ചുകൊണ്ട്  പന്ത്‌ പറന്ന്‍ പറന്ന് വരുന്നു!  സിക്സ്സിക്സ്ഇന്ദുവിന്‍റെ മകന്‍ ആര്‍ത്തുവിളിച്ചു.
അപ്പോഴും, കിളിനോച്ചിയിലെ ശലഭങ്ങളുടെ പലായനം തുടര്‍ന്നുകൊണ്ടെയിരുന്നു.
ഭൂഖണ്ഡങ്ങള്‍ പിന്നിട്ട് പോകുന്നവരുടെ കൂട്ടത്തില്‍ കാവേരിലക്ഷ്മിയുടെ മനസ്സും... 

വിമാനം പുറപ്പെടാന്‍ സമയമായിരിക്കുന്നു. ഗേറ്റ് ഓപ്പണ്‍ ആയി എന്ന്‍ അനൌണ്‍സ്മെന്‍റ്.
തിരക്കേറിയ ഗവേഷണ യാത്രക്കിടയില്‍ അനുരാധപുരത്തു നിന്ന് കിളിനോച്ചി വരെ പോയത് വെറുതെ. അങ്ങനെ ആരും അവിടെ...
ആര്‍ക്കിയോളജി വിഭാഗത്തിലെ പ്രൊഫസര്‍ ഗുണശേഖരയും കൂട്ടിനു വന്നിരുന്നു. അങ്ങനെയൊരു തമിള്‍ കുടുംബത്തെ  യുദ്ധം തകര്‍ത്ത ഭൂമിയില്‍ കണ്ടെത്താനോ? അതും വര്‍ഷങ്ങള്‍ക്കുശേഷം!  
അസാധ്യമെന്ന്‍ യാത്രക്ക് മുന്നേ തന്നെ അദ്ദേഹം ഉറപ്പിച്ചു പറഞ്ഞതാണ്.
ഇന്ദുവിന് ചരിത്ര ഗവേഷകക്ക്‌ ചേരാത്ത മനസ്സാണെന്നും...
ശരിയാണ്. ജയിക്കുന്നവന്‍റെ തൂലിക കൊണ്ടല്ലേ ചരിത്രം ഏഴുതേണ്ടത്  എക്കാലവും!
മറക്കണം തോറ്റവനെ.
മനസ്സ് ആ മണ്ണില്‍ പൊഴിച്ച് കളഞ്ഞ് ഇന്ദു ഗേറ്റിലേക്ക് നടന്നു.
കം അഗൈന്‍ ടു കുളംബ്...
യൂണിഫോമിട്ട പെണ്‍കുട്ടി മധുരമായ്‌ പുഞ്ചിരിച്ചു.
ആ ചിരിയില്‍  ഇന്ദു തേടുകയായിരുന്നു.. ആരെയോ..
************************
 (ഗള്‍ഫിലെ തൊഴിലിടങ്ങളില്‍ നിത്യ സാന്നിദ്ധ്യമാണ് ശ്രീലങ്കന്‍ തമിഴര്‍. അവരില്‍ ഒരുവളാണ് കാവേരിലക്ഷ്മി. രണ്ടു വര്ഷം മുമ്പ് ഈ കഥയ്ക്ക് ശബ്ദാവിഷ്കാരം നല്‍കി പ്രക്ഷേപണം ചെയ്ത ദുബായ് ഏഷ്യാനെറ്റ്‌ റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ ശ്രീ രമേഷ്‌ പയ്യന്നൂരിനെയും തമിഴിലേക്ക് മൊഴി മാറ്റം നടത്തി പ്രസിദ്ധീകരിച്ച ശ്രീ ആസിഫ് മീരാനെയും നന്ദിപൂര്‍വ്വം സ്മരിച്ചു കൊണ്ട് എന്റെ ബ്ലോഗ്‌ കൂട്ടുകാരുടെ വായനക്കും നിര്‍ദ്ദേശങ്ങള്‍‍ക്കുമായി സമര്‍പ്പിക്കുന്നു.
***സൂചനകള്‍.. 2009 ലെ ശ്രീലങ്കന്‍ ഗവന്‍മെന്റിന്‍റെ പുലി വേട്ട, 1958 ലെ സിംഹളരുടെ തമിള്‍ കൂട്ടക്കൊല